2011, മാർച്ച് 26, ശനിയാഴ്‌ച

ഒടുവില്‍ മുസ്‌ലി പവര്‍ നിരോധിച്ചു.

മുസ്ലിപവര്‍ എക്സ്ട്രയെ കുറിച്ച്   നേരത്തെ   വാര്‍ത്തകള്‍ വന്നിട്ടുണ്ട്.   ആയുര്‍വേദ മരുന്നിലെ ആയുര്‍വേദമല്ലാത്ത മരുന്നിനെ കുറിച്ചായിരുന്നു അവ. ആരോഗ്യമുള്ള പുരുഷന്‍പോലും ഇരുപത് ഗ്രാമിന്റെ ഒരു തഡാലഫില്‍ ഗുളിക മാത്രമേ കഴിക്കാവൂ എന്നിരിക്കെ മുപ്പത്തിരണ്ട് മില്ലിഗ്രാം തഡാലഫിലാണ് മുസ്ലി പവറില്‍ നിന്ന് കണ്ടെത്തിയതത്രേ.നാല് കൊല്ലം നീണ്ട നിയമ പോരാട്ടം പലരും നടത്തിയിട്ടും ഉല്‍പ്പന്നം നിരോധിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. എന്നാല്‍ ഈ ഉല്‍പ്പന്നം എച്ച്.ഐ.വി ബാധിതര്‍ക്ക് ഉപയോഗിക്കാം എന്ന രീതിയില്‍  പ്രചരണം കമ്പനി തുടങ്ങിയപ്പോള്‍ അതിനെതിരെ വാര്‍ത്ത‍ നല്‍കാനായി . ആ വാര്‍ത്ത നിരോധ നടപടിക്കു ആക്കം കൂട്ടി. വാര്‍ത്ത വന്നതിന്റെ രണ്ടാം ദിവസം നിരോധനം വന്നു. ഉടമ കെ.സി എബ്രഹാം ഡോക്ടര്‍ ആണെന്നുള്ളത്‌ വ്യാജമാണെന്നും തെളിവ് സഹിതം വാര്‍ത്ത‍ നല്‍കാനായി.... കോടതി പരസ്യങ്ങളും നിരോധിച്ചു.. വിഷയത്തില്‍ ഇപ്പോഴും ഹൈകോടതിയില്‍ കേസ് നടക്കുന്നുണ്ട്... കുറെ നുണകള്‍ വാര്‍ത്തകളായി   നല്‍കാന്‍ കമ്പനിക്കു ഇപ്പോഴും കഴിയുന്നു..   അതൊക്കെ പത്രങ്ങള്‍ നല്‍കുന്നു എന്നതാണ് ഏറെ സങ്കടം !!!!



വിലക്കപ്പെട്ട മുസ്‌ലിപവറും മാധ്യമ ധാര്‍മികതയും

മാധ്യമം വാര്‍ത്ത‍ എഡിറ്റോറിയല്‍April 05, 2011

കുറച്ചുകാലമായി അച്ചടി-ദൃശ്യമാധ്യമങ്ങളുടെ പരസ്യരംഗം അടക്കി വാഴുന്ന മുസ്‌ലിപവര്‍ എക്‌സ്ട്രാ നിരോധിക്കാന്‍ ഒടുക്കം സംസ്ഥാന സര്‍ക്കാര്‍ ധൈര്യം കാട്ടി. ഒന്നാന്തരം ലൈംഗികോത്തേജക മരുന്നാണെന്ന് ഇരുപത്തിനാല് മണിക്കൂറും പരസ്യങ്ങളിലൂടെ ജനങ്ങളെ ബോധവത്കരിച്ച മുസ്‌ലിപവര്‍ ഉല്‍പാദകരായ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ്, ഒടുവില്‍ എച്ച്.ഐ.വി വാഹകര്‍ക്കും അത് നല്ലതാണെന്ന് അവകാശപ്പെട്ടതോടെയാണ് ഈ തട്ടിപ്പിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. മദ്യത്തിന്റെയെന്നപോലെ ലൈംഗിക ഭ്രാന്തിന്റെയും പിടിയിലമര്‍ന്ന കേരളീയ സമൂഹത്തിന്റെ ദൗര്‍ബല്യങ്ങളെ ചൂഷണം ചെയ്ത് കോടികള്‍ കൊയ്യുന്ന വ്യാജ മരുന്നുല്‍പാദകരുടെ പറുദീസയായി സംസ്ഥാനം മാറിയിട്ട് കാലം കുറച്ചായി. പ്രതിവര്‍ഷം 5000 കോടി രൂപയുടെ ലൈംഗികോത്തേജക മരുന്നുകളാണത്രെ കേരളത്തില്‍ വിറ്റഴിയുന്നത്. ഇതില്‍, വലിയൊരു പങ്ക് ആയുര്‍വേദ ഔഷധങ്ങളെന്ന വ്യാജേന വിപണിയിലിറക്കുന്നവയാണ്.
സംവത്സരങ്ങള്‍ നീളുന്ന ഒരു പ്രക്രിയയാണ് യഥാര്‍ഥത്തില്‍ ശാസ്ത്രീയമായ മരുന്നുല്‍പാദനം. ഒട്ടേറെ ഗവേഷണങ്ങള്‍ക്കുശേഷം രൂപപ്പെടുന്ന ഔഷധം ആദ്യം മൃഗങ്ങളില്‍ പരീക്ഷിക്കുന്നു. അത് വിജയകരമാണെന്നു കണ്ടാല്‍ മനുഷ്യരായ രോഗികളിലും മതിയായ മുന്‍കരുതലോടെ പരീക്ഷണത്തിന് വിധേയമാക്കുന്നു. അതും വിജയിച്ചു എന്ന് ബോധ്യമായാലാണ് വാണിജ്യപരമായ ഉല്‍പാദനത്തിലൂടെ വിപണിയിലെത്തുന്നത്. എന്നിട്ടുപോലും, ഉദ്ദിഷ്ട നിലവാരം പുലര്‍ത്തുന്നില്ലെന്നോ മാരകമായ പാര്‍ശ്വഫലങ്ങള്‍ ഉളവാക്കുന്നുവെന്നോ കണ്ടെത്തിയാല്‍ നിരോധിക്കപ്പെടുന്ന മരുന്നുകളും നിരവധിയാണ്. മരുന്നുകളുടെ വിലകൂടാന്‍ ഒരു കാരണം ചെലവേറിയ ഈ ഗവേഷണ പ്രക്രിയ കൂടിയാണ്. ഇതൊന്നും ബാധകമല്ലാത്ത ഒരു മേഖലയാണ് ആയുര്‍വേദ ഔഷധ വിപണി. ഉത്തരവാദപ്പെട്ട ഒരു വൈദ്യരുടെ കുറിപ്പടിപോലും കൂടാതെ ആയുര്‍വേദ ഫാര്‍മസികളിലൂടെ വിറ്റഴിക്കപ്പെടുന്നവയാണ് പല മരുന്നുകളും. അവയുടെ ഗുണനിലവാരമോ ഫലപ്രാപ്തിയോ ഒന്നും ആരും ഒരു ലബോറട്ടറിയിലും പരിശോധിക്കാറില്ല. ആയുര്‍വേദ മരുന്നുകളെന്ന ലേബലില്‍ വിപണിയിലെത്തുന്ന പലതിലും അലോപ്പതി മരുന്നുകളുടെ ചേരുവകളും മാരക രാസപദാര്‍ഥങ്ങളുടെ സാന്നിധ്യവും സമൃദ്ധമായി കാണപ്പെടുന്നുണ്ട്. അലോപ്പതി മരുന്നുകളില്‍ത്തന്നെ വ്യാജന്‍ സുലഭമാണെന്നത് മറ്റൊരു വസ്തുതയാണ്. കേരളത്തിലെ ഔഷധ വിപണിയില്‍ വിറ്റഴിയുന്നവയില്‍ മൂന്നിലൊന്നും വ്യാജനോ നിലവാരം തീരെയില്ലാത്തതോ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. പരിശോധിക്കാനും ഗുണനിലവാരം ഉറപ്പുവരുത്താനും വേണ്ടത്ര സംവിധാനങ്ങളുള്ള അലോപ്പതിയുടെ സ്ഥിതി ഇതാണെങ്കില്‍ തീര്‍ത്തും അനാഥമായ ആയുര്‍വേദത്തിന്റെ കഥയെന്തു പറയാന്‍! കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന് വ്യാജമരുന്നുകളില്‍ നിന്നാണെന്ന് പ്രസിദ്ധ ആരോഗ്യ പ്രവര്‍ത്തകന്‍ ഡോ. ബി. ഇഖ്ബാല്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വീണ്ടും ഒരു നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്ന സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും, നടപ്പാക്കാനുള്ളതല്ലെങ്കിലും പുറത്തിറക്കിയ പ്രകടന പത്രികകളില്‍ പോലും അതീവ ഗുരുതരമായ ഈ വിഷയത്തെപ്പറ്റി മിണ്ടിയിട്ടേ ഇല്ല എന്നതാണ് അമ്പരപ്പിക്കുന്ന കാര്യം.
മനുഷ്യരില്‍ ആസക്തി വര്‍ധിപ്പിക്കുന്ന വയാഗ്ര അമേരിക്ക മുതല്‍ ജപ്പാന്‍ വരെയുള്ള ആഗോള വിപണിയില്‍ രംഗപ്രവേശം ചെയ്തതു മുതല്‍, പറയുന്ന വിലകൊടുത്ത് അതുവാങ്ങി ആര്‍ത്തിയോടെ തിന്നുന്ന ലൈംഗിക ഭ്രാന്തരില്‍ നിശ്ചയമായും ഇന്ത്യക്കാരും കേരളീയരും പിന്നിലല്ല. ഹൃദ്രോഗം, പക്ഷാഘാതം, കരള്‍രോഗങ്ങള്‍, ലുക്കീമിയ, ആമാശയ അള്‍സര്‍ തുടങ്ങിയ രോഗങ്ങളുള്ളവര്‍ ഡോക്ടര്‍മാരുടെ വിദഗ്‌ധോപദേശം തേടിയേ വയാഗ്ര ഉപയോഗിക്കാവൂ എന്ന മുന്നറിയിപ്പെങ്കിലും അതിന്റെ ഉല്‍പാദകര്‍ നല്‍കുന്നുണ്ട്. എന്നാല്‍, ഇന്ത്യന്‍ വിപണിയിലിറങ്ങുന്ന സാധനങ്ങള്‍ക്ക് അതുപോലും ഇല്ല. ആയുര്‍വേദ മരുന്നെന്ന് പേരിട്ടാല്‍ ഒരു തരത്തിലുള്ള മുന്നറിയിപ്പിന്റെ ബാധ്യതയും ഇല്ല. ആര്‍ക്കും ഏത് പ്രായത്തിലും ഏതവസരത്തിലും വാങ്ങി വിഴുങ്ങാം!
ഈ രോഗാതുര മനസ്സിനെയാണ് ഔഷധ നിര്‍മാതാക്കള്‍ മൃഗീയമായി ചൂഷണം ചെയ്യുന്നത്. എയ്ഡ്‌സിന് ദിവ്യൗഷധം പുറത്തിറക്കി ശതകോടികള്‍ കൊയ്ത വിദ്വാന്മാരുമുണ്ടല്ലോ എറണാകുളത്ത്. നാട്ടില്‍ വിലക്ക് വന്നപ്പോള്‍ സാധനം ശ്രീലങ്കയിലേക്ക് പറിച്ചുനട്ടു. അവിടന്ന് ഇങ്ങോട്ട് ഇറക്കുമതി ചെയ്യുകയാണിപ്പോള്‍. വീടും പുരയിടവും വിറ്റെങ്കിലും എച്ച്.ഐ.വി ബാധിതര്‍ മരുന്ന് വാങ്ങുമെന്ന് മനസ്സിലാക്കി തനി വ്യാജ ഉല്‍പന്നം മരുന്നെന്ന പേരില്‍ വില്‍പന നടത്താന്‍ ഇക്കൂട്ടര്‍ക്ക് കഴിഞ്ഞത് മാധ്യമങ്ങളുടെ പരസ്യക്കൊതിമൂലമാണ്. വ്യാജനും തട്ടിപ്പുമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ പരസ്യങ്ങളുടെ കാര്യത്തില്‍ തങ്ങള്‍ക്കൊരുത്തരവാദിത്തവുമില്ലെന്ന് വാദിച്ച്, എല്ലാ തരം പരസ്യങ്ങളും വിവേചനരഹിതമായി പ്രസിദ്ധീകരിക്കുന്ന പതനത്തിലാണ് നമ്മുടെ അച്ചടി-ദൃശ്യമാധ്യമങ്ങള്‍. ഹനുമാന്റെ മോതിരവും കുട്ടിച്ചാത്തന്‍ സേവയും നിക്ഷേപത്തട്ടിപ്പുകളും ഉത്തേജക മരുന്നുകളുമൊക്കെ ജനപ്രീതി നേടുന്നത് മറ്റൊന്നും കൊണ്ടല്ല. മാധ്യമങ്ങള്‍ക്ക് നിലനില്‍ക്കാന്‍ പരസ്യങ്ങള്‍ കൂടിയേ തീരൂ എന്നത് ശരി. നിര്‍മാണച്ചെലവ് വിറ്റുവരവിലൂടെ മാത്രംനേരിടാനാവാത്ത ഉല്‍പന്നങ്ങളാണ് മാധ്യമങ്ങള്‍. എന്നാലും, ജീവനുമായി അഭേദ്യബന്ധമുള്ളതും ആരോഗ്യത്തെ പ്രത്യക്ഷത്തില്‍ തന്നെ ബാധിക്കുന്നതുമായ വസ്തുക്കളുടെ പരസ്യങ്ങള്‍ സ്വീകരിക്കുമ്പോഴെങ്കിലും സൂക്ഷ്മതയും ജാഗ്രതയും പുലര്‍ത്താന്‍ മാധ്യമങ്ങള്‍ സന്നദ്ധരായേ പറ്റൂ. അതിനവയെ നിയമംമൂലം നിര്‍ബന്ധിക്കാന്‍ സര്‍ക്കാറിനും കഴിയണം. ഇപ്പോള്‍ വിലക്കുവീണ മുസ്‌ലിപവര്‍ എക്‌സ്ട്രായുടെ വിശ്വാസ്യതയെപ്പറ്റി  ന്യായമായ സംശയമുയര്‍ന്നപ്പോള്‍തന്നെ അതിന്റെ പരസ്യം വേണ്ടെന്നുവെച്ച 'മാധ്യമം' തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളുടെ ഫലമായാണ് ഞെട്ടിക്കുന്ന ചില സത്യങ്ങള്‍ ജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ചത്. സദുദ്ദേശ്യപൂര്‍വം നടത്തിയ ഈ യത്‌നം സഫലമായതില്‍ ഞങ്ങള്‍ക്കുള്ള ചാരിതാര്‍ഥ്യം സീമാതീതമാണ്. പക്ഷേ, എയ്ഡ്‌സ് മരുന്നു കമ്പനിയുടെ ചുവടുപിടിച്ച് ഇനി മുസ്‌ലിപവര്‍ എക്‌സ്ട്രാ ഉല്‍പാദകരും അയല്‍നാട്ടില്‍ അഭയം തേടാന്‍ എല്ലാ സാധ്യതയുമുണ്ട്. സര്‍ക്കാര്‍ ജാഗ്രത പാലിക്കണം.

മുസ്ലി പവാര്‍ എക്സ്ട്ര നിരോധിക്കാന്‍ പ്രധാന കാരണമായ വാര്‍ത്ത താഴെ വായിക്കുക
എച്ച്.ഐ.വി ബാധിതര്‍ക്ക് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ലൈംഗികോത്തേജന ഔഷധമായ മുസ്‌ലി പവര്‍ എക്‌സ്ട്ര നല്ലതാണെന്ന പഠന റിപ്പോര്‍ട്ടിനെതിരെ ഡോക്ടര്‍മാര്‍. 

കച്ചവടക്കാരനും പുരോഹിതനും ഒത്തുചേര്‍ന്ന് എച്ച്.ഐ.വി ബാധിതരെ വഞ്ചിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി വൈദ്യലോകത്ത് ചര്‍ച്ച തുടരുകയാണ്. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ളതെന്ന് അവകാശപ്പെടുന്ന കോട്ടയത്തെ 'ആത്മതാ' കേന്ദ്രത്തിലാണ് അധാര്‍മികമായ മരുന്നുപരീക്ഷണം നടന്നത്. മുംബൈ കേന്ദ്രമായ തൈറോകെയര്‍ ടെക്‌നോളജിക്കല്‍സിനുവേണ്ടികുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ സഹകരണത്തോടെ നടത്തിയ പഠന റിപ്പോര്‍ട്ട് ആത്മതയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മുസ്‌ലി പവര്‍ ഊര്‍ജദായകമാണെന്നും വളരെ നല്ലതാണെന്നും സാക്ഷ്യപ്പെടുത്തുന്ന എച്ച്.ഐ.വി ബാധിതരുടെ ദൃശ്യചിത്രങ്ങളും ഇവിടെയുണ്ട്. ദേശാഭിമാനി പത്രത്തിലെ മുന്‍ ബിസിനസ് കറസ്‌പോണ്ടന്റ്, കേരള കൗമുദിയുടെ മുന്‍ റീജനല്‍ മാനേജര്‍ എന്നിങ്ങനെ അവകാശപ്പെട്ട സി.വി. വിനായകനാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. ആത്മത കേന്ദ്രം ഡയറക്ടര്‍ ഫാ. തോമസ് കൊച്ചിലേച്ചംകാലം ആണ് പഠനത്തിന്റെ മേല്‍നോട്ടക്കാരന്‍. ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികളുടെയോ ആരോഗ്യ ഏജന്‍സികളുടെയോ കാഴ്ചപ്പാടുകള്‍ പ്രതിഫലിക്കുന്നതല്ലെന്ന് പഠന റപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ഇതെന്ന് ഡോക്ടര്‍മാര്‍ കുറ്റപ്പെടുത്തുന്നു. 2010 ഡിസംബര്‍ ഒന്നിനാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഫാ. തോമസ് വിളിച്ചുചേര്‍ച്ച വാര്‍ത്താസമ്മേളനം, എച്ച്.ഐ.വി ബാധിതരുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവ മരുന്നിന് അനുകൂലമായി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നതിന് ശ്രമം നടക്കുന്നുണ്ട്. രോഗബാധിതരുടെ രക്തത്തിലെ ശ്വേതരക്താണുക്കളുടെ അളവ് വര്‍ധിപ്പിക്കാനും പ്രതിരോധ ശേഷി കൂട്ടാനും ഉതകുന്ന ആയുര്‍വേദ മരുന്നാണിതെന്നാണ് ഈ ദൃശ്യങ്ങളിലൂടെ ഫാ. തോമസ് അവകാശപ്പെടുന്നത്. പാര്‍ശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്ത മരുന്നാണെന്നും ഇക്കാര്യം ശാസ്ത്രീയ പഠനത്തിലൂടെ തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ആലപ്പുഴ കൈതവനയിലെ കൃപാഭവനിലാണ് പരിശോധന നടന്നത്. 2010 മേയില്‍ ആരംഭിച്ച് 2010 നവംബര്‍ 23നാണ് പഠനം അവസാനിച്ചത്. ആത്മത കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത 618 പേരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 55 സ്ത്രീകളിലും 18 പുരുഷന്മാരിലുമായിരുന്നു പരീക്ഷണം. ഇവരില്‍നിന്ന് 23 സ്ത്രീകളും നാല് പുരുഷന്മാരും അവസാന ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇവരിലാണ് ശ്വേതരക്താണുക്കള്‍ വര്‍ധിച്ചെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട് പറയുന്നത്.
എന്നാല്‍, മരുന്ന് പരീക്ഷണത്തിന് ആവശ്യമുള്ള കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെയും മെഡിക്കല്‍ കേന്ദ്രങ്ങളുടെയും അനുമതിയെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. ഇത്തരം റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നും ഈ മരുന്ന് ഗുണകരമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും ജനങ്ങള്‍ ഇവ ഉപയോഗിക്കരുതെന്നും കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അഡീ. പ്രോജക്ട് ഡയറക്ടര്‍ ഡോ. പി.വി. വേലായുധന്‍ വ്യക്തമാക്കി.
ആത്മതയുമായി സൊസൈറ്റിക്ക് നിയമപരമായി ബന്ധമില്ല. മറ്റ് നിരവധി സംഘടനകളുമായി എയ്ഡ്‌സ് ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചിച്ചതുപോലെ ആത്മതയുമായി സഹകരിച്ചിട്ടുണ്ടാകാം. എന്നാല്‍, സൊസൈറ്റിയുടെ അംഗീകൃത കൗണ്‍സലിങ് സെന്ററല്ല ആത്മതയെന്ന് അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു.
എച്ച്.ഐ.വി ബാധിതര്‍ സര്‍ക്കാറിന്റെ ഉഷസ് കേന്ദ്രങ്ങളില്‍ ലഭ്യമാകുന്ന മരുന്നുകള്‍ മാത്രമെ ഉപയോഗിക്കാവൂ. വ്യാജ റിപ്പോര്‍ട്ട് നല്‍കിയ ആത്മതക്കെതിരെ നിയമനടപടികളെടുക്കേണ്ടത് സൊസൈറ്റിയല്ല. സര്‍ക്കാറിന് വേണമെങ്കില്‍ അന്വേഷണം നടത്താമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയം ഫേസ്ബുക്കിലും മറ്റ് ഇന്റര്‍നെറ്റ് സൗഹൃദ കൂട്ടായ്മകളിലുമിട്ട് ചര്‍ച്ചക്ക് തുടക്കമിട്ട കോഴിക്കോട് മെഡിക്കല്‍ കോളജിലെ പാത്തോളജി ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. കെ.പി. അരവിന്ദന്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിക്ക് പരാതി നല്‍കിയിട്ടുണ്ട്.
അഞ്ചു ദിവസം മുമ്പ് നല്‍കിയ പരാതിയില്‍ ഉടന്‍ മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡോക്ടര്‍ 'മാധ്യമ'ത്തോട് പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്ബുക് ചര്‍ച്ചയില്‍ ഇതേ കൃപാഭവനിലാണ് ശ്രേയ ബെന്നിയെന്ന 12കാരിയെ കുളത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്ന വാര്‍ത്തകളും ചേര്‍ത്തിട്ടുണ്ട്. ഇത്തരമൊരു വിവാദ സ്ഥാപനത്തില്‍ ധാര്‍മികമായ മരുന്നുപരീക്ഷണം നടക്കുമെന്ന് കരുതാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.ദല്‍ഹിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് യൂനിവേഴ്‌സിറ്റി ലാബില്‍ നടത്തിയ പരിശോധനയില്‍ മുസ്‌ലി പവറിനെതിരെ റിപ്പോര്‍ട്ട് വന്നിരുന്നു  ഫേസ് ബുക്ക്‌ ചര്‍ച്ച കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

 കേരള ഡ്രഗ് കണ്‍ട്രോള്‍ വകുപ്പും പ്രമുഖ ഔഷധ പഠന കേന്ദ്രമായ തൈറോകെയറും തിരിച്ചടിച്ചു.
എച്ച്.ഐ.വി ബാധിതര്‍ക്ക് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ലൈംഗികോത്തേജക ഔഷധമായ മുസ്ലി പവര്‍ എക്സ്ട്ര നല്ലതാണെന്ന റിപ്പോര്‍ട്ടിനെതിരെ കേരള ഡ്രഗ് കണ്‍ട്രോള്‍ വകുപ്പും പ്രമുഖ ഔഷധ പഠന കേന്ദ്രമായ തൈറോകെയറും രംഗത്ത്
റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന്ചൂണ്ടിക്കാട്ടി വൈദ്യലോകം ശബ്ദമുയര്‍ത്തിയതിന് തൊട്ടുപിറകെയാണ് ഇവര്‍ രംഗത്തെത്തിയത്.
റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് നിയമലംഘനമാണെന്നും ഇതിനെതിരെ നടപടിയെടുക്കുമെന്നും കേരള ഡ്രഗ് കണ്‍ട്രോള്‍-ലൈസന്‍സിങ് അതോറിറ്റി എം. ഗീത പറഞ്ഞു. കമ്പനിക്കുവേണ്ടിയാണ് പഠനം നടത്തിയതെന്ന സി.വി. വിനായകന്റെ വാദം മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തൈറോ കെയറും തള്ളി.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും കൗണ്‍സലിങ്ങിന് സമീപിച്ച എച്ച്.ഐ.വി ബാധിതരെ അധാര്‍മികമായി പഠനത്തിന് വിധേയരാക്കുകയും ചെയ്ത ആത്മത കേന്ദ്രത്തെക്കുറിച്ച് അന്വേഷിച്ച് ആവശ്യമെങ്കില്‍ ചാരിറ്റബിള്‍ സൊസൈറ്റി ലൈസന്‍സ് റദ്ദാക്കുന്നതടക്കം നടപടിയെടുക്കുമെന്ന് കോട്ടയം ജില്ലാ രജിസ്ട്രാര്‍ എബി ജോര്‍ജും വ്യക്തമാക്കി. പഠന റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമാണെന്ന് കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അഡീഷനല്‍ പ്രോജക്ട് ഡയറക്ടര്‍ പി.വി. വേലായുധന്‍ നേരത്തേ 'മാധ്യമ'ത്തിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു.
മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാനും ലൈസന്‍സ് നല്‍കാനും ആവശ്യമെങ്കില്‍ നിരോധിക്കാനും അധികാരമുള്ള കേന്ദ്രമാണ് ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ്.
നിലവില്‍ മുസ്‌ലി പവറിനെതിരെ അലോപ്പതി, ആയുര്‍വേദ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്. ഇതില്‍ അന്വേഷണം നടക്കുകയാണെന്ന് ഡ്രഗ് കണ്‍ട്രോളര്‍ വെളിപ്പെടുത്തി. ഫേസ് ബുക്ക്‌ ചര്‍ച്ച കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
ഒടുവില്‍ നിരോധനം
മുസ്ലി പവര്‍ നിരോധിച്ചു. ഇനിയിപ്പോള്‍ സ്പോണ്‍സര്‍ഷിപ്‌ കിട്ടാന്‍ നടക്കുന്നവര്‍ ഒക്കെ എന്തു ചെയ്യുമോ ആവോ?

വിവാദ ലൈംഗികോത്തേജക ഔഷധമായ മുസ്ലി പവര്‍ എക്സ്ട്രാ സര്‍ക്കാര്‍ നിരോധിച്ചു. ഇക്കാര്യം വ്യക്തമാക്കുന്ന ഉത്തരവ് ശനിയാഴ്ചയാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ഈ മരുന്ന് എച്ച്.ഐ.വി ബാധിതര്‍ക്ക് നല്ലതാണെന്ന വ്യാജ പഠന റിപ്പോര്‍ട്ട് 'മാധ്യമം' പുറത്തു കൊണ്ടുവന്നതിനെതുടര്‍ന്നാണ് നിരോധനം. എറണാകുളം മൂവാറ്റുപുഴ വെള്ളൂര്‍ കേന്ദ്രമായ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കലാണ് മുസ്ലി പവര്‍ എക്സ്ട്രായുടെ ഉല്‍പാദകര്‍. ഒമ്പത് ആയുര്‍വേദ മരുന്നുകള്‍ ചേര്‍ത്താണ് ഇതുണ്ടാക്കുന്നതെന്നായിരുന്
നു ഇവരുടെ വാദം. ലൈംഗികോത്തേജനത്തിന് പേരുകേട്ട സഫേദ് മുസ്ലിയാണ് ഇതിലെ പ്രധാന ചേരുവയെന്ന് ഇവര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, മനുഷ്യശരീരത്തിന് മാരകമായ വിധം പാര്‍ശ്വഫലങ്ങളുണ്ടാക്കുന്ന താഡാലാഫില്‍ എന്ന ഉത്തേജകം അമിതമായ അളവില്‍ പൊടിച്ചുചേര്‍ത്തതായി ദല്‍ഹിയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ്ആന്‍ഡ് റിസര്‍ച്ച് യൂനിവേഴ്സിറ്റി ലാബില്‍ നടത്തിയ പരിശോധനയില്‍ വെളിപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് 'മാധ്യമം' വളരെ ശക്തമായ നിലപാടുകളാണ് മുസ്ലി പവറിനെതിരെ സ്വീകരിച്ചത്. ഈ മരുന്നിന്റെ പരസ്യം നല്‍കുന്നത് മാധ്യമം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ഡിസംബര്‍ ഒന്നിന് ഈ മരുന്ന് എച്ച്.ഐ.വി ബാധിതര്‍ക്ക് നല്ലതാണെന്ന വ്യാജ റിപ്പോര്‍ട്ട് വിവിധ പത്രങ്ങളില്‍ ഉന്നത സ്ഥാനം വഹിച്ചിരുന്നുവെന്ന് അവകാശപ്പെട്ടിരുന്ന സി.വി. വിനായകനാണ് പ്രസിദ്ധീകരിച്ചത്. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നഔഷ...ധ പഠനകേന്ദ്രമായ തൈറോ കെയര്‍ ടെക്നോളജീസിനുവേണ്ടിയാണ് പുറത്തിറക്കിയതെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഈ വാദം ശരിയല്ലെന്ന് തൈറോ കെയര്‍ അധികൃതര്‍ 'മാധ്യമ'ത്തോട് വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെ സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പും രംഗത്തെത്തിയിരുന്നു. ഈ മരുന്ന് എച്ച്.ഐ.വി ബാധിതര്‍ക്ക് ഉപയോഗിക്കാനാവുന്നതല്ലെന്ന് കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും വ്യക്തമാക്കിയിരുന്നു.
ചങ്ങനാശേരി അതിരൂപതയുടെ കീഴില്‍ കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന ആത്മത കേന്ദ്രത്തിലാണ് എച്ച്.ഐ.വി ബാധിതരില്‍ പരീക്ഷണം നടത്തിയത്്. ആവശ്യം വേണ്ട കേന്ദ്ര^സംസ്ഥാന സര്‍ക്കാറുകളുടെയും ആരോഗ്യ വകുപ്പ് അധികൃതരുടെയും അനുമതിയില്ലാതെയാണ് ഇവിടെ എത്തിയ രോഗികളില്‍ അനധികൃതമായി ക്ലിനിക്കല്‍ ട്രയല്‍ നടന്നത്. ആത്മതയുടെ സഹോദര സ്ഥാപനമായ ആലപ്പുഴയിലെ കൈതവനയിലെ കൃപ ഭവനിലാണ് പരിശോധന സംഘടിപ്പിച്ചത്.
വ്യക്തിത്വ വികസന ക്ലാസിനെത്തിയ ശ്രേയ ബെന്നി എന്ന 12കാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഈ കേന്ദ്രത്തിലായിരുന്നു. കേന്ദ്രം ഡയറക്ടര്‍ ഫാ. തോമസ് കൊച്ചിലേച്ചംകാലമാണ് പഠനത്തിന് മേല്‍നോട്ടം വഹിച്ചത്. മരുന്ന് നല്ലതാണെന്ന് എച്ച്.ഐ.വി ബാധിതരെ കൊണ്ട് പറയിപ്പിക്കുന്ന ദൃശ്യചിത്രങ്ങളും ഇവര്‍ പ്രചരിപ്പിച്ചിരുന്നു. മുസ്ലി പവറിനെതിരെ അലോപ്പതി, ആയുര്‍വേദ ഡ്രഗസ്സ് ഇന്‍സ്പെക്ടര്‍മാര്‍ അന്വേഷണം നടത്തിവരികയായിരുന്നു. ഇക്കാര്യത്തില്‍ ചര്‍ച്ചക്ക് തുടക്കമിട്ട കോഴിക്കോട് മെഡിക്കല്‍ കോളജിലെ പാത്തോളജി വിഭാഗം മേധാവി ഡോ. K.P അരവിന്ദന്‍ നിരോധന വാര്‍ത്തയില്‍ സന്തുഷ്ഠി പ്രകടിപ്പിച്ചു.
2007 ജൂണ്‍ 28നാണ് ഡ്രഗ്സ് ലൈസന്‍സ് നമ്പര്‍ 77/25 D/2007 പ്രകാരം മരുന്നിന്റെ വിതരണം ആരംഭിച്ചത്. അര്‍ജുന അവാര്‍ഡ് ജേതാവ് ഒളിമ്പ്യന്‍ കെ.സി. റോസക്കുട്ടിയുടെ സഹോദരനായ ഡോ. കെ.സി. എബ്രഹാമാണ് കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മാനേജിങ് ഡയറക്ടര്‍. ബഹുരാഷ്ട്ര കുത്തക മരുന്നു കമ്പനിയായ റാന്‍ബാക്സിയുടെ മുന്‍ ജനറല്‍ മാനേജര്‍ വി.കെ. എബ്രഹാമാണ് കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെയും ജനറല്‍ മാനേജര്‍. പോണ്ടിച്ചേരിഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ക്ലിനിക്കല്‍ സൈക്കോളജി ഡിപ്പാര്‍ട്ട്മെന്റ് മുന്‍ തലവന്‍ ഡോ. പി.വി. മാത്യു ഇതിന്റെ ഗവേഷണ വിഭാഗം മേധാവിയാണ്. മെഡിക്കല്‍ വിഭാഗത്തിന് നേതൃത്വം നല്‍കുന്നത് ഡോ. ഫിലിപ്പ് എബ്രഹാമാണ്.
കഴിഞ്ഞവര്‍ഷം വ്യവസായ പ്രതിഭ അവാര്‍ഡ് ഇന്ത്യന്‍ രാഷ്ട്രപതിയില്‍നിന്നും ഇവര്‍ ഏറ്റുവാങ്ങിയിരുന്നു. വിപണിയില്‍ ഏറെ പ്രചാരത്തിലുണ്ടായിരുന്ന വയാഗ്ര എന്ന ലൈംഗികോത്തേജക മരുന്നിന്റെ പകരക്കാരായാണ് ഇവര്‍ വിപണിയിലെത്തിയത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഇവര്‍ പരസ്യങ്ങള്‍ പുറത്തിറക്കിയിരുന്നു. താഡാലാഫില്‍ കണ്ടുപിടിച്ചതിനെ തുടര്‍ന്ന് ഏറെ വിവാദങ്ങളുയര്‍ന്നപ്പോള്‍ ഈ മാരക ഉത്തേജകം മുസ്ലി പവറിലുണ്ടെന്ന് തെളിയിക്കുന്നവര്‍ക്ക് അഞ്ചു കോടി രൂപ സമ്മാനം നല്‍കുമെന്നും വിശ്വാസ്യത വീണ്ടെടുക്കാന്‍ കെ.വി. എബ്രഹാം പ്രഖ്യാപിച്ചിരുന്നു.ഫേസ് ബുക്ക്‌ ചര്‍ച്ച കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



മുസ്‌ലി പവര്‍ ഉടമയുടെ ഡോക്ടര്‍ ബിരുദം വ്യാജമെന്ന് സര്‍വകലാശാല
മുസ്‌ലി പവര്‍ എക്‌സ്ട്രാ നിര്‍മാതാക്കളായ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമ കെ.സി. അബ്രഹാം പേരിനൊപ്പം ചേര്‍ത്ത ഡോക്ടര്‍ ബിരുദം വ്യാജം.അമേരിക്കയിലെ റോക്ക വില്‍ കേന്ദ്രമായ യൂനിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ് യൂനിവേഴ്‌സിറ്റി കോളജ് അധികൃതരാണ് ബിരുദം വ്യാജമാണെന്ന് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം കെ.സി. അബ്രഹാം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇതേ സര്‍വകലാശാല നല്‍കിയതെന്ന പേരില്‍ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് വിതരണം ചെയ്തിരുന്നു. ഇതിന്റെ സാധുതയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് കോളജ് അധികൃതരുമായി ബന്ധപ്പെട്ട് 'മാധ്യമം' നടത്തിയ അന്വേഷണത്തിലാണ് വസ്തുത വെളിപ്പെട്ടത്. പ്രസിദ്ധമായ ഈ സര്‍വകലാശാലയുടെ പേരില്‍ സര്‍ട്ടിഫിക്കറ്റ് കൃത്രിമമായി ഉണ്ടാക്കിയതാണെന്നാണ് വ്യക്തമായിട്ടുള്ളത്.
യു.എം.യു.സി എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന ഈ സര്‍വകലാശാലയില്‍ നിന്ന് മാനേജ്‌മെന്റ് ഇന്‍ വാല്യൂ അഡിഷന്‍ ഓഫ് ട്രെഡീഷനല്‍ ഹെര്‍ബ്‌സ് വിഷയത്തില്‍ ഉന്നത ബിരുദം ലഭിച്ചെന്നാണ് കെ.സി. അബ്രഹാമിന്റെ അവകാശവാദം. ഇങ്ങനെയൊരു
വിഷയത്തില്‍ ബിരുദമോ ഡോക്ടര്‍ വിശേഷണമോ നല്‍കുന്നില്ലെന്നും മേല്‍പ്പറഞ്ഞ വ്യക്തി വിദ്യാര്‍ഥിയായി പരീക്ഷ എഴുതിയിട്ടില്ലെന്നും സര്‍വകലാശാലയുടെ പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ വി. കസാനോ വ്യക്തമാക്കി. യു.എം.യു.സി.8101982 03 06 എം.ഡി എന്ന നമ്പറില്‍ ഓണ്‍ലൈന്‍ വഴി ഡോക്ടറല്‍ കൗണ്‍സിലും സെനറ്റും ചേര്‍ന്ന് നടത്തിയ പരീക്ഷയില്‍ അന്താരാഷ്ട്ര വിദ്യാര്‍ഥി ആയ കുന്നത്തുചാക്കോ അബ്രഹാമിന് ഈ ബിരുദം ലഭിച്ചെന്നാണ് രേഖയില്‍ കാണിച്ചിരിക്കുന്നത്.2006 മേയ് 22നാണ് ഡോക്ടറേറ്റ് നല്‍കിയതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഡോക്ടര്‍ കെ.സി.എബ്രഹാം എന്ന പേരിനൊപ്പം എം.ഡി എന്നുകൂടി എഴുതി ചേര്‍ത്താണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ എന്നതിന്റെ ചുരുക്കമാണ് എം.ഡി എന്നത്. എന്നാല്‍,ഇത് ഡോക്ടര്‍ ഓഫ് മെഡിസിന്‍ എന്നതിന്റെ ചുരുക്ക രൂപമെന്ന നിലയില്‍ പൊതുജനത്തെ വഞ്ചിക്കുന്നതാണെന്ന് നേരത്തേ തന്നെ സാമൂഹിക പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു .
 കെ.സി.എബ്രഹാം അറസ്റ്റില്‍

കൊച്ചി: നടി ശ്വേതാ മേനോന്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമ കെ.സി. എബ്രഹാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. 'കയം' സിനിമയുടെ ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ

വിവാദ ലൈംഗിക ഉത്തേജകമരുന്ന് മുസ്‌ലി പവര്‍എക്‌സ്ട്രയുടെ പരസ്യത്തോടൊപ്പം നായികയായ തന്റെ ചിത്രം ഉപയോഗിച്ചത് അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാട്ടി ശ്വേതാ മേനോന്‍ സി.ജെ.എം കോടതിയില്‍ പരാതി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ചിത്രത്തിന്റെ റിലീസിനുമുമ്പേ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളുടെ പശ്ചാത്തലത്തില്‍ ശ്വേതാ മേനോന്‍ മുസ്‌ലി പവര്‍ എക്‌സ്ട്രയുടെ ബ്രാന്‍ഡ് അംബാസഡറെന്ന തരത്തില്‍ ചില സിനിമാ പ്രസിദ്ധീകരണങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതേതുടര്‍ന്നാണ് ശ്വേതാ മേനോന്‍ കോടതിയെ സമീപിച്ചത്. സെന്‍ട്രല്‍ എസ്.ഐ പി.എസ്.ഷൈജുവും സംഘവുമാണ് ജി.സി.ഡി.എ കോംപ്ലക്‌സിലെ ഓഫിസില്‍നിന്ന് കെ.സി. എബ്രഹാമിനെ അറസ്റ്റ് ചെയ്തത്.
അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും പരസ്യത്തിന്റെ ഭാഗമായാണ് ചിത്രം ഉപയോഗിച്ചതെന്നും കെ.സി. എബ്രഹാം പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.മാധ്യമം വാര്‍ത്ത 


എന്നു മുതലാണാവോ "സാധനം" വീണ്ടും കിട്ടി തുടങ്ങുക???

(അങ്ങനെ അവസാനം മുസ്‌ലി പവര്‍ എക്സ്ട്രാ കണ്ടു കെട്ടുന്ന പരിപാടിക്ക് സര്‍ക്കാര്‍ തയ്യാറായി. (വാര്‍ത്ത‍ )

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ നിയമംമൂലം ഉല്‍പാദനവും
വിപണനവും നിരോധിച്ച 'മുസ്‌ലിപവര്‍ എക്‌സ്ട്ര' ഗുളികകള്‍ അധികൃതര്‍ പിടിച്ചെടുത്തുതുടങ്ങി. സംസ്ഥാന ആയുര്‍വേദ ഡ്രഗ് കണ്‍ട്രോളര്‍ ഡോ. എന്‍. വിമലയുടെ നിര്‍ദേശപ്രകാരം ജില്ലകളിലെ ഡ്രഗ് ഇന്‍സ്‌പെക്...ടര്‍മാരാണ് പിടിച്ചെടുക്കുന്നത്. ഈ ഗുളിക ഇനി വില്‍ക്കരുതെന്ന് ഡ്രഗ് കണ്‍ട്രോളര്‍ ഓഫിസുകളില്‍നിന്ന് മെഡിക്കല്‍ ഷോപ്പുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഗസറ്റ് വിജ്ഞാപനം മുഖേന നിയമം പ്രാബല്യത്തില്‍ വന്നതിനാല്‍ മരുന്ന് സ്‌
റ്റോക് ചെയ്യുന്നവര്‍ക്കെതിരെയും വില്‍പന നടത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകുമെന്ന് അവര്‍ അറിയിച്ചു.
സംസ്ഥാനത്ത് ആകെ മൂന്ന് ആയുര്‍വേദ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരാണുള്ളത്
. ഇവരില്‍ ഒരാള്‍ അവധിയിലായതിനാല്‍ അലോപ്പതി ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരെ ഉപയോഗിച്ചാണ് നടപടി. മരുന്നിന്റെ ശേഖരം സംബന്ധിച്ച സ്‌റ്റോക് രജിസ്റ്റര്‍ പരിശോധിക്കാനും അധികൃതര്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബുധനാഴ്ചതന്നെ ആയിരക്കണക്കിന് ഗുളിക പായ്ക്കുകള്‍ പിടിച്ചെടുത്തതായി ഡോ. വിമല 'മാധ്യമ'ത്തോട് പറഞ്ഞു. മുമ്പ് കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരായ പരാതിയില്‍ ഏഴു കോടി രൂപയുടെ ഗുളികകള്‍ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.
സര്‍ക്കാര്‍ ഉത്തരവിനെ ഗുളികയുടെ നിര്‍മാതാക്കള്‍ നിയമപരമായി നേരിടാന്‍ ഇടയുള്ള
തിനാല്‍ കര്‍ശന നടപടി തുടരാനാണ് ആരോഗ്യവകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയുടെ നിര്‍ദേശം. നിയമപരമായി ഏതറ്റംവരെ പോകാനും സര്‍ക്കാര്‍ തയാറാണെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.
മുസ്‌ലിപവര്‍ എക്‌സ്ട്രക്കെതിരെ പരാതി ഉന്നയിച്ചവരില്‍ ഒരാള്‍  രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ആയതിനാല്‍ നിര്‍മാതാക്കള്‍ക്ക് കോടതിയുടെ പരിരക്ഷ ലഭിക്കില്ലെന്ന വിശ്വാസത്തിലാണ് ആരോഗ്യവകുപ്പ്. മുസ്‌ലിപവര്‍ എക്‌സ്ട്രയെ കുറിച്ചുള്ള പരസ്യങ്ങള്‍ വാര്‍ത്താമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതും നിയമംമൂലം നിരോധിച്ചു. നിയമം പ്രാബല്യത്തില്‍ വന്നതിനു
ശേഷവും ഈ പരസ്യം പ്രസിദ്ധീകരിച്ചാല്‍ അത്തരം വാര്‍ത്താമാധ്യമങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡ്രഗ് കണ്‍ട്രോളര്‍ വ്യക്തമാക്കി. ഇതിന്റെ ഓണ്‍ലൈന്‍ വിപണനവും നിയമംമൂലം നിരോധിച്ചു. ഓണ്‍ലൈന്‍ വിപണനം സംബന്ധിച്ച കമ്പനി രേഖകള്‍ പരിശോധിക്കാന്‍ ജില്ലാ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
ഫേസ് ബുക്ക്‌ ചര്‍ച്ച കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

10 കോടി രൂപ വേണോ? ചിത്രം നോക്കു.....
(പരസ്യത്തിന്റെ ചിത്രവും ആന്ധ്ര സര്‍ക്കാരിന്റെ അനാലിസിസ് റിപ്പോര്‍ട്ടും പരസ്യത്തിലെ contact നമ്പരുകളും ചിത്രത്തില്‍ ഉണ്ട്. )
ആദ്യം സര്‍ക്കാര്‍ ഉല്‍പ്പന്നം നിരോധിച്ചു . പുറകെ പത്തു കോടി ഇനാം പ്രഖ്യാപിച്ച് പരസ്യം. അതിനു പുറകെ സകലവിധ പരസ്യങ്ങളും നിരോധിച്ച് കേരള ഹൈ
കോടതിയുടെ നിരോധവും വന്നു. ആറ്‌ വര്‍ഷം കൊണ്ട് അമ്പതു ലക്ഷം ഉപഭോക്താക്കളുണ്ടെന്നാണ് ഉടമ തന്നെ പറയുന്നത്. അമ്പതു ലക്ഷം പേര്‍ ഒരു തവണ തന്നെ 1400 രൂപ ഓരോ ബോട്ടില്‍ വാങ്ങി
യാല്‍ തന്നെ 700 കോടി രൂപ ഉടമക്ക് കിട്ടും. എങ്കില്‍ അല്പം നുണ പറഞ്ഞാലെന്തു എന്നാണ്. ശുദ്ധ ആയുര്‍വേദ മരുന്ന് എന്ന്‌. കുറ്റം പറയാനൊക്കുമോ? ഉദര രോഗങ്ങള്‍, വെളിച്ചം കാണുമ്പോള്‍ വിഭ്രാന്തി ഉണ്ടാകുന്ന ഫോട്ടോ ഫോബിയ, ക്രമേണ ബോധം നശിച്ച് മരണത്തിലേക്ക് നയിക്കുന്ന രക്ത സമ്മര്‍ദക്കുറവ് എന്നിവക്ക് കാരണമാകുന്നതാണ്‌ തഡാലാഫില്‍. അതുണ്ടെന്നു പറഞ്ഞു ഈ അമ്പതു ലക്ഷം ജനത്തെ പേടിപ്പിക്കുന്നത്‌ ശരിയല്ലല്ലോ!
മാധ്യമം വാര്‍ത്ത
കൊച്ചി: മുസ്‌ലി പവര്‍ എക്‌സ്ട്രയില്‍ സില്‍ഡിനാഫില്‍ സിട്രേറ്റും തഡലാഫിലും അടങ്ങിയിട്ടുണ്ടെന്നും ആയുര്‍വേദ മരുന്നല്ലെന്നും വെളിപ്പെടുത്തുന്ന ആന്ധ്രപ്രദേശ് ഡ്രഗ്‌സ് ഡയറക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. ഹൈദരാബാദിലെ സര്‍ക്കാര്‍ അനലിസ്റ്റും ഡ്രഗ് കണ്‍ട്രോള്‍ ജോയന്റ് ഡയറക്ടറുമായ എ. വിജയ രാജേശ്വരിയും ഇതേ കണ്ടെത്തല്‍ നടത്തിയിട്ടുണ്ട്.

ഇതോടെ അലോപ്പതി മരുന്നുകള്‍ ഉണ്ടെന്നുതെളിയിച്ചാല്‍ 10 കോടി ഇനാം എന്ന് പ്രഖ്യാപിച്ച് പ്രമുഖ ദൃശ്യ -പത്ര മാധ്യമങ്ങളില്‍ കുന്നത്ത്ഫാര്‍മസ്യൂട്ടിക്ക
ല്‍ ഉടമ കെ.സി . അബ്രഹാം ബുധനാഴ്ച നല്‍കിയ വെല്ലുവിളി പൊളിയുകയാണ്. മരുന്നുകള്‍
ഉണ്ടെന്ന് കണ്ടെത്തിയ ആന്ധ്ര സര്‍ക്കാര്‍ കമ്പനിക്കെതിരെ വിജയവാഡ കോടതിയില്‍ കേസ് നടക്കുന്നുണ്ട്. 1954 ലെ ഡ്രഗ്‌സ് ആന്‍ഡ് റെമഡീസ് (ഒബ്ജക്ഷനബ്ള്‍ അഡൈ്വര്‍ടൈസ്‌മെന്റ്) നിയമപ്രകാരമാണ് കേസ് . ഡ്രഗ്‌സ് -കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരവും കേസെടുക്കാനുള്ള തയാറെടുപ്പിലാണ് ആന്ധ്ര സര്‍ക്കാര്‍. നേരത്തേ ആന്ധ്രയിലെ കണ്‍സ്യൂമര്‍ ഗൈഡന്‍സ് സൊസൈറ്റി നല്‍കിയ പരാതി പ്രകാരം അന്വേഷണം നടത്താന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് ഹൈദരാബാദിലെ ഡ്രഗ് കണ്‍ട്രോള്‍ ലാബില്‍ സാമ്പിള്‍ പരിശോധിക്കുകയും സില്‍ഡിനാഫില്‍ സിട്രേറ്റ് ഉണ്ടെന്ന് കണ്ടെത്തുകയും
ചെയ്തിരുന്നു. ഉദര രോഗങ്ങള്‍, വെളിച്ചം കാണുമ്പോള്‍ വിഭ്രാന്തി ഉണ്ടാകുന്ന ഫോട്ടോ ഫോബിയ, ക്രമേണ ബോധം നശിച്ച് മരണത്തിലേക്ക് നയിക്കുന്ന രക്ത സമ്മര്‍ദക്കുറവ് എന്നിവക്ക് കാരണമാകുന്ന തഡലാഫില്‍ പൊടിച്ചുചേര്‍ത്തെന്ന് ദല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് ലബോറട്ടറിയും കണ്ടെത്തിയിരുന്നു.

സഫേദ് മുസ്‌ലി,നായ്ക്കുരണപ്പരിപ്പ്,അശ്വഗന്ധ,മുരിങ്ങ, നെല്ലിക്ക,ഞെരിഞ്ഞില്‍,വയല്‍ച്ചുള്ളി,ജാതിക്ക, കന്മദം എന്നീ ഒമ്പത് ആയുര്‍വേദ ഔഷധക്കൂട്ടുകള്‍
മാത്രമാണ് മരുന്നിന്റെ ചേരുവ എന്നാണ് കുന്നത്ത് ഫാര്‍മസ്യൂട്ടിക്കലിന്റെ അവകാശവാദം
ഫേസ് ബുക്ക്‌ ചര്‍ച്ച കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക




മുസ്‌ലിപവറിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധം ഹൈകോടതി റദ്ദുചെയ്തതായ വ്യാജവാര്‍ത്ത പ്രമുഖ മലയാളപത്രം പ്രസിദ്ധീകരിച്ചു.
by ബാബു ചെറിയാന്‍
മാധ്യമം വാര്‍ത്ത
നിരോധിച്ചിട്ടും മുസ്‌ലിപവര്‍ പരസ്യം ചാനലുകളിലും വെബ്‌സൈറ്റിലും
******************************************************

കണ്ണൂര്‍: ഹൈകോടതി നിരോധിച്ചിട്ടും മുസ്‌ലിപവര്‍ എക്‌സ്ട്രയുടെ പരസ്യം ടി.വി ചാനലുകളിലും വെബ്‌സൈറ്റിലും തുടരുന്നു.
മുസ്‌ലിപവറിന്റെ ദൃശ്യ-ശ്രാവ്യ-പത്ര-ഇന്റര്‍നെറ്റ് മാധ്യമങ്ങളിലെ പരസ്യങ്ങള്‍ കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ നിരോധിച്ച് ഹൈകോടതി ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടിട്ടും പരസ്യം പിന്‍വലിക്കാത്ത നിര്‍മാതാക്കളായ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെ സംസ്ഥാന ആയുര്‍വേദ ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് നിയമനടപടി തുടങ്ങി. പരസ്യം തുടരുന്നത് കോടതിയലക്ഷ്യമായതിനാല്‍ വിവരം ഹൈകോടതിയെ അറിയിച്ചിട്ടുണ്ടെന്ന് സംസ്ഥാന
ആയുര്‍വേദ ഡ്രഗ് കണ്‍ട്രോളര്‍ ഡോ. എന്‍. വിമല അറിയിച്ചു.

ഏതാനും പ്രമുഖ ചാനലുകളില്‍ വാര്‍ത്തകള്‍ക്കിടെ വെള്ളിയാഴ്ചയും മുസ്‌ലിപവര്‍ എക്‌സ്ട്രയുടെ പരസ്യം സംപ്രേഷണം ചെയ്തു. മുസ്‌ലിപവറിന്റെ ഗുണങ്ങള്‍ വര്‍ണിച്ചും മരുന്നുനിര്‍മാണ ഫാക്ടറിയുടെ ദൃശ്യങ്ങള്‍ കാണിച്ചും മുസ്‌ലിപവര്‍ കഴിച്ച ദമ്പതികളുടെ സാക്ഷ്യപ്പെടുത്തല്‍ അടങ്ങിയതുമാണ് ചാനലുകളിലെ പരസ്യം. നിര്‍മാതാക്കളായ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെയും മുസ്‌ലിപവര്‍ എക്‌സ്ട്രയുടെയുമടക്കം ഡസനോളം വെബ്‌സൈറ്റുകളില്‍നിന്ന് പരസ്യം
പിന്‍വലിച്ചിട്ടില്ല. ഓണ്‍ലൈന്‍ വ്യാപാരവും തകൃതിയാണ്. അമേരിക്കന്‍ ദമ്പതികള്‍, ചാനല്‍ മേധാവി തുടങ്ങി നിരവധി പേരുടെ സാക്ഷ്യപ്പെടുത്തല്‍ വെബ്‌സൈറ്റുകളിലുണ്ട്.

പരസ്യം നിരോധിച്ച ഹൈകോടതി വിധി ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതിനാല്‍ പരസ്യം നല്‍കുന്നവര്‍ക്കും സംപ്രേഷണം ചെയ്യുന്നവര്‍ക്കുമെതിരെ ക്രിമിനല്‍ കേസ് നല്‍കാനാണ് ഡ്രഗ് കണ്‍ട്രോള്‍ വകുപ്പിന്റെ തീരുമാനം. ഹൈകോടതി വിധി ലംഘിച്ച് പരസ്യം നല്‍കുന്നവര്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്ന് ഡ്രഗ് കണ്‍ട്രോളര്‍ വ്യക്തമാക്കി. മുസ്‌ലിപവറിന്റെ വില കുറച്ചതായും വെബ്‌സൈറ്റ് പരസ്യത്തിലുണ്ട്. ഐ.എസ്.ഒ സര്‍ട്ടിഫിക്ക
റ്റ്, സംസ്ഥാന സര്‍ക്കാറില്‍നിന്ന് ലഭിച്ച പഴയ ഡ്രഗ് ലൈസന്‍സ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സാക്ഷ്യപ്പെടുത്തിയ ക്ലിനിക്കല്‍ ട്രയല്‍ റിപ്പോര്‍ട്ട്, തൃശൂര്‍ അമല കാന്‍സര്‍ റിസര്‍ച് സെന്ററിലെ റിസര്‍ച് ഡയറക്ടര്‍ ഡോ. രാമദാസന്‍ കുട്ടന്‍ തയാറാക്കിയ മുസ്‌ലിപവറിന്റെ എലി പരീക്ഷണ റിപ്പോര്‍ട്ട് തുടങ്ങി നിരവധി സര്‍ട്ടിഫിക്കറ്റുകളും കമ്പനിയുടെ ഔദ്യോഗിക
വെബ്‌സൈറ്റിലുണ്ട്.ഇതിനിടെ, മുസ്‌ലിപവറിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധം ഹൈകോടതി റദ്ദുചെയ്തതായ വ്യാജവാര്‍ത്ത പ്രമുഖ മലയാളപത്രം പ്രസിദ്ധീകരിച്ചു. തന്റെ വാദം കേള്‍ക്കാതെ സര്‍ക്കാര്‍ ഏകപക്ഷീയമായി മരുന്ന് നിരോധിച്ചു എന്നാരോപിച്ച് ഉടമ കെ.സി.അബ്രഹാം ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാറിന്റെ നിരോധം റദ്ദുചെയ്ത ഹൈകോടതി, ഉടമയുടെയും കേസില്‍ സര്‍ക്കാറിന് അനുകൂലമായി കക്ഷി
ചേര്‍ന്ന എറണാകുളത്തെ പി.യു.സി.എല്‍, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ.എം.എ.ഐ) എന്നിവരുടെ വാദം കേട്ടതിനുശേഷം നിരോധം നടപ്പാക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. പി.യു.സി.എല്‍, എ.എം.എ.ഐ സംഘടനകള്‍ മുസ്‌ലിപവറിനെതിരായി നിരവധി തെളിവുകള്‍ ശേഖരിച്ചിരിക്കെയാണ് കമ്പനി നല്‍കുന്ന ലക്ഷ
ങ്ങളുടെ പരസ്യത്തില്‍ വശംവദരായി പത്രം തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. പരസ്യത്തിലെ ഡോ. കെ.സി. അബ്രഹാം, എം.ഡി എന്ന വിലാസം വ്യാജമാണെന്ന് 'മാധ്യമം' പുറത്തുകൊണ്ടുവന്നിരുന്നു. ഡോക്ടറല്ലാത്ത കെ.സി. അബ്രഹാം പേരിനൊപ്പം ചേര്‍ക്കുന്ന എം.ഡി, മാനേജിങ് ഡയറക്ടര്‍ എന്നതിന്റെ ചുരുക്കപ്പേരാണ്. ഈ തട്ടിപ്പും ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് ഹൈകോടതിയെ അറിയിച്ചിട്ടുണ്ട്.

ഫേസ് ബുക്ക്‌ ചര്‍ച്ച കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

'അമ്മ'യുടെ വെബ്‌സൈറ്റില്‍ കോടതിയലക്ഷ്യം




മാധ്യമം വാര്‍ത്ത
മലയാള സിനിമ സംഘടനയായ 'അമ്മ'യുടെ വെബ്‌സൈറ്റില്‍ കോടതിയലക്ഷ്യം . ഹൈകോടതി നിരോധിച്ചെങ്കിലും മുസ്‌ലി പവര്‍ എക്‌സ്ട്രയുടെ പരസ്യം ഇപ്പോഴും വെബ്‌സൈറ്റിലുണ്ട്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടില്ലെന്നും പരിശോധിച്ച് ഉടന്‍ സര്‍ക്കാറിനെ അറിയിക്കുമെന്നും കേരള ആയുര്‍വേദ ഡ്രഗ് കണ്‍ട്രോളര്‍ വിമല 'മാധ്യമ'ത്തോട് വ്യക്തമാക്കി.കോടതിയലക്ഷ്യമായതിനാല്‍ വിവരം ഹൈകോടതിയെ അറിയിക്കുമെന്നും അവര്‍ പറഞ്ഞു.

ജൂണ്‍ 27നാണ് പരസ്യം നിരോധിച്ച ഹൈകോടതി ഉത്തരവ് വന്നത്. ദൃശ്യ-ശ്രാവ്യ-പത്ര-ഇന്റര്‍നെറ്റ് മാധ്യമങ്ങളിലെ മുസ്‌ലിപവറിന്റെ പരസ്യം ഉത്തരവിറങ്ങിയ ദിവസം മുതല്‍ പിന്‍വലിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. രണ്ടാഴ്ചക്കകം രാജ്യമൊട്ടാകെയുള്ള ഹോര്‍ഡിങ്ങുകളും ഫ്‌ളക്‌സുകളും നീക്കം ചെയ്യണമെന്നും ഉത്തരവിലുണ്ട്. എന്നാല്‍, കേരളത്തിലെ പ്രധാന റെയില്‍വേ സ്‌റ്റേഷനുകളിലടക്കം പൊതുസ്ഥലങ്ങളില്‍ ഇപ്പോഴും ഹോര്‍ഡിങ്ങുകളും ഫ്‌ളക്‌സുകളും ഉണ്ട്. ഇതിനെതിരെ കോടതിയലക്ഷ്യ കേസുമായി മുന്നോട്ടു പോകുമെന്ന് അഡ്വ.നന്ദിനി വ്യക്തമാക്കി. ചെന്നൈയില്‍ സംസ്ഥാന സര്‍ക്കാറിന്റെ ബസുകളില്‍ ഇപ്പോഴും പരസ്യമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ചെന്നൈ ഡ്രഗ് കണ്‍ട്രോളര്‍ക്ക് പരാതി നല്‍കുമെന്ന് പി.യു.സി.എല്‍ ഭാരവാഹി ജേക്കബ് ലാസര്‍ പറഞ്ഞു.ഇതിനിടെ സര്‍ക്കാര്‍ നിരോധം ഹൈകോടതി റദ്ദ് ചെയ്‌തെന്ന് അവകാശപ്പെട്ട് കുന്നത്തു ഫാര്‍മസ്യൂട്ടിക്കല്‍ ഉടമ കെ.സി.അബ്രഹാം കൊച്ചിയില്‍ കഴിഞ്ഞ ആഴ്ച വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.

എന്നാല്‍,പുതിയ നിരോധ ഉത്തരവ് നല്‍കണമെന്നും സാമ്പിള്‍ ഗാസിയാബാദിലെ സെന്‍ട്രല്‍ ലബോറട്ടറിയില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സര്‍ക്കാറിന് കോടതി നല്‍കിയ നിര്‍േദശം മറച്ചുവെച്ചായിരുന്നു വാര്‍ത്താ സമ്മേളനം. പ്രമുഖ പത്രങ്ങളില്‍ അബ്രഹാമിന് അനുകൂലമായി വാര്‍ത്തകള്‍ വന്നെങ്കിലും പത്ര -ദൃശ്യ മാധ്യമങ്ങള്‍ പരസ്യം പിന്‍വലിച്ചിരുന്നു. മെഡിക്കല്‍ ഷോപ്പുകളിലെ പരസ്യങ്ങള്‍ പിന്‍വലിക്കണമെന്ന് കമ്പനി ഇതുവരെയും ആവശ്യപ്പെട്ടിട്ടില്ല എന്നതും മറ്റൊരു വശമാണ്.

ഫേസ് ബുക്ക്‌ ചര്‍ച്ച കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 



ആരോഗ്യത്തിന് ഹാനികരമാകുന്ന ഉല്‍പ്പന്നങ്ങളുടെ പരസ്യം നല്‍കാന്‍ അനുമതിയില്ളെന്ന് ഹൈകോടതി വ്യക്തമാക്കിയതോടെ മുസ്ലി പവര്‍ എക്സ്ട്ര നിര്‍മാതാക്കളായ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടിക്കൊരുങ്ങുന്നു.
ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമം ലംഘിക്കുന്ന വിധത്തില്‍ പരസ്യം നല്‍കിയതിനെതിരെയാണ് നടപടി. ഒക്ടോബര്‍ 12ന് ഇറങ്ങിയ ഹൈകോടതി വിധിയുടെ മറവില്‍ കമ്പനി  വീണ്ടും പരസ്യങ്ങള്‍ നല്‍കിത്തുടങ്ങിയിരുന്നു.
 ആരോഗ്യവും സന്തോഷവുമുള്ള കുടുംബം എന്ന പരസ്യവാചകത്തോടെ പ്രമുഖ പത്രങ്ങളിലും  ടി.വി. ചാനലുകളിലും പരസ്യം വന്നതോടെ  ഡ്രഗ്സ് കണ്‍ട്രോളറും സര്‍ക്കാറും വിവരം കോടതിയെ ധരിപ്പിച്ചു.
ഇതിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ 16ന് ഉത്തരവിലെ പ്രസക്ത ഭാഗങ്ങള്‍  ഉദ്ധരിച്ച് പരസ്യം നല്‍കാന്‍ അനുമതിയില്ളെന്ന്  കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കാര്യം സര്‍ക്കാര്‍ അഭിഭാഷകന്‍ മണിലാല്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.
ഡ്രഗ്സ് നിയമത്തിന്‍െറ 33ാം വകുപ്പ് പ്രകാരം നടപടിയെടുക്കുമെന്ന് ആയുര്‍വേദ ഡ്രഗ്സ്  കണ്‍ട്രോളര്‍ വിമല ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇപ്പോള്‍ നല്‍കുന്ന പരസ്യം കുട്ടികളെ ഉള്‍പ്പെടെ ഉല്‍പ്പന്നം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതായും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ജൂണ്‍ 27ന് ഉല്‍പ്പന്നത്തിന്‍െറ ദൃശ്യ-ശ്രാവ്യ-അച്ചടി-ഇന്‍റര്‍നെറ്റ് പരസ്യങ്ങള്‍ നിരോധിച്ച് ഹൈകോടതി ഉത്തരവിറക്കിയിരുന്നു.
ഇതിനെതിരെ കമ്പനി എം.ഡി കെ.സി. അബ്രഹാം നല്‍കിയഅപ്പീല്‍ ഹൈകോടതിയുടെ പരിഗണനയിലാണ്. നിരോധ ഉത്തരവിനെത്തുടര്‍ന്ന് ഫ്ളക്സ്, പോസ്റ്റര്‍ അടക്കമുള്ള പരസ്യങ്ങള്‍ എടുത്തുമാറ്റിയിരുന്നു.
 എന്നാല്‍, വാക്കുകള്‍ വളച്ചൊടിച്ച കമ്പനി, മാര്‍ക്കറ്റിങ് വിഭാഗത്തെ ഉപയോഗിച്ച് വീണ്ടും പരസ്യങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
 കോടതിയലക്ഷ്യമെന്ന നിലയിലാണ് നടപടിയെന്നും സൂചനയുണ്ട്.
മാധ്യമം വാര്‍ത്ത



2 അഭിപ്രായങ്ങൾ:

  1. ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. Go had recently gotten out of the Navy blue and for parkinson's disease PD rejuvenate mathematical function for lengthy periods. This problem leads to interpreted to either temporarily hike dopamine levels or imitate the action mechanism of dopamine. Encourage the someone to eat one bar of burnt umber per to jaunt up the River. For exemplar, it might lead him ten supernumerary American Academy of Neurology on April, and is not yet supported by peer reviews.

    Feel free to visit my webpage :: Parkinson's disease specialists McVey

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...