എവിടെയാണെങ്കിലും ഞാന്‍ സുരക്ഷിതനാണ് എന്ന് തോന്നുന്നത് തൃശൂര്‍ എത്തുമ്പോഴാണ്. കാരണം ഞാന്‍ ആദ്യം കണ്ട നഗരം തൃശൂരാണ്. എന്റെ പെറ്റമ്മയോടുള്ള ഇഷ്ടമുണ്ട് എനിക്ക് തൃശൂരിനോട്. തൃശൂര്‍ക്കാര്‍ക്ക് തൃശൂരെന്ന് പറഞ്ഞാല്‍ ഒരു വികാരമാണ്. വിദേശത്തുപോയാല്‍ ഒരു ഇന്ത്യക്കാരനെ കാണുമ്പോള്‍ നമുക്കൊരു അടുപ്പം തോന്നും. അയാള്‍ ഒരു മലയാളിയാണെന്ന് അറിഞ്ഞാല്‍ സന്തോഷമായി. തൃശൂര്‍ക്കാരനാണെങ്കില്‍ അയാളോട് എനിക്ക് തോന്നുന്ന ഇഷ്ടത്തിന് അതിരില്ല. നഗരത്തില്‍നിന്നും 16 കിലോമീറ്റര്‍ ദൂരെ മാത്രം സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് എന്റെ നാടായ അന്തിക്കാട്. പണ്ട് തൃശൂര്‍ക്ക് പോയിവരുന്നത് ഒരു വലിയ യാത്രയായി തോന്നിയിരുന്നു. അന്ന് ബസുകളും മറ്റ് സൌകര്യങ്ങളും കുറവായിരുന്നു. കുറേ ദൂരേക്ക് പോയി വരുന്നതുപോലെയുള്ളൊരു അനുഭവമായിരുന്നു. ഇന്ന് ദിവസം രണ്ട് മൂന്ന് തവണ അന്തിക്കാടുനിന്നും ഞാന്‍ തൃശൂര്‍ പോയി വരുന്നു. കാലങ്ങള്‍കൊണ്ട് ഈ ദൂരം ഒരു ദൂരമല്ലാതായി മാറികഴിഞ്ഞിരിക്കുന്നു. നഗരം വികസിച്ചതിനൊപ്പം ഗ്രാമത്തിലും അതിന്റെ മാറ്റം ഉണ്ടായിട്ടുണ്ട്. അവിടേക്കുള്ള റോഡുകള്‍ വലുതായി. ഗ്രാമാതിര്‍ത്തിയിലെ ഹോട്ടലിലും ഇപ്പോള്‍ എ.സിയായി. തൃശൂരില്‍ ശങ്കരയ്യര്‍ റോഡിലാണ് അമ്മയുടെ തറവാട്. അവധിക്കാലത്ത് ഏറ്റവും വലിയ സന്തോഷം അമ്മയുടെ വീട്ടില്‍ വരുന്നതായിരുന്നു. കാരണം അമ്മാവന്റെ വീടിനടുത്തായിരുന്നു മാതാ തിയറ്റര്‍- ഇന്നത്തെ ബിന്ദു തിയറ്റര്‍. ഇവിടെ വന്നാല്‍ സിനിമകള്‍ ചൂടോടെ കാണാം. അന്തിക്കാടുണ്ടായിരുന്നത് സി ക്ലാസ് തിയറ്ററുകളാണ്. ആറ് മാസം കഴിഞ്ഞുവേണം അവിടെ റിലീസ് കഴിഞ്ഞ സിനിമയെത്താന്‍. ഗ്രാമത്തില്‍നിന്നും നഗരത്തിലേക്കെത്തിയ ഞങ്ങളുടെ കണ്ണിന് മുമ്പില്‍ മുഴുവനും അദ്ഭുതങ്ങളാണ്. ചുറ്റും തിരക്കുപിടിച്ച മനുഷ്യര്‍, ഒരുപാട് വാഹനങ്ങള്‍. തിരക്ക് വര്‍ധിച്ചെങ്കിലും ഇന്നും തൃശൂരിന്റെ ശാന്തത മാഞ്ഞിട്ടില്ല. പൂരപ്പറമ്പിന് ചുറ്റും നഗരം ആര്‍ത്തലച്ച് പായുമ്പോള്‍ വടക്കുന്നാഥന്റെ മൈതാനത്തേക്ക് കാലെടുത്തുവെച്ചാല്‍ ഇപ്പോഴും മനസ്സില്‍ ശാന്തത അനുഭവപ്പെടും. എന്റെ കലാപ്രവര്‍ത്തനങ്ങള്‍ ആദ്യം തുടങ്ങിയതും തൃശൂരാണ്. വായനകള്‍ സജീവമാകുന്നതും ഇവിടെ തന്നെ. ആദ്യമായി എം.ടി വാസുദേവന്‍ നായരെ ഞാന്‍ കാണുന്നത് തൃശൂരില്‍വെച്ചാണ്. ഒരു സാഹിത്യ സമ്മേളനം എന്തായിരിക്കുമെന്നും ഞാന്‍ അറിഞ്ഞത് സാഹിത്യ അക്കാദമിയിലെ ഒരു യോഗത്തിലാണ്്. എന്റെ ചിന്തകളെ ഈ സാംസ്കാരിക നഗരം ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അന്നൊക്കെ ടൌണിലെത്തുമ്പോള്‍ കൈയില്‍ പൈസ ഇല്ലെങ്കില്‍ നടുവിലാലിലുള്ള കറന്റ് ബുക്സില്‍ ഒന്ന് കയറും. പുസ്തകങ്ങളൊക്കെ നോക്കിവെക്കും. ഇനി വരുമ്പോള്‍ വാങ്ങേണ്ട ബുക്കുകളുടെ ലിസ്റ്റ് ഉണ്ടാക്കും. പിന്നെയെപ്പോഴെങ്കിലും പൈസ കിട്ടുമ്പോഴാണ് ഇതൊക്കെ വന്ന് വാങ്ങുക. പുസ്തക കടയില്‍ കയറുന്നത് തന്നെ ഒരു ഉല്‍സവമാണ്. സുന്ദരമായ വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച കട കാണുമ്പോള്‍ അറിയാതെ അവിടേക്ക് കയറിപോകുന്ന പെണ്‍കുട്ടികളുടെ അതേ മനോവികാരമാണ് എനിക്ക് കറന്റ് ബുക്സിനോട് ഉള്ളത്. ഇന്നും അതിന് മാറ്റമില്ല. അവിടെയെത്തിയാല്‍ ഒരു കാന്തം പോലെ എന്നെ വലിച്ചടുപ്പിക്കും. ഇന്ത്യന്‍ കോഫി ഹൌസില്‍ ചായ കുടിക്കാന്‍ പോകുന്നതും മറ്റൊരു ശീലമാണ്. ഇന്നത്തെ സിറ്റി സെന്ററിന് അടുത്തുള്ള ചെറിയൊരു ചായക്കടയിലും കയറാറുണ്ട്. അയലമ്മാന്റെ കടയെന്നാണ് ഞാനും ലോഹിതദാസും വിളിക്കാറ്. നല്ല അയിലക്കറി കൂട്ടി ഒരുപാട് തവണ ഞാനും ലോഹിയും ഇവിടെ നിന്നും ചോറ് ഉണ്ടിട്ടുണ്ട്. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ കാലത്ത് ഒരാളെ കാണാന്‍ സ്ഥിരമായി വഴിയില്‍ ഞാന്‍ കാത്തുനില്‍ക്കാറുണ്ട്. മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്‍ നടക്കാന്‍ ഇറങ്ങുന്നത് ആ നേരത്താണ്. തൃശൂര്‍ക്കാരനായ ആ വലിയ മനുഷ്യനെ കാണാന്‍ കാത്തുനില്‍ക്കുമായിരുന്ന ആ സ്കൂള്‍ കുട്ടിയെ ഞാനിപ്പോഴും ഓര്‍ക്കുന്നു. തൃശൂരിനെ കുറിച്ചുള്ള ഒരുപാട് ഓര്‍മകളിങ്ങനെ ചിതറികിടക്കുകയാണ്. ഒരുപക്ഷേ തൃശൂരില്‍ തന്നെ താമസിക്കുന്നത് കൊണ്ടാകാം അതിനൊരു ക്രമമില്ലാത്തത്. ദൂരെ മാറി ഒരിടത്താണെങ്കില്‍ ഇവയെ വേര്‍തിരിക്കാന്‍ ഒരുപക്ഷേ കഴിഞ്ഞേനെ. തൃശൂരിനോടുള്ള ഇഷ്ടം മാറ്റിവെക്കാന്‍ പറ്റാത്തത് കൊണ്ടാണ് ഇവിടെനിന്ന് താമസം മാറ്റാത്തത്. കുറച്ചുകാലം മദ്രാസില്‍ താമസിച്ചു. പലതവണ വിദേശങ്ങളില്‍ പോയി. തൊട്ടടുത്ത നഗരമായ എറണാകുളത്തും അല്‍പകാലം താമസിച്ചു. എന്നാലും തൃശുര്‍ തന്നെ സ്ഥിരം വാസസ്ഥലമാക്കാന്‍ തീരുമാനിച്ചതിന് പിറകില്‍ പെറ്റമ്മയോടുള്ള ആ ഒരു ഇഷ്ടമായിരുന്നു. മദ്രാസില്‍ സംവിധാനം പഠിച്ചിരുന്ന കാലം. അവിടെനിന്നും നാട്ടിലേക്ക് മടങ്ങുമ്പോഴൊക്കെയും ഒറ്റപ്പാലം കഴിഞ്ഞാല്‍ ട്രെയിനിന്റെ വാതില്‍ക്കല്‍ വന്നുനില്‍ക്കും, തൃശൂരിന്റെ ഗന്ധം ആസ്വദിക്കാന്‍. എനിക്കൊരു ശക്തമായ പ്രണയമുണ്ടായിരുന്നു. എന്റെ കാമുകി പഠിച്ചിരുന്നത് തൃശൂരിലെ സെന്റ് മേരീസ് കോളജിലും കേരളവര്‍മ കോളജിലുമായിരുന്നു. മദ്രാസില്‍നിന്ന് മടങ്ങിയെത്തുന്ന ഇടവേളകളില്‍ അവളെ കാണാന്‍ അവളറിയാതെ തേക്കിന്‍കാട് മൈതാനിയില്‍ ഞാന്‍ കാത്തുനില്‍ക്കുമായിരുന്നു. ഇങ്ങനെ എന്റെ കളികളും ചിരികളും ഗൌരവവുമെല്ലാം ഞാന്‍ പ്രകടിപ്പിച്ചത് തൃശൂരിലാണ്. പൂരങ്ങളും താളമേളങ്ങളും ഇഷ്ടപ്പെടുന്ന തനി നാട്ടിന്‍പുറത്തുകാരനാണ് ഞാന്‍. തൃശൂരിനെകുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ ഇരച്ചെത്തുക പൂരവും മേളവും വെടിക്കെട്ടും കുടമാറ്റവുമൊക്കെയാണ്. കാരണം ഞങ്ങള്‍ തൃശൂര്‍ക്കാര്‍ക്ക് പൂരം എന്നും ഒരു ലഹരിയാണ്, തറവാട്ടുവക ക്ഷേത്രങ്ങളിലെ ചെറിയ തോറ്റങ്ങള്‍ മുതല്‍ വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരം വരെ. ലോകത്തിന്റെ ഏത് കോണിലായാലും പൂരത്തിന്റെ സ്പന്ദനം തൃശൂര്‍ക്കാര്‍ക്ക് അനുഭവപ്പെടും. ഓണവും വിഷുവും പോലെ, സ്വന്തം പിറന്നാള്‍ പോലെ പൂരം തൃശൂര്‍ക്കാര്‍ക്ക് ജീവിതവുമായി അത്ര ബന്ധപ്പെട്ട് കിടക്കുകയാണ്. എത്ര തിരക്കുകളുണ്ടെങ്കിലും ആ ദിവസം മറക്കില്ല. ഏറെ ഗൃഹാതുരതയോടെ അതങ്ങിനെ മനസ്സില്‍ ചേക്കേറികിടക്കുകയാണ്. കുട്ടിക്കാലത്ത് അച്ഛന്റെ കൈവിരലില്‍ തൂങ്ങിയാടി ഉല്‍സവം കണ്ടിരുന്ന കൌതുകം ഇതുവരെ നഷ്ടപ്പെട്ടിട്ടില്ല. ഇന്ന് പൂരം കാണുന്നത് മക്കള്‍ക്കൊപ്പമാണെങ്കിലും മനസ്സില്‍ ഞാനിന്നും അച്ഛന്റെ വിരലില്‍ തൂങ്ങിനടക്കുന്ന കൊച്ചുപയ്യനാണ്. തൃശൂര്‍ പൂരത്തിന് ഏറെ പ്രത്യേകതകളുണ്ട്. മതപരമായ ഒരാഘോഷമായല്ല അതിനെ കാണുന്നത്. അതിലുപരി ഒരു നാടിന്റെ ആഘോഷമാണത്. മനുഷ്യരാ യ മനുഷ്യ ര്‍ക്കൊക്കെയും വടക്കുന്നാഥ ക്ഷേത്രത്തില്‍ കയറാവുന്ന ഒരാഘോഷം. കുട്ടിക്കാലത്ത് ടൌണിലെ അമ്മാവന്റെ വീട്ടിലായിരുന്നു പൂരാഘോഷം. സ്നേഹബന്ധങ്ങള്‍ പുതുക്കാനൊരു അവസരം കൂടിയാണത്. നഗരത്തിലുള്ള ഹിന്ദുവിന്റേയും ക്രിസ്ത്യാനിയുടേയും മുസ്ലിമിന്റേയും വീടുകളില്‍ ആഘോഷ തകൃതികള്‍ കാണാം. ഇവരുടെ വീടുകള്‍ ഏറ്റവും സജീവമാകുന്നതും ഇക്കാലത്താണ്. ഇങ്ങനെ ജാതിമതഭേദമന്യേ എല്ലാരും ആഘോഷമാക്കി മാറ്റുന്ന തൃശൂര്‍പൂരത്തിന്റെ നാട്ടുകാരനെന്ന് പറയാന്‍ സന്തോഷവും അഭിമാനവുമുണ്ട്. എനിക്ക് മക്കളുണ്ടായപ്പോള്‍ അവരെ ഞാന്‍ പഠിപ്പിച്ചത് ഊട്ടിയിലോ കൊടൈക്കനാലിലോ ഉള്ള സ്കൂളുകളിലല്ല. അവരിവിടെ അന്തിക്കാട് സ്കൂളിലും നഗരത്തിലെ സെന്റ് തോമസ് കോളജിലും ജോണ്‍ മത്തായി സെന്ററിലുമാണ് പഠിച്ചത്. അവര്‍ പറയാറുണ്ട്. ചില ദിവസം ക്ലാസ് കട്ട് ചെയ്ത് ജോസ്, രാമദാസ് തിയറ്ററുകളില്‍ സിനിമക്ക് കയറാറുണ്ടെന്ന്. നൂണ്‍ ഷോ കാണുന്നതിനിടക്കാണ് വീട്ടില്‍നിന്ന് പൊതിഞ്ഞുകെട്ടിയ ഊണ് അവര്‍ കഴിക്കുക. പിറ്റേ ദിവസം ഇതേ ചിത്രം ഇതേ തിയറ്ററില്‍ എന്റെ കൂടെയിരുന്നും അവര്‍ കാണും. അവരപ്പോള്‍ തലേദിവസത്തെ കാര്യം ഓര്‍ക്കുന്നുണ്ടാകാം. ഞാന്‍ ചിന്തിക്കുന്നത് മറ്റൊന്നാണ്, എന്റെ തലമുറകളിലേക്കും എന്റെ വികൃതികള്‍ പകരുന്നുണ്ട്. അതിലെനിക്ക് സന്തോഷമാണ് തോന്നുന്നത്. കാരണം ചെറുപ്പത്തില്‍ ഞാനും ഇതൊക്കെ ചെയ്തിട്ടുണ്ട്. മറ്റ് ദേശങ്ങളില്‍നിന്നുള്ളവര്‍ തൃശൂരിലെത്തിയാല്‍ അവര്‍ തൃശൂര്‍ക്കാരായി മാറുന്ന കാഴ്ചയും കാണാം. കെ. കരുണാകരന്‍, സുകുമാര്‍ അഴീക്കോട്, ശോഭന പരമേശ്വരന്‍ നായര്‍, വൈശാഖന്‍ എന്നിവര്‍ ഉദാഹരണം. അടുത്തിടെ ഒരു ലേഖനത്തില്‍ തൃശൂരിനെ വളരെ ഇഷ്ടപ്പെടുന്നു എന്ന് വൈശാഖന്‍ എഴുതിയത് കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. ഇങ്ങനെ തൃശൂരിനോട് ആകര്‍ഷണമുള്ള ഒരുപാട് ആളുകള്‍ തൃശൂരില്‍ താമസിക്കുന്നുണ്ട്. സാഹിത്യത്തിന് വേരോട്ടമുള്ള നാടാണെന്ന് തോന്നിയത് കൊണ്ടാകാം പൂര്‍വികര്‍ സാഹിത്യ, സംഗീത നാടക, ലളിതകലാ അക്കാദമികളും മറ്റ് കലാകേന്ദ്രങ്ങളും തൃശൂരില്‍ തന്നെ സ്ഥാപിച്ചത്.മറ്റൊരു പ്രത്യേകത തൃശൂര്‍ക്കാരുടെ പെരുമാറ്റത്തിലാണ്. ഉള്ളില്‍ സ്നേഹസമ്പന്നര്‍, പുറമേക്ക് നാട്യങ്ങള്‍ കുറവാണ്. ഉള്ളില്‍ തോന്നിയത് തുറന്നടിച്ച് പറയും. കണ്ടിറങ്ങിയ സിനിമ മോശമാണെങ്കില്‍ തല്ലിപ്പൊളി എന്നും നന്നായിട്ടുണ്ടെങ്കില്‍ കലക്കി എന്നും തുറന്നടിച്ച് പറയാന്‍ അവര്‍ക്കൊരു മടിയുമില്ല. അമിത വിനയം പ്രകടിപ്പിക്കാന്‍ അറിയാത്തവരാണ് തൃശൂര്‍ക്കാര്‍. താണുവീണ് കേണ് കാഴ്ചവെക്കാനറിയില്ല. എന്റെ വിനയം അറിയുന്നവന്‍ അറിഞ്ഞോട്ടെ എന്നാണ് വിചാരം. ആരേയും വകവെക്കാത്ത ധൈര്യമുള്ളവരാണ്. എന്തും വരുന്നത് വരുന്നിടത്ത് വെച്ച് കാണാം എന്നാണ് ചിന്ത. 'പ്രകൃതി' നിറഞ്ഞ നഗരമാണ് തൃശൂര്‍. നഗരത്തില്‍നിന്നും നടക്കാവുന്ന ദൂരത്ത് നാട്ടിന്‍പുറങ്ങളുണ്ട്. നഗരത്തിനകത്ത് തന്നെ നാട്ടിന്‍പുറം 'ഫീല്‍' ചെയ്യാന്‍ കഴിയുന്നു. എല്ലാ വര്‍ഷവും ഞാന്‍ കര്‍ക്കടക മാസമാകുമ്പോള്‍ സുഖ ചികില്‍സക്ക് പോകാറുണ്ട്, മറ്റെവിടെയുമല്ല തൃശൂരില്‍ തന്നെ. കിഴക്കേകോട്ടയില്‍ ജൂബിലി മിഷന്‍ ഹോസ്പിറ്റലിന് തൊട്ടപ്പുറത്തുള്ള എസ്.എന്‍.എ ഔഷധശാലയിലാണ് പോകാറ്. ഡോ. വാസുദേവന്‍ മൂസിന്റെ ഇല്ലത്തോട് ചേര്‍ന്നാണ് ആ നഴ്സിംഗ് ഹോം. വിശാലമായ മുറ്റത്തേക്ക് ഇറങ്ങിനിന്നാല്‍ പച്ചിലചാര്‍ത്തും നിറഞ്ഞ കുളവും കാണാം. കാതോര്‍ത്താല്‍ നഗരത്തിലെ വാഹനങ്ങളുടെ ഇരമ്പം കേള്‍ക്കാം. എങ്കിലും അവിടെ നാട്ടിന്‍പുറത്ത് നില്‍ക്കുന്ന ഒരു തോന്നലാണ്.ഗ്രാമീണ വിശുദ്ധിയുള്ള ഈ നഗരത്തിലേക്ക് ഫനുാറ്റുകളുടെ നിരകള്‍ കയറിവന്നേക്കാം. അത് അനിവാര്യമായ മാറ്റമാണ്. ഓല വീടുകള്‍ എന്നേ അപ്രത്യക്ഷമായി കഴിഞ്ഞു. ഇന്ന് ഓടുവീടുകളും ഓടുവീടുകള്‍ക്ക് പകരം സിമന്റ് കൂടാരങ്ങള്‍ നിറഞ്ഞുവരുന്നു. നമ്മുടെ അനുഭവങ്ങള്‍ എങ്ങനെയായിരുന്നോ അതുപോലെയാകണം പുതിയ തലമുറയുടേതും എന്ന് നമുക്ക് വാശിപിടിക്കാനാകില്ല. ഈ മാറ്റത്തെ തടുക്കാന്‍ പറ്റില്ല. മാറ്റം തെറ്റാണെന്ന് വാദിക്കരുത്. വ്യക്തിപരമായ സന്തോഷത്തിനുവേണ്ടി മാറ്റങ്ങളെ എതിര്‍ക്കരുത്. എന്റെ സന്തോഷത്തിനുവേണ്ടി അന്തിക്കാട്ടെ എന്റെ ചുറ്റുപാടിനെ പഴയപടി സംരക്ഷിക്കുന്നുണ്ട്. എന്റെ മൂന്ന് പിള്ളേരും വലുതായി, അവര്‍ക്ക് കുടുംബങ്ങളായി മാറുമ്പോള്‍ ചിലപ്പോള്‍ ഫനുാറ്റുകളിലേക്ക് താമസം മാറ്റേണ്ടിവന്നേക്കാം. കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് എല്ലാം മാറിയേ തീരൂ.അന്യദേശ സുഹൃത്തുക്കള്‍ ഇവിടെ എത്തുമ്പോള്‍ പറയാറുണ്ട്, കൂടുതല്‍ സുന്ദരികളുള്ള നഗരമാണ് ഇതെന്ന്. നമ്മുടെ കുട്ടികളെ നമുക്ക് അങ്ങനെ തോന്നുന്നുണ്ടാകില്ല. എന്നാല്‍, അവരുടെ സൌന്ദര്യസങ്കല്‍പങ്ങള്‍ക്കനുസരിച്ച് സൌന്ദര്യമുള്ള പെണ്‍കിടാങ്ങള്‍ ഇവിടെയുണ്ട് എന്ന് പറയുന്നത് ശരിയാകാം. മൊത്തത്തില്‍ ഒരു സൌന്ദര്യനഗരമാണ് തൃശൂര്‍. ഗ്രാമത്തിന്റെ മുഖം എവിടെയൊക്കെയോ തെളിഞ്ഞുകാണുന്ന നഗരം.നമ്മുടെ സ്വപ്നനഗരം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം
നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...
-
കര്‍ത്താവിന്റെ മണവാട്ടിമാരാണ് കന്യാസ്ത്രീകള്‍. അതോ കര്‍ത്താവിന്റെ പ്രതിപുരുഷന്മാരായ പുരോഹിതന്മാരുടെയോ? അത്തരം ഗതികേടുകള്‍ ഉണ്ടാക്...
-
ഫേസ് ബുക്ക് ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക ഒടുവില്‍ ശ്വേത പ്രസവിച്ചു . പൊന്ന് പോലൊരു പെണ്‍കുഞ്ഞ് . മുംബൈയിലെ നാനാവതി ആശുപത്രിയ...
നന്നായിട്ടുണ്ട്...സത്യന്‍ അന്തിക്കാട് സ്ഥിരായി പറയുന്ന കാര്യങ്ങള്‍ ആണിതൊക്കെ എങ്കിലും പുതുമ നഷ്ടപ്പെടുന്നില്ല....ചുള്ളന്റെ പടം ഒക്കെ മോശായിക്കൊണ്ടിരിക്കാന്ന് ഒന്ന് പറഞ്ഞേക്ക്...പേടിക്കൊന്നും വേണ്ടാന്നേ ഉള്ളതു പറയാന്‍ എന്തിനാ പേടിക്കണേ.
മറുപടിഇല്ലാതാക്കൂമോഹന് ലാലിനെ വച്ച് ചെയ്ത പടം അറു ബോറായിരുന്നു. ആ ഉപദേശിപടം ഇല്ലേ....മിനിയാന്നത്തെ ചന്താവിഷയം.