2012, മേയ് 27, ഞായറാഴ്‌ച

പ്രാര്‍ത്ഥനകള്‍ക്ക് നന്ദി!

എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക്  നന്ദി!  ഇന്ന് രാവിലെ നബീസയെ ദൈവം തിരികെ വിളിച്ചു. ദുരിത കടലില്‍ ആ കുഞ്ഞ് മക്കള്‍ തനിച്ചായി.


കൂടുതല്‍ വായനക്ക് താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

പടച്ചോനെ .... ഞങ്ങള്‍ക്ക് ഞങ്ങടെ ഉമ്മച്ചിയെയെങ്കിലും തിരികെ തന്നൂടെ?

2012, മേയ് 25, വെള്ളിയാഴ്‌ച

ദേവരാഗ തണലില്‍!

സാദിഖ്‌
ആശ വച്ചാല്‍ നേടാനാകാത്തത്  ഒന്നുമില്ല ഈ ലോകത്ത്. കാലം വഴി തെറ്റിച്ചു കൊണ്ടു പോകുന്ന സ്വപ്നങ്ങളെ തിരികെ ജീവിതത്തിലേക്ക്  വഴി നടത്താന്‍ മോഹങ്ങള്‍ക്ക് അത്രമാത്രം കരുത്തുണ്ട്. എന്നാല്‍ ആ സത്യം തിരിച്ചറിയുന്നവരും വിജയിക്കുന്നവരും അപൂര്‍വം. ഇന്നല്ലങ്കില്‍ നാളെ , ആ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ മനസിനകത്തെ കുഞ്ഞു കനലുകള്‍ക്കാകുമെന്നു തെളിയിച്ച ഒരു മട്ടാഞ്ചേരിക്കാരന്‍  ഇന്ന് ഗസലുകള്‍ പൂക്കുന്ന  രാത്രികളുടെ രാജകുമാരനാണ്. നഗരത്തിലെ പ്രശസ്തമായ ഹോട്ടലുകളിലെ പ്രൗഢിയുള്ള സംഗീത സദസുകളില്‍ സ്വയം മറന്നു പാടുന്ന സാദിഖിന് ജീവിതമെന്നത് ഇന്ന് സ്വപ്നങ്ങളുടെ നിറച്ചാര്‍ത്താണ്.
ഗസലുകള്‍ പെയ്തൊഴിയാത്ത ദ്വീപാണ് മട്ടാഞ്ചേരി. ഗുല്‍മോഹറിനൊപ്പം ഇശലുകളും പൊഴിഞ്ഞു വീഴുന്ന ഗസല്‍ സന്ധ്യകളില്‍ പ്രണയത്തിനും വിരഹത്തിനും ഹാര്‍മോണിയവും തബലയും അകമ്പടി വരുന്ന നാട്. സംഗീതം താഴ്ന്ന സ്ഥായിയില്‍  കടലായൊഴുകിയ  ആ തെരുവുകളില്‍ പിറന്നു വീണ സാദിഖിന് സംഗീതത്തോട് കമ്പം തോന്നിയതില്‍  അതിശയപ്പെടാനില്ല. എന്നാല്‍ ജീവനും ജീവിതങ്ങളും കൂട്ടിമുട്ടിക്കാന്‍ പുലര്‍ച്ചെ മുളവുകാട് ഹാര്‍ബറില്‍ തൊണ്ട പൊട്ടി ലേലമുറപ്പിക്കുന്ന  അതേ സാദിഖിനെ കാണുമ്പോള്‍, തലേന്ന് രാത്രി സുന്ദര സംഗീതമൊഴുക്കിയ അതേയാളാണോയെന്നു  അത്ഭുതം കൂറും. എന്നാല്‍ മറുപടിയെല്ലാം സംഗീതം പോലൊരു പുഞ്ചിരിയിലൊതുക്കി ഈ യുവാവ് മുന്നില്‍ നില്‍ക്കുന്നവനെ പിന്നെയും അത്ഭുതപ്പെടുത്തും.

മലയാളിക്ക് മറക്കാനാകാത്ത സംഗീത സാമ്രാട്ടാണ് ദേവരാജന്‍ മാസ്റ്റര്‍. പരുക്കനെന്ന് സഹപ്രവര്‍ത്തകര്‍ ഭയപ്പാടോടെ മാത്രം വീക്ഷിക്കുന്ന ദേവരാജന്‍ മാസ്റ്റര്‍ , പക്ഷെ സാദിഖിന്‍െറ സ്നേഹവാനായ ഗുരുവും വഴികാട്ടിയുമായത് മുജ്ജന്മ സുകൃതം. ദേവരാജന്‍ മാസ്റ്ററുടെ മുരടന്‍ സ്വഭാവം അറിയാവുന്നവര്‍ക്കെല്ലാം ഇങ്ങനെയൊരു ഗുരു ശിഷ്യ ബന്ധം ആശ്ചര്യമാണ്. ആ ഗുരുവിന്‍െറ ശിഷ്യനായ കഥ കേള്‍ക്കുമ്പോഴും ആശ കൊണ്ടൊരു കൊട്ടാരം പണിതതിന്‍െറ സുഖമുണ്ട്

ദേവരാജന്‍ മാഷോടൊപ്പം
സാദിഖ്‌


















സംഗീതം അരുതെന്ന് വിലക്കുള്ള കുടുംബത്തിലാണ് സാദിഖിന്‍െറ ജനനം. സംഗീതം കൊണ്ട് പ്രശസ്തരായെങ്കിലും  പലരും ജീവിതം കളഞ്ഞു കുളിച്ചതിന്‍െറ ഉദാഹരണങ്ങള്‍ സ്വന്തം കുടുംബത്തില്‍ തന്നെ കണ്ടു മനസ് നൊന്ത വാപ്പ കോയ മകനെ ആ വഴിയിലേക്ക് അയക്കാഞ്ഞത് നിറഞ്ഞ പുത്രസ്നേഹം ഒന്നു കൊണ്ടു മാത്രമാണ്. സംഗീതം പഠിച്ചാല്‍ വഴി പിഴച്ചു പോകുമെന്ന ഭീതി മറ്റു കൊച്ചിക്കാരെ പോലെ സാദിഖിന്‍െറ കുടുംബത്തെയും അലട്ടിയിരുന്നു. കള്ളും കഞ്ചാവും ജീവിതത്തെ പിഴപ്പിക്കുമെന്ന ഉള്‍ഭയം  കൊണ്ട്  ഉമ്മ സുഹറയുടെയും പിന്തുണ സാദിഖിന് കിട്ടിയില്ല. വിലക്കിന്‍െറ കടുപ്പവും വാപ്പയെ ധിക്കരിക്കാനുള്ള മനസില്ലായ്മയും കൊണ്ട് സാദിഖിന്‍െറ ബാല്യവും കൗമാരവും സംഗീതത്തെ സ്വപ്നം മാത്രമാക്കി അവശേഷിപ്പിച്ചു. സാദിഖിന് ഇളയത് രണ്ടാണും പെണ്ണും. അവരെ കൂടി പോറ്റാനുള്ള ഉപ്പയുടെ പെടാപ്പാടു കുറക്കാന്‍ സാദിഖ് വാപ്പക്കൊപ്പം കൂടി. അങ്ങനെയാണ് ഹാര്‍ബറില്‍ മത്സ്യ കച്ചവടക്കാരനാകുന്നത്.  ഇന്നിപ്പോള്‍ ഹാര്‍ബറിലെ പ്രധാനിയാണ് സാദിഖ്. ജീവിതം മറ്റൊരു വഴിയിലൂടെ ഗതി മാറി ഒഴുകി. സംഗീതം മനസിലൊളിപ്പിച്ചു നടന്ന ആ യുവാവ് സ്വന്തം കാലില്‍ നില്‍ക്കാറായപ്പോള്‍ ആ പഴയം സ്വപ്നം ഹാര്‍മോണിയം ഈണങ്ങള്‍ക്കൊപ്പം  വീണ്ടും മനസിന്‍െറ പടികയറി.
അടിയന്തിരാവസ്ഥാക്കാലം. ഉമ്മ സുഹറയുടെ പിതാവ് അബു ഇ.എം.എസിന്‍്റെ ഉറ്റ ചങ്ങാതിയായിരുന്നു. ആ വഴിയില്‍ സാദിഖിന്‍െറ വാപ്പയും കമ്മ്യൂണിസ്റ്റുകാരന്‍! പൊലീസ് ലാത്തികളില്‍ നിന്നും രക്ഷപ്പെടാന്‍ വാപ്പ ഒളിവില്‍ പോയ സമയത്ത് ആ ബാലന്‍ സംഗീതത്തെ തിരിച്ചുപിടിച്ചു.



തബലയുടെ ആദ്യ സ്വരം പകര്‍ന്നു നല്‍കിയത് അമ്മാവനും ഗസല്‍ ഗായകനുമായ ഉമ്പായി. ഉമ്മയറിയാതെ വീട്ടില്‍ നിന്നിറങ്ങിയ ആ പയ്യന്‍ മട്ടാഞ്ചേരി തെരുവുകളിലെ ക്ളബുകളില്‍ രാവേറെ ചെല്ലുവോളം നേരം പോക്കി. ഗസല്‍ കേട്ടും അകമ്പടി കൊട്ടുന്ന തബലക്കാരന്‍െറ വിരല്‍ വഴക്കങ്ങള്‍ കണ്ടും ആ ചെറുപ്പക്കാരന്‍ മനസിനെ വീണ്ടും സംഗീതം കൊണ്ടു നിറച്ചു. സംഗീത സംവിധായകന്‍ ബാബുരാജിന്‍െറ  തബലിസ്റ്റും ‘ഐഷ റേഡിയോ’ എന്ന ഓമന പേരില്‍ അറിയപ്പെട്ടിരുന്നയാളുമായ  അബ്ദു ഇക്കയെ ഗുരുവാക്കി തബല പഠനം ആരംഭിച്ചു. ഇതിനിടെ വാപ്പ വീട്ടിലത്തെി. സംഗതിയറിഞ്ഞയുടന്‍  കലി പൂണ്ട വാപ്പ സാദിഖിനെ തല്ലി. അതോടെ ആശിച്ച് മോഹിച്ച് തുടങ്ങിയ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. വീണ്ടും ജീവിതം മീന്‍ ചന്തയിലേക്ക്  വലിച്ചെറിയപ്പെട്ടു. എന്നാല്‍ ആഗ്രഹിച്ചാല്‍ പ്രകൃതിയും കൂട്ട് നില്‍ക്കുമെന്ന് സാദിഖിന് ബോധ്യമായി. ബിസിനസില്‍ വെച്ചടി കയറ്റമുണ്ടായി. സാമ്പത്തികമായി മെച്ചപ്പെട്ടപ്പോള്‍ സംഗീതം പഠിക്കണമെന്ന സാദിഖിന്‍െറ മോഹത്തിന് വാപ്പ പച്ചക്കൊടി കാട്ടി. അങ്ങനെ  മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര സെക്രട്ടറിയായിരുന്ന ഹുസൈന്‍ വഴി ബല്‍റാം മാസറ്ററിന്  കീഴില്‍ എട്ടു വര്‍ഷം തബല  അഭ്യസിച്ചു. തബല  പെരുക്കങ്ങളില്‍ ആറാടി  നടക്കുമ്പോഴാണ്  ദൂരദര്‍ശനില്‍ ദേവരാജന്‍ മാസ്റ്ററെ കുറിച്ചുള്ള പരിപാടി കാണുന്നത്. അദ്ദേഹത്തില്‍ നിന്നും കര്‍ണാടക ശാസ്ത്രീയ സംഗീതം പഠിക്കണമെന്ന് പെട്ടെന്നൊരു തോന്നലുണ്ടായി. ഉടനെ കിട്ടാവുന്ന പുസ്തകങ്ങള്‍ വരുത്തി വായന തുടങ്ങി. സംഗീതവും സംഗീതജ്ഞരും വരികളായി അറിവ് പകര്‍ന്നു. അപ്പോഴും മാസ്റ്ററെ നേരില്‍ കാണാനുള്ള ആഗ്രഹം ഉള്‍ഭയം നിമിത്തം മാറ്റി വച്ചു. പിന്നെയൊരു ദിവസം എന്തും വരട്ടെയെന്ന് നിശ്ചയിച്ചുറപ്പിച്ച്   സാദിഖ് മാസ്റ്റര്‍ക്ക് ഫോണ്‍ ചെയ്തു.



സാദിഖ്‌

അങ്ങത്തേലക്കല്‍ ദേവരാജന്‍ മാസ്റ്റര്‍, സാദിഖിന് സ്വരം വിറച്ചു. എന്തിനും ഏതിനും വിപരീത സ്വരം മാത്രമാണ് മാസ്റ്റര്‍ക്ക്. ഒന്നു കാണാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചപ്പോള്‍ എന്തിനു കാണണമെന്ന് മറുചോദ്യം. വെറുതെയൊന്നു കണ്ടാല്‍ മതി, ആ കാലു തൊട്ടൊന്നു  വന്ദിക്കാന്‍   മാത്രം എന്ന് സാദിഖ് പറഞ്ഞു. എങ്കില്‍ വന്നേക്ക് എന്ന് മറുപടി. പിന്നീട് ഒരു നിമിഷം പോലും പാഴാക്കിയില്ല. വെളുപ്പിന് ആറിനു എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിന്‍ കയറി. അവിടെച്ചെന്ന് മാഷിന്‍െറ സംഗീതത്തോടുള്ള ഇഷ്ടം പറഞ്ഞപ്പോള്‍ വീണ്ടും വിപരീത സ്വരം, ‘ഇഷ്ടപ്പെടാന്‍ ഞാന്‍ പറഞ്ഞോ’ എന്ന്! അങ്ങനെ കലഹിച്ച് കൊണ്ടിരുന്ന ദേവരാജന്‍ മാസ്റ്റര്‍ പെട്ടന്നൊരു ചോദ്യം ‘താന്‍ പാടുമോ? എങ്കിലൊന്നു പാടാമോ?’ എന്ന്. ഉടനെ ഒരു പാട്ട് പാടി. പാടിക്കഴിയും മുമ്പേ വിലയിരുത്തലും വന്നു- ‘പാടിയത് മുഴുവന്‍ അബദ്ധം’ ആരെങ്കിലും പഠിപ്പിക്കാന്‍ തയാറാകുമെന്നും നല്ളെ്ളാരു ഗുരുവിനെ കണ്ടത്തെണമെന്നും ഉപദേശവും പിന്നാലെയത്തെി. എങ്കില്‍ മാഷിനു തന്നെ എന്നെ പഠിപ്പിച്ചൂടെ എന്നായി സാദിഖ് . അപ്പോള്‍ തന്‍െറ ഉദ്ദേശം ഇതാണല്ലല്ളേ എന്ന് പറഞ്ഞ മാഷ്  താന്‍ ആര്‍ക്കും സംഗീതം പഠിപ്പിക്കാറില്ളെന്ന്  കൂടി വ്യക്തമാക്കി നിരാശയോടെ ആ പടിയിറങ്ങും മുമ്പേ സാദിക്ക് തന്‍െറ ഫോണ്‍ നമ്പര്‍ അദ്ദേഹത്തിന്‍െറ ഡയറിയില്‍ കുറിച്ചിട്ടിരുന്നു. മോഹം കൊണ്ട് കത്തുന്നവനെ തണുപ്പിക്കാന്‍ മഴ പോലും ശ്രമിക്കില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ സാദിഖിനൊരു വിളിയത്തെി,  മാഷാണ്.
‘16 ന് വിദ്യാരംഭം ആണ് ഉള്ള അറിവ് വച്ചു വിദ്യാരംഭം കുറിച്ച് തരാം, തുടര്‍ന്ന് വിജയരാജന്‍ മാഷ് പഠിപ്പിക്കും. ഉടനെ ത്രിശൂരിലുള്ള പരിചയക്കാരനായ വക്കീലിന്‍െറ വീട്ടിലത്തെണം’ എന്ന് മാഷ് പറഞ്ഞതൊക്കെയും ചങ്കിടിപ്പോടെയാണ് സാദിക്ക് കേട്ടത്. സാദിഖിന്‍െറ തന്നെ ഭാഷയില്‍ പുലര്‍ച്ചെ ബൈപാസ് ശസ്ത്രക്രിയ ഉണ്ടെന്ന് അറിഞ്ഞ ഹൃദ്രോഗിയുടെ അവസ്ഥ.   ചെന്നു കയറുമ്പോള്‍ മാഷ് പൂമുഖത്തുണ്ട്. കടുത്ത നിറമുള്ള ഷര്‍ട്ട് ഇട്ടു ചെന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. വക്കീലിന്‍െറ വെള്ള ഷര്‍ട്ടും നല്‍കി വസ്ത്രം മാറി വരാന്‍ ആജ്ഞാപിച്ചു. 101 രൂപ ദക്ഷിണ വെച്ചപ്പോള്‍ 100 രൂപ എടുത്തു മാറ്റി ഒരു രൂപ മാത്രം ദക്ഷിണ മതിയെന്ന് മാഷ്. അങ്ങനെ ഒറ്റ രൂപയില്‍ സംഗീത പഠനത്തിനു തുടക്കം കുറിച്ചു. എല്ലാ ഞായറാഴ്ചകളിലും മാഷിന്‍െറ വീട്ടില്‍ സാദിഖ് എത്തുമായിരുന്നു . പിന്നെപ്പിന്നെ സാദിഖ് എത്താത്ത ദിവസങ്ങളില്‍ സാദിക്കിന്‍െറ വീട്ടിലേക്ക് മാഷിന്‍െറ ഫോണ്‍ വിളിയത്തെി തുടങ്ങി. അങ്ങനെ മുരടനെന്നു എല്ലാവരും ഭയപ്പെട്ടിരുന്ന മാഷിന്‍െറ സ്നേഹത്തണലില്‍  ഒരു നിഴല്‍ പോലെയായി സാദിഖിന്‍െറ ജീവിതം.

വിവാഹ ശേഷം മകന്‍ പിറന്ന സമയത്ത് കുറച്ചു കാലം മാഷിന്‍െറ വീട്ടിലത്തൊന്‍ ബുദ്ധിമുട്ടുണ്ടായി. അക്കാലത്ത് ഒരു ദിവസം സാദിഖിന്‍െറ മൊബൈലിലേക്ക് എറണാകുളം
കോഡിലുള്ള ഒരു വിളിയത്തെി . മറുപുറത്ത് മാഷായിരുന്നു ‘എനിക്കൊരു ശിഷ്യനുണ്ട്, സാദിഖ്. അവനൊരു കുഞ്ഞ് പിറന്നു. എനിക്കാ കുഞ്ഞിനെ കാണണം അതുകൊണ്ട് ഇവിടെയത്തെി' -എന്ന്  നിഷേധ സ്വരത്തിലൊരു ആവശ്യപ്പെടല്‍. കടല്‍ പേടിയാണ് മാഷിന്. അത് കൊണ്ട് കുഞ്ഞിനേയും കൊണ്ട് മാഷിനടുത്തത്തെി.
മാധ്യമം വാരാദ്യ പതിപ്പ്   21/5/12
ഉടനെ ഒരു തുണ്ടെടുത്ത് മാഷ് സാദിഖിന് കൈമാറി. പെണ്‍കുഞ്ഞിനും ആണ്‍കുഞ്ഞിനും ഇടാവുന്ന ഓരോ പേരുകളാണ് അതില്‍. യാത്രക്കിടെ ഏതോ പുസ്തകശാലയില്‍ നിന്നു മുസ്ലിം പേരുകളുള്ള പുസ്തകം വാങ്ങിയെന്നും അതില്‍ നിന്നു കണ്ടത്തെിയതാണെന്നും മാഷ് വെളിപ്പെടുത്തി. സാദിഖിന്‍െറ വാപ്പയും ഉമ്മയും സമ്മതിക്കുകയാണെങ്കില്‍ ഈ പേരിടണമെന്നായിരുന്നു അദ്ദേഹത്തിന്‍െറ ആവശ്യം. അങ്ങനെ മൂത്ത മകന്‍ തന്‍വീര്‍ ഖുറൈഷി, ദേവരാജന്‍ മാസ്റ്ററിന്‍െറ സുല്‍ത്താനായി. പിന്നീട് മകളുണ്ടായപ്പോള്‍ മാഷ് എഴുതി നല്‍കിയ പേര് തന്നെ ഇട്ടു- പര്‍വീന്‍ സുല്‍ത്താന. ഇരുവരും ഇപ്പോള്‍ യഥാക്രമം ഏഴിലും നാലിലും പഠിക്കുന്നു. ഭാര്യ ബല്‍ക്കീസ്.
ആറുവര്‍ഷം മുമ്പ് മാഷ് മരിക്കുന്നത് വരെ മാഷില്‍ നിന്നും സംഗീതം അഭ്യസിക്കാനായത്  ഭാഗ്യമെന്ന് സാദിഖ് കരുതുന്നു. പഠനം തുടങ്ങി അഞ്ചാം വര്‍ഷമാണ് അരങ്ങേറ്റം നടത്തിയത്. അതുവരെ വേദികളില്‍ പണം വാങ്ങി പാടാന്‍ പോകുന്നത് മാഷ് വിലക്കിയിരുന്നു. സംഗീത വഴിയിലെ മാഷിന്‍െറ 75 ാം വാര്‍ഷികാഘോഷത്തില്‍ കൊച്ചിയിലെ കായല്‍ക്കരയില്‍ സാദിഖ് മാഷിന് മുന്നില്‍ തന്നെ അരങ്ങേറി.  പിന്നീട്  ഇപ്പോള്‍ ഒരുപാട് വേദികളില്‍ സാദിഖിന്‍െറ മാസ്മര സംഗീതം ഒഴുകിയിറങ്ങുന്നു. മാഷോടുള്ള ആദരവ് നിമിത്തം രൂപം കൊടുത്ത ദേവതാരു  ഫൗണ്ടേഷന്‍ ഇപ്പോള്‍ ലോകമെങ്ങും അറിയപ്പെടുന്ന സംഗീത സംഘമാണ്. അദ്ദേഹത്തിന്‍െറ പേരില്‍ അവാര്‍ഡും നല്‍കി വരുന്നുണ്ട്. താജുദ്ദീന്‍ പ്രസിഡന്‍റും സുജിത് സെക്രട്ടറിയുമായ ഫൗണ്ടേഷനില്‍ 30 പേര്‍ ഇപ്പോഴുണ്ട്. ഇന്ത്യക്ക് അകത്തും പുറത്തുമായി ഫൗണ്ടേഷന്‍ നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നു.

ഗള്‍ഫ്‌ മാധ്യമം "ചെപ്പ്" പതിപ്പില്‍ വന്നത്
ഗള്‍ഫ്‌ മാധ്യമം "ചെപ്പ്" പതിപ്പില്‍ വന്നത്






























സ്വപ്നങ്ങള്‍ സ്വന്തമാക്കിയ ആ വ്യക്തിക്ക് അഭിനന്ദനങ്ങള്‍ നേരാം! മൊബൈല്‍ : 09895099008




2012, മേയ് 20, ഞായറാഴ്‌ച

ചരിത്രത്തില്‍ ഫേസ് ബുക്കെഴുതിയ കല്യാണം !


ഒട്ടേറെ പ്രണയങ്ങള്‍ക്ക് പൂത്തുലയാന്‍ ഫേസ് ബുക്ക്‌ എന്ന ഇടമൊരുക്കിയ സക്കര്‍ബര്‍ഗിനും  പ്രണയ സാഫല്യം. ഒന്‍പതാണ്ടത്തെ സുന്ദര  പ്രണയത്തിന്‍റെ  തുടര്‍ച്ചയായി പ്രിസില ചാനിനെ  വിവാഹ വസ്ത്രമണിയിച്ചു  ! ഇരുവര്‍ക്കും വിവാഹ മംഗളാശംസകള്‍! 
പ്രണയം കൊണ്ട് ജീവിതം വളര്‍ത്തിയവനെ .... നിന്നെ കണ്ട്‌ ആണുങ്ങള്‍ അസൂയപ്പെടട്ടെ!






ഫേസ് ബുക്ക്‌ സ്ഥാപകനും സി.ഇ.ഒയുമാണ്  മാര്‍ക് സക്കര്‍ബര്‍ഗ്. കാലിഫോര്‍ണിയയിലെ പാലോ ആള്‍ടോയിലെ വീട്ടില്‍ നടന്ന വിവാഹ ചടങ്ങിലാണ്  27 കാരിയായ പ്രിസില്ലയുമായി മാര്‍ക്ക്‌ സക്കര്‍ബര്‍ഗ് വിവാഹ  ഉടമ്പടി ഒപ്പ്  വച്ചത്. 
ഹവാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന കാലത്താണ് സുകര്‍ബര്‍ഗും പ്രിസില്ലയും പരിചയപ്പെടുന്നത്. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ഇരുവരും ഒരുമിച്ചാണ് താമസം. താന്‍ വിവാഹിതനായ വിവരം തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ 28 കാരനായ സുകര്‍ബര്‍ഗ് രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വപ്രയത്നത്തിലൂടെ ചെറു പ്രായത്തില്‍ കോടീശ്വരനായ വ്യക്തിയാണ് മാര്‍ക് സൂക്കര്‍ബര്‍ഗ്. 2004 ലാണ് അദ്ദേഹം ഫേസ്ബുക്ക് കണ്ടുപിടിക്കുന്നത്. 2010 ല്‍ തന്റെ 26 ാമത്തെ വയസില്‍ ടൈം മാഗസിന്‍ അദ്ദേഹത്തെ പേഴ്സണ്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുത്തിരുന്നു.

വി. എസ് റോക്ക്സ് .....

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി
ഇവിടെ ക്ലിക്ക് ചെയ്യുക
പ്രതിപക്ഷ നേതാവായി തുടരാന്‍ താല്‍പ്പര്യമില്ല എന്ന്‌ പറഞ്ഞതിന്റെ പ്രായോഗിക രാഷ്ട്രീയവും പാര്ട്ടിക്കകത്തെ ഉള്‍പ്പിരിവുകളും ഇത്‌ വരെയും മനസിലായില്ലേ വായനക്കാരന്‍ സഖാവേ???
സ്ഥിരം രാഷ്ട്രീയ പഠന  ക്ലാസ്സുകളില്‍ , നിങ്ങള്‍, പങ്കെടുക്കാറില്ല, അല്ലേ??
വിഎസ്സിന് മനസ്സ് നൊന്തെന്നു  വിലപിക്കുന്ന കോണ്ഗ്രസ് 'സാര്‍' ടിവി ചാനലില്‍ നിറഞ്ഞു നില്‍ക്കുന്നു..
സംസ്ഥാന നേതൃത്വം മാറിയാല്‍ വിഎസും തുടരും...അപ്പൊ കോണ്ഗ്രസ് സാറന്മാരും ഈ നിലപാട് തുടരുമോ ആവോ!

വാര്‍ത്ത- വി.എസ് പാര്‍ട്ടിക്ക് കത്ത് കൊടുത്തു

2012, മേയ് 15, ചൊവ്വാഴ്ച

രാത്രികാല പോസ്ടുമോര്‍ട്ടം



ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി
ഇവിടെ ക്ലിക്ക് ചെയ്യുക
അഴിമതിക്കും നീതിനിഷേധത്തിനും ഇട വരുത്തും വിധം സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ രാത്രിയിലും പോസ്റ്റുമോര്‍ട്ടം നടത്താന്‍ അനുമതി നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവ് അണിയറയില്‍ ഒരുങ്ങുന്നു. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പിന്  ശേഷം മാത്രം ആഭ്യന്തരവകുപ്പ്  പുറത്തിറക്കുന്ന ഉത്തരവ് പ്രകാരം 24 മണിക്കൂറും പോസ്റ്റുമോര്‍ട്ടം നടത്താന്‍ അനുമതി നല്‍കുമെന്നാണ് സൂചന.

നിലവില്‍ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം നാലുവരെ മാത്രമേ പോസ്റ്റുമോര്‍ട്ടം നടത്താന്‍ അനുമതിയുള്ളു. ഈ ഉത്തരവിറങ്ങിയാല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, ജനറല്‍ ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ 24 മണിക്കൂറും പോസ്റ്റുമോര്‍ട്ടം നടത്താനാകും. പൊതുജനത്തിന്  സഹായമാകുമെന്ന് പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും റിപ്പോര്‍ട്ടുകളില്‍ വളച്ചൊടിക്കലിന് അസമയത്തുള്ള പോസ്റ്റുമോര്‍ട്ടം പരിശോധന വഴിവെക്കുശമന്നാണ് രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. രാത്രി പോസ്റ്റുമോര്‍ട്ടം നടത്താമോ എന്ന വിഷയത്തില്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഡോക്ടര്‍മാരില്‍ നിന്നും അഭിപ്രായമാരാഞ്ഞിരുന്നു. ലഭിച്ച മറുപടി എന്തെന്ന് ഇത്‌ വരെയും സര്‍ക്കാര്‍ പുറത്തു വിട്ടിട്ടില്ല. 


എന്നാല്‍, 24 മണികൂറും പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന്  തക്ക മൃതദേഹങ്ങളുടെ എണ്ണം അധികരിച്ചില്ലെന്നാണ് ഡോക്ടര്‍മാര്‍ തന്നെ പറയുന്നത്. നിലവിലെ സംവിധാനങ്ങളില്‍ പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിയുന്നുമുണ്ട്.  ക്ഷതം, മുറിവ്, മറ്റ് പരിക്കുകള്‍ എന്നിവയുടെ പരിശോധന കൃത്യമാകണമെങ്കില്‍ സൂര്യപ്രകാശമുള്ള സമയം വേണമെന്ന് ലോകത്ത് പ്രചാരത്തിലുള്ള മെഡിക്കല്‍ നിയമസംഹിതകള്‍ വ്യക്തമാക്കുന്നത്. കോളിളക്കം സൃഷ്ടിച്ച് സൗമ്യ കൊലക്കേസില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെ യ്യുന്നതിന് വൈകുന്നേര സമയം ഒഴിവാക്കിയതും രാവിലെ നടത്തിയതും വിചാരണയില്‍ പ്രത്യേകം പ്രസ്താവിക്കപ്പെട്ടിരുന്നു.


 കൃത്രിമ വിളക്കുകളുടെ കീഴില്‍ നടത്തുന്ന പരിശോധനയില്‍ ക്ഷതങ്ങള്‍ കൃത്യമായി നിര്‍ണയിക്കാന്‍ ബുദ്ധിമുട്ടാണ്. ഫ്ളൂറസെന്‍റ് വിളക്കുകള്‍ നിലവില്‍ പോസ്റ്റുമോര്‍ട്ടം മുറികളില്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, രാത്രിയിലും പരിശോധന നടത്തേണ്ടിവരുമ്പോള്‍ ഈ വിളക്കുകളുടെ പ്രകാശം പര്യാപ്തമല്ലാതെ വരും. ഇതിന് അത്യാധുനിക പ്രകാശ സംവിധാനം സ്ഥാപിക്കേണ്ടതുണ്ട്. എന്നാല്‍, നിലവിലെ സ്ഥിതിയനുസരിച്ച് സര്‍ക്കാര്‍ സംവിധാനങ്ങളിലെ പോസ്റ്റുമോര്‍ട്ടം മുറികളില്‍ ഈ പ്രകാശസംവിധാനമില്ല. ഇപ്പോള്‍ തന്നെ ആവശ്യത്തിന് ജീവനക്കാരില്ലാത്ത പോസ്റ്റുമോര്‍ട്ടം വകുപ്പുകളില്‍ രാത്രി പരിശോധനകള്‍ ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും. പരിശോധന നടത്തുന്ന ഡോക്ടര്‍ക്കൊപ്പം രണ്ട് അറ്റന്‍ഡര്‍മാര്‍ കൂടി വേണം. ഇതോടെ രാത്രികാല സേവനത്തിന് കൂടി ഒട്ടും ആളില്ലാത്ത സ്ഥിതിയും വരും. റിപ്പോര്‍ട്ടുകള്‍ മായം ചേര്‍ക്കാന്‍ രാത്രി പോസ്റ്റുമോര്‍ട്ടങ്ങളില്‍ സാധ്യതയേറെയാണെന്നും ഡോക്ടര്‍മാര്‍ തന്നെ വെളിപ്പെടുത്തുന്നു. 

മൃതദേഹം സ്വീകരിച്ച് ഒരു മണിക്കൂറിനകം പരിശോധന ആരംഭിക്കണമെന്നാണ്  കീഴ് വഴക്കം. എങ്കിലും പ്രതിദിനം 10 മൃതദേഹങ്ങള്‍ വരെ ലഭിക്കുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിലടക്കം മൂന്ന് ടേബിള്‍ വീതം പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം സമയത്തിന് വിട്ടു നല്‍കാന്‍ സാഹചര്യങ്ങളുണ്ട്. അതുകൊണ്ട് തന്നെ 24 മണിക്കൂര്‍ ആവശ്യമില്ലെന്നാണ് മിക്ക ഡോക്ടര്‍മാരുടേയും നിലപാട്. തമിഴ്നാട്ടില്‍ 20 വര്‍ഷം മുമ്പ് ഇത്തരത്തില്‍ രാത്രി പോസ്റ്റുമോര്‍ട്ടം നടത്താന്‍ അനുമതിയായെങ്കിലും ഡോ. മതിവരന്‍ മദ്രാസ് ഹൈകോടതിയെ സമീപിച്ച് ഉത്തരവ് റദ്ദ്  ചെയ്തു. കര്‍ണാടകയിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും ഈ സൗകര്യമുണ്ട്. കൊലപാതക കേസുകള്‍ മാത്രം സ്വീകരിക്കരുതെന്നാണ് നിബന്ധന. എന്നാല്‍, പ്രഥമദൃഷ്ട്യാ കൊലപാതകമെന്ന് തോന്നിയില്ളെങ്കിലും പരിശോധനയില്‍ കൊലപാതകമെന്ന് തെളിഞ്ഞേക്കാം. അതിനാല്‍ കൊലപാതക കേസുകള്‍ രാത്രിയില്‍ സ്വീകരിക്കില്ലെന്ന നിലപാട് പലപ്പോഴും പ്രഹസനമാകുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

 അഞ്ചിലധികം പേര്‍ കൂട്ടത്തോടെ മരിക്കുന്ന സന്ദര്‍ഭങ്ങളില്‍ മന്ത്രിസഭയുടെ പ്രത്യേക കാബിനെറ്റ് യോഗം ചേര്‍ന്ന് രാത്രിയിലും പരിശോധനക്ക് അനുമതി നല്‍കാറുണ്ട്.    ക്രമസമാധാന പ്രശ്നം നിലനില്‍ക്കുന്ന പ്രദേശമാണെന്ന് ജില്ലാ മജിസ്ട്രേറ്റോ കലക്ടറോ റിപ്പോര്‍ട്ട് നല്‍കിയാലും  മന്ത്രിസഭയുടെ പ്രത്യേക ഉത്തരവ് പ്രകാരം രാത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്താം. മേല്‍പറഞ്ഞ രണ്ട് സന്ദര്‍ഭങ്ങളിലല്ലാതെ പരിശോധന നടത്തേണ്ടതില്ളെന്നാണ് വിവിധ നിയമസംഹിതകളും വ്യക്തമാക്കുന്നത്. 2011 ഒക്ടോബറിലാണ് ഇത് സംബന്ധിച്ച അവസാന ഉത്തരവ് പുറത്തിറങ്ങിയത്. 

 നോര്‍വേ , സ്വീഡന്‍ പോലുള്ള വിദേശ രാജ്യങ്ങളില്‍ രാത്രികാലത്തു പോസ്ടുമോര്‍ട്ടം നടത്താറുണ്ട്. എന്നാല്‍ പകലിന്റെ ദൈര്‍ഘ്യം കുറഞ്ഞത്‌ കൊണ്ടാണ് ഇവിടെ രാത്രിയിലും പരിശോധന നടത്തേണ്ടി വരുന്നത്.


2012, മേയ് 13, ഞായറാഴ്‌ച

പടച്ചോനെ .... ഞങ്ങള്‍ക്ക് ഞങ്ങടെ ഉമ്മച്ചിയെയെങ്കിലും തിരികെ തന്നൂടെ?


ഇന്ന്  ലോക  മാതൃദിനം



അമ്മയുടെ കരുതലും സ്നേഹവും വര്‍ണിക്കപ്പെടുന്ന   സുദിനമാണിത്  . പലരും ഈ ദിനം  ആഘോഷിക്കുന്ന സമയത്ത് (ദിനാചരണങ്ങള്‍ പ്രഹസനമാണെന്ന് കരുതുന്നു, എങ്കിലും) വായനക്കാര്‍ക്ക് മുന്നിലേക്ക്‌  ജീവിതം നഷ്ടപ്പെട്ടു  കൊണ്ടിരിക്കുന്ന ഒരമ്മയുടെയും രണ്ട് മാലാഖക്കുരുന്നുകളുടെയും ജീവിത യാതന സമര്‍പ്പിക്കുന്നു.
അവരുടെ കദനം വിവരിക്കുന്ന ഒരു ചിത്രവും ഒപ്പമുണ്ട്. ഭീകരമായ ആ ചിത്രം ഇവിടെ പ്രസിദ്ധീകരിക്കാന്‍ മനസ്സാ തയ്യാറല്ലെങ്കിലും    മറ്റൊരു ചിത്രം കിട്ടാത്തതിനാല്‍ ചേര്‍ക്കേണ്ടി വന്നു. വായിച്ചു പോകുക എന്നതിനുപരി, കഴിയാവുന്നവര്‍ ചെറിയ സഹായമെങ്കിലും ഈ കുരുന്നുകള്‍ക്ക് നല്‍കണമെന്ന് കൂടി അപേക്ഷിക്കുന്നു. കാരണം അവര്‍ക്ക് അവരുടെ ഉമ്മച്ചിയെ വേണം , അവര്‍ അനാഥര്‍ ആകാതിരിക്കാന്‍.....
facebook






""പടച്ചോനെ .... ഞങ്ങള്‍ക്ക് ഞങ്ങടെ ഉമ്മച്ചിയെയെങ്കിലും തിരികെ  തന്നൂടെ? ഉമ്മച്ചിയെ  മരിപ്പിക്കല്ലേ ..." --വാപ്പയില്ലാത്ത രണ്ട് കുരുന്നുകളുടെ കരച്ചില്‍ കേട്ടു നില്‍ക്കുന്നവരെ കൂടി കരയിപ്പിക്കും. മുന്‍പില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ കട്ടിലില്‍ അവരുടെ ഉമ്മച്ചിയുണ്ട്  , എഴുന്നേല്‍ക്കാന്‍ വയ്യാതെ  ...

കുഞ്ഞുമാലാഖക്കുട്ടികളാണ്  പത്തു വയസ്സുകാരി ഷഹനയും ഏഴു വയസ്സുകാരി  രഹനയും .  പേരു കൊണ്ട്  പോലും രാജകുമാരികള്‍. പഠിക്കാന്‍  മിടുക്കികള്‍ . വീട്ടിലുള്ളവരുടേയും  നാട്ടിലുള്ളവരുടെയും പൊന്നോമനകള്‍. വടക്കാഞ്ചേരിയിലെ പളളിസ്കൂളിലാണ്  പഠനം. ടീച്ചര്‍മാര്‍ക്കും കൂട്ടുകാര്‍ക്കും ഏറെ പ്രിയമുള്ളവര്‍! എന്നാല്‍ കാലം ഇവര്‍ക്ക് കാത്ത് വച്ചിരിക്കുന്നത്  ഉമ്മയുടെ മരണഭയവും അനാഥത്വവും.

പതിനൊന്നു  കൊല്ലം  മുന്‍പാണ് വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനടുത്തുള്ള   മാരത്തുകുന്നു നാരോത്ത്പറമ്പിലെ പരേതനായ  ഉണ്ണിയാന്‍ കുട്ടിയുടെയും വിയ്യുംമയുടെയും എട്ടു മക്കളില്‍ ഇളയവളായ നബീസയുടെ (40 )വിവാഹം കഴിഞ്ഞത്. ഈറോഡ് സ്വദേശിയായിരുന്നു  വരന്‍.
സ്വന്തം നാട്ടുകാരനെ കൊണ്ടു തന്നെ മകളെ വിവാഹം കഴിപ്പിക്കണം എന്നൊക്കെ ആയിരുന്നു ആ പിതാവിന്റെ ആഗ്രഹമെങ്കിലും കൂലിവേലക്കാരനായ  ആ മനുഷ്യന്   ആ മോഹം ഉപേക്ഷിക്കേണ്ടി വന്നു. മകളുടെ വിവാഹം നടന്നു കാണാനുള്ള ആഗ്രഹം കൊണ്ട്  ആലോചനയില്‍ കൂടുതലൊന്നും അന്വേഷിക്കാതെ വിവാഹം നടത്തി. അന്ന് നബീസക്ക് പ്രായം 29 . മറ്റേതൊരു പെണ്‍കുട്ടിയെയുമെന്ന പോലെ നിറയെ സ്വപ്നങ്ങളുമായാണ് നബീസയും വിവാഹശേഷമുള്ള ജീവിതത്തെ വരവേറ്റത്.  എന്നാല്‍ ഉണ്ടായത് സിനിമ കഥയെ വെല്ലുന്ന ജീവിത ദുരിതങ്ങള്‍....


വിവാഹം കഴിഞ്ഞ്‌ ആദ്യ കണ്മണി പിറന്നു. ആ ഒരു വര്‍ഷം കൊണ്ട്  നബീസയും അവളുടെ വീട്ടുകാരും ഒരു കാര്യം മനസ്സിലാക്കി. ഭര്‍ത്താവിനു പ്രത്യേകിച്ച് ഒരു ജോലിയുമില്ല. നബീസയും വാപ്പയും കൂലിക്ക് പോയി കൊണ്ടു വരുന്ന പണം ഉപയോഗിച്ചു അയാള്‍ കുടിച് ഉന്‍മത്തനായി നടന്നു.
എന്നിട്ട് ഭാര്യയെ പൊതിരെ തല്ലും. എങ്കിലും ''ഭാര്യയല്ലേ, എല്ലാം സഹിക്കേണ്ടവളല്ലേ '' എന്ന്‌ കരുതി നബീസ എല്ലാം സഹിച്ചു ജീവിച്ചു. ആദ്യത്തെ കുഞ്ഞിനു മൂന്നു വയസായപ്പോള്‍  നബീസ വീണ്ടും ഗര്‍ഭവതിയായി    . അതോടെ  ഭര്‍ത്താവിന്റെ പീഡനം വര്‍ധിച്ചു  .  കുഞ്ഞിനെ അലസിപ്പിച്ചു കളയണമെന്നാവശ്യപ്പെട്ട്‌    അയാള്‍ നബീസയെ പൊതിരെ മര്‍ദ്ദിച്ചു. എന്നാല്‍ ദൈവം തന്ന ജീവനെ നശിപ്പിക്കില്ലെന്ന നിലപാടില്‍ നബീസ ഉറച്ചു നിന്നതോടെ അയാള്‍ മറ്റൊന്ന് വെളിപ്പെടുത്തി. അയാള്‍ക്ക്‌ മറ്റൊരിടത്ത് ഭാര്യയും മക്കളും ഉണ്ട്. ഇനി നബീസയെ  വേണ്ടെന്നു പറഞ്ഞ അയാള്‍ വീട് വിട്ടിറങ്ങി.  നിറവയറോടെ നിരാലംബയായി വീട്ടില്‍ വന്നു കയറിയ മകളെ സ്വന്തം വീട്ടുകാര്‍ തള്ളിപ്പറഞ്ഞില്ല.

അങ്ങനെ ദുരിതങ്ങള്‍ക്കിടയിലേക്ക്  സന്തോഷം പകര്‍ന്നു രഹന പിറന്നു വീണു. രണ്ട് കുഞ്ഞുങ്ങളെയും പോറ്റാന്‍ ആ അമ്മ  തൊഴിലുറപ്പ് പദ്ധതിയില്‍  അംഗമായി.  ജീവിതം തിരികെ പിടിക്കണമെന്നും മക്കളെ രാജകുമാരികളായി വളര്‍ത്തണമെന്നും ഉള്ള ആശ കൊണ്ട്  കഠിനമായി ജോലി ചെയ്ത  നബീസക്കു ദൈവം കാത്ത് വച്ചത് തൊഴിലുറപ്പ് പദ്ധതി കൂട്ടത്തിന്റെ നേതൃ പദവി. എന്നാല്‍ അധികം വൈകാതെ ദുരന്തം മറ്റൊരു രൂപത്തില്‍ തിരിച്ചെത്തി.
തൊണ്ടവേദന സഹിക്കാതെ ആയപ്പോഴാണ് നബീസ ഡോക്ടറെ കാണുന്നത്. വെള്ളം പോലും ഇറക്കാന്‍ വയാത്ത അവസ്ഥ. ജോലിഭാരവും കഠിനമായ വെയിലും കൊണ്ട് നീരിറിക്കം വന്നതാണെന്നാണ് എല്ലാവരും കരുതിയത്‌. എന്നാല്‍ പരിശോധിച്ച ഡോക്ടര്‍ക്ക് നേരിയ സംശയം. അദ്ദേഹം ഉടനെ മുളങ്കുന്നത്തു കാവ് മെഡിക്കല്‍ കോളെജിലേക്ക്  റഫര്‍ ചെയ്തു. പണിത്തിരക്കുകള്‍    കാരണം നബീസ തല്‍ക്കാലത്തേക്ക്  ജലദോഷത്തിന്റെ  ഗുളിക വാങ്ങി. എന്നാല്‍ ശബ്ദം വരാതായതോടെ നബീസ  മെഡിക്കല്‍ കോളേജിലെത്തി. വിശദമായ പരിശോധനയില്‍ ഡോക്ടര്‍മാര്‍ അക്കാര്യം ഉറപ്പിച്ചു. നബീസക്ക് തലച്ചോറില്‍ കാന്‍സര്‍ ആണ്‌. ദിവസങ്ങള്‍ കടന്നു പോകവേ നബീസക്ക് ഇരു കണ്ണിനും കാഴ്ച നഷ്ടപ്പെട്ടു. ഇടതു കണ്ണു പുഴുത്ത് പുറത്തു ചാടി. തലമുടി മൊത്തം കൊഴിഞ്ഞു.
റേഡിയേഷന്‍ നടത്തിയാല്‍ ഒരു പക്ഷെ വലതു കണ്ണിനു കാഴ്ച വീണ്ടെടുക്കാമെന്നാണ്    ഡോക്ടര്‍മാര്‍ പറയുന്നത്. ഇപ്പോള്‍ തന്നെ ദിനം  പ്രതി  അഞ്ഞൂറിലേറെ രൂപ ചികിത്സക്കായി ചെലവുണ്ട്.എന്നാല്‍ രോഗക്കിടക്കയില്‍ തളര്‍ന്നു കിടക്കുന്ന നബീസക്കിനി കൂലി വേലയ്ക്കു എങ്ങനെ പോകാനാണ്. ? കുഞ്ഞ് മക്കള്‍ എന്ത് ചെയ്യാനാണ്. ?? നാട്ടുകാരാണ് ഇപ്പോഴാ മക്കളെ പരിപാലിക്കുന്നത്. നബീസയെ രോഗക്കിടക്കയില്‍ പരിപാലിക്കുന്നതും നാട്ടുകാര്‍ തന്നെ! ഇതിനിടയില്‍  പോലീസുകാര്‍ ഇടപ്പെട്ട്  ഭര്‍ത്താവിനെ ആശുപത്രിയിലെത്തിച്ചു. പോലിസുകാരോടുള്ള  പേടി കൊണ്ട് ആശുപത്രിയിലെത്തിയെങ്കിലും ക്രൂരനായ ആ മനുഷ്യന്‍ ആ പാവം സ്ത്രീയെ കൊല്ലാക്കൊല ചെയ്തു. മൂക്കിലൂടെ ഭക്ഷണം    നല്കാനിട്ടിരുന്ന ട്യൂബ് അയാള്‍ വലിച്ചു പറിച്ചെറിഞ്ഞു. പരിപാലിക്കാനെത്തിയവരെ  അയാള്‍ ആട്ടിയോടിച്ചു. സമീപത്തെ കിടക്കകളിലുള്ള രോഗികളെയും കൂട്ടിരിപ്പുകാരെയും അയാള്‍ ശല്യം ചെയ്തു. ഒടുവില്‍ ദിവസങ്ങള്‍ക്കകം ആശുപത്രി അധികൃതര്‍ അയാളെ പിടിച്ചു പുറത്താക്കി.

ഇപ്പോള്‍ പഴയ മെഡിക്കല്‍ കോളെജ്  കെട്ടിടത്തിലെ അഞ്ചാം വാര്‍ഡില്‍ പത്തൊമ്പതാം നമ്പര്‍ കട്ടിലില്‍ നബീസ തനിച്ചാണ്

നബീസയെ രക്ഷപ്പെടുത്താന്‍
നാട്ടുകാരും വാര്‍ഡ്‌ മെമ്പര്‍ വിജയും ചേര്‍ന്ന്
നബീസ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്.
വടക്കാഞ്ചേരി ചാലിപ്പാടത്തുള്ള സഹകരണ ബാങ്കില്‍
''നബീസ  സഹായ നിധി 3752 ''  എന്ന പേരില്‍
അക്കൗണ്ട്‌ ഉണ്ട്.  അക്കൌണ്ടിന്റെ  കൂടുതല്‍ വിവരങ്ങള്‍ക്ക് 
ബാങ്ക്  ഫോണ്‍ നമ്പര്‍ - 04884 232 348  


അവധിക്കാലം കഴിയാറായി. പുത്തനുടുപ്പും ബാഗും ചോറ് പാത്രവും നല്‍കി മക്കളെ സ്കൂളിലേക്ക് അയക്കണമെന്ന് ഈ അമ്മക്ക് ആഗ്രഹമുണ്ട്. എന്നാല്‍ വിധിയില്ല. ഇപ്പോള്‍ മക്കളോടൊന്നു  മിണ്ടാനോ അവരെയൊന്നു കാണാനോ കഴിയാത്ത ആ അമ്മ സുമനസ്സുകളുടെ കാരുണ്യം ആഗ്രഹിക്കുന്നുണ്ട്.കമ്മന്റുകളോ  ലൈക്കുകളോ വേണമെന്നില്ല. മനസ്സ് പറയുന്ന സഹായം ചെയ്തു കൊടുക്കാം. ആരും ആരെയും നിര്‍ബന്ധിക്കുന്നില്ല. എങ്കിലും സ്വന്തം മക്കള്‍ക്കായിരുന്നു ഈ വിധിയെങ്കില്‍ എന്ത് ചെയ്യുമായിരുന്നോ, അതിന്റെ പത്തിലൊന്നെങ്കിലും  ചെയ്തു നല്‍കണേ...




2012, മേയ് 11, വെള്ളിയാഴ്‌ച

അസഭ്യ ജീന്‍സ്

 ജീന്‍സ് എന്നത് സഭ്യമാണോ  എന്നതാണ് ഈ ആഴ്ചത്തെ വെള്ളിക്കിഴമൈ കിന്റലിന്റെ വിഷയം.  ജോലി സ്ഥലങ്ങളില്‍ സ്ത്രീകള്‍ ജീന്‍സും ടീ ഷര്‍ട്ടും ധരിക്കുന്നത് നിരോധിച്ചു കൊണ്ട് ഹരിയാനയിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള മന്ത്രാലയം  കഴിഞ്ഞയാഴ്ച പുറത്തിറക്കിയ ഉത്തരവ്  രാജ്യത്ത്  പ്രതിഷേധ തിരമാലകള്‍ ഉയര്‍ത്തിയിട്ടുണ്ട്. 
ജോലി സ്ഥലങ്ങളിലെ മാന്യമായ വസ്ത്രധാരണം എന്ന തലക്കെട്ടോടെയുള്ള ഉത്തരവില്‍ സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നത് മാന്യമല്ലെന്ന് പറയന്നു.. സാരി അല്ലെങ്കില്‍ സല്‍വാര്‍ കമ്മീസാണ്‌ മാന്യമായ വസ്ത്രമത്രേ ! സല്‍വാര്‍ ധരിക്കുന്നെങ്കില്‍  ഒപ്പം ദുപ്പട്ട കൂടി ധരിച്ചില്ലെങ്കില്‍  മാന്യതയില്ലെന്നും പറയുന്നു. പാശ്ചാത്യ രിതിയില്‍ ജീന്‍സും ടീ ഷര്‍ട്ടും ധരിക്കുന്നത് അഭംഗിയാണെന്നതിനു പുറമെ വസ്ത്രധാരണം സംബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്.  പുരുഷന്മാര്‍ പാന്റ്സും ഷര്‍ട്ടും മാത്രമേ ധരിക്കാവൂ എന്നും ഉത്തരവ് പറയുന്നു.
അതെല്ലാം വായനക്കാരന്‍ തീരുമാനിക്ക്, സഭ്യമോ  അസഭ്യമോ  എന്ന്‌. അതിനു മുന്‍പ്‌ ചില  ചിത്രങ്ങള്‍ കാണുക. സാരിയും ചുരിദാറും പര്‍ദയും തന്നെ!










2012, മേയ് 10, വ്യാഴാഴ്‌ച

കുലംകുത്തി പുരാണം- ഒഞ്ചിയം പര്‍വ്വം

V.S.Sunilkumar M.L.A
T.P.Chandrashekharan
R>M.P. Leader
pinaraayi Vijayan
E.P.Jayarajan 


ടി.പിയുടെ  കൊലപാതക മരണം കൊണ്ട്  അങ്ങോട്ട്‌ ചാര്‍ത്തിക്കൊടുത്ത 'കുലംകുത്തി ' പട്ടം ഒരല്‍പം  വൈകിയാണെങ്കിലും സിപിഎമ്മിന്  തിരിച്ചു കിട്ടി.  സമാധാനമായി, ഗോപിയേട്ടാ,സമാധാനമായി.  കൊടുത്താല്‍ ഒഞ്ചിയത്തും  കിട്ടുമെന്ന് തെളിയിച്ചു കൊടുത്തിരിക്കുകയാണ്  'കുലംകുത്തി സിപിഎമ്മി'ന്റെ മാതൃ സംഘടനയായ സി.പി.ഐ.
ടി.പി.ചന്ദ്രശേഖരന്‍ ധീരനായ കമ്മ്യൂണിസ്റ്റാണെന്ന് കൂടി സി.പി.ഐ ക്കാരനായ വി.എസ്.സുനില്‍കുമാര്‍. എം.എല്‍.എ. നിലപാട്  വ്യക്തമാക്കിയിട്ടുണ്ട്.  ''ആര്‍.എം.പിക്കാര്‍ കുലംകുത്തികളാണെങ്കില്‍ നേരത്തെ സി.പി.ഐ വിട്ടവരും കുലംകുത്തികളാണ്. സി.പി.ഐ പിളര്‍ത്തിയാണ് സി.പി.എം ഉണ്ടായതെന്നകാര്യം മറക്കരുത് '' എന്ന് സുനിലോപനിഷത്- ജസ്റ്റ്‌ റിമംബര്‍ ദാറ്റ്‌! 
ശുംഭന്‍  എന്നത് പ്രകാശമാനമായവന്‍  എന്നാണെന്ന്  സമര്‍ഥിക്കാന്‍  നിഘണ്ടു തലനാരിഴ കീറി പരിശോധിപ്പിച്ചത് പോലെ ഇതിലിനി എന്തൊക്കെ കേള്‍ക്കേണ്ടി വരുമോ, ആവോ? നാളെയിനി   കുലംകുത്തി എന്നത്  'വിശുദ്ധന്‍' എന്നതിന്റെ  നാനാര്‍ത്ഥം ആണെന്ന് കൂടി ചിലപ്പോള്‍ കേള്‍ക്കാം !  കുലംകുത്തി  പിണറായി , കുലംകുത്തി ജയരാജന്‍ .....ഹാ....  ആരാന്റമ്മക്ക് ഭ്രാന്തു പിടിച്ചാല്‍ കാണാന്‍ നല്ല ശേല് തന്നെ!

2012, മേയ് 4, വെള്ളിയാഴ്‌ച

വിക്കി ടീച്ചര്‍

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 
നിങ്ങള്‍ കര്‍ഷകനാണോ? അതോ നാട്ടു വൈദ്യനോ പാചകവിദഗ്ദനോ ?.തൊഴിലും വിദ്യാഭ്യാസവും ഏതുമാകട്ടെ, പ്രായവും പ്രശ്നമല്ല- നിങ്ങള്‍ക്കും അധ്യാപകരാകാം. വിക്കി എജ്യുക്കേറ്ററും യുനെസ്കൊയുമാണ് ഈ അവസരമൊരുക്കുന്നത് .
( താല്‍പ്പര്യമുള്ളവര്‍ക്ക്  മാത്രം വായിക്കാം.വിഷയത്തില്‍ നിന്നും വിട്ടു പോകാതെ ശ്രദ്ധിക്കുക .  ഇതേ വാര്‍ത്ത മാധ്യമം ഓണ്‍ലൈനില്‍ വന്നത് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക )
 

വെറുതെ വേണ്ട, ഓണ്‍ലൈന്‍ വഴി അധ്യാപകരായി അറിവ് പകര്‍ന്നാല്‍ കൈ നിറയെ പണം നല്‍കാമെന്നാണ് ‘വിക്കി’ അധ്യാപകര്‍ക്ക് ഇവരുടെ വാഗ്ദാനം. വീടുകളില്‍ കമ്പ്യൂട്ടറുകള്‍ സര്‍വ സാധാരണമായിക്കൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തില്‍, കുടുംബ ചുമതലകള്‍ മൂലം പുറത്ത് ജോലിക്ക് പോകാന്‍ കഴിയാത്ത കേരളത്തിലെ വലിയൊരു വിഭാഗം സ്ത്രീകള്‍ക്ക് കൂടി സന്തോഷം പകരുന്നതാണ് ഈ വാഗ്ദാനം.



ഓരോ കുഞ്ഞും ആദ്യപാഠം പഠിക്കുന്നത് ചുറ്റുപാടില്‍ നിന്നാണ്. എന്നാല്‍ സ്വന്തം അമ്മയെയോ,പിതാവിനെയോ ഔചാരിക അധ്യാപികരായി ലോകം കാണുന്നില്ല. അമ്മയും ബന്ധുക്കളും നാട്ടുകാരും പറഞ്ഞു തരുന്ന അറിവുകളെ എല്ലാവരിലുമത്തെിക്കുക എന്നതാണ് വിക്കി എജ്യുക്കേറ്ററിന്‍െറ ലക്ഷ്യം. വീടിനകത്തൊരു ആഗോള പഠനമുറിയൊരുക്കി പത്തു മണിക്കൂറിന് ഏററവും കുറഞ്ഞത് നാലായിരം രൂപ വരെ നേടാന്‍ കഴിയും. പാചകം, കൃഷി, മുത്തശ്ശികഥകള്‍, നാട്ടു വൈദ്യം, യാത്രാവിവരണം , പ്രാദേശിക കലകള്‍, അനുഷ്ഠാനങ്ങള്‍ ,ഭാഷ, വീട്, മതം തുടങ്ങി എന്തും ഓണ്‍ലൈന്‍ വഴി പഠിപ്പിക്കാമെന്നതാണ് പ്രത്യകേത.



വിക്കി അധ്യാപകരാകാന്‍ സൗജന്യ പരിശീലനം നേടുക എന്നതാണ് ആദ്യപടി. വിക്കി എജ്യുക്കേറ്ററിന്‍െറ അംഗത്വം സ്വീകരിക്കുകയും വേണം. പിന്നീട് കഴിവിന്‍െറ അടിസ്ഥാനത്തില്‍ അധ്യാപകരായി നിയമനം ലഭിച്ചേക്കാം. ദേശ -കാല വ്യത്യാസമില്ലാതെ ശിഷ്യ ഗണത്തെ നേടാം.
വലിയ ചെലവില്ലാതെ ഇന്‍റര്‍നെറ്റ് ചാറ്റ്, ഫോണ്‍, ഗ്രൂപ്പ് കോണ്‍ഫറന്‍സ് എന്നിവ വഴി സംസാരത്തിലൂടെയും പാഠങ്ങള്‍ പകര്‍ന്നു നല്‍കാം. ഇത് വഴി പഠന ഭാഷ ഇംഗ്ളീഷ് തന്നെയാകണമെന്ന കടമ്പ മറികടക്കാന്‍ കഴിയുമെന്നും വിക്കി ഫെസിലിറേററ്റര്‍ സെബാസ്റ്റ്യന്‍ പനക്കല്‍ പറഞ്ഞു.



 ലോകമൊട്ടുക്കുമുള്ള വിദ്യാര്‍ഥികള്‍ക്ക് ഏതു സമയത്തും പാഠങ്ങള്‍ പഠിക്കാന്‍ കഴിയും. പരിശീലനം നേടിയ ചില സ്കൂള്‍ വിദ്യാര്‍ഥികള്‍ തന്നെ ഇപ്പോള്‍ സ്റ്റൈപ്പന്‍റോടെ അധ്യാപകരായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദഹേം പറഞ്ഞു. വിഷയത്തില്‍ പ്രാഥമിക പരിശീലനം നല്‍കാന്‍ എറണാകുളം സെന്‍റ്. തെരേസാസ് കോളജില്‍ ശനിയാഴ്ച(മേയ് 5) ശില്‍പശാല നടക്കുന്നുണ്ട്. ഇതില്‍ പ്രവേശനം സൗജന്യമാണെന്ന് മുന്‍ മേയര്‍ പ്രഫ. മേഴ്സി വില്ല്യംസ്, സെബാസ്റ്റ്യാന്‍ പനക്കല്‍, വിക്കി അംബാസഡര്‍മാരായ പ്രഫ. ഷിജി സുബോധ് , ഡി. ഗോപകുമാര്‍, എസ്. ലേഖ എന്നിവര്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക്: 99466 64605

2012, മേയ് 3, വ്യാഴാഴ്‌ച

ബലരാമനോ ബലം , ആശുപത്രി മാനേജ്മെന്റുകള്‍ക്കോ ?


ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 

നഴ്സുമാര്‍ വീണ്ടും വാര്‍ത്തയില്‍ . നുഴ്സുമാര്‍ക്കും അവരുടെ ദുരിതങ്ങള്‍ കണ്ട്‌ സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചവര്‍ക്കും മനം കുളിര്‍പ്പിക്കുന്ന റിപ്പോര്‍ട്ട്‌ കഴിഞ്ഞ ദിവസം ബലരാമന്‍ കമ്മീഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ചത്  സമ്മതിക്കില്ലെന്നു  ആശുപത്രി മാനേജ്മെന്റുകള്‍ ഘോര ഘോരം പ്രഖ്യാപിച്ചു കഴിഞ്ഞു.  സര്‍ക്കാര്‍ മാനേജ്മെന്റുകള്‍ക്ക്  വഴങ്ങില്ലെന്ന് പ്രതീക്ഷിക്കാം.


പ്രസക്ത ഭാഗങ്ങള്‍
**********************
*ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 12,900 രൂപ
*എട്ടു മണിക്കൂര്‍ ഷിഫ്റ്റ് സമ്പ്രദായം നിര്‍ബന്ധമാക്കണം
*ശമ്പളം എല്ലാ മാസവും അഞ്ചിനു മുന്‍പു ബാങ്ക് വഴി നല്‍കണം
*ബോണ്ട് സമ്പ്രദായം നിയമവിരുദ്ധമാക്കാന്‍ നിര്‍ദേശം.
*സര്‍ട്ടിഫിക്കറ്റ്  തടഞ്ഞുവയ്ക്കല്‍, ഡിപ്പോസിറ്റ് വാങ്ങല്‍, റജിസ്റ്റേഡ് നഴ്സുമാരെ ട്രെയിനികളായി നിയമിക്കല്‍ എന്നിവ നിര്‍ത്തലാക്കണം.
*സര്‍ക്കാര്‍ മേഖലയിലെ നഴ്സുമാരുടെ അടിസ്ഥാന ശമ്പളത്തില്‍ നിന്ന് ആയിരം രൂപ മാത്രം കുറവോടെ  സ്വകാര്യ മേഖലയില്‍ ശുപാര്‍ശ
*വാര്‍ഷിക ഇന്‍ക്രിമെന്‍്റ് 250 രൂപ. 
*മൂന്നുവര്‍ഷം സര്‍വീസുള്ള സീനിയര്‍ സ്റ്റാഫ് നഴ്സുമാര്‍ക്കു 13,650 രൂപ അടിസ്ഥാന ശമ്പളം. ഇവരുടെ ഇന്‍ക്രിമെന്‍്റ് 300 രൂപ.
*15,150 രൂപയാണു ഹെഡ് നഴ്സുമാരുടെ അടിസ്ഥാന ശമ്പളമായി നിര്‍ദേശിക്കുന്നത്. ഇന്‍ക്രിമെന്‍്റ് 350 രൂപയും.
*മറ്റു ജീവനക്കാരുടെ അടിസ്ഥാന ശമ്പളവും ബ്രാക്കറ്റില്‍ ഇന്‍ക്രിമെന്‍്റും:  ഡപ്യൂട്ടി നഴ്സിങ് സൂപ്രണ്ട് - 17740 (400),  നഴ്സിങ് സൂപ്രണ്ട് 19740 (450), നഴ്സിങ് ഓഫിസര്‍ - 21360 (500).
*വീട്ടുവാടക, സിറ്റി കോംപന്‍സേറ്ററി അലവന്‍സ് എന്നിവ ആശുപത്രി നില്‍ക്കുന്ന സ്ഥലത്തിനനുസരിച്ചു സര്‍ക്കാര്‍ നിശ്ചയിക്കണം.
*വര്‍ഷം ആയിരം രൂപ യൂണിഫോം അലവന്‍സും  15,000 രൂപവരെ അടിസ്ഥാന ശമ്പളം വാങ്ങുന്നവര്‍ക്ക് ഒരുമാസ ശമ്പളം ബോണസും നല്‍കണം. 500 രൂപ സ്പെഷല്‍/ റിസ്ക് അലവന്‍സ്, ദിവസം 50 രൂപ നൈറ്റ് അലവന്‍സ്, മണിക്കൂറിനു 150 രൂപ ഓവര്‍ടൈം അലവന്‍സ്
*12 കാഷ്വല്‍ ലീവ്, 12 വാര്‍ഷികാവധി, 12 മെഡിക്കല്‍ ലീവ്, 13 പൊതു അവധി ദിവസങ്ങള്‍ എന്നിവയും ബാധകമാണ്. അധിക ജോലിക്കു പകരം അവധിയോ മറ്റ് ആനുകൂല്യമോ നല്‍കണം.  ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതല്‍ ജോലി പാടില്ളെന്നതു കര്‍ശനമായി പാലിക്കണം.  നഴ്സിങ് അധ്യാപകര്‍, പാരാമെഡിക്കല്‍, മറ്റ് അനുബന്ധ ജീവനക്കാര്‍ എന്നിവരുടെ കാര്യം  പ്രത്യേകം പരിഗണിക്കണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. 


*ചില സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാര്‍ക്കു ശരീരികവും മാനസികവും സാമൂഹികവുമായ പീഡനങ്ങള്‍ നേരിടേണ്ടി വരുന്നു
*നഴ്സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ അടക്കം ഒളിക്യാമറ സ്ഥാപിച്ചതായി പരിശോധനയില്‍ കണ്ടത്തെി.
*രാത്രി ഷിഫ്റ്റ് ഉള്‍പ്പെടെ തുടര്‍ച്ചയായി 15 മണിക്കൂര്‍ വരെ നഴ്സുമാര്‍ക്കു ജോലി ചെയ്യേണ്ടി വരുന്നു.
*രോഗി-നഴ്സ് അനുപാതം പാലിക്കപ്പെടുന്നില്ല. 
*പ്രസവാവധി നിഷേധിക്കുന്നതിനായി ജോലിയില്‍ നിന്ന് ഒഴിവാക്കുന്നുണ്ടെന്നും  പരാതി ലഭിച്ചു.

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...