2012, സെപ്റ്റംബർ 1, ശനിയാഴ്‌ച

പുളിക്കലി




തെറ്റീതല്ലാ  ട്ടാ.. വേണംന്നച്ച്  തന്ന്യ  അങ്ങനെ പറഞ്ഞത്...അല്ലേലും ത്രിശൂക്കാര്‍ക്ക്  ആദ്യം ആന, പിന്നെ പൂരം, ഒപ്പം ചെണ്ടമേളം, വെടിക്കെട്ട്, പുലിക്കളി , ഓണത്തല്ല്  ഇതൊക്കെ രക്തത്തില്‍ അലിഞ്ഞതാണ്. അപ്പൊ തെറ്റില്ല. ഒരു സ്റ്റയ് ലിന്  മാററിപ്പിടിച്ചതാ...  ന്തൂട്ടിസ്റ്റാ...ഇനീം സംശയാ?? വെര്‍തെ പര്‍ഞ്ഞതാന്നേ...
ഇന്നിപ്പോ മഴ പെയ്യല്ലേ ന്നാര്‍ന്നു  എല്ലാ ത്രിശൂക്കാര്‍ടേം പ്രാര്‍ത്ഥന..അതിപ്പോ വടക്കുന്നാഥനും കിട്ടിക്കാണും ഒരു പങ്ക്, പുത്തന്‍ പള്ളീലെ വ്യാകുല മാതാവിനും പാറേമേക്കവിലമ്മക്കും തിരുവമ്പാടി കണ്ണനും കിട്ടിയിട്ടുണ്ടാകും.. പോസ്റ്റ് ഓഫീസ് റോഡിലെ ഹനഫി പള്ളി വഴിക്കും കുറെ പ്രാര്‍ത്ഥന അങ്ങ് മുകളിലെത്തും. ഞങ്ങള് ത്രി ശൂ ക്കാര്‍ക്ക്  ജാതീം മതോം ഒന്നുമില്ല, ഭേദം. ഇനീപ്പോ ഇത് വായിച്ചിട്ട് 'ആഹാ എന്നാ വേര്‍തിരിവ് ഉണ്ടാക്കിയിട്ട് തന്നെ കാര്യം ' എന്ന് ചിന്തിച്ചു ആ വഴിക്കൊന്നും വരണ്ട ട്ടാ.. ചുട്ട പെട കിട്ടും..ഗെഡീ....

അപ്പൊ പുലിക്കളിയിലേക്ക്  വരാം... 

വിക്കീടെ പീടികയില്‍ നിന്നു കിട്ടിയ റെഡിമെയ്ഡ് ഡീറ്റേയ് ല്‍സ്    ''അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് തൃശൂരിന്റെ പുലിക്കളി. കൊല്ലവും തിരുവനന്തപുരവുമാണ് പുലിക്കളിയുടെ മറ്റ് രണ്ട് സ്ഥലങ്ങള്‍. തലമുറകളായി തുടര്‍ന്നുപോരുന്ന ഇതിന് പൂരത്തിനുംഏറെത്താഴയല്ലാത്ത സ്ഥാനമുണ്ട്. നാലാമോണം വൈകിട്ടാണ് പുലിക്കളി. വേഷം കെട്ടല്‍ തലേന്ന് രാത്രിതന്നെ തുടങ്ങാറുണ്ട്. ശരീരമാകെ വടിച്ച് മഞ്ഞയും കറപ്പും ചായം പൂശി വാഹനങ്ങളില്‍കൃത്രിമമായി നിര്‍മ്മിച്ച വനത്തില്‍ നിന്ന് ചാടിയിറങ്ങുന്ന നൂറുകണക്കിന് പുലികള്‍ നടുവിലാര്‍ഗണപതിക്ക് മുമ്പില്‍ നാളീകേരമുടച്ചാണ് കളി തുടങ്ങുന്നത്.''


ഇങ്ങനോന്നുമല്ല ത്രിശൂക്കാര്   പര്‍യാ.. അത്ത് അനുഭവിച്ചെന്നെ   അറിയണം. 
പുലിക്കളി നാലാം ഓണ നാളിലാണ് നടക്കുക. അതിലും ഉണ്ട് രസം.നമ്മളു മലയാളികള്‍ക്ക് കലണ്ടര്‍ പ്രകാരം ഉത്രാടം ഒന്നാം ഓണവും ചതയം നാലാം ഓണവുമാണ്. എന്നാല്‍ ഞങ്ങള്  ത്രിശൂക്കാര്‍ക്ക്  ഒന്നാം ഓണം എന്നത് തിരുവോണമാണ്. അവിട്ന്ന ങ്ങ് ട്  എണ്ണിയാല്‍ പുരൂരുട്ടതി ആണ് നാലാം ഓണം.
വെളിയന്നൂര്‍, പൂത്തോള്‍, പടിഞ്ഞാറെ കോട്ട, പൂങ്കുന്നം, വിയ്യൂര്‍, മൈലിപ്പാടം എന്നീ ആറ് ടീമാണ് ഇത്തവണ . ഇന്നിപ്പോ എന്നത്തേയും പോലെ നാലു മണിക്ക്  പുലികള്‍ മടയില്‍ നിന്നിറങ്ങി  . ഓരോ ടീമിലും അമ്പതു വരെ പുലികള്‍. തൃശ്ശൂരിന്റെ പല വഴികളിലൂടെ ഇവര്‍   റൌണ്ടിലെത്തി. സ്വാരാജ് റൌണ്ടില്‍... ,  അവിടെ നടുവിലാലിലെ ഗണപതിക്ക് മുന്നില്‍ നാളികേരമുടച്ചു. എന്നിട്ട്  '' ണ്ടു ണ്ടു ണ്ട്   ...ണ്ടു ണ്ടു ണ്ട്  ....ണ്ടും ,   ണ്ടു ണ്ടു ണ്ട്   ...ണ്ടു ണ്ടു ണ്ട്  ....ണ്ടും , '' എന്ന കൊട്ടലിനൊപ്പം കുമ്പ കുലുക്കി ( ഹാ, ഇപ്പോഴാ ഓര്‍ത്തത്. കുമ്പയുളളവനാണ്  തൃശ്ശൂരിലെ 'പുലി' . അത് കൊണ്ട് കുറച്ചു കുമ്പ ഉണ്ടായാലും കല്യാണ പ്രായമായ പെമ്പിള്ളേര്‍ക്ക് പെണ്ണു കാണാന്‍ വരുന്ന  ചെറുക്കന്മാരോട്  ഇഷ്ട്ടക്കുറവോന്നും തോന്നാറില്ല. ) , അങ്ങനെ കുമ്പ കുലുക്കി  കാലുറപ്പിച്ചുച്ചവിട്ടി  അര മണി കിലുക്കി  നൃത്തം ചവിട്ടി..ആഹ് ഹ ഹ ഹ ....     ഗണപതിക്ക്   കാഴ്ച...

അതങ്ങ് ട് കഴിഞ്ഞാപ്പോ  ആര്‍പ്പു വിളികളോടെ അടുത്ത ടീമിന് തേങ്ങയുടക്കാന്‍ വഴിമാറി കൊടുത്തു മുന്നോട്ട്. എന്നിട്ട് എല്ലാ ടീമും സെറ്റ് സെറ്റായി സ്വാരാജ് റൌണ്ട് നിരഞ്ഞ്ങ്ങനെ കുലുങ്ങി കുലുങ്ങി പുലികാല്‍ വെപ്പുകള്‍  . കുറെ കുട്ടി പുലികളും പെണ്‍കുട്ടി പുലികളും ഉണ്ടാകാറുണ്ട്. ഇത്തവണയും ഉണ്ടായിരുന്നു. സാധാരണ ഉണ്ടാക ണത് ഇങ്ങനെ  കാണാന്‍ വന്ന കുട്ടികള്‍ കുമ്പ തൊട്ട് രസിക്കും. മറ്റുള്ളവര്‍   പൊക്കിളില്‍ വരച്ച പുലി വായില്‍ നോക്കി അലറും, ചിലര്‍ കാറിക്കരയും, പെടിച്ചിട്ടേയ്  ...  ( അടുത്ത കൊല്ലം ഈ സമയം വരെ അമ്മമാര്‍ 'ദേ, പുലി വരുന്നൂ'എന്ന്  പറഞ്ഞു പേടിപ്പിച്ച് മാമുണ്ണിപ്പിക്കും , ''പുലികളി കാണാന്‍ പൂണ്ടെ '' ന്നു ചോദിച്ചും പറ്റിക്കും  )  കുറെ പേര്‍ ഷെയ്ക്ക് ഹാന്‍ഡ് കൊടുക്കും. ഇപ്പോക്കേ  തൃശൂരിലെ ചുള്ളന്മാരും ചുള്ളികളും കൂടെ നിന്നു ഫോട്ടോ എടുത്ത് ഫേസ് ബുക്കിലും ഇടും.

പത്തിരുന്നൂറ് കൊല്ലം മുന്‍പ്‌ ടൌണിലെ ഒരു മുസ്ലിം പള്ളിയിലെ കുറെ പട്ടാണികളാണ് 'പുലി കെട്ടു കളി' എന്ന ഒരു കലാരൂപം തുടങ്ങി വച്ചത്. ഇടക്കാലത്ത് നിന്ന് പോയെങ്കിലും പിന്നേം കുറെ ചെറുപ്പക്കാര്‍  തുടങ്ങി. അപ്പൊ പിന്നെ മറ്റുള്ളോര്‍ക്ക് നോക്കിരിക്ക്യാന്‍ പറ്റുമോ? അവരും ഇറക്കി മൂന്നാല് പുലികളെ... അങ്ങനെ കൂടി കൂടി ഇപ്പൊ ആറേഴു കൂട്ടവും ഓരോ കൂട്ടത്തിലും പത്തമ്പത് പുലികളും...

ഇപ്പൊ കൂട്ടത്തില്‍ കുറെ ടാബ്ലോകളും ഉണ്ട്..

മഴ പെയ്തില്ലല്ലോ, തൃശൂര് പോകാന്‍ പറ്റിയില്ല...ടിവിക്കാരോട്ടു പറഞ്ഞു കേട്ടുമില്ല. ഞാനും മിസ്സ്‌ ചെയ്തു. ടിവിയില്‍ കളി കണ്ടിട്ടൊന്നും കാര്യല്ല്യ ഗെഡീ... 
അത്ത് അനുഭവിച്ചെന്നെ   അറിയണം. സാരല്ല്യാ....അടുത്ത തവണ ആകട്ടെ.....റൗണ്ടില്‍, അല്ലെങ്കില്‍ തേക്കിന്‍കാട്ടില്‍..... ... .... ഇപ്പോഴേ മൊബൈലില്‍ മെമ്മോ ഓണ്‍ ആക്കിക്കോ  ട്ടോ...

പുലിയാകാന്‍ മ്മക്ക് ഇത്രേ ക്കെ ചെയ്യാന്‍ പറ്റൂ.....




1 അഭിപ്രായം:

  1. പുലികളുടെ ഫോട്ടോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. പുലികളി ഒക്കെ കഴിഞ്ഞു മനുഷ്യ കോലമാകാനായി ദേഹത്തെ പെയിന്റും ചായവും ഒക്കെ എന്ത് കഷ്ടപ്പെട്ടാണ് കഴുകി കളയുന്നതെന്നോര്‍ത്തു അത്ഭുതപ്പെട്ടിട്ടുണ്ട്. പലയിടത്തും പുലികളെ കണ്ടിട്ടുണ്ടെങ്കിലും തൃശൂര്‍ പുലികളുടെ വേഷ വിധാനങ്ങള്‍ തന്നെയാണ് മികച്ചത്. പുലികളി തൃശൂര്‍ കാരുടെ സ്വന്തം തന്നെ.

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...