2012, മാർച്ച് 25, ഞായറാഴ്‌ച

ചവിട്ടുനാടകം @പത്തനാപ്പുരം !

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 
പിള്ള  ചവിട്ടിയാല്‍ 'പിള്ള'ക്കു  വേദനിക്കുമോ? കലാകേരളം കാത്തിരിപ്പിലാണ്. 'കലാകേരളം' എന്നത്   തെറ്റിപ്പറഞ്ഞതല്ല. അഭിനയത്തിന്റെ കാര്യത്തില്‍ ഇരുവരും തികഞ്ഞ പുള്ളികളാണ്. മകന്‍ സിനിമയില്‍ തകര്‍ത്തഭിനയിക്കുമ്പോള്‍  പാര്‍ട്ടി സമ്മേളനങ്ങളിലാണ്‌  അച്ഛന്‍ പിള്ളയുടെ ഏകാംഗ അഭിനയ പ്രകടനം. കേരളത്തിലെ ഒട്ടു മിക്ക പ്രമുഖരെയും അച്ഛന്‍ പിള്ള ശബ്ദ -രൂപ ഭാവങ്ങളോടെ  അസാമാന്യമായി അഭിനയിച്ചു കാണിക്കാറുണ്ട്.  പണ്ട്, വാഹന പ്രചാരണത്തിനിടെ പിള്ളപ്പാര്‍ട്ടി അനുയായി ആയിരുന്ന  അപ്പച്ചന്‍ തന്ന പൂമാല ഭയ ഭക്തി ബഹുമാനങ്ങളോടെ അച്ഛന്‍ പിള്ളയുടെ കഴുത്തിലിടാന്‍ ഈയുള്ളവള്‍ക്കു  കഴിഞ്ഞതിന്റെ അവാച്യമായ ആനന്ദതുന്ദില അനുഭവത്തിന്റെ അഗാധമായ ഉള്‍പ്പിരിവുകളുടെ ആവര്‍ത്തന അനുഭൂതി  അങ്ങു ചക്രവാള  സീമയോളം അണ്ടകടാഹമായി , ശേ..ശേ..നാവു കുഴങ്ങുന്നു ....പറഞ്ഞു വന്നത് ഇതാണ്. ആ മാല ഓരോ തവണയും അച്ഛന്‍ പിള്ളയുടെ പ്രസംഗം കേള്‍ക്കുമ്പോള്‍  ഞാന്‍ ആ കഴുത്തില്‍ ചാര്‍ത്താറുണ്ട് .
പിറവം തെരഞ്ഞെടുപ്പിന് അച്ഛന്‍ - മകന്‍ പിള്ളമാര്‍ പരസ്പരമുള്ള വെടി  നിറുത്തല്‍ പ്രഖ്യാപിച്ചതാണ്. മന്ത്രി   സ്ഥാനത്  നിന്ന് മകനെ പിന്‍വലിക്കുമെന്നാണ്   അച്ഛന്റെ ഇപ്പോഴത്തെ ഭീഷണി. പത്തനാപുരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാറും തിരിച്ചടിച്ചിട്ടുണ്ട്  .ദീപസ്തംഭം  മാഹാശ്ചാര്യം എനിക്കും കിട്ടണം പണം എന്ന് പറയുന്ന എറാന്‍ മൂളികള്‍കള്‍ക്ക് അച്ഛന്റെ ഒപ്പമാണെന്ന് മകനറിയാം.  മകന്റെ ഒപ്പം നില്‍ക്കുന്ന ചിലരെ അച്ഛന്‍ പരസ്യമായി തല്ലിയത് കണ്ടപ്പോള്‍ "എന്നെ ചതിച്ചാല്‍ നിനക്കും ഇതാണ് ഗതി"യെന്ന ജോസ് പ്രകാശിന്റെ ( ആ മഹാ നടന് ആദരാഞ്ജലികള്‍)  ഡയലോഗ്  പലരും ഓര്‍ത്തു പോയെന്നാണ്  അണിയറ വര്‍ത്തമാനം  ! എന്നാല്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടായാല്‍ത്തന്നെ മത്സരിക്കുമെന്നും  വിജയിക്കുമെന്നും ഗണേഷും വ്യക്തമാക്കിയിട്ടുണ്ട്. അച്ഛന്റെ മകനല്ലേ! രണ്ടു പേര്‍ക്കും വാശി കാണും !

'' 60 വയസ്സാകുമ്പോള്‍ രാഷ്ട്രീയം നിര്‍ത്തും. 80 വയസ്സുവരെ കടിച്ചുതൂങ്ങില്ല,
ജനങ്ങള്‍ തെരഞ്ഞെടുത്തത് രാജിവെച്ച് രാഷ്ട്രീയം കളിക്കാനല്ല. ജനങ്ങള്‍ക്ക് സേവനം ചെയ്യാനാണ്. താന്‍ രാജിവെക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് സ്വപ്നംമാത്രമാണ് " എന്നൊരു നെടുങ്കന്‍ സുരേഷ് ഗോപി ഡയലോഗും ഗണേഷ് കുമാര്‍ പറഞ്ഞത് അച്ഛനെ തന്നെ ഉദ്ദേശിച്ചാണെന്ന് അച്ഛനുമറിയാം.


സര്‍ക്കാര്‍ ജോലിക്ക് പ്രായ പരിധി ഉയര്‍ത്തിയത്‌ പോലെ രാഷ്ട്രീയ പണിക്ക് പ്രായ പരിധി കുറക്കേണ്ടി വരുമോ? കാത്തിരിക്കാം.

2012, മാർച്ച് 24, ശനിയാഴ്‌ച

ബിനാലെയുടെ ബിനാമിത്തരങ്ങള്‍

ദര്‍ബാര്‍ഹാള്‍ വിദേശ സ്ഥാപനത്തിന് സൗജന്യമായി വിട്ടുനല്‍കി; ബിനാലെ ഫൗണ്ടേഷന്‍ വീണ്ടും വിവാദക്കുരുക്കില്‍

 ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ചട്ടം ലംഘിച്ച്  കൊച്ചി ദര്‍ബാര്‍ഹാള്‍  ജര്‍മന്‍ സ്വകാര്യ സ്ഥാപനത്തിന് രണ്ടുമാസക്കാലം സൗജന്യമായി വിട്ടുനല്‍കിയ  ബിനാലെ ഫൗണ്ടേഷന്‍ നടപടി വിവാദമാകുന്നു. ചിത്രപ്രദര്‍ശനത്തിന്‍െറയും ദര്‍ബാര്‍ഹാള്‍ നവീകരണത്തിന്‍െറയും പേരില്‍ അഞ്ചുകോടിയിലധികം രൂപയുടെ സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിച്ചെന്ന വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് ഫൗണ്ടേഷനെതിരെ പുതിയ ആരോപണം. ജര്‍മന്‍ ചിത്രകാരനായ എബര്‍ഹാര്‍ഡ് ഹെവേക്കോസ്റ്റ് മേധാവി ആയ  എസ് .കെ.ഡി ഗാലറിയെന്ന സ്വകാര്യ സ്ഥാപനത്തിന് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ചിത്രപ്രദര്‍ശനം നടത്താനാണ് ബിനാലെ ഫൗണ്ടേഷന്‍ അനുമതി നല്‍കിയത്. സ്വകാര്യ ട്രസ്റ്റിലെ സര്‍ക്കാര്‍ പ്രതിനിധി സാജന്‍ പീറ്ററുടെ നേതൃത്വത്തിലാണ് തീരുമാനം എടുത്തതെന്നാണ് സൂചന. ഇക്കാലയളവിന് മുന്‍കൂട്ടി പണമടച്ച് ബുക്ക് ചെയ്ത 20  ചിത്രകാരന്മാരുടെ പ്രദര്‍ശനം ജര്‍മന്‍ മ്യൂസിയത്തിനുവേണ്ടി റദ്ദുചെയ്തെന്നും ആരോപണം ഉയരുന്നു.മുംബൈ കേന്ദ്രമായ ബാവുദാജി സിറ്റി മ്യൂസിയത്തിന്‍െറ സഹകരണത്തോടെ ജര്‍മന്‍ മ്യൂസിയം ഒരു വര്‍ഷം നീളുന്ന പരിപാടി  ഇന്ത്യയില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. നിലവില്‍ മുംബൈയില്‍ പ്രദര്‍ശനം നടത്തിവരികയാണ്. കേരളത്തില്‍ കൊച്ചി ദര്‍ബാര്‍ ഹാളില്‍ക്കൂടി പ്രദര്‍ശനം നടക്കും. ഡോ. ബാവുദാജി സിറ്റി മ്യൂസിയത്തിന്‍െറ ഡയറക്ടര്‍ തസ്നിം സക്കറിയ മത്തേ ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റിലെ പുതിയ അംഗമാണ്. അതിനാല്‍ ജര്‍മന്‍ മ്യൂസിയത്തില്‍ നിന്നുള്ള വരുമാനം ബാവുദാജി സിറ്റി മ്യൂസിയം സ്വന്തമാക്കിയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.അക്കാദമിയുടെ പ്രദര്‍ശനം നടത്തുന്നതിന് മാത്രമാണ് മറ്റ് ചിത്രകാരന്മാരുടെ പ്രദര്‍ശനങ്ങള്‍ റദ്ദുചെയ്യാന്‍ നിയമം അനുവദിക്കുന്നത്.  സ്വകാര്യ- വിദേശ മ്യൂസിയത്തിനുവേണ്ടി നടത്തിയ ചട്ടലംഘനം   ചിത്രകാരന്മാര്‍  സര്‍ക്കാറിനെ അറിയിച്ചെങ്കിലും അവഗണിച്ചതായും പരാതിയുണ്ട്.

______________________________________________________________________

ഓണ്‍ലൈന്‍ വാര്‍ത്ത മാധ്യമത്തില്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Utility certificate submitted
by
the bienalle foundation

__കൊച്ചി ബിനാലെയെ കുറിച്ച് വിജിലന്‍സ് അന്വേഷണ നടത്തണമെന്ന് ചിത്രകാരന്മാര്‍. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഗ്രാന്‍റായി സ്വീകരിച്ച അഞ്ച് കോടിരൂപയുടെ വിശദമായ കണക്കുകള്‍ സര്‍ക്കാറിന് നല്‍കിയെന്ന ബിനാലെ ട്രസ്റ്റിന്‍െറ വാദം പൊതുജനങ്ങളെയും കലാകാരന്മാരെയും തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമുള്ളതാണെന്നും ലാന്‍റ്റേണ്‍ ഫൈന്‍ ആട്സ് സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കണക്കുകള്‍ എന്നപേരില്‍ ഒറ്റപേജില്‍ തയ്യാറാക്കിയ അവ്യക്തമായ ഒരു ‘യൂറ്റിലിറ്റി സര്‍ട്ടിഫിക്കറ്റ്’ മാത്രമാണ് നല്‍കിയിട്ടുള്ളത്. ഈ സര്‍ട്ടിഫിക്കേറ്റ് സാക്ഷ്യപ്പെടുത്തിയ മുംബൈയിലുള്ള ചാര്‍ട്ടേഡ് അക്കൗണ്ടിന്‍െറ നടപടിയും സംശയകരമാണ്. കാരണം വിശദാംശങ്ങളില്ലാത്ത ഊഹ കണക്ക് മാത്രമാണ് ഇതെന്നും ചിത്രകാരന്‍ന്മാര്‍ കുറ്റപ്പെടുത്തി.

രേഖയില്‍ ദര്‍ബാര്‍ഹാള്‍ നവീകരണത്തിന്‍െറ ചെലവുകള്‍ എന്ന ഇനത്തിനുനേരെ 2,57,54,010 രൂപ എന്നാണ് എഴുതിയിട്ടുള്ളത്. 38,01,863 രൂപയാണ് ശമ്പള ഇനത്തില്‍ നല്‍കിയിട്ടുള്ളത്. കണ്‍സള്‍ട്ടന്‍സി ഫീസ് ഇനത്തില്‍ 17.98 ലക്ഷം രൂപയും യാത്ര ഇനത്തില്‍ 58 ലക്ഷം രൂപയും ഉദ്ഘാടന ചെലവിന് 32 ലക്ഷം രൂപയും ചെലവഴിച്ചെന്ന ഒഴുക്കന്‍ മട്ടിലുള്ള കണക്കാണ് നല്‍കിയിട്ടുള്ളത്. അഞ്ചുകോടി രൂപ അടിയന്തിര സഹായമെന്ന നിലയില്‍  നല്‍കിയിട്ടും ഇതുവരെയും നവീകരണം പൂര്‍ത്തിയാക്കിയില്ളെന്ന് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. എ.സി പ്രവര്‍ത്തിപ്പിക്കാന്‍ 67 ലക്ഷം രൂപ ഇനിയും വേണമെന്നാണ് ട്രസ്റ്റിന്‍െറ ആവശ്യം. എസ്റ്റിമേറ്റില്‍ പറഞ്ഞിട്ടുള്ള ശീതീകരണ സംവിധാനം, ലിഫ്റ്റ്, ഫ്ളോറിങ്, ഗാര്‍ഡനിങ്, സെക്യൂരിറ്റി സിസ്റ്റം എന്നിവ പൂര്‍ത്തിയാക്കാതെയും പ്രവര്‍ത്തന സജ്ജമാക്കാതെയുമാണ് ഹാള്‍ മടക്കിനല്‍കിയത്. 2.5 കോടി രൂപ ട്രസ്റ്റ് ഭാരവാഹികളും സുഹൃത്തുക്കളും ലോകം മുഴുവന്‍ കറങ്ങിയടിക്കാനാണ് ചെലവാക്കിയതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. സര്‍ക്കാറിന്‍െറ ഫണ്ട് ഉപയോഗിച്ച് മദ്യസല്‍ക്കാരം ഉള്‍പ്പെടെയുള്ള വിരുന്നുകള്‍ ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ നഗരങ്ങളില്‍ ഇവര്‍ നടത്തി. ട്രസ്റ്റ് ഭാരവാഹിയുടെ മുംബൈയിലെ സ്റ്റുഡിയോയാണ് കൊച്ചിയില്‍ നടക്കുന്ന പരിപാടിയുടെ മുഖ്യഓഫിസ്. ഈ സ്റ്റുഡിയോ വിദേശ സാങ്കേതിക കലാസംവിധാനത്തോടെയാണ് നവീകരിച്ചത്. ഇതിലും അഴിമതിയുണ്ടെന്ന് സംശയിക്കുന്നു. പ്രാഥമിക അന്വേഷണം നടത്തുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് ചിത്രകാരന്മാര്‍ക്ക് ഉറപ്പ് നല്‍കിയെങ്കിലും അട്ടിമറിക്കപ്പെട്ടു. നവീകരണത്തിന് നല്‍കിയ പണത്തില്‍ നാലുകോടിയില്‍ അധികം രൂപ ബാങ്കില്‍ സ്ഥിരനിക്ഷേപമിട്ട് ലാഭം ഉണ്ടാക്കാനാണ് ട്രസ്റ്റ് ശ്രമിച്ചത്. ഇതില്‍ നിന്ന് ലഭിച്ച അഞ്ച് ലക്ഷം രൂപ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. ഇത് സാമ്പത്തിക അച്ചടക്ക ലംഘനമാണ്. ദുരുപയോഗമാണെന്ന് ധനകാര്യവകുപ്പ് കണ്ടത്തെിയതോടെ മുഴുവന്‍ പണവും ബാങ്കില്‍ നിന്ന് പിന്‍വലിച്ച് ട്രഷറിയില്‍ നിക്ഷേപിക്കാന്‍ നിര്‍ദേശിച്ചെങ്കിലും ട്രസ്റ്റ് നടപ്പാക്കിയില്ളെന്നു അവര്‍ കുറ്റപ്പെടുത്തി. കേരളത്തിലെ കലാകാരന്മാരുടെ പ്രാധിനിധ്യമില്ലാത്ത ട്രസ്റ്റില്‍ മുന്‍ പൊലീസ് മേധാവിയായ ഹോര്‍മിസ് തരകനും ഉള്‍പ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്‍െറ മൗനം ദുരൂഹമാണ്. സാമ്പത്തിക പരാധീനത മൂലം ചിത്രകാരന്മാര്‍ കടുത്ത പ്രതിസന്ധി നേരിടുമ്പോഴാണ് സ്വകാര്യ ട്രസ്റ്റിന് കോടികണക്കിന് രൂപ സര്‍ക്കാര്‍ അനുവദിച്ചത്. 2012 ഡിസംബറില്‍ നടക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള പദ്ധതിക്ക് 73.2 കോടിരൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിന്‍െറ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍പോലും ആരംഭിച്ചിട്ടില്ളെന്നും അവര്‍ കുറ്റപ്പെടുത്തി. സ്വകാര്യ ട്രസ്റ്റായതിനാല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കാന്‍ കഴിയുമോയെന്ന് സംശയമാണെന്ന ടൂറിസം ഡയറക്ടറുടെ മറുപടി തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ ഇല്ലാത്തതിനാല്‍ പരിശോധിക്കാനാവില്ളെന്നും ഡയറക്ടര്‍  സൊസൈറ്റിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം ഇഷ്ടപ്രകാരം പണം ഉപയോഗിക്കുന്നത് സ്വകാര്യ ട്രസ്റ്റിന്‍െറ അവകാശങ്ങളാണെന്ന വാദവും കത്തിലുണ്ട്.  വ്യാജ പ്രചാരണങ്ങളിലൂടെ കേരള ജനതയെ തെറ്റിദ്ധരിപ്പിക്കുന്ന ട്രസ്റ്റിന് ബിനാലെയുമായി മുന്നോട്ടുപോകാന്‍ ധാര്‍മിക അവകാശമില്ല. അതിനാല്‍ ട്രസ്റ്റ് പിരിച്ചുവിടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
മാധ്യമം ഓണ്‍ലൈന്‍ വാര്‍ത്ത‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക .
___________________________________________________________

2012, മാർച്ച് 22, വ്യാഴാഴ്‌ച

ആര്‍ട്ട് ഓഫ് നക്സലിംഗ്




സത്യമാണ്, എന്നോട് പലരും മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട് 'നീ ഒരു തീവ്രവാദിയാണ്' എന്ന്. നക്സലിസവും തീവ്രവാദവും ഒരേ ഗണത്തില്‍ പെടുത്താമോ, എന്തോ? അങ്ങനെ പെടുത്താമെങ്കില്‍  ഞാനുമൊരു നക്സലാണ്. എന്റെ രണ്ടു അനുജന്മാരും ഒരു അമ്മച്ചിയും ഒരു അപ്പച്ചനും നക്സല്‍ ആണ്. ഹാ..... അപ്പോള്‍ , നരവംശ ശാസ്ത്ര പ്രകാരം   നക്സല്‍ കുടുംബത്തിലാണ് എന്റെ ജനനം എന്ന് ചുരുക്കം. കാരണം ഞാനും പഠിച്ചത് സര്‍ക്കാര്‍ സ്കൂളിലാണ്. നക്സലിസത്തിന്‍െറ വളര്‍ത്തു കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ സ്കൂളുകളെന്ന 'വിവരം' ഡബിള്‍ ശ്രീ രവിശങ്കര്‍ ഗുരുജി കഴിഞ്ഞ ദിവസം പറഞ്ഞപ്പോഴാണ്    ആ  'ആര്‍ട്ട് ഓഫ് നക്സലിംഗ്' രഹസ്യം എനിക്ക് മനസിലായത്.

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 

"ഇന്ത്യയെന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ് '' എന്ന് സ്കൂളില്‍ പ്രതിജ്ഞ ചൊല്ലുന്നത് ഇനി മുതല്‍ " ഇന്ത്യയെന്റെ രാജ്യമാണ്. ഇന്ത്യയിലെ സര്‍ക്കാര്‍ സ്കൂളിലെ എല്ലാവരും നക്സല്‍ പോരാളികളാണ്, അതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു" എന്നാക്കി മാറ്റണം എന്നാണു സര്‍ക്കാരിനോട് എന്റെ അപേക്ഷ.


വിദ്യാഭ്യാസം സ്വകാര്യവല്‍ക്ക്കരിക്കണമെന്നും സര്‍ക്കാര്‍ സ്കൂളുകള്‍ പൂട്ടണമെന്നുമുള്ള   ഡബിള്‍ ശ്രീ രവിശങ്കര്‍ ഗുരുജിയുടെ മഹത് വചനങ്ങള്‍ ആ പാദാരവിന്ദങ്ങളില്‍ പൂവിട്ടു പൂജിച്ച് ഏറ്റെടുക്കണം. അതൊക്കെ അടച്ചു പൂട്ടി ഏതെങ്കിലും  സംഘടനകളെ  ഏല്‍പ്പിക്കണമെന്ന ആവശ്യവും തള്ളിക്കളയാന്‍ പാടില്ലാത്തതാണ്. കാരണം കോടിക്കണക്കിനു രൂപയുടെ അണ്ണാ ഹസാരെ മൂവ്മെന്റിന്  ഇപ്പോള്‍ വേണ്ടത്ര ക്ലച്ചില്ലെന്നു പ്രായോജകരില്‍ ഒരാളായ   ഡബിള്‍ ശ്രീ ഗുരുവിനു അറിയാം. ഇനിയപ്പോള്‍ യുവാക്കളെ വിട്ടു കൌമാരക്കാരെ വാര്‍ത്തെടുക്കാം എന്ന്‌ അദ്ദേഹം ഉദ്ദേശിച്ചെങ്കില്‍ എന്താ കുഴപ്പം?

ഇത്‌ വായിച്ച് ദേഷ്യം തോന്നുന്ന ഗുരുവിന്റെ അനുയായികളോട് പറയാനുള്ളത് -  (ഏകലവ്യന്‍ എന്ന മലയാള സിനിമയില്‍ നരേന്ദ്ര പ്രസാദ്  അന്വശരമാക്കിയ സ്വാമി അമൂര്‍ത്താനന്തയോട്  സുരേഷ് ഗോപി പറയുന്ന ഒരു വാചകമുണ്ട്- '' കോപം ദൌര്‍ബല്യമാണ്. A saint can be a rascal, but a rascal cant be a saint. ആയുഷ്മാന്‍ ഭവ') ഈ വാചകം മൂക്കടച്ചു പിടിച്ചു വായിക്കുക. കോപം കുറയും.


സര്‍ക്കാര്‍ സ്കൂള്‍ നക്സലുകളുടെ വളര്‍ത്തുകേന്ദ്രം -ശ്രീ ശ്രീ രവിശങ്കര്‍ എന്ന  പത്രവാ ര്‍ ത്ത ക്കായി  ഇവിടെ ക്ലിക്ക് ചെയ്യുക    

 

ഗുരുജി  നടത്തുന്ന സ്കൂളിലെ ഫീസ്‌ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക    


2012, മാർച്ച് 21, ബുധനാഴ്‌ച

പത്രക്കാരെ തല്ലണം


'നീല' ടാബ് ലറ്റ്*************

പത്രക്കാര്‍ക്ക് തല്ലു കിട്ടാറായിട്ടുണ്ട്  ! അല്ലെങ്കില്‍ ബി.ജെ.പി എം എല്‍ എമാരെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നതിന്റെ ഉദ്ദേശം എന്താണ്? അവരും മനുഷ്യന്മാരല്ലേ? അവര് നിയമസഭയിലിരുന്നു  ടാബ്ലറ്റില്‍   നീലയാണോ മഞ്ഞയാണോ കാണുന്നത് എന്നൊക്കെ അന്വേഷിക്കാന്‍ പോകുന്നവനെ തല്ലുകയല്ലാതെ പിന്നെന്താ ചെയ്യേണ്ടത്?

'എന്റെ ടാബ്ലെറ്റ് , എന്റെ കണ്ണ് ' . ഞാന്‍ എന്ത് കാണുന്നു എന്നത്'  that's none of your bloody business' എന്ന് പറയാത്തത് ഇംഗ്ലീഷ് അറിയാത്തത് കൊണ്ടല്ല, മറിച്ച് സഭയുടെ മാന്യത കാത്തു സൂക്ഷിക്കേണ്ടത് കൊണ്ടാണെന്ന് ആ എം എല്‍ എമാര്‍ക്ക് അറിയാം. എന്നിട്ടും ആദ്യം കര്‍ണാടക, ഇപ്പോള്‍ ഗുജറാത്ത് നിയമസഭയില്‍ സഭ നടപടികള്‍ മാത്രം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ അനുവദിച്ചു കിട്ടിയ ഗാലറിയില്‍   ഇരുന്ന് മന്ത്രിമാരുടെയും എം എല്‍ എമാരുടേയും സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്നത് എന്തിനാണ്, ഹേ ..?

ഭാഷ അറിയാത്ത നാട്ടില്‍  ചെന്നാല്‍ ആദ്യം പഠിക്കുന്നത് തെറിയും അശ്ലീല വാക്കുകളും ആണ്. അത് സ്വാഭാവികം. അത് തന്നെയാണ് അവര്‍ക്കും സംഭവിച്ചിട്ടുണ്ടാകുക. ടാബ്ലെറ്റ് എന്നാ ഭാഷയറിയാത്ത  ലോകത്ത് ചെന്നപ്പോള്‍ അവരും ആദ്യം പഠിച്ചത് ആ വകയൊക്കെ ആകുമെന്നതിനാല്‍ എനിക്ക് അവരെ കുറ്റം പറയാനാകുന്നില്ല.

എന്തായാലും , ഞാനുമൊരു ടാബ്ലെറ്റ് വാങ്ങാന്‍ തീരുമാനിച്ചു!! ഇനി നിയമസഭയില്‍ ഏതെങ്കിലും ഒരു മൂലയില്‍ ഒരു സീറ്റ് കിട്ടിയാല്‍ മതി.

 ഫേസ് ബുക്ക്‌ ചര്‍ച്ചയ്ക്കായി  ഇവിടെ ക്ലിക്ക് ചെയ്യുക    




NEWS-

Gujarat MLA’s Caught Watching Porn

 

2012, മാർച്ച് 17, ശനിയാഴ്‌ച

പെഡല്‍ പോയ സ്വപ്നം

♫♫എന്റെ സ്വപ്നം ♫♫ എന്റെ സൈക്കിള്‍ ♫♫
*******************************************



ഹേ...പ്രണബ് ജി ... നിങ്ങളെന്റെ സ്വപ്നമാണ്   തകര്‍ത്തത്. ആഡംബര കാറുകളുടെ ചില്ലുക്കൂട്ടിലേക്ക്   സ്വയം പ്രതിഷ്ടിച്ച ഞാനടക്കമുള്ള മലയാളിയുടെ നെഞ്ചത്ത് സൈക്കിള്‍ ചവിട്ടണമെന്ന് കരുതി അതിനുള്ള  ചില്ലറ പൈസയിട്ട്  വച്ച കാശുകുടുക്ക നിറയാറായെന്ന  എന്റെ അഹങ്കാരത്തിനു മേല്‍ നിങ്ങള്‍ ഗ്രീസ്  ഒഴിച്ചിരിക്കുന്നു. ഇനിയും ഒരു സൈക്കിള്‍ വാങ്ങാന്‍ ഞാന്‍ പുതിയൊരു കുടുക്ക കൂടി വാങ്ങേണ്ട ഗതികേടിലായി. സൈക്കിള്‍ ഉപേക്ഷിച്ച് ചെറു കാറുകളോ ഇരുചക്ര വാഹനങ്ങളോ വാങ്ങി മുടിയട്ടെ എന്നാണോ  അങ്ങയുടെ ചിന്ത.  പെട്രോള്‍ കമ്പനികള്‍ ദിനം പ്രതി ഓരോ തുള്ളിക്കും സ്വര്‍ണത്തിനെക്കാളും വില പറയുമ്പോള്‍ 'എന്റെ പൊന്നേ' എന്ന്‌ പറയാനേ എനിക്ക് നിവൃത്തിയുള്ളൂ. (വരും കാലങ്ങളില്‍  ട്യൂബിലാക്കിയ വാഹന ഇന്ധനം സ്വര്‍ണാഭരണങ്ങള്‍ക്ക് പകരം കഴുത്തിലിട്ട് മണ്ഡപത്തിലെത്തുന്ന വധുവിനെയാണ് ഞാനിപ്പോള്‍ സ്വപ്നം കാണുന്നത്. )      ഇന്ധന വില കയറ്റം മൂലം കേരളത്തിലെ റോഡുകളിലും വരാനിരിക്കുന്ന ദേശീയ പാതകളിലും ചൈനയില്‍ ഉള്ളത് പോലെ സൈക്കിളുകള്‍ക്ക്  മാത്രം ഒരു പാത വരുമെന്നത്  എന്റെ സ്വപ്നമായിരുന്നു. ടോള്‍   കൊടുക്കാതെ രക്ഷപ്പെടുക എന്നുള്ളതും അതിന്റെ ഒരു ലക്ഷ്യമായിരുന്നു.  എന്റെ സ്വപ്നങ്ങള്‍ക്ക് തല്ക്കാലം വിട കൊടുക്കാം!. സാധാരണക്കാരന്റെ ഉത്തരേന്ത്യയിലെ വാഹനമായ സൈക്കിളിനു വില കൂട്ടിയത് എനിക്കെന്തായാലും ഇഷ്ടപ്പെട്ടു. കാരണം, കേരളത്തിലെ ആളുകള്‍ പൊങ്ങച്ചത്തിന്റെ പേരിലാണെങ്കിലും സൈക്കിള്‍ ഉപേക്ഷിച്ചതാണ്. അങ്ങനിപ്പോ മലയാളികള്‍ ചവിട്ടാത്ത പെഡല്‍ മറ്റാര്‍ക്കും വേണ്ട!
 


2012, മാർച്ച് 15, വ്യാഴാഴ്‌ച

ഇലക്ഷനറി (പിറവം തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ ഡിക്ഷനറി )

























(വി.എസ്  വക)
******************
അഭിസാരിക= കറിവേപ്പില/ സിന്ധു ജോയ്
മൌനി ബാബ = എ.കെ ആന്റണി
ബുദ്ധിയില്ലാത്ത കുട്ടി= സിന്ധു ജോയ്

(പി.സി ജോര്‍ജ് വക)
***********************
പെരട്ട് കാള = വി.എസ് അച്യുതാനന്ദന്‍
നിശ്ചല പാവ = വി.എസ് അച്യുതാനന്ദന്‍
മ്ലേച്ഛന്‍ = വി.എസ് അച്യുതാനന്ദന്‍
ബിംബം = വി.എസ് അച്യുതാനന്ദന്‍
മുതലാളി = പിണറായി
മുങ്ങിയ കപ്പിത്താന്‍ = പിണറായി
മുങ്ങിയ കപ്പല്‍ = എല്‍ .ഡി.എഫ്
ആരാച്ചാര്‍ = ഇ.പി ജയരാജന്‍

പല വക
***********
വിഭ്രാന്തന്‍  = വി.എസ് അച്യുതാനന്ദന്‍( മഹിള കോണ്ഗ്രസ് പ്രസിഡണ്ട്‌ ബിന്ദു കൃഷ്ണ വക)
ദല്ലാള്‍ = പി.സി ജോര്‍ജ്   (പിണറായി വക)
മുഖ്യ ആസൂത്രകന്‍ = പി.സി ജോര്‍ജ് (മുന്‍ മന്ത്രി വിജയകുമാര്‍ വക)
ഇര = ശെല്‍വരാജ് (സ്വയം വക)
പിടി കിട്ടാപ്പുള്ളി= അനൂപ്‌ ജേക്കബ് (ഇ.പി ജയരാജന്‍  വക)
പടത്തലവന്‍ / ഭടന്‍ = വി.എസ് അച്യുതാനന്ദന്‍ ( എ.കെ ആന്റണി വക)

നെയ്യാറ്റിന്‍കര= കുതിര കച്ചവടം നടക്കുന്ന സ്ഥലം
ശെല്‍വ രാജ്= കുതിര കച്ചവടത്തിലെ കുതിര
പൊങ്കാല= പാതയോരത്തെ പൊതു യോഗം

കൊട്ടിക്കലാശം  തുടരും .............

2012, മാർച്ച് 12, തിങ്കളാഴ്‌ച

അഭിസാരിക വിവാദത്തിനു പൊങ്കാല കൊണ്ട് കൌണ്ടര്‍

ആറ്റുകാലമ്മക്ക് സമന്‍സ്! 





FROM
സബ് ഇന്‍സ്പെക്ടര്‍  ,
ഫോര്‍ട്ട്‌ പോലിസ് സ്റ്റേഷന്‍ ,
തിരുവനന്തപുരം.

TO
ആറ്റുകാലമ്മ ,
കിള്ളിയാര്‍ തീരം,
ആറ്റുകാല്‍,
തിരുവനന്തപുരം.

വിഷയം- ഹൈക്കോടതി വിധി ലംഘിച്ച് പാതയോരത്ത് പൊതു യോഗം നടത്താന്‍ അനുയായികളായ ലക്ഷക്കണക്കിന്‌ ഭക്തരെ പ്രേരിപ്പിച്ച കേസില്‍ ഹൈക്കോടതിയില്‍   ഹാജരാകാനുള്ള സമന്‍സ്


2012 മാര്‍ച്ച്‌ 7  നു  ചിപ്പി, കല്‍പ്പന, പ്രിയങ്ക തുടങ്ങിയ സിനിമ നടികള്‍, ഐ .ജി  ശ്രീലേഖ,  മന്ത്രിമാരുടെ ഭാര്യമാര്‍ എന്നിവര്‍ അടക്കമുള്ള അടക്കമുള്ള ലക്ഷക്കണക്കിന്‌  സ്ത്രീകളെ നിയമം ലംഘിക്കാന്‍ പ്രേരിപ്പിച്ചെന്ന   കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഭഗവതി  എന്നറിയപ്പെടുന്ന  ആറ്റുകാലമ്മ , ടി കേസില്‍ ഫോര്‍ട്ട്‌ പോലിസ് സ്വമേധയ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈകോടതിയില്‍  ഹജരാകുന്നതിനുള്ള സമന്‍സ്. തിയതി,  ടി  കേസ്  രജിസ്റ്റര്‍ ചെയ്തതിന്റെ പേരില്‍ ഉടനടി സസ്പന്ഡ് ചെയ്യപ്പെട്ട ഡി.സി.പി, രണ്ട് എസ് .ഐ മാര്‍ എന്നിവരെ തിരിച്ചെടുത്തതിനു   ശേഷം   അറിയിക്കുന്നതാണ്.

തിയതി : 12 /3 /12
 തിരുവനന്തപുരം                                                                                                           SD/-         


പിന്‍കുറിപ്പ് - അഭിസാരിക വിവാദത്തിനു  പൊങ്കാല   കൊണ്ട്  കൌണ്ടര്‍

2012, മാർച്ച് 8, വ്യാഴാഴ്‌ച

വീട്ടമ്മമാര്‍ക്ക് യൂനിയന്‍; വീട്ടുവേലക്ക് മിനിമം കൂലി; ബില്ലിനായി വീട്ടമ്മമാര്‍ രംഗത്ത്


പുതിയ അവകാശത്തിനു വേണ്ടി ബില്‍ കൊണ്ട് വരാന്‍ ശ്രമം തുടങ്ങി
*
വീട്ടമ്മമാര്‍ അസംഘടിത തൊഴിലാളികള്‍
*സര്‍ക്കാര്‍ മിനിമം കൂലി നല്‍കണം
*വെനിസ്വലന്‍ മാതൃക പിന്തുടരണം
*വീട്ടമ്മമാര്‍ക്ക് യൂണിയന്‍
  
      IPCNA award നേടിയ 
       ' മാധ്യമം  ' വാര്‍ത്ത വായിക്കാം                

            face book link                                  വനിതാ ദിനത്തില്‍ നടന്ന യോഗത്തിലെ പ്രസക്ത ഭാഗം. ......................................................................................................................................................................................
രംഗം :2015  ലെ ഒരു പെണ്ണ് കാണല്‍ ചടങ്ങ്
    ചെറുക്കനും പെണ്ണും തനിച്ചായപ്പോള്‍ അവളൊരു കേട്ട് പേപ്പര്‍ എടുത്തു നല്‍കുന്നു. വീട്ടമ്മമാര്‍ക്ക് വീട്ടു വേലയ്ക്കു മിനിമം കൂലി ഉറപ്പു വരുത്തുന്ന ബില്ലിന്റെ കോപ്പിയാണ്.  ഇത് വായിച്ച് ഓക്കേ ആണെങ്കില്‍ കല്യാണ എഗ്രിമെന്റില്‍ ഒപ്പിടാമെന്നു പെണ്ണ്.
.................................................................................................................................................

മുകളിലെഴുതിയത് വായിച്ച് ഊറിച്ചിരിക്കാന്‍ വരട്ടെ!!

രാപ്പകല്‍ വീടിനകത്ത് ജോലിയെടുക്കുകയും നയാ പൈസ വരുമാനം കൊണ്ടുവരുന്നില്ലെന്ന് പരാതി കേള്‍ക്കേണ്ടി വരികയും  ചെയ്യുന്ന വീട്ടമ്മമാര്‍ക്കൊരു സന്തോഷ വാര്‍ത്തയുമായാണ് ഇന്നലത്തെ വനിതാ ദിനം കടന്നു പോയത് !

 വേലയില്ലാ കൂലിയെടുക്കേണ്ടി വരുന്ന വീട്ടമ്മമാര്‍ക്ക് മിനിമം കൂലി ഉറപ്പു വരുത്തുന്ന ബില്‍ കൊണ്ടു വരാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ വനിതാദിനത്തില്‍ കൊച്ചിയില്‍ തുടക്കമായി. ഇതുവഴി സ്ത്രീകള്‍ക്ക്    കുടുംബത്തിലും സമൂഹത്തിലും അന്തസും അംഗീകാരവും വര്‍ധിക്കുമെന്നും കുടുംബത്തിന്‍െറ സാമ്പത്തിക വരുമാനത്തില്‍ വര്‍ധനവ് ഉണ്ടാകുമെന്നും ബില്‍ രൂപവത്കരണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന  വയനാടന്‍ സ്ത്രീ സംഘടനയായ  വിമന്‍സ് വോയ്സ് പറയുന്നു.  സമൂഹത്തിന് സ്ത്രീ ബാധ്യതയല്ല, മുതല്‍ക്കൂട്ടാണെന്നുള്ള    കാഴ്ചപ്പാട്  രൂപപ്പെടുമെന്നും  ഈ വര്‍ഷം അവസാനത്തോടെ ബില്‍ തയാറാക്കി സര്‍ക്കാറിനു സമര്‍പ്പിക്കുമെന്നും വിമന്‍സ് വോയ്സ് ഭാരവാഹികള്‍ കൊച്ചിയില്‍  പറഞ്ഞു. ഇതുസംബന്ധിച്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുമായി കൂടിയാലോചന നടത്തിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.



ലാറ്റിനമേരിക്കന്‍  രാജ്യമായ വെനിസ്വലെയില്‍ 2006 ല്‍  പ്രാബല്യത്തില്‍ വന്ന നിയമത്തിന്‍െറ ചുവടു പിടിച്ചാണ് രാജ്യത്ത് ആദ്യമായി കേരളത്തില്‍ സ്ത്രീകള്‍ക്കായി പുതിയ അവകാശ നിയമം കൊണ്ടു വരാന്‍ നീക്കം ആരംഭിച്ചത്. . ഒരു വീട്ടമ്മ ദിവസത്തില്‍ 16 മണിക്കൂറെങ്കിലും കാണാപണികളില്‍  ഏര്‍പ്പെടുന്നു. എന്നാല്‍ വ്യക്തി എന്ന നിലയില്‍ ഒരു മണിക്കൂര്‍ പോലും ഉപയോഗിക്കാന്‍ കഴിയുന്നില്ല. വീട്ടമ്മമാര്‍  വിശ്രമ രഹിതമായ ജോലി ചെയ്യുന്നത് കൊണ്ടാണ് പുരുഷന്മാര്‍ക്ക് വേതനം ലഭിക്കുന്ന ജോലിക്ക് പോകാനും രാഷ്ട്ര നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പങ്കാളികളാകാനും സാധിക്കുന്നതെന്നും  വിമന്‍സ്  വോയ്സ് ചൂണ്ടിക്കാണിക്കുന്നു .


വീട്ടു ജോലിക്കായി വിനിയോഗിക്കുന്ന സമയം മറ്റൊരു ജോലിക്കായി ഉപയോഗപ്പെടുത്തിയാല്‍ ലഭിക്കുന്ന കൂലിക്ക് തുല്യമായ കുറഞ്ഞ വേതനം നല്‍കണമെന്നാണ് ഇവര്‍  മുന്നോട്ടു വെക്കുന്ന പ്രധാന ആവശ്യം. അതല്ലെങ്കില്‍, വീട്ടു ജോലിക്കായി ഒരു വേലക്കാരിയെയോ വേലക്കാരനെയോ നിയമിച്ചാല്‍ അവര്‍ക്ക് നല്‍കേണ്ടി വരുന്ന കൂലിക്ക് തുല്യമായി കണക്കു കൂട്ടാമെന്നും സംഘടന നിര്‍ദേശിക്കുന്നു. പാചകക്കാരന്‍, അടിച്ചു തളിക്കാരി, അലക്കുകാരി, പൂന്തോട്ടക്കാരന്‍, കണക്കപിള്ള, വിപണിയില്‍ പോകുന്നയാള്‍, ടീച്ചര്‍, നഴ്സ് എന്നിവരുടെ വേലക്ക് തുല്യമായ ജോലി ഒരു വീട്ടമ്മ ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇങ്ങനെ കണക്ക് കൂട്ടുമ്പോള്‍ രാജ്യത്ത് നിലവിലുള്ള അസംഘടിത തൊഴിലാളികളുടെ മണിക്കൂറിനുള്ള കൂലി നല്‍കണമെന്ന ആവശ്യവും സംഘടന മുന്നോട്ടു വെക്കുന്നു.


ജനസംഖ്യയുടെ  പകുതിയില്‍ അധികം പേരും സ്ത്രീകളായ, ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ വീട്ടമ്മാരുടെ ജോലിയുടെ മൂല്യം കണക്കാക്കിയാല്‍ വരുമാന കണക്ക് ഭീമമായിരിക്കുമെന്നും  സംഘടന വ്യക്തമാക്കുന്നു.  എന്നാല്‍ രാജ്യത്തിന്‍െറ സാമ്പത്തിക സ്ഥിതി വിവരണ കണക്കുകളില്‍ വീട്ടമ്മമാരുടെ സേവന മൂല്യം ഉള്‍പ്പെടുത്തുന്നില്ല. ഇതിന് പരിഹാരം കൂടിയാണ് വീട്ടമ്മമാര്‍ക്കുള്ള യൂനിയനും മിനിമം കൂലിയുമെന്നും സംഘടന പറയുന്നു. ബില്‍ സമര്‍പ്പിക്കുന്നതിന് മുന്നോടിയായി സംസ്ഥാനതല പ്രചാരണ പരിപാടികള്‍ നടക്കും. ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന് കാണിച്ച് ഒരു ലക്ഷം വീട്ടമ്മാരുടെ ഒപ്പ് ശേഖരിക്കുന്നത്തിനും കൊച്ചിയില്‍ നടന്ന ചടങ്ങില്‍ തുടക്കമായി. വരും മാസങ്ങളില്‍ 14 ജില്ലയില്‍ നിന്ന് 20 വീതം വീട്ടമ്മമാരെ ഉള്‍പ്പെടുത്തി സര്‍വേ നടക്കും. സമൂഹത്തിലെ മൂന്നു ജീവിത വിഭാഗങ്ങളില്‍ പെടുന്ന വീട്ടമ്മമാരെ ഇതിനായി തെരഞ്ഞെടുക്കും. സ്ത്രീകളുടെ വീട് ജോലി ഒരു തൊഴിലായി ദേശീയ തലത്തില്‍ അംഗീകരിക്കുക, വീട്ടമ്മയെ  തൊഴിലാളിയും സര്‍ക്കാറിനെ തൊഴിലുടമയുമായി  കണക്കുകൂട്ടുക, 12 മുതല്‍ 16 മണിക്കൂര്‍ വരെയുള്ള  വീട്ടു ജോലികള്‍ വീടിനും നാടിനും പുരോഗതിക്ക് കാരണമാകുന്നുണ്ടെന്ന് അംഗീകരിക്കുക, ഇതിനായി പ്രത്യകേ നയവും നിയമവും രൂപവത്കരിക്കുക, 60 വയസ് കഴിഞ്ഞ വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പാക്കുക, ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുക എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങള്‍.




പ്രചാരണത്തിന്റെ ഭാഗമായി ഇറക്കിയ പുസ്തകത്തിന്റെ പുറംചട്ട
ആവശ്യങ്ങള്‍ ന്യായമാണെന്നും നിയമം  വന്നാല്‍ ആരുടെയും ദയാദാക്ഷിണ്യത്തിന്   വീട്ടമ്മമാര്‍ക്കു   കൈ നീട്ടേണ്ടി വരില്ലെന്നും സംസ്ഥാനതല പ്രചാരണ പരിപാടി  ഉദ്ഘാടനം ചെയ്ത ശേഷം ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ പറഞ്ഞു. മരിച്ചു പോയ വീട്ടമ്മമാരുടെ സേവനം മരണാനന്തരം ഓര്‍മിക്കപ്പെടുക  തന്നെ ചെയ്യം. വീടുകളില്‍ സര്‍വ ജോലിയുമെടുക്കുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കണമെന്ന ആവശ്യവും ന്യായമാണ്-അദ്ദേഹം പറഞ്ഞു.  പ്രചാരണത്തിന്‍െറ ഭാഗമായുള്ള പുസ്തകം നാഷനല്‍ വിമന്‍സ് കോണ്‍ഫറന്‍സ് ഡയറക്ടര്‍ ഗൗരി ജസ്റ്റിസ് കൃഷ്ണയ്യര്‍ക്ക് സമര്‍പ്പിച്ചു. വിമന്‍സ് വോയ്സ് സെക്രട്ടറി സുലോചന രാമകൃഷ്ണന്‍ , പ്രോജക്ട് ഓഫിസര്‍ ലൂയിസ് ബി. ഫിഗരെദോ , കാതറിന്‍ ഡിസൂസ, പെണ്ണമ്മ ജോസ്, സി.കമലം, മേരി തോമസ്‌ എന്നിവരാണ് ബില്ലിന് വേണ്ടി രംഗത്തിറങ്ങുന്നത്.

 ____________________________________________________________________________________

ഒച്ചപ്പാടിന് പറയാനുള്ളത്
ഏറെ വൃദ്ധ സദനങ്ങള്‍ സന്ദര്‍ശിച്ചതില്‍ നിന്നാണ് വിമന്‍സ് വോയ്സ് മിനിമം കൂലി എന്നാ ആശയം നടപ്പാക്കേണ്ടതിന്റെ ആവശ്യകത  രൂപവല്‍ക്കരിച്ചത്. വിദ്യാഭ്യാസ പരമായും  ഉന്നത ചിന്തകളാലും പരിലസിക്കുന്ന ഒരു സമൂഹത്തില്‍ ഇത്തരം ഒരു കൂലി വേണോയെന്ന സംശയം ഉന്നയിച്ചു . അതിനു അവര്‍ പറഞ്ഞ മറുപടി - ''നമ്മളില്‍ കുറച്ചു പേര്‍ക്ക് ആ പ്രശ്നം ഇല്ല. എന്നാല്‍ ചെറിയ പ്രായത്തില്‍ വിവാഹിതരാകുകയും അമ്മമാരാകുകയും ചെയ്യുന്ന ഒരുപാട് പെണ്‍കുട്ടികള്‍ ഉണ്ട്. വടക്കന്‍ കേരളത്തില്‍ സ്ഥിതി ഏറെ ആശങ്കാജനകം ആണ്. ഒരു പക്ഷെ നമുക്കൊന്നും ചിന്തിക്കാന്‍ പറ്റാത്ത രീതിയിലാണ് അവരുടെ ജീവിതങ്ങള്‍. അത്തരക്കാരെ മുന്നില്‍ കണ്ടു കൊണ്ടാണ് ഇത്തരമൊരു നീക്കത്തിന്   മുതിരുന്നത്. പെണ്‍കുട്ടികളെ ഉയര്‍ന്ന സ്ത്രീധനം വാങ്ങി വിവാഹം   കഴിച്ചു കൊണ്ട് വരികയും  ഭാര്യ ധര്‍മ്മത്തിന്റെ  പേരില്‍ വീട്ടില്‍ തന്നെ അടച്ചിടുകയും ചെയ്യുന്നു. ഉയര്‍ന്ന വിദ്യാഭ്യാസവും ജോലിക്ക് പോകാന്‍ ആഗ്രഹവും ഉണ്ടായിട്ടു കൂടി അവര്‍ക്ക് വീട്ടില്‍ ഇരിക്കേണ്ടി വരുന്നു. എന്നിട്ടും, പണം സമ്പാദിക്കുകയും അത് കൈകാര്യം ചെയ്യുകയും ചെയ്യുന്ന വീട്ടിലെ മറ്റു കുടുംബാംഗങ്ങളുടെ മുന്നില്‍ അടിവസ്ത്രം വാങ്ങാനുള്ള കുറച്ചു പണത്തിനു പോലും കൈനീട്ടെണ്ടി വരുന്നത്  ഏറെ അപമാനകരമാണ്. ഭാര്യ ധര്‍മത്തിന്റെയും സ്നേഹത്തിന്റെയും കടപ്പാടിന്റെയും പേരില്‍ ഒരു പക്ഷെ അപമാനത്തെ അഭിമാനമായി പുറത്തു കാട്ടൂകയാനു ഭൂരിഭാഗം സ്ത്രീകളും ചെയ്യുന്നത്. എന്നാല്‍, എപ്പോഴെങ്കിലും ഏതെങ്കിലും തര്‍ക്കത്തിന്റെ പേരില്‍ 'ഞാന്‍ സമ്പാദിക്കുന്നു ,    നീ അനുസരിച്ചാല്‍ മതി' എന്ന വാചകം കേള്‍ക്കേണ്ടി വരുന്നത് ഏറെ അപമാനകരം തന്നെയാണ്. അത് പുറത്തു പറഞ്ഞില്ലേലും ഉള്ളില്‍ ഒരു അടിമയുടെ മനസ്ഥിതിയാണ്. ധര്‍മം എന്ന പേരില്‍ ധര്‍മം തെണ്ടേണ്ടി  വരുന്ന  അവസ്ഥ. ഒരുകാലത്ത് ഒറ്റപെട്ടു പോകുന്ന കാലത്ത് സര്‍ക്കാര്‍ നല്‍കുന്ന മിനിമം കൂലി അവര്‍ക്ക് ഉപകാരപ്പെടും. നിലവില്‍ തൊഴിലില്ലായ്മ വേതനം ആണും   പെണ്ണും വാങ്ങുന്ന നാടാണ് കേരളം. അത് പോലെ പല തരാം വേതനങ്ങള്‍ വാങ്ങുന്നുണ്ട് . എതിര്‍ക്കുന്നവരോട്  ഒന്നേ  പറയാനുള്ളൂ. നിങ്ങളുടെ വീട്ടിലെ സ്ത്രീകള്‍ക്ക് മാന്യമായ തൊഴിലിനു പോകണം എന്നുണ്ടെങ്കില്‍ അനുവദിക്കുക. കുഞ്ഞിനെ പ്രസവിക്കലും പരിചരിക്കലും തുടങ്ങിയ  കാര്യങ്ങള്‍  എല്ലാം ആരുടേയും നിര്‍ദ്ദേശങ്ങള്‍ ഇല്ലാതെ അവള്‍ ചെയ്യുക തന്നെ ചെയ്യും. എന്നാല്‍ 'എന്റെ വീട്ടിലെ സ്ത്രീകള്‍ക്ക് ജോലിക്ക് പോകാന്‍ താല്‍പ്പര്യമില്ല, അവള്‍ക്കു വീട്ടു പരിചരണത്തിനാണ് താല്‍പ്പര്യം'' എന്ന് അവള്‍ പറയുന്നതിന് മുന്‍പേ പറയുന്നവര്‍ -സ്വകാര്യമായി അവളോട്‌ ഒന്ന് ചോദിക്കുനന്തു നല്ലതാണ്.  ""

 ഇങ്ങനെയൊക്കെ  ആണെങ്കിലും കേരളത്തില്‍ ഏറെ എതിര്‍പ്പുകള്‍ നേരിടാവുന്ന ഒരു വിഷയമാണ് മേല്‍പറഞ്ഞത്‌. ഒച്ചപ്പാടിന് ഇക്കാര്യത്തില്‍ ചില കാര്യങ്ങളില്‍ എതിര്‍പ്പുകളുണ്ടെങ്കിലും - വേതനത്തില്‍ പ്രലോഭിതയായി സ്ത്രീകള്‍ വീട്ടിനുള്ളിലേക്ക് സ്വയം ചുരുങ്ങി പോകാന്‍ ഇടയാകും - ചര്‍ച്ച നടക്കട്ടെ എന്ന് കരുതുന്നു. പരസ്പര തെറ്റിധാരണകള്‍ ഒഴിവാക്കാന്‍ ചര്‍ച്ച ഇപ്പോഴും നല്ലതാണ് . വീട്ടിലെ ജോലികള്‍ മൂല്യം കല്‍പ്പിക്കാനാകുന്നതിലും മേലെയാണ്. പുതിയ കാലത്ത് ആണും പെണ്ണും വീട്ടുജോലികള്‍ ചെയ്യുന്നവരാണ്. പരസ്പര ധാരണയിലൂന്നിയ   നിലപാടുകള്‍ ശ്രദ്ധിക്കപ്പെടെണ്ടതുണ്ട്    .

2012, മാർച്ച് 6, ചൊവ്വാഴ്ച

പോസ്റ്റുമോര്‍ട്ടം: സമ്മര്‍ദ്ദത്തിനു വഴങ്ങാന്‍ സാധ്യത






















ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

സ്വകാര്യ മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടം: സമ്മര്‍ദ്ദത്തിനു വഴങ്ങാന്‍ സാധ്യത
***************************************************************************
കൊച്ചി: സ്വകാര്യ മെഡിക്കല്‍ കോളജിന് പോസ്റ്റുമോര്‍ട്ടത്തിന് അനുമതി നല്‍കിയാല്‍ നിക്ഷിപ്ത താല്‍പര്യക്കാരുടെ സമ്മര്‍ദത്തിന് വഴങ്ങി റിപ്പോര്‍ട്ടുകള്‍ വളച്ചൊടിക്കപ്പെടുമെന്ന് തന്നെ മെഡിക്കല്‍ രംഗത്തെ വിദഗ്ധര്‍
. നിലവില്‍ സ്വകാര്യ മേഖലയില്‍ അമൃതയിലും കൊച്ചി കളമശേരി സഹകരണ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളജിലും പോസ്റ്റുമോര്‍ട്ടത്തിനുള്ള അനുമതിയുണ്ട്. സ്വകാര്യ മേഖലയില്‍ ഫോറന്‍സിക് വിഷയത്തിലെ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ വരുന്നത് നല്ലതാണെങ്കിലും മറ്റൊരുതരത്തില്‍ പൊതുതാല്‍പര്യത്തെ ഹനിക്കുന്ന നടപടികള്‍ക്ക് സാധ്യതയുണ്ടെന്നും ഇവര്‍ പറയുന്നു.
പോസ്റ്റുമോര്‍ട്ടങ്ങള്‍ രണ്ടുതരമുണ്ട്. ബന്ധുക്കളുടെ അനുമതി പ്രകാരം പ്രത്യേക പരിശോധനകള്‍ക്കും പരീക്ഷണങ്ങള്‍ക്കുമായി പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതാണ് പാത്തോളജിക്കല്‍ ഓട്ടോപ്സി. പൂര്‍ണമായും മെഡിക്കല്‍ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഈ പോസ്റ്റുമോര്‍ട്ടം . തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ഇത്തരം പോസ്റ്റുമോര്‍ട്ടങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, അസ്വാഭാവിക മരണങ്ങളില്‍ പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത് മെഡിക്കോ ലീഗല്‍ ഓട്ടോപ്സി വഴിയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഫോറന്‍സിക് സര്‍ജന്‍െറ മേല്‍നോട്ടത്തിലാണ് ഇത്തരം പോസ്റ്റുമോര്‍ട്ടങ്ങള്‍ നടക്കുന്നത്. പരിയാരം മെഡിക്കല്‍ കോളജില്‍ മാത്രമാണ് ഡെപ്യൂട്ടേഷനില്‍ നിയമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനുള്ളത്. അസ്വാഭാവിക മരണങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നതുകൊണ്ട് മെഡിക്കോ ലീഗല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഏറെ പ്രധാന്യമര്‍ഹിക്കുന്നതാണ്. കൊലപാതകമടക്കമുള്ള കേസുകളില്‍ ഈ റിപ്പോര്‍ട്ടിന് പ്രസക്തി ഏറും. സ്വകാര്യ മേഖലക്ക് പോസ്റ്റുമോര്‍ട്ടത്തിന് അനുമതി നല്‍കിയാല്‍ പുറത്തുനിന്നുള്ളവരുടെ സമ്മര്‍ദങ്ങള്‍ക്ക് വഴിപ്പെടാന്‍ സാധ്യതകളേറെയാണ്.

സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് അനുമതി നല്‍കുകയാണെങ്കില്‍ തന്നെ സര്‍ക്കാര്‍ ഫോറന്‍സിക് സര്‍ജന്‍െറ മേല്‍നോട്ടത്തില്‍ മാത്രമെ നടത്താനാകൂവെന്ന് നിബന്ധന കൊണ്ടുവരേണ്ടതുണ്ടെന്ന് പ്രമുഖ ഡോക്ടര്‍മാര്‍ മാധ്യമത്തോട് പറഞ്ഞു. സ്വകാര്യ ആശുപത്രികള്‍ക്കകത്ത് മരുന്ന് പരീക്ഷണം, അവയവ വാണിഭം, ചികിത്സയിലെ പിഴവ് എന്നിവ മൂലമുണ്ടാകുന്ന അസ്വാഭാവിക മരണങ്ങളിലെ മൃതദേഹങ്ങള്‍ അവിടത്തെന്നെ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത് അനുവദിക്കരുതെന്നും പൊലീസ് മര്‍ദനം മൂലമുണ്ടാകുന്ന മരണങ്ങളിലും മൃതദേഹം സ്വകാര്യ ആശുപത്രികളിലേക്ക് വിട്ടുകൊടുക്കരുതെന്നും ഇവര്‍ പറയുന്നു.

എന്നാല്‍, സര്‍ക്കാര്‍ സേവനത്തില്‍ നിന്നും വിരമിച്ചവരാണ് സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ ഡിപ്പാര്‍ട്ട്മെന്‍റുകളെ നയിക്കുന്നതെന്നതിനാല്‍, റിപ്പോര്‍ട്ടുകള്‍ സത്യസന്ധമായിരിക്കും എന്ന് അമൃത ആശുപത്രി അധികൃതര്‍ അവകാശപ്പെടുന്നു. എന്നാല്‍,ഈ കാരണം കൊണ്ട് മാത്രം മാനേജ്മെന്‍റിന്‍െറ സമ്മര്‍ദം ഉണ്ടാകില്ലെന്ന് പറയാനാകില്ലെന്നും എതിര്‍വിഭാഗം ആരോപിക്കുന്നു.

കാസര്‍കോട്, കണ്ണുര്‍ പോലുള്ള സ്ഥലങ്ങളില്‍ ഫോറന്‍സിക് സര്‍ജന്മാരുടെ അഭാവമുണ്ട്. എന്നാല്‍, മെഡിക്കല്‍ കോളജിന്‍െറ സൗകര്യങ്ങള്‍ ഉള്ള ജില്ല ജനറല്‍ ആശുപത്രി, മറ്റ് താലൂക്ക് ആശുപത്രികള്‍, സഹകരണ മേഖലയിലെ കളമശേരി ആശുപത്രി എന്നിവിടങ്ങളില്‍ പോസ്റ്റുമോര്‍ട്ടം സൗകര്യം നിലനില്‍ക്കെ അമൃതക്ക് അനുമതി നല്‍കുന്നതിന്‍െറ ആവശ്യകത ചോദ്യം ചെയ്യപ്പെടുന്നു. പ്രതിദിനം ശരാശരി അഞ്ച് മൃതദേഹങ്ങള്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാകുന്നുണ്ട്. 20 വരെ മൃതദേഹങ്ങളെ ഉള്‍ക്കൊള്ളാന്‍ പ്രാപ്തിയുള്ള വിശാലമായ മോര്‍ച്ചറി സൗകര്യവും ഇവിടെയുണ്ട്.





അമൃത മെഡിക്കല്‍ കോളജിന് പോസ്റ്റുമോര്‍ട്ടം : ഉത്തരവിനെതിരെ മാനേജ്മെന്റ് സംഘടനകള്‍ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
അമൃത മെഡിക്കല്‍ കോളജിന് പോസ്റ്റുമോര്‍ട്ടത്തിനുള്ള മൃതദേഹങ്ങള്‍ സ്വീകരിക്കാനുള്ള പൊലീസ് സ്റ്റേഷനുകളുടെ പരിധി വര്‍ധിപ്പിച്ചതിനെതിരെ സ്വകാര്യ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷനും കേരള ക്രിസ്ത്യന്‍ പ്രഫഷനല്‍ കോളജ് മാനേജ്മെന്റ് ഫെഡറേഷനും രംഗത്തെത്തി. ഫോറന്‍സിക് വിഷയത്തില്‍ പി.ജി കോഴ്സുകള്‍ അനുവദിക്കപ്പെട്ട അമൃത മെഡിക്കല്‍ കോളജ് ഈ കോഴ്സിലേക്കുള്ള എല്ലാ സീറ്റുകളും മാനേജ്മെന്റ് ക്വോട്ട വഴിയാണ് നികത്തുന്നതെന്നത് പ്രത്യേകം ശ്രദ്ധിക്കണമെന്ന് സ്വകാര്യ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ 'മാധ്യമ'ത്തോട് പറഞ്ഞു. ഫോറന്‍സിക് വിദഗ്ധരുടെ ആവശ്യം വളരെയേറെയുണ്ട്. അതുകൊണ്ടുതന്നെ അമൃതയില്‍ നടത്തുന്ന പി.ജി കോഴ്സിനും ഏറെ ആവശ്യക്കാരുണ്ട്. ഇത് നിലനിര്‍ത്താനാണ് ആശുപത്രിയില്‍ തന്നെ മോര്‍ച്ചറിയും പോസ്റ്റുമോര്‍ട്ടം സൗകര്യങ്ങളും വേണമെന്ന് അമൃത ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വകാര്യ മേഖലക്ക് ഒരുകാലത്തും പോസ്റ്റുമോര്‍ട്ടത്തിനുള്ള അനുമതി കൊടുക്കരുതെന്നാണ് തന്റെ അഭിപ്രായം. കോയമ്പത്തൂരിലെ ഒരു കോളജിന്റെ പേരുപറഞ്ഞ് കല്‍പ്പിത സര്‍വകലാശാല പദവി നേടിയെടുത്ത അമൃത ഒരൊറ്റ വിദ്യാര്‍ഥിക്കുപോലും സര്‍ക്കാര്‍ ക്വോട്ടയില്‍ സീറ്റ് നല്‍കുന്നില്ല. മറ്റ് കോളജുകളില്‍ മൂന്നര ലക്ഷത്തിന് മാനേജ്മെന്റ് സീറ്റ് നല്‍കുമ്പോള്‍ അമൃതയില്‍ ഇത് അഞ്ചര ലക്ഷം വരെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്ന സ്വകാര്യ മെഡിക്കല്‍ കോളജുകളോട് വിവേചനപരമായാണ് സര്‍ക്കാര്‍ നിലപാട് എടുക്കുന്നതെന്ന് കേരള ക്രിസ്ത്യന്‍ പ്രഫഷനല്‍ കോളജ് മാനേജ്മെന്റ് ഫെഡറേഷന്‍ പ്രസിഡന്റ് ജോര്‍ജ് പോള്‍ കുറ്റപ്പെടുത്തി. എം.ബി.ബി.എസ് കരിക്കുലത്തിലുള്‍പ്പെടുന്ന ഫോറന്‍സിക് വിഷയം പഠിപ്പിക്കണമെങ്കില്‍ അതിനുള്ള സൗകര്യംകൂടി  വിദ്യാര്‍ഥികള്‍ക്ക് ഒരുക്കേണ്ടതുണ്ട്. അതിന് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനുള്ള അനുമതി കൂടി സര്‍ക്കാര്‍ തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവില്‍, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ അന്യ സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോളജുകളില്‍ കൊണ്ടുപോയാണ് വിദ്യാര്‍ഥികള്‍ക്ക് ഫോറന്‍സിക് വിഷയങ്ങളിലെ പ്രായോഗിക പരിശീലനം നല്‍കുന്നത്.  മെഡിക്കല്‍ വിദ്യാഭ്യാസ  ഡയറക്ടറെക്കൊണ്ട് പരിശോധിപ്പിച്ച് തൃപ്തികരമാണെങ്കില്‍ മാത്രം അനുമതി നല്‍കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.




വാര്‍ത്ത തെറ്റിദ്ധാരണാജനകം - അമൃത മാനേജ്മെന്റ് ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
കഴിഞ്ഞദിവസം 'മാധ്യമം' പ്രസിദ്ധീകരിച്ച  'എട്ട് പൊലീസ്  സ്റ്റേഷന്‍ പരിധിയിലെ പോസ്റ്റുമോര്‍ട്ടത്തിന് അമൃതക്ക്  അനുമതി'' എന്ന വാര്‍ത്തയിലെ ചില വിവരങ്ങള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്ന് അമൃത ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യന്‍ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 174 ാം വകുപ്പിലാണ് പോസ്റ്റുമോര്‍ട്ടം പരിശോധനയെപ്പറ്റി പ്രതിപാദിക്കുന്നത്.  സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ മാത്രമാണ് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ അധികാരപ്പെട്ടവര്‍ എന്ന് ക്രിമിനല്‍ നടപടിച്ചട്ടം പറയുന്നില്ല. സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ എല്ലാ ഡോക്ടര്‍മാര്‍ക്കും പോസ്റ്റുമോര്‍ട്ടം പരിശോധന നടത്താം.
കര്‍ണാടകയിലെ 19 സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ ഇത്തരത്തില്‍ ഫോറന്‍സിക് മെഡിസിന്‍ ബിരുദാനന്തര ബിരുദ കോഴ്സ് നടക്കുന്നുണ്ട്. മൂന്നു പതിറ്റാണ്ടായി ഇവിടെ സ്വാശ്രയ മേഖലയില്‍ പോസ്റ്റുമോര്‍ട്ടവും നടക്കുന്നു. തമിഴ്നാട്ടിലും ആന്ധ്രയിലും പുതുച്ചേരിയിലും ഇത്തരം സൗകര്യങ്ങളുണ്ട്. ഇവിടങ്ങളിലെല്ലാം കൊലപാതകം വരെയുള്ള കേസുകളിലെ പോസ്റ്റുമോര്‍ട്ടം പരിശോധന സര്‍ക്കാറുദ്യോഗസ്ഥരല്ലാത്ത ഫോറന്‍സിക് വിദഗ്ധരാണ് കൈകാര്യം ചെയ്യുന്നത്. എന്നിട്ടും ഇവിടങ്ങളിലൊന്നും കോടതിയില്‍ വാദം നടക്കുന്ന കേസുകളില്‍  ദുരുപയോഗം ചെയ്തുവെന്ന ആരോപണം ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതര്‍  വ്യക്തമാക്കി. കേരളത്തില്‍ അമൃതയില്‍ മാത്രമല്ല സ്വകാര്യമേഖലയിലെ പോസ്റ്റുമോര്‍ട്ടം നടക്കുന്നത്. പരിയാരം മെഡിക്കല്‍ കോളജ്, കളമശേരി സഹകരണ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലും സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. മൂന്നിടങ്ങളിലും സര്‍ക്കാറില്‍ നിന്ന് വിരമിച്ച വിദഗ്ധരാണ് സേവനമനുഷ്ഠിക്കുന്നത്. അത്തരക്കാരുള്ളപ്പോള്‍ സ്വാശ്രയ സ്ഥാപനങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതകളില്ലെന്നും അമൃത ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
പൊതുജനങ്ങളുടെയും കുറ്റാന്വേഷകരുടെയും സൗകര്യാര്‍ഥം മുന്‍കാലങ്ങളില്‍ ടാറ്റയുടെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ ടാറ്റ നിയമിച്ച ഡോക്ടര്‍മാര്‍ക്ക് പരിശോധന നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ നിലനില്‍ക്കുന്ന ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ജോലി ഭാരം വളരെയേറെയാണ്.  വിദഗ്ധരുടെ എണ്ണം പലമടങ്ങ് വര്‍ധിപ്പിച്ചാലേ ഈ കുറവ് നികത്താനാവൂ. ഇത് നടന്നാല്‍ തന്നെയും കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ പൊതു മേഖലയിലുള്ള ഫോറന്‍സിക് വിദഗ്ധരുടെ അഭാവം തുടരും. അതിനാല്‍, സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫോറന്‍സിക് വിദഗ്ധരുടെയും മോര്‍ച്ചറികളുടെയും സേവനം സര്‍ക്കാറിന് ഉപയോഗിക്കാവുന്നതാണെന്നും അമൃത മെഡിക്കല്‍ കോളജ്  ഫോറന്‍സിക് വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. അജയ് ബാലചന്ദ്രന്‍ അഭിപ്രായപ്പെട്ടു.  തികച്ചും സൗജന്യമായി പൊതുജനങ്ങള്‍ക്ക് ലഭിക്കാവുന്ന സൗകര്യങ്ങള്‍ നടപ്പാക്കാന്‍ എതിരുനില്‍ക്കുന്നത് ആരൊക്കെയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



2012, മാർച്ച് 5, തിങ്കളാഴ്‌ച

പോസ്റ്റുമോര്‍ട്ടം ടേബിളിലും കച്ചവടം

   സ്വകാര്യ മേഖലയിലെ മെഡിക്കല്‍ കോളജായ അമൃതക്ക് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ആഭ്യന്തര വകുപ്പ് പുതുക്കി നല്‍കിയ അനുമതി വിവാദമാകുന്നു. കോടതിയില്‍ വാദം നടക്കുന്ന കേസുകളില്‍ പോലും ദുരുപയോഗം ചെയ്യാവുന്ന വിധത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ കെട്ടിച്ചമക്കാന്‍ സൗകര്യം ഒരുക്കുന്നതിന് ഈ ഉത്തരവ് സഹായകരമാകുമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
2004 ഡിസംബറില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്താണ് കല്‍പ്പിത സര്‍വകലാശാല പദവിയുള്ള അമൃത മെഡിക്കല്‍ കോളജിന് പോസ്റ്റുമോര്‍ട്ടത്തിന് അനുമതി നല്‍കിയത്. അന്ന് ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷനു കീഴില്‍ വരുന്ന മൃതദേഹങ്ങള്‍ മാത്രമാണ് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ അനുമതി നല്‍കിയത്. മറ്റ് സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ അപേക്ഷ നല്‍കിയെങ്കിലും അവരെ തഴഞ്ഞാണ് അമൃതക്ക് അനുമതി നല്‍കിയതെന്ന് ആരോപണമുണ്ട്.
ഡി.ജി.പി, അമൃത മെഡിക്കല്‍ ഡയറക്ടര്‍, മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍, അക്കൗണ്ടന്റ് ജനറല്‍ എന്നിവര്‍ക്ക്  ആഭ്യന്തര വകുപ്പ് ഉത്തരവിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. പ്രതിവര്‍ഷം അഞ്ചുമുതല്‍ 20 വരെ മൃതദേഹങ്ങള്‍ അമൃതയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നുണ്ടെന്നാണ് സൂചന.  അടുത്തിടെ ഇറക്കിയ രണ്ടാം ഉത്തരവ് പ്രകാരം പാലാരിവട്ടം, ഇടപ്പള്ളി, വരാപ്പുഴ, നോര്‍ത്ത് പറവൂര്‍, ബിനാനിപുരം, വടക്കേക്കര, ചിറ്റൂര്‍, മുനമ്പം എന്നീ എട്ട് പൊലീസ് സ്റ്റേഷന്‍ പരിധികളിലേക്കുകൂടി അമൃതക്ക് പോസ്റ്റുമോര്‍ട്ടത്തിനുള്ള അവകാശം നല്‍കി. ജനറല്‍ ആശുപത്രിയില്‍ അമൃതയിലെ രണ്ട് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് പരിശീലനത്തിന് സൗകര്യം ഒരുക്കണമെന്നും ഉത്തരവില്‍ പറയുന്നു. ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയും ഡോക്ടര്‍മാരുടെ സേവനവും ഇതിനായി ഉപയോഗിക്കാം. ക്രിമിനല്‍ നടപടി ക്രമത്തിലെ 174 ാം വകുപ്പ് പ്രകാരം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കാണ് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ അധികാരമുള്ളത്. വിദ്യാര്‍ഥികള്‍ക്ക് പരിശീലനത്തിന് സൗകര്യമൊരുക്കിയത് ഇതിന്റെ ലംഘനമാണ്. ചട്ടം നിയമസഭ ഭേദഗതി വരുത്താതെ അനുമതി നല്‍കാനാവില്ലെന്നിരിക്കെയാണ് ഇപ്പോഴത്തെ ഉത്തരവ്. 
ഇക്കാര്യത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും അനുമതി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ രംഗത്തെത്തി.





2012, മാർച്ച് 3, ശനിയാഴ്‌ച

രതിയില്‍ മുങ്ങിയ സ്വവര്‍ഗ ബോധം


"മാലാഖമാര്‍ സ്ത്രീയാണോ? പുരുഷനാണോ? രണ്ടുമല്ലെന്നാണ് വിജ്ഞാനികള്‍ പറയുന്നത്. അതുകൊണ്ട് തന്നെ , ട്രാന്‍സ് ജെണ്ടറുകള്‍   മാലാഖമാരോട് അടുത്ത് നില്‍ക്കുന്നവരാണ്. ആരെക്കാളും മുകളിലാണെന്ന് ഞങ്ങള്‍ അവകാശപ്പെടുന്നില്ല. പക്ഷെ സ്ത്രീയുടെയും പുരുഷന്റെയും പ്രശ്നങ്ങളെ ഒരുപോലെ മനസിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിയും . അമ്മയെ പോലെ സ്നേഹിക്കാനും അച്ഛനെ പോലെ ശാസിക്കാനും ഞങ്ങള്‍ക്കാകും"( ഭാരതി- ഇന്ത്യയിലെ ആദ്യ ട്രാന്‍സ് ജെണ്ടര്‍ ക്രിസ്ത്യന്‍ പുരോഹിത. ---"ഒരു ഉഭയ ജീവിതത്തിന്റെ പരിണാമ കഥ"- മാധ്യമം   ആഴ്ചപ്പതിപ്പ്)
________________________________________________________________________________

"ട്രാന്‍സ് ജെണ്ടറുകള്‍ ഒരു വലിയ വോട്ട് ബാങ്ക് അല്ലാത്തതിനാല്‍ ഭരണ വര്‍ഗം അവരെ കണ്ടില്ലെന്നു നടിക്കുകയാണ്. അത് കൊണ്ട് തന്നെ അവരുടെ ശബ്ദം   നമ്മള്‍ കേള്‍ക്കാതെ പോകുന്നു.അവര്‍ സാധാരണ മനുഷ്യരെ പോലെ അംഗീകരിക്കപ്പെടണമെങ്കില്‍ സമൂഹത്തിന്റെ മാനസിക ഘടനയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകണം. ഇവിടെയാണ്‌ മത സ്ഥാപനങ്ങളുടെ പ്രസക്തി.   -ബിഷപ്പ് എസ്രാ സര്‍ഗുണം
_________________________________________________________________________________

ഫോട്ടോ ജേര്‍ണലിസ്റ്റ് ആയ പി. അഭിജിത്ത് ഹിജഡകളെ കുറിച്ച്   തയ്യാറാക്കിയ  Phototravelogue youtube  ല്‍  കാണാന്‍   (പാര്‍ട്ട്‌ 1 , പാര്‍ട്ട്‌ 2 )

_________________________________________________________________________________
 
ഈ വിഷയത്തില്‍ 2009  ല്‍ മെഡിസിന്‍ @ ബൂലോകം   പ്രസിദ്ധീകരിച്ച  

സ്വവര്‍ഗലൈംഗികതയുടെ ശാസ്ത്രം  സ്വവര്‍ഗാനുരാഗവും വൈദ്യലോകവുംലേഖനം കാണുക 

________________________________________________________________________________

 

സ്വവര്‍ഗരതി,  സ്വവര്‍ഗ അനുരാഗം എന്നൊക്കെയുള്ള  വഷളന്‍  പേരില്‍  മൂന്നാംലിംഗക്കാരുടെ ജീവിത പ്രശ്നങ്ങളെ തീര്‍ത്തും അശ്ലീലമാക്കിയതില്‍ അഭിമാനിക്കുക. മനുഷ്യനല്ലാതെ മറ്റാര്‍ക്കും സ്വന്തം വര്‍ഗത്തിനകത്തെ  ഒരു കൂട്ടരെ തള്ളിപ്പറയാനാകില്ല . മൂന്നാംലിംഗക്കാര്‍  പ്രകൃതി വിരുദ്ധരും അനാശാസ്യക്കരുമെന്നും മുദ്ര കുത്തുന്ന  മത- സാമൂഹിക സദാചാരക്കാര്‍ക്ക് ഭാരതിയുടെ പ്രസ്താവനയും ജീവിതവും  വലിയൊരു ചോദ്യമാണ്. അവര്‍ മറുപടി പറഞ്ഞേ തീരൂ     ---ഒച്ചപ്പാട്

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...