ഓണക്കാലത്തിനു ഓര്‍മകളില്‍ ചേറിന്‍റെ മണമാണ്!
ചിലപ്പോള്‍ തരിശും ചിലപ്പോള്‍ നെല്ലും പരന്നു കിടക്കുന്ന പാടത്തു പയ്ക്കളെ കൊണ്ടു ചെന്ന് കെട്ടിയിട്ടാല്‍ പിന്നെ അത്ത തലേന്ന് മുതല്‍ തിരുവോണ തലേന്ന് വരെ എല്ലാ സന്ധ്യകളിലും പാട വരമ്പുകളിലെ തുമ്പപ്പൂക്കൂട്ടത്തില്‍ മേയലാണ് എനിക്കും അനുജന്മാര്‍ക്കും പ്രധാന പണി! ഇടയ്ക്കു കെട്ട് അഴിഞ്ഞു പോകുമ്പോഴോ കുറ്റിയില്‍ കെട്ടിത്തിരിയുമ്പോഴോ മാറ്റിക്കെട്ടാന്‍ ഓടും. തിരികെ വരുമ്പോഴേക്കും ചേമ്പില കുമ്പിളില്‍ പറിച്ചു വച്ച തുമ്പ പൂക്കളില്‍ കുനിയനുറുമ്പുകളുടെ പട വിലസുന്നുണ്ടാക്കും. പിന്നെ പൂ പറിക്കല്‍ ഒരാള്‍, മറ്റെയാള്‍ ഉറുമ്പിനെ പെറുക്കി കളയല്‍.
രാത്രിയോടടുത്ത് പൈക്കളെ കൂട്ടി വീട്ടിലേക്കു മടങ്ങുമ്പോള്‍ വഴിയോരത്തെ വീടുകളില്‍ മതില്‍ കെട്ടിന് അകത്തു നിന്നു റോഡിലേക്ക് പടര്‍ന്നു കിടക്ക്കുന ചെടി തലപ്പുകളില്‍ നിന്നും പൂവിറുക്കും. എല്ലാ വീട്ടിലും വെളുപ്പാന്‍ കാലത്ത് പശുവിന്‍ പാല്‍ എത്തിക്കുന്ന പാല്‍ക്കാരി പെണ്ണിന് പൂ പറിക്കാന്‍ നേരത്തെ തന്നെ അനുവാദം കിട്ടുമായിരുന്നു . പിന്നെ ഓണ പരീക്ഷ നടക്കുന്ന സമയത്തായിരിക്കും അത്തം മുതലുള്ള ചില നാളുകള്‍. എന്നതിനാല്‍ കാടിനരികെയുള്ള ഹൈ സ്കൂളിലെ പകല്‍ നേരത്തെ പരീക്ഷ കഴിഞ്ഞു മടങ്ങി വരുമ്പോള്‍ പരീക്ഷ ചട്ട വച്ച പ്ലാസ്റ്റിക് കൂടിനകത്തു കാട്ടുപൂകളുടെ മൊട്ടുകള്‍ പറിച്ച് നിറച്ചു വച്ചാണ് വീടിലെത്തുന്നത്. എത്തിയാലുടന്‍ വെള്ള ചെമ്പകത്തിന്‍റെ ഇലകള്‍ ഈര്‍ക്കിലി ഒടിച്ചു മടക്കി കുത്തി കൂടുണ്ടാകി വെള്ളം തളിച്ച് പൂക്കള്‍ നിറച്ചു വക്കും. താമര കിട്ടാനില്ലെങ്കിലും അതിന്‍റെ കുറവ് തീര്‍ക്കാന്‍ സബോള മുറിച്ചു താമര രൂപത്തില്‍ ആക്കി തരുന്നത് അമ്മയാണ്.
അങ്ങനെ പല തരത്തില്‍ ശേഖരിച്ച പൂക്കളില്‍ മോസാന്തയും റോസാപ്പൂക്കളും തുമ്പപ്പൂക്കളും രാജമല്ലി, കാശി തുമ്പ, കൊങ്ങിണി, ഹനുമാന്‍ കിരീടം, നക്ഷത്ര പൂക്കള്‍, പേരറിയാത്ത കുറെ കാട്ടു പൂക്കള്‍, തേക്കിന്‍റെ കൂമ്പില അരിഞ്ഞു കൈ വെള്ളയിലിട്ടു ഞെരടി കറുപ്പിച്ചത്, മാങ്ങാനാറി പൂക്കളും ഇലയും തുടങ്ങി വിഭവ സമൃദ്ധമായ ഓണ പൂക്കളം തന്നെ ഇട്ടിരുന്നു.
ഞങ്ങളുടെ പ്രദേശത്ത് പശുക്കള്‍ ഉള്ളത് എന്‍റെ വീട്ടില്‍ മാത്രമാണ്. ഓണക്കാലമാകുമ്പോള്‍ പല വീട്ടില്‍ നിന്നും നിരവധി കുട്ടികളും അമ്മമാരും ഓരോ കുന്തി ചാണകം വാങ്ങാന്‍ വീട്ടിലെത്തും. ഞാന്‍ പാല്‍ വിതരണം ചെയ്യാന്‍ സൈക്കിളില്‍ പോകുമ്പോള്‍ കളിയാക്കിയിരുന്ന ചില ആണ്‍കുട്ടികളും വരും. അവരോടു 'വേണേല്‍ തൊഴുത്തില്‍ കയറി എടുത്തോ' എന്ന് പറയും.. ഒപ്പം ' പയ്യിന്റെ ചവിട്ടു കിട്ടാതെ നോക്കണേ ' എന്നൊരു പറച്ചിലും..അതോടെ പേടിച്ചു വിറച് അവര്‍ അവിടെ തന്നെ നിക്കും...പിന്നെ, പ്ലീസ് എന്നതിന്‍റെ നീളം കൂടുമ്പോഴാണ് നമുക്കൊരു ആശ്വാസം..
രാവിലെ പള്ളിയിലേക്ക് കന്യാസ്ത്രീമാര്‍ വരുന്നതിനു മുന്നേ മുറ്റത്ത് പൂക്കളം ഇടണം എന്ന കാരണം കൊണ്ട് നേരത്തെ തന്നെ പൂക്കളം തീര്‍ക്കും. അവര് കടന്നു പോകുമ്പോള്‍ കാണട്ടെ, ഹൊ, എന്തൊരു ഭംഗി എന്ന് അവര് കണ്ണു കൊണ്ടു പറയുന്ന കാണണം എന്നത് മാത്രമായിരുന്നു ചിന്ത. തൊട്ടടുത്ത വീട്ടിലെ ചേച്ചിമാര്‍ കാശ് കൊടുത്ത് ചെണ്ടുമല്ലി, വാടാര്‍മല്ലി, തുടങ്ങിയ പൂക്കള്‍ ഇട്ടു ഇതിലും ഭംഗിയില്‍ ഒരുക്കും. അപ്പോഴും നമ്മുടെ തന്നെ ഭംഗി എന്ന് എന്‍റെ അനുജന്മാര്‍ എന്നെയും ഞാന്‍ അവരെയും ആശ്വസിപ്പിക്കും.
മുറ്റം എന്ന് പറയാനില്ല, മെയിന്‍ റോഡിന്‍റെ ഫുട്ട്പാതാണ് എന്‍റെ വീടിന്‍റെ മുറ്റം.. അത് കൊണ്ട് കുപ്രസിധമായ വടക്കാഞ്ചേരി റെയില്‍ വേ ഗേറ്റ് മണിക്കൂറുകള്‍ അടഞ്ഞു കിടക്കുമ്പോള്‍ ബസ്സിലുള്ളവര്‍ , കാറിലുള്ളവര്‍ ഒക്കെ ഈ പൂക്കളം കാണുമല്ലോ!! കുറെ നേരം കൂടി ആ ഗെയിറ്റ് അങ്ങനെ അടഞ്ഞു കിടക്കണേ എന്‍റെ ശൌരിയാര് മുത്തപ്പാ എന്നാണ് ഓണക്കലങ്ങളിലെ പ്രാര്‍ത്ഥന. അതൊരു കാലം. പിന്നെ, പള്ളിയിലെ വേദ പഠന ക്ലാസുകള്‍ തമ്മിലും സ്കൂള്ളിലെ ക്ലാസ്സുകള്‍ തമ്മിലുമുള്ള ഓണ പൂക്കള മത്സരം.
അന്നൊക്കെ ഓണക്കാലത്തിന് പ്രത്യേക ഭംഗി തോന്നിയിരുന്നു. ഓണ തുമ്പികള്‍, പ്രത്യേക പ്രകാശമുള്ള വെയില്‍, അക്കാലത്തു മാത്രം വിരിയുന്ന ചില പൂക്കളുടെ പരിമളങ്ങള്‍ തുടങ്ങി എന്തോ ഒരു പ്രത്യേക സുന്ദര ദിവസങ്ങള്‍... . .ഇന്നിപ്പോള്‍ കൊച്ചിയിലെ കപ്പലുകളുടെ സൈറന്‍ മാത്രമാണ് എന്‍റെ ഓണ ദി നങ്ങളില്‍ ഉള്ളത്.
ആകെയുള്ള ആശ്വാസം , വിദേശികള്‍ ഫാം വില്ല എന്നൊക്കെ പറയുന്ന തരത്തിലുള്ള പുതിയ വീട്ടിലേക്കു തിരുവോണത്തിന് പോകുമ്പോള്‍ പഴയ ആ ഓണ തുമ്പികളെ കണ്ടു മുട്ടാമെന്ന പ്രതീക്ഷ ഉണ്ടെന്നതാണ്....
ഓണവും ഓര്‍മ്മകളും
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്
ഈ പോസ്റ്റു വായിച്ചപ്പോള്‍ ഓര്‍മ്മകള്‍ ഒരുപാടൊരുപാട് പുറകോട്ടു പോയി. എല്ലാവരുടെ പഴയ കാലത്തേ ഓണവും ഒരുപോലെ തന്നെ. ഓര്‍മകളും...
മറുപടിഇല്ലാതാക്കൂ