2012, ഒക്‌ടോബർ 28, ഞായറാഴ്‌ച

ഭാരത ഹിന്ദു മഹാ സമുദ്രം


ഫേസ് ബുക്ക്‌ ചര്‍ച്ചയിലേക്കൊരു ലിങ്ക്
പൊതുവേ  ലാളിത്യ ഹൃദയമുള്ളവരാണ്  തൃശൂര്‍ക്കാര്‍. .  അത് കൊണ്ട് തന്നെ  എന്തിനും ഏതിനും അവര്‍ അതിഥികളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കും.  തൊണ്ടയില്‍ നിന്നുയരാന്‍ പാടില്ലാത്ത പലതും തൊഗാഡിയ  തൃപ്രയാറിലെ ശ്രീരാമ ക്ഷേത്ര സമീപത്ത് കെട്ടിയുണ്ടാക്കിയ വേദിയില്‍ പറഞ്ഞപ്പോഴും, ചിലപ്പോള്‍ അവര്‍ കയ്യടിച്ചു കാണണം. അത് കണ്ടു ആവേശം മൂത്തിട്ടാകണം ഗുജറാത്തിലെ കച്ച് മുതല്‍ കേരളം വഴി ബംഗാള്‍ വരെയുള്ള സമുദ്ര ഭാഗങ്ങള്‍ ഹിന്ദുവിന്‍റെ മാത്രമാണെന്നും ഗോമാംസം തിന്നുന്ന മുസ്ലീങ്ങളെ പ്രവേശിപ്പിക്കരുതെന്നും യുദ്ധം ചെയ്തിട്ടായാലും മുസ്ലിമിന്‍റെ കയ്യില്‍ നിന്നും തിരിച്ചു പിടിക്കണം എന്നും അദ്ദേഹം വാതോരാതെ പ്രസംഗിച്ചത്. 


''അല്ല, മാഷേ, എന്തിനാ യുദ്ധം ചെയ്യുന്നേ, അവരുടെ കയ്യില്‍ നിന്നും സമുദ്രത്തിന്‍റെ പട്ടയം ചുളുവിലക്ക് തട്ടാന്‍ ഏതേലും റിയല്‍ എസ്റ്റെറ്റ് മാഫിയയെ        ഏല്‍പ്പിച്ചാല്‍ പോരെ '' എന്ന് ശുദ്ധ ഗതിക്കരനായ ഏതോ ത്രിശൂരുകാരന്‍ എവിടെയോ പ്രതികരണമായി പറഞ്ഞു കേട്ടു. അത് പോരെ? പണ്ട് പരശുരാമന്‍    മഴുവെറിഞ്ഞു കടലില്‍ നിന്ന് ഉണ്ടാക്കിയ നാടെന്ന് ഐതിഹ്യമുണ്ട് കേരളത്തെ കുറിച്ച്. എങ്കില്‍ കടലില്‍ നിന്നും ഉണ്ടായ ഈ കരയുടെ പട്ടയം കൂടി മൊത്തത്തിലങ്ങു വാങ്ങണം. എന്നിട്ട് മറ്റു മതസ്ഥരെ ഒക്കെ പാട്ടത്തിനോ വാടകക്കോ കച്ചവടം ചെയ്യണം. ഇതിനായി ഹിന്ദു കടല്‍------.-----_--കര വാടക ചീട്ടു പദ്ധതി നടപ്പാക്കാന്‍  സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം. 


പിന്നെ , തൊഗാഡിയ പറഞ്ഞ വേറൊരു സത്യത്തിന്‍റെ മുന്നില്‍ തലകുനിക്കാതെ വയ്യ. നമ്പൂതിരിയുടെയും നായരുടെയും പട്ടികജാതിക്കാരന്‍റെയും ഈഴവന്‍റെയും പൂര്‍വികര്‍ ഒന്നാണെന്ന   ആ മഹാസത്യം !അത് കൊണ്ട്  ജാതി പറയരുതെന്നും തൊഗാഡിയ ആവശ്യപ്പെട്ടിട്ടുണ്ട്.  കേരളത്തിലെ ജാതി -സമുദായ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും സമ്മതിച്ചെന്നു വരില്ല. എന്നാലും  നിയമം മൂലം ഹിന്ദുക്കള്‍ക്ക് മാത്രം വോട്ട്, വിശ്വാസിക്ക് മാത്രം ഭരണം തുടങ്ങിയ കാര്യങ്ങള്‍ മതെതരമുള്ള സര്‍ക്കാര്‍ തന്നെ കൊണ്ട് വരാന്‍ ശ്രമിച്ചിരുന്നു എന്നത് തൊഗാഡിയക്കുള്ള പിന്തുണയായി കരുതാം. 


ഒച്ചപ്പാടിന്‍റെ  നിര്‍ദ്ദേശങ്ങള്‍- -:_:-



* അറബി കടലിന്‍റെ പേര് മാറ്റണം 
*ഭാരത ഹിന്ദു മഹാ സമുദ്രം   അഥവാ തൊഗാഡിയ നാക്കെറിഞ്ഞു ഉണ്ടാക്കിയ സമുദ്രം എന്നും ഇത് അറിയപ്പെടും. 
*എല്ലാ കൃഷി ഭൂമിയിലും കരഭൂമിയിലും ഹിന്ദുക്കള്‍ മാത്രം കൃഷിയും കച്ചവടവും നടത്തുകയും ഉല്‍പ്പന്നങ്ങള്‍  'ഹിന്ദു കേരള  സാമ്രാജ്യ ഉല്‍പ്പന്നങ്ങള്‍ ' എന്ന ബ്രാന്‍ഡ്‌ നെയിമില്‍ മാര്‍ക്കെറ്റിംഗ് നടത്തുകയും വേണം. 
* മറ്റു മത- സാമുദായിക അംഗങ്ങള്‍ ആയ മനുഷ്യര്‍ താമസിക്കുന്ന രാജ്യങ്ങളിലെ കടലുകളില്‍ നിന്നുള്ള മത്സ്യവും മറ്റു കടല്‍ ജീവികളും ഭാരത മഹാ സമുദ്രത്തിലേക്ക് പ്രാവേശിക്കാതിരിക്കാന്‍  കടലില്‍ വല കൊണ്ട് അതിര്‍ത്തി തിരിക്കണം.
* അന്യ രാജ്യത്തു  നിന്നുള്ള കപ്പലുകളെ ഇവിടേക്കും ഇവിടെ നിന്നുള്ളവയെ അവിടേക്കും കടത്താന്‍ അനുമതി ഒരു കാരണവശാലും കൊടുക്കരുത്,
* ഹിന്ദുക്കളെ പറ്റി മിണ്ടുന്നവരെ കടലിലെ തിമിംഗലത്തിന് ഇരയായി ഇട്ടു കൊടുക്കണം.



മേമ്പൊടിക്ക് ":-   മുസ്ലിംങ്ങളില്‍ നിന്നും ക്രൈസ്തവരില്‍ നിന്നും കേരളം  സ്വാതന്ത്ര്യം നേടിയതിന്‍റെ  വാര്‍ഷിക ദിനത്തില്‍ തെരെഞ്ഞെടുക്കപ്പെടുന്ന നൂറു പേര്‍ക്ക്  വിശുദ്ധപാദനായ മോഡി ഭഗവാന്‍ വസിക്കുന്ന ഗുജറാത്ത് പുണ്യ തീര്‍ഥാടന കേന്ദ്രത്തിലെത്തിച്ച്  മറ്റു മതസ്ഥരെ കൊല്ലുന്നതിനു പ്രാവീണ്യം നല്‍കണം.







2012, ഒക്‌ടോബർ 25, വ്യാഴാഴ്‌ച

മനുഷ്യപട്ടി

ടെക്സാസില്‍ നടക്കുന്ന അനിമല്‍ ഫെസ്റ്റില്‍
ചെന്നായയെ പോലെ വേഷമണിഞ്ഞ
ഈ യുവതിക്ക്
ഈ മാറ്ററുമായി
ബന്ധമില്ല.
ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്കുക
മനുഷ്യപട്ടിയുടെ കടിയേല്‍ക്കാനും  ഭാഗ്യം വേണം.  ഇങ്ങനെയുള്ള ഒരു മസ്കത്തി പട്ടിയുടെ കടിയേറ്റെന്ന കാരണം കൊണ്ട്  മലയാളി ഗദ്ദാമ ജയിലില്‍ ആയിരിക്കുന്നു.  മസ്കത്തിലെ ഏറ്റവും  വികസിത പ്രദേശമായ സൊഹാര്‍ എന്ന സ്ഥലത്താണ് ഈ മനുഷ്യപട്ടിയുടെ വീട്. ഗൃഹനാഥയാണ് ഈ പട്ടിയായി മാറിയ അപൂര്‍വ്വ ജന്മം. മുഖത്തും കഴുത്തിലും നെഞ്ചിലും ആഴത്തില്‍  കടിയേറ്റ തിരുവനന്തപുരം സ്വദേശിനിയായ ഈ 25കാരി ഗദ്ദാമ ആശുപത്രിയിലേക്ക് രക്ഷപ്പെട്ടു എത്തിയെങ്കിലും കള്ളപ്പരാതി നിമിത്തം ജയിലിലായി. 
രണ്ടുവര്‍ഷത്തെ വിസാകാലാവധി പൂര്‍ത്തിയാക്കിയിട്ടും നാട്ടിലേക്ക് തിരിച്ചുവിടാത്തതില്‍ പ്രതിഷേധിച്ച് ജോലിയില്‍ നിന്ന് വിട്ടുനിന്നതിനാണ് തൊഴിലുടമയുടെ ഭാര്യ ദേഹമാസകലം കടിച്ച് മാരകമായി പരിക്കേല്‍പിച്ചതെന്നു യുവതി ജയില്‍ സന്ദര്‍ശിച്ചവരോട് പറഞ്ഞതത്രേ! ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ഇവര്‍ക്ക് നീതി ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് സൊഹാറിലെ കെ.എം.സി.സി. പ്രവര്‍ത്തകര്‍. 30  


ഗള്‍ഫിലുള്ള, പ്രത്യേകിച്ച് ഒമാനിലുള്ള മലയാളികള്‍ ഇവരെ സഹായിക്കുമെന്ന് കരുതാം...

2012, ഒക്‌ടോബർ 19, വെള്ളിയാഴ്‌ച

പാരച്യൂട്ടുകളില്‍ ലാന്‍ഡിംഗ്!!

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 


കേരളത്തിലും ഹെലി ടൂറിസം വ്യാപിക്കുകയാണ് .  ഏഴു മിനിറ്റ്  ഹെലികോപ്ടറില്‍ റോന്തു ചുറ്റാന്‍ ഒരു തലയ്ക്കു എണ്ണായിരം രൂപ  വരെ നല്‍കിയാല്‍ മതി. കൊറിക്കാന്‍ കപ്പലണ്ടിയും കുടിക്കാന്‍ കൊക്കകോളയും കിട്ടും. ഏഴു മിനുട്ടിന്  എണ്ണായിരം എന്ന് കേട്ട് ഞെട്ടണ്ട, അതിനും ആളുണ്ട്. കുറച്ചു കൂടി സമയം കിട്ടുന്നില്ലല്ലോ എന്ന് മാത്രമാണ് പരാതി, കാശ് കൂടുതല്‍ കൊടുക്കാന്‍ അവര്‍ തയ്യാറാണ്. ഒപ്പം അരയില്‍ കയര്‍ കെട്ടി  ഹെലികോപ്ടറില്‍ നിന്ന് താഴേക്കു ചാടി കായല്‍ പരപ്പിലെക്കുയരുന്ന മീനുകളെ കൈകൊണ്ടു പിടിക്കാനും ആശയുള്ളവര്‍ ഏറെയാണ്. അപ്പോഴാണ്‌ ആഭ്യന്തര വിപണി പങ്കാളിത്തത്തിന്റെ കാര്യത്തില്‍ എല്ലാവരെയും മറികടന്നു എയര്‍ ഇന്ത്യ  ഒന്നാമതെത്തിയ വാര്‍ത്ത കണ്ടത്. അങ്ങനെയെങ്കില്‍  ഏറ്റവും പ്രചാരമുള്ള വിമാന കമ്പനി എന്ന നിലക്ക് എയര്‍ ഇന്ത്യക്ക് ചെയ്യാവുന്ന ഏതാനും സ്പെഷ്യല്‍ ഓഫര്‍. പദ്ധതികള്‍ നിര്‍ദ്ദേശിക്കുന്നു.

* പാരച്യൂട്ടുകളില്‍ ലാന്‍ഡിംഗ് : കേരളത്തിലേക്കുള്ള യാത്രകള്‍ക്കൊടുവില്‍ ലാന്‍ഡിംഗ് പാരച്യൂട്ടിലാക്കുക. പൊതുവേ സാഹസികരായ മലയാളികള്‍ക്ക് ഇത് ഏറെ ഇഷ്ട്ടപ്പെടും. ഇപ്പോള്‍ കൊച്ചിയില്‍ ഇറക്കേണ്ടവരെ  തിരുവനന്തപ്പുരത്തു ഇറക്കിയ പോലുള്ള ദുരവസ്ഥകള്‍ ഒഴിവാക്കാം. ഓരോ ജില്ലകള്‍ക്ക് മുകളിലും എത്തുമ്പോള്‍ പാരച്യൂട്ടില്‍ ഇറങ്ങാന്‍ കഴിയുന്നത് ഹെലി ജമ്പ്‌ എന്ന സാഹസികതക്കൊപ്പം സ്വന്തം മണ്ണില്‍ ഇറങ്ങാനും യാത്രക്കാരെ സഹായിക്കുന്നതാണ്. ഇത് വഴി എയര്‍  ഇന്ത്യക്ക്  ഇനിയും  യാത്രക്കാരെ പ്രീതിപ്പെടുത്താം. 

* റാഞ്ചല്‍  മോക്ക്‌ ഡ്രില്‍: ::;  വിമാനത്തില്‍ കയറിയാല്‍ ഇടവേള കിട്ടുന്നതിനു അനുസരിച്ച് റാഞ്ചല്‍ എന്താണെന്നും അതുണ്ടായാല്‍ എന്തൊക്കെ ഉണ്ടാകുമെന്നും സോദോഹരണ പരിശീലന പരിപാടി സംഘടിപ്പിക്കാം. ഇത് ഭാവിയില്‍ അത്തരം ഒരു അവസ്ഥ ഉണ്ടായാല്‍ ഫലപ്രദമാണ് .യാത്രക്കാരെ റാഞ്ചികളായും  എയര്‍ഹോസ്റ്റസ്സുമാരെ യാത്രക്കാര്‍ ആക്കിയും ഈ മോക്ക്‌ ഡ്രില്‍ നടത്താം. എങ്കില്‍  ശരിക്കും ആരെങ്കിലും റാഞ്ചാന്‍ വന്നാല്‍ അവര്‍ക്ക് എത്ര ഇടിയും അടിയും കൊടുക്കണമെന്നു യാത്രക്കാര്‍ അനുഭവത്തിലൂടെ മനസിലാക്കും.

* ഉപവാസക്കൂട്ടായ്മ:  നാടിനും നാട്ടാര്‍ക്കും നന്മ  വരാന്‍ യാത്രാസമയം മുഴുവന്‍ ഉപവാസം ഒരുക്കുന്ന പ്രത്യേക ഓഫര്‍


സ്പെഷല്‍ ഓഫര്‍ : നിലവിലെ നിരക്കുകള്‍ മാത്രം- (നികുതി ഉള്‍പ്പെടെ)

മാനേജിംഗ് ഡയറക്ടര്‍ക്ക് ഹോട്ടലടുക്കളയിലെന്താ കാര്യം??


ഒരു എം ഡി യേയ്....  അടുക്കളയിലേക്ക് നോക്കി ഹോട്ടല്‍ ബോയ്‌ ഈണത്തില്‍ പറയുമ്പോള്‍ ആദ്യമായി കേള്‍ക്കുന്നവര്‍ക്കൊക്കെ അത്ഭുതമാണ്. എവിടെ, അടുക്കളയില്‍ എവിടെയാ മാനേജിംഗ് ഡയറക്ടര്‍?  
അപ്പൊ അടുത്ത വിളിച്ചു പറച്ചില്‍..... ..  രണ്ടു ബീബി  ........... ങ്ങ്ഹേ... ആരുടെ ബീബിയാ  എന്നാകും അടുത്ത സംശയം...തീര്‍ന്നില്ല  ..സീബി , എം ബി , എല്ലാം കോഡാണ്.. ആദ്യം പറഞ്ഞത് പോലെ ആദ്യമായി കേള്‍ക്കുന്നവന്‍ വാ പൊളിച്ചിരിക്കും...
ഇതാണ് ഇപ്പോള്‍ ചായക്കടയിലെ സ്റ്റൈല്‍..... എം ഡി എന്നാല്‍ മസാല ദോശ , ബി ബി എന്നാല്‍ ബീഫ്‌ ബിരിയാണി .... സീബി എന്നാല്‍ ചിക്കെന്‍ ബിരിയാണി , എം ബി - മട്ടന്‍ ബിരിയാണി .. സാദാ ദോശയാണോ വേണ്ടത് ,എങ്കില്‍ എസ്‌ ഡി എന്ന് പറഞ്ഞാല്‍ മതി !

ഇപ്പോള്‍ എല്ലാത്തിനും വട്ടപ്പേരാണ് .  നഗരങ്ങളിലാണ് ഈ പ്രവണത കൂടുതല്‍. . ചായക്ക് പണ്ടേ ടീ എന്ന്   നീട്ടി പറഞ്ഞാല്‍ മതി.  എന്നാല്‍  മസാലദോശ എന്നൊക്കെ പറയാന്‍ നാവു വഴങ്ങാത്തവര്‍ കേരളത്തിലെ ഹോട്ടലുകളില്‍ ധാരാളമായി എത്തി തുടങ്ങിയതോടെയാണ് ഈ കോഡ് ഭാഷക്ക് പ്രചാരം വന്നത്. . അന്യസംസ്ഥാന തൊഴിലാളികള്‍.ക്ക് ഇതാണ് എളുപ്പം .  അവര്‍ക്കിനി അതൊക്കെ വഴങ്ങിയാലും ഇതാണ് സ്റ്റൈല്‍.. . 

അപ്പൊ ശരി...രണ്ടു എസ്‌ ഡി പോരട്ടെ ... !!



2012, ഒക്‌ടോബർ 14, ഞായറാഴ്‌ച

മലാല




 മലാല ,

അവര്‍ക്ക് നിന്നെ പേടിയാണ് -

കുട്ടിത്തമുള്ള നിന്‍റെ കണ്ണുകള്‍.,

നിഷ്കളങ്കത .



കുട്ടികളെ വഴിതെറ്റിക്കാന്‍ 

എളുപ്പമല്ല.



അവള്‍,

കുട്ടികളെ വഴി തെറ്റിക്കുന്നെന്നു ,

നേരായ വഴിയിലേക്കെന്ന്‍ ,

താലിബാന്‍ 
നിന്‍റെ തോക്കിന്‍കുഴലിന് 
കണ്ണുണ്ട്,
കുട്ടിത്തമില്ല.





ഹേ , താലിബാന്‍ 

നീയൊന്നു കുട്ടിയായി മാറി കാണിക്കൂ,

ഈ വെല്ലുവിളി ഏറ്റെടുക്ക്,

കാണട്ടെ നിന്‍റെ വീറ്.

ലോകം ഇപ്പോള്‍ അവള്‍ക്കു പിന്നിലാണ്.



മലാല, 

അവര്‍ക്കിപ്പോഴും നിന്നോട് പേടി മാത്രമാണ് !








കള്ളോളമില്ല പൊളിവചനം !

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 
പുതിയ ഓര്‍ഡിനന്‍സ് വരുന്നു..... കള്ളുവിവാദത്തില്‍ ജനശ്രദ്ധ  തിരിച്ച് പഞ്ചായത്തുകളുടെ മദ്യ നിയന്ത്രണാധികാരം  അട്ടിമറിക്കാനുമായി നഗരപാലിക- പഞ്ചായത്തിരാജ് നിയമം ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി മദ്യനിരോധന സമിതികള്‍ !! മദ്യഷാപ്പുകള്‍ സംബന്ധിച്ച് എന്ത്തീരുമാനവും  തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നു എന്ന് പറയുന്ന അതെ നിയമത്തില്‍ നിലവിലുള്ള ഒരു മദ്യശാലയും ഇതിനു കീഴില്‍ വരില്ലെന്ന് പറയുന്നു!


2012, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

അതെ , അങ്ങുന്നെ

മാധ്യമം ഓണ്‍ ലൈന്‍ വാര്‍ത്ത വായിക്കാം 



കൊച്ചി: കോടതിഭാഷ മലയാളമാക്കാനുള്ള ആവശ്യം ശക്തിപ്പെടുന്നു. അറിവ് നിഷേധിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്ന കാഴ്ചപ്പാടിലൂന്നിയാണ് മലയാളഭാഷാവാദികള്‍ ഇതിനുള്ള ശ്രമം പുനരാരംഭിച്ചത്. ഭാഷ മലയാളമാക്കാനുള്ള നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാറാണ്. ഇക്കാര്യത്തില്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താന്‍ ലക്ഷ്യമിട്ട് കാല്‍ ലക്ഷത്തിലധികം ആളുകള്‍ ഒപ്പിട്ട ഭീമ ഹരജി കഴിഞ്ഞ വര്‍ഷം മലയാള പ്രസ്ഥാനം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. ഒപ്പം കീഴ്കോടതി ഭാഷ മലയാളമാക്കണമെന്നാവശ്യപ്പെടുന്ന ഹരജി പ്രഫ. എം.എന്‍. കാരശേരി കോടതിയില്‍ നേരത്തേ നല്‍കിയിട്ടുണ്ട്. ഈ ഹരജിയില്‍ നിലപാടറിയിക്കാന്‍ രജിസ്ട്രാറോട് ഹൈകോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്.

കേരളത്തിന്‍െറ ഔദ്യാഗിക ഭാഷ മലയാളമാക്കണമെന്ന അച്യുതമേനോന്‍ സമിതിയുടെ ശിപാര്‍ശ 1958 ല്‍ നല്‍കിയിരുന്നു. ഇത് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഫലം കണ്ടില്ല. 1969 ല്‍ ഭരണഭാഷാ പ്രഖ്യാപനം നടന്നപ്പോള്‍ തന്നെ കോടതികളിലെ ഭാഷ മലയാളമാക്കണമെന്ന നിര്‍ദേശം സര്‍ക്കാറിന് ലഭിച്ചിരുന്നു. 1973 ല്‍ വീണ്ടും ഈ ആവശ്യം ശക്തമായതോടെ കീഴ്കോടതികളില്‍ മലയാളം നടപ്പാക്കാന്‍ നടപടി ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈകോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ നല്‍കി. 1987 ല്‍ ജസ്റ്റിസ് കെ.കെ. നരേന്ദ്രന്‍ കമീഷന്‍ ഇതേ ആവശ്യം വിശദമായ നിര്‍ദേശങ്ങള്‍ സഹിതം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, 40 വര്‍ഷം പിന്നിട്ടിട്ടും ഭാഷ മലയാളമാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
കോടതികളില്‍ നീതി തേടി എത്തുന്നവര്‍ ഭൂരിഭാഗവും ഇംഗ്ളീഷ് പരിജ്ഞാനം ഇല്ലാത്തവരാണ്. ചട്ടങ്ങളും ഉപവകുപ്പുകളും കടുപ്പമേറിയ പദപ്രയോഗങ്ങളുമടങ്ങുന്ന കോടതി നടപടി രേഖകള്‍ ഇംഗ്ളീഷില്‍ നല്‍കുന്നത് കക്ഷികള്‍ക്ക് ആശയക്കുഴക്കം സൃഷ്ടിക്കുമെന്ന് മലയാള ഭാഷാവാദികള്‍ പറയുന്നത്. 
ഇംഗ്ളീഷിലുള്ള അറിവില്ലായ്മ കൊണ്ട് അഭിഭാഷകരുടെ ചൂഷണം ഏറെയാണ്. കോടതിയിലെ വാദവും വിധിന്യായവും കൂടുതലും ഇംഗ്ളീഷിലാണ്. അതുകൊണ്ടുതന്നെ കോടതി മുറികളില്‍ അര്‍ഥമറിയാതെ നില്‍ക്കുന്നവരാണ് കക്ഷികളില്‍ കൂടുതലും. തമിഴ്നാട്ടിലും കര്‍ണാടകയിലും ഉത്തരേന്ത്യയിലും കോടതി നടപടികള്‍ അവരവരുടെ ഭാഷകളിലാണ് രേഖപ്പെടുത്തുന്നത്.
മറ്റ് രാജ്യങ്ങളിലും ഇത്തരത്തില്‍ സ്വന്തം ഭാഷ ആക്കുന്നതിന് സമരങ്ങളും പ്രക്ഷോഭങ്ങളും നടന്നിട്ടുണ്ട്.
നിലവില്‍ പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കുന്നതും മൊഴിയെടുക്കുന്നതും രേഖകള്‍ സമര്‍പ്പിക്കുന്നതുമെല്ലാം മലയാളത്തിലാണ്. ഇത് കോടതികളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഐക്യ മലയാള പ്രസ്ഥാനം ശനിയാഴ്ച എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ വൈകുന്നേരം മൂന്നിന് കോടതി ഭാഷാ സംഗമം സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനുള്ള നടപടി നടപ്പാക്കുന്നതുവരെ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ഭാഷാ വാദികളുടെ തീരുമാനം.

2012, ഒക്‌ടോബർ 9, ചൊവ്വാഴ്ച

കേരളത്തില്‍ എണ്ണക്കിണറുകള്‍ !!

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി
ഇവിടെ ക്ലിക്ക് ചെയ്യുക 

സമ്പ്രതി വാർത്താഹ ശ്രൂയന്താം 
പ്രവാചകാഹ മന്മോഹാനനന്ദ സാഗരാ
 കേരളത്തിലടക്കമുള്ള സംസ്ഥാനങ്ങളില്‍  എണ്ണക്കിണറുകള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങിയേക്കും. ഇതിനായി കാട്ടിലും നാട്ടിലും കടലിലും വന്‍ കു ഴികളെടുത്തു  തുടങ്ങണമെന്ന്   മന്ത്രിപുംഗവന്‍ ആവശ്യപ്പെട്ടു. എണ്ണ രൂപപ്പെടുന്നതിന് ആവശ്യമായ ഫോസിലുകള്‍ സൃഷ്ടിക്കാന്‍ തക്ക മരങ്ങളും മൃഗാവശിഷ്ടങ്ങളും    നിക്ഷേപിക്കുന്നതിനായി ആവശ്യം പോലെ ഇരു വിഭവങ്ങളും വളര്‍ത്താന്‍ രാജ്യത്തെ ജനങ്ങള്‍ തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.  ഇത് വഴി രാജ്യത്തിന് ആവശ്യമായ ഇന്ധനം ഇവിടെ തന്നെ ഉത്പാദിപ്പിക്കമെന്നും മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പാചക വാതകവും വാഹന ഇന്ധനവും വിദേശങ്ങളില്‍ നിന്നാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. മൃഗാവശിഷ്ട്ങ്ങള്‍  ലഭ്യമാകാത്ത  പക്ഷം താല്‍ക്കാലിക ക്രമീകരണ മെന്ന നിലയില്‍ ആവശ്യമില്ലാത്ത മനുഷ്യരെയും നിക്ഷേപിക്കാം. ഇത് ഒരു പരിധി വരെ രാജ്യത്തു വര്‍ദ്ധിക്കുന്ന ജനസംഖ്യ യെ  നിയന്ത്രിക്കാന്‍ സഹായിക്കും.  . ജനസംഖ്യ കുറയുന്നതോടെ ഇന്ധനത്തിന്‍റെ  വിതരണം  കാര്യക്ഷമമാക്കാനും  സാധിക്കും.  പദ്ധതിയില്‍ പങ്കാളികളാകുന്നവര്‍ക്ക് എണ്ണക്കിണറില്‍  നിന്നും ഇന്ധനം കോരിയെടുക്കുന്നതിനു കപ്പിയും കയറും  തൊട്ടിയും സൌജന്യ നിരക്കില്‍ ലഭ്യമാക്കും .ആവശ്യം കഴിഞ്ഞുള്ള ഇന്ധനം കയറ്റുമതി ചെയ്യാന്‍ പദ്ധതി തയാറായി വരുന്നുണ്ടെന്നും ഇന്ദ്രപ്രസ്ഥ വൃത്തങ്ങള്‍  വ്യക്തമാക്കി. 




പ്രചോദനം -
 ‘വിറകിന് പറ്റിയ മരങ്ങള്‍ കൂടുതലായി നട്ടുപിടിപ്പിക്കണമെന്ന് 
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. 
പിന്‍ കുറിപ്പ്-   നാട്ടിന്‍പുറങ്ങളില്‍ പാചകവാതക സിലിണ്ടര്‍ വിതരണം കാര്യക്ഷമമായി നടപ്പാക്കാന്‍ സമയമെടുക്കുമെന്നുള്ള അദ്ദേഹത്തിന്‍റെ കണ്ടെത്തലും  അതിനുള്ള പ്രതിവിധി  നിര്‍ദ്ദേശവും  കണക്കിലെടുത്ത് തയ്യാറാക്കിയ പദ്ധതിക്ക് കേരളത്തില്‍ കുടുംബ ശ്രീ  അംഗങ്ങളെ ചുമതലപ്പെടുത്താം .


വാര്‍ത്ത  വായിക്കാം 





2012, ഒക്‌ടോബർ 3, ബുധനാഴ്‌ച

അതിന്‍റെ ഒരു 'ഇത് '

ഫേസ് ബുക്ക്‌ ചര്‍ച്ച 

***************************

അതിന്‍റെ  ഒരിത് കൊണ്ട് പെണ്ണുങ്ങളുടെ കയ്യില്‍ നിന്നു കേരള ലളിത കലാ അക്കാദമി ചെയര്‍മാന്‍ കെ.എ ഫ്രാന്‍സിസിനു കഴിഞ്ഞ ദിവസം  അടി  കിട്ടിയില്ലെന്നേ ഉള്ളൂ. കുടുംബശ്രീയുടെ പതിനാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ശനിയാഴ്ച  കൊച്ചിയില്‍ സംഘടിപ്പിച്ച 'മാധ്യമങ്ങളിലെ സ്ത്രീ" എന്ന വിഷയത്തില്‍ കുടുംബശ്രീ മിഷന്‍ സംഘടിപ്പിച്ച സെമിനാറിലാണ്  സംഭവം.  പെണ്ണുങ്ങള്‍ക്ക്‌ അവരുടെ കാര്യങ്ങള്‍ പറയാന്‍  ഒരിടം നല്‍കണമെന്നും കേരളത്തിലെ മുപ്പത്തെട്ടു ലക്ഷം വരുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക്  സംസ്ഥാനത്തിന്‍റെ  ഭരണാധികാരികള്‍ ആരായിരിക്കണമെന്ന് തീരുമാനിക്കാനുള്ള ആള്‍ബലം ഉണ്ടെന്നും അത് വിനിയോഗിക്കണമെന്നുമൊക്കെ പറഞ്ഞ് ചര്‍ച്ച ചൂട് പിടിച്ചിരിക്കുമ്പോഴാണ് മോഡറേറ്റര്‍ കേറി ഇടപ്പെട്ടത്‌ . പെണ്ണുങ്ങള്‍ ഒക്കെ കൂടി നാട് നന്നാക്കാന്‍ ഇറങ്ങി പുറപ്പെട്ടാല്‍ ഒന്നും നടക്കാന്‍ പോകുന്നില്ലെന്നും ഇങ്ങനെ ആവേശം കൊണ്ട് സംസാരിക്കുന്ന പെണ്ണുങ്ങള്‍ കാര്യങ്ങളൊക്കെ കുഴപ്പത്തിലാക്കുകയെ ഉള്ളൂവെന്നും പറഞ്ഞാണ് അദ്ദേഹം ഇടപെടല്‍ ആരംഭിച്ചത്. പെണ്ണുങ്ങള്‍ കുടുംബത്തില്‍ അടങ്ങിയൊതുങ്ങി കഴിയണമെന്ന അര്‍ത്ഥത്തില്‍ രണ്ടു മൂന്നു ഡയലോഗ് പിന്നാലെ. എന്നിട്ടൊരു പറച്ചില്‍--------- - ''നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ അതാണ്‌ അതിന്‍റെ ഒരു ഇത്''  . അദ്ദേഹത്തെ  കേട്ടിരുന്ന സംഘാടകരും ശ്രോതാക്കളും വിഷയാവതാരകരുമായ പെണ്ണുങ്ങളും ആണുങ്ങളുമായ എല്ലാവരും ആ നിമിഷത്തില്‍ അന്ധാളിച്ച് അങ്ങോട്ടും ഇങ്ങോട്ടും  ോക്കി. ഒരു നിമിഷത്തെ പരിപൂര്‍ണ നിശബ്ദത . കൊടുങ്കാറ്റിനു മുന്‍പുള്ള മഹാ ശാന്തത . ചര്‍ച്ച തുടങ്ങുന്നതിനു മുന്‍പുള്ള  ആമുഖ പ്രസംഗത്തില്‍ '' പെണ്ണുങ്ങള്‍ പരദൂഷണവും കുശുമ്പും  പറയുന്നവരാണ് '' എന്ന് പറഞ്ഞത് എല്ലാവരും കണ്ണടച്ച് കളഞ്ഞതാണ്. അപ്പോഴാണ് ആ ഒരിതുമായി അദ്ദേഹം ചര്‍ച്ചക്കൊടുവില്‍ വീണ്ടും എഴുന്നേറ്റത്.    ആ ഇത് എന്തെന്ന് ഇപ്പോള്‍ , ഈ നിമിഷം മോഡറേറ്റര്‍ വ്യക്തമാക്കണമെന്നു സദസ്സില്‍ നിന്ന് ആവശ്യമുയര്‍ന്നു. ഒന്നിന് പുറകെ ഒന്നായി നിരവധി പേര്‍ ഇക്കാര്യം ആവശ്യപ്പെട്ടതോടെ 'ആ ഇത് ' ഞാന്‍ പിന്‍വലിച്ചു എന്ന് തന്നെ അദ്ദേഹത്തിന് പ്രഖ്യാപിക്കേണ്ടി വന്നു. ഒപ്പം    'ഞാന്‍ മോഡറേറ്റര്‍ ആണ്. എന്നെ ഒന്നും പറയരുത്'  എന്നും പറയുന്നത് കേട്ടപ്പോള്‍ '' പരിപാടി നിയന്ത്രിക്കാന്‍  ക്ഷണിച്ചു വരുത്തിയയാളെ നിയന്ത്രിക്കേണ്ടി വരുമല്ലോ ' എന്ന് സംഘാടകര്‍ കുശുകുശുക്കുന്നുണ്ടായിരുന്നു.  ചര്‍ച്ച കൊഴുക്കാനാണ് അങ്ങനെ പറഞ്ഞതെന്നാണ് അദ്ദേഹത്തിന്‍റെ ന്യായം.  ന്യായീകരണം തുടരുന്നതിനിടെ പെണ്ണുങ്ങളെക്കാള്‍ കുശുമ്പ് പറയുന്നവര്‍ ആണുങ്ങളാണെന്ന്  ഒരു പ്രമുഖ  പത്രസ്ഥാപനത്തിന്‍റെ ആഴ്ചപതിപ്പിന്‍റെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് എന്ന നിലയില്‍ സഹപ്രവര്‍ത്തകരുടെ പെരുമാറ്റത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്ന വെളിപ്പെടുത്തലും അദ്ദേഹം നടത്തി. 
കണ്ടില്ലേ, അതിന്‍റെ ഒരിത് വരുത്തിയ വിന!




Stop Press- എല്ലാം റെക്കോഡ്‌ ചെയ്ത കാമെറമാന്‍  സാക്ഷി !


ശ്ശ് ശ്...എന്തൊരു രുചിയാണോ ഈ കള്ളിന്!

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 


കള്ളെന്താ അത്ര മോശം കാര്യമാണോ ? അല്ലേ, അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ... കള്ളിനെ കുറ്റം പറയുന്നവരൊന്നു അതൊന്നു രുചിക്കുന്നത് നല്ലതാ... പിന്നെ ഒരക്ഷരം കുറ്റം പറയില്ല.   ന്താ സംശ്യം ണ്ടാ ?  ഇപ്പൊ കിട്ടണ പോടീ കലക്കിയ വെളുത്ത ലഹരി വെള്ളത്തിന്‍റെ  കാര്യല്ല പറയുന്നത്. നല്ലൊന്നാന്തരം മധുരക്കള്ള് ... പിന്നെ ഇത് വായിച്ചിട്ട് ആരേലും പോയി കണ്ണില്‍ക്കണ്ട വ്യാജക്കള്ള് കുടിച്ച് കണ്ണും ജീവനുമൊക്കെ കളഞ്ഞാല്‍ ഞാന്‍ ഉത്തരവാദിയല്ല. 


 പണ്ട്....എന്ന് പറഞ്ഞാല്‍ അത്ര പണ്ടൊന്നുമല്ല, ഏകദേശം ഇരുപതു കൊല്ലം മുന്‍പ്‌... , അമ്മയുടെ വീട്ടില്‍  അവധിക്കാലം ആഘോഷിക്കാന്‍ പോകുമ്പോള്‍ ഉള്ള കാര്യമാ പറഞ്ഞു വരുന്നത്. കള്ള് ചെത്ത്‌ തൊഴിലാക്കിയവരുടെ കണ്ടാണശ്ശേരിക്കടുത്തുള്ള  മുണ്ടൂര്‍ എന്ന സ്ഥലത്തെ ആണ്ടപറമ്പ് എന്ന കുഗ്രാമത്തിലെ  കഥയാണ്‌.... എന്നും രാവിലെ സത്യേട്ടന്‍ വരും.  മുണ്ടിന് ചുറ്റും വരിഞ്ഞുകെട്ടിയ വീതി കൂടിയ ബെല്‍റ്റില്‍ വെട്ടുകത്തി തിരുകി ,കുടം   കെട്ടിത്തൂക്കി സൈക്കിളിലുള്ള ആ വരവൊന്നു കാണുക തന്നെ വേണം.  ഞങ്ങള്‍ കുട്ടികള്‍ കളിച്ചു കൊണ്ടിരിക്കുന്ന കൊത്താങ്കല്ല് അവിടെയിട്ടിട്ടു   അടുക്കളപ്പുറത്തെക്കോടും. അപ്പാപ്പന്‍  അപ്പോഴേക്കും അടുക്കളപ്പുറത്തെ  മണ്‍വരാന്തയിലേക്കുള്ള  വാതിലിന്‍റെ  സാക്ഷ തുറന്നിട്ടുണ്ടാകും. പനയുടെ മുകളിലേക്ക് തളപ്പിട്ടു കയറുമ്പോള്‍  ആ കത്തിയെങ്ങാനും  സത്യേട്ടന്‍റെ പുറംപൊളിക്കുമോ  എന്ന പേടിയാണ്  ഞങ്ങള്‍ കുട്ടികള്‍ക്ക്. പക്ഷെ ഒന്നും സംഭവിക്കില്ല. പനക്ക് മുകളിലെത്തിയാല്‍ പട്ടയുടെ മുകളിലേക്ക് തലയുയര്‍ത്തിപ്പിടിച്ചൊരു നില്‍പ്പുണ്ട് ,ആഹാ....അതും കാണേണ്ട കാഴ്ചയാണ്. പിന്നെ കമഴ്ത്തി ചെരിച്ചു വച്ച കുടമെടുത്ത് ബെല്‍റ്റില്‍ ഘടിപ്പിച്ച  കുടത്തിലേക്ക് പകര്‍ന്നൊഴിക്കും. അവിടെ നിന്നും അത് തുളുമ്പാതെ ഇറക്കി കൊണ്ട് വരുന്നതും, ഞങ്ങള്‍ കുട്ടികള്‍ക്ക്, അന്ന് അത്ഭുതമായിരുന്നു. 

താഴെയിറങ്ങി വരുമ്പോഴേക്കും മധുരക്കള്ളിന്‍റെ മനം മയക്കുന്ന   മണം പരക്കും. പിന്നെ കഴുത്തു നീണ്ട  വെളുത്ത ചില്ല് കുപ്പിയില്‍ കുടത്തില്‍ നിന്നും കല്ല്‌ പകരും. കരി കലക്കിയ ചാണകം  മെഴുകിയ മണ്‍വരാന്തയില്‍ ആ കുപ്പി വച്ചിട്ട് സത്യേട്ടന്‍ അടുത്ത പന നില്‍ക്കുന്ന വീട്ടിലേക്കു സൈക്കിളുരുട്ടും. ഇളംവെയില്‍ ആ ചില്ല് കുപ്പിയില്‍ വീണു കിടക്കുമ്പോള്‍ അതിനകത്തെ കള്ള് കാണാന്‍ പ്രത്യേകമൊരു  ഭംഗിയുണ്ട് !! കുപ്പിയും കൊണ്ട് അപ്പാപ്പന്‍ വീടിനകത്ത്  കേറിപ്പോയി ഊണുമുറിയിലെ മേശപ്പുറത്തു വിരുന്നുകാര്‍ മാത്രം വരുമ്പോള്‍ ചായ കൊടുക്കുന്ന ചില്ല് ഗ്ലാസ്സില്‍ അല്പം കള്ളോഴിച്ചു  തരും, എല്ലാ കുട്ടികള്‍ക്കും... ഒരല്‍പം മധുരം, ഒരല്‍പം മാത്രം പുളി, ആ ഒരു മണം...ശ്ശ് ശ്...എന്തൊരു രുചിയാണോ ഈ കള്ളിന്!
അത് തരുമ്പോള്‍ , എന്നും ഒരു പാട്ട് കൂടി പാടും

   ആരാണ്ടാ ആരാണ്ടാ തെങ്ങുമ്മേ കേറി കളിക്ക ണ ത്.. ഞാനാണ്ടാ ഞാനാണ്ടാ ചി റ്റാട്ടുകരയിലെ കുരിയപ്പന്‍   
 

പന വെട്ടി, അപ്പാപ്പന്‍ - കുരിയപ്പനും മരിച്ചു .സത്യേട്ടന് പ്രായമായി. സത്യേട്ടന്‍റെ മക്കള്‍ ഈ തൊഴിലുമായി ഇപ്പോള്‍ ഉണ്ടോയെന്നു എനിക്കറിയില്ല. ഉണ്ടാകാന്‍ വഴിയില്ല. ഇപ്പോള്‍ പനകളും ചെത്താന്‍ പറ്റുന്ന തെങ്ങുകളും ഇല്ലല്ലോ!  പകരം കള്ളിനു പകരം കള്ളെന്ന  പേരിലുള്ള കൊലയാളി മദ്യം ആണ് വില്‍ക്കുന്നത് .

പള്ളിപ്പെരുന്നാളിനും പൂരത്തിനും പോകുമ്പോള്‍ കള്ളപ്പം ഉണ്ടാക്കാന്‍ മാത്രം കന്നാസില്‍  രണ്ടോ മൂന്നോ ലിറ്റര്‍  കള്ള്  കൊണ്ട് വന്നാലായി.  അതില്‍ നിന്നും ഇച്ചിരി ച്ചിരി...ശോ....കഷ്ടായി.....

(കള്ളിനെ കുറിച്ചുള്ള സാങ്കേതിക വിവരം അറിയാത്തവര്‍ മാത്രം ഈ ഭാഗം വായിക്കുക -  വിക്കിപീഡിയ

-പനയുടേയോതെങ്ങിന്റേയോ പൂങ്കുല ചെത്തിയെടുക്കുന്ന കറയെ പുളിപ്പിച്ചുണ്ടാക്കുന്ന ലഹരി പാനീയമാണ് കള്ള് . ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും ഇന്ത്യയിലെആന്ധ്രാപ്രദേശ്തമിഴ്‌നാട്കേരളംമഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും, ഫിലിപ്പീൻസിലും ശ്രീലങ്കയിലും കള്ള് ലഭ്യമാണ്‌. ഫിലിപ്പീൻസിൽ റ്റൂബ എന്നാണ് കള്ള് അറിയപ്പെടുന്നത്.പുളിക്കാത്ത കള്ള് മറ്റേതൊരു ലഘുപാനീയത്തേക്കാളും ശ്രേഷ്ഠവും കുഞ്ഞുങ്ങൾക്ക് പോലും ടോണിക്കിന്റെ രൂപത്തിൽ കൊടുക്കാൻ കഴിയുന്നതുമാണ്‌. പുളിച്ച കള്ളിൽ അടങ്ങിയിരിക്കുന്ന ആൾക്കഹോളിന്റെ അളവ് സാധാരണ ലഭിക്കുന്ന ഔഷധങ്ങളിൽഉപയോഗിക്കുന്ന ആൾക്കഹോളിന്റെ അളവിലും കുറവാണ്‌[2]. തെങ്ങിൻ കള്ളിലെ ദോഷരഹിതമായ പഞ്ചസാരയുടെ അളവ് 15% മുതൽ 16% വരെയാണ്‌. ജീവകം എ,ജീവകം ബിജീവകം ബി-2ജീവകം സി എന്നിവയും; മനുഷ്യശരീരത്തിന് അവശ്യഘടങ്ങളായ ഗ്ലൂട്ടാമിക് അമ്ലംതിയോനിൻഅസ്പാർട്ടിക് അമ്ലം എന്നിവയുൾപ്പെടെ 17 തരം അമിനോ അമ്ലങ്ങളും കള്ളിൽ അടങ്ങിയിരിക്കുന്നു[2].തെങ്ങിൻ പൂക്കുലയിൽ നിന്നും ഊറി വരുന്ന നീരാണ് നീര അഥവ മധുരക്കള്ള്. വിടരാത്ത തെങ്ങിൻ പൂക്കുലയിൽ നിന്നും കൃത്രിമമായി ഉത്പാദിപ്പിക്കുന്നതാണിത്. കള്ള് ഉത്പാദനം നികുതിനിയമ പ്രകാരം നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ വ്യക്തികൾക്ക് നീര ഉത്പാദിപ്പിക്കുവാനുള്ള അധികാരമില്ല. തന്മൂലം ഇത് മനുഷ്യർക്ക് അന്യമാണ്. വിളർച്ച, ക്ഷയം, മൂത്രതടസ്സം, ശ്വാസംമുട്ടൽ എന്നിവയ്ക്കൊക്കെ നീര ഗുണകരമാണ്. നീര ഉത്പാദനം വളർത്തുവാൻ ഗാന്ധിയനായ ഏ.പി. ഉദയഭാനുവിന്റെമദ്യനിരോധന കമ്മിറ്റി സർക്കാരിന് ശുപാർശ ചെയ്തിട്ടുണ്ട്. കൃഷിശാസ്ത്രഞ്ജൻ ഡോ. എം.എസ്. സ്വാമിനാഥൻ ഡബ്ലു.ടി.ഒ റിപ്പോർട്ടിൽ മധുരക്കള്ള് നിർമ്മാണം പ്രോത്സാഹിപ്പിക്കുവാൻ കേരളാ സർക്കാരിന് റിപ്പോർട്ട് നൽകി. എട്ടു വർഷമായ ഇതിന്മേൽ നടപടികൾ ഉണ്ടായിട്ടില്ല. മധുരക്കള്ള് അതിവേഗം പുളിച്ചു പോകുന്നതിനാൽ മുൻപ് ഇത് നടപ്പാക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ കേരളാ കാർഷികസർവ്വകലാശാല ഇതിന് പുതിയ സാങ്കേതികവിദ്യ കണ്ടെത്തിയിട്ടുണ്ട്.  

മറ്റുപയോഗങ്ങൾ

  • കള്ള് വളരെ നാൾ കേടുകൂടതെ വച്ചിരുന്നാൽ നല്ല ചൊറുക്കയായി(വിനാഗിരി) മാറും
  • വെള്ളയപ്പംവട്ടയപ്പം എന്നിവയുടെ മാവ് പാകപ്പെടുത്താനായി കള്ള് ചേർക്കാറുണ്ട്.
  • കള്ള്- പ്രത്യേകിച്ച് പനങ്കള്ള് പുളിപ്പിക്കാതെ എടുത്ത് ഏറെ നേരം ചൂടാക്കി വെള്ളം വറ്റിച്ചാൽ തേൻ പോലെ കുറുകി, അത്രയും തന്നെ മധുരമുള്ള 'സിറപ്പ്" കിട്ടും. ഇത് തെങിന്റെ/പനയുടെ ഉടമസ്ഥർക്ക് ആഴ്ച്ചയിൽ ഒരു ദിവസത്തെ കള്ള് അവകാശമായി കിട്ടിയിരുന്നതുകൊണ്ട് നാട്ടിൽ വ്യാപകമായി ചെയ്ത് വന്നിരുന്നതാണ്. മധ്യ തിരുവിതാംകൂർ പ്രദേശത്ത് ഇത് പാനി എന്നാണ് അറിയപ്പെടുന്നത്.)


“വെള്ളം ചേർക്കാതെടുത്തോരമൃതിനു സമമാം നല്ലിളം കള്ളു, ചില്ലിൻ
വെള്ളഗ്ലാസ്സിൽ പകർന്നങ്ങനെ രുചികരമാം മത്സ്യമാംസാദി കൂട്ടി
ചെല്ലും തോതിൽ ചെലുത്തി, ക്കളിചിരികൾ തമാശൊത്തു മേളിപ്പതേക്കാൾ
സ്വർല്ലോകത്തും ലഭിക്കില്ലുപരിയൊരു സുഖം - പോക വേദാന്തമേ നീ!”
 ( ചങ്ങമ്പുഴ) 

തൊട്ടു കൂട്ടാന്‍--- ::::>: മേല്‍ക്കുറിപ്പില്‍ നിന്ന് ചെങ്കള്ള്, ഈഴവക്കള്ള്, കോണ്ഗ്രസ് കള്ള് , ലീഗ് കള്ള്, എന്നിവ ഒഴിവാക്കിയിരിക്കുന്നു

ബ്രാണ്ടിയും റമ്മും വിസ്കിയും കഴിച്ച് പാമ്പാകുന്നവരുടെയും  അത്‌ കണ്ടു ഉപദേശിക്കാന്‍ പോകുന്നവരുടെയും ശ്രദ്ധക്ക്_ കള്ള് കുടി എന്ന പേരില്‍ കുറ്റം പറഞ്ഞ്  പാവം കള്ളിന്‍റെ മെക്കിട്ടു കേറണ്ട. 

2012, ഒക്‌ടോബർ 2, ചൊവ്വാഴ്ച

വയോജന ദിനം സ്പെഷല്‍

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 
സംസ്ഥാന വയോജന നയത്തില്‍ ഭേദഗതികള്‍ വരുത്തുന്നു. കേരളപ്പിറവി ദിനത്തില്‍ പുതിയ നയം നിലവില്‍ വരും. സംസ്ഥാന വയോജന നയം എന്നതിനു പകരം മുതിര്‍ന്നവര്‍ക്കുവേണ്ടിയുള്ള സംസ്ഥാന നയം എന്ന പേരുമാറ്റത്തോടെയാണ് ഇത് നിലവില്‍ വരിക.

 മുതിര്‍ന്ന സ്ത്രികള്‍ക്കും ഗ്രാമീണ ജനങ്ങള്‍ക്കും നയത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കും. സാങ്കേതിക വിദ്യയുടെ മുന്നോട്ടുള്ള കുതിപ്പ്, മുതിര്‍ന്നവര്‍ക്കുള്ള പെന്‍ഷന്‍, സൂക്ഷ്മതല വായ്പകള്‍, ആരോഗ്യവും പോഷണവും, ഭവന നിര്‍മാണം, മുതിര്‍ന്നവരുടെ സേവന വിനിയോഗം, വയോജന ക്ഷേമം, വ്യത്യസ്ത തലമുറകളുടെ സംയോജനം, മാധ്യമങ്ങളുടെ വിനിയോഗം, അത്യാഹിതങ്ങളിലും പ്രകൃതി ക്ഷോഭങ്ങളിലും പ്രത്യേക പരിഗണന, ക്ഷേമ കമീഷന്‍ എന്നിവ പുതിയ നയത്തിന്‍െറ ഭാഗമായി നിലവില്‍ വരും. സംസ്ഥാനത്തെ ജനസംഖ്യയില്‍ വയോജനങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്നത് കണക്കിലെടുത്താണ് നയം പരിഷ്കരിക്കുന്നത്.

ഐക്യരാഷ്ട്ര സഭാ തത്വങ്ങള്‍ അനുസരിച്ചുള്ള സ്വാതന്ത്ര്യം, സംരക്ഷണം, അന്തസ്സ്, പങ്കാളിത്തം, ആത്മ സഫലീകരണം എന്നിവ നയത്തിലൂടെ ഊട്ടിയുറപ്പിക്കും. സ്വഗൃഹത്തില്‍ വാര്‍ധക്യകാലം എന്ന തത്വം പ്രോത്സാഹിപ്പിക്കും. പരിശീലനം, തൊഴില്‍ എന്നിവ സംബന്ധിച്ച് കൗണ്‍സലിങ് നല്‍കുന്ന സന്നദ്ധ സംഘടനകളെ പിന്തുണക്കാനും പുതിയ നയത്തില്‍ വകുപ്പുണ്ട്. വീട്ടില്‍നിന്നും പുറന്തള്ളപ്പെട്ട വയോജനങ്ങള്‍ക്ക് താമസിക്കാന്‍ എല്ലാ ജില്ലയിലും ഭവനങ്ങള്‍ സ്ഥാപിക്കും. ഇതിന് ബജറ്റില്‍നിന്ന് തുക വകയിരുത്തും. ഗ്രാമ പ്രദേശങ്ങളിലെ വരുമാനം കുറഞ്ഞ കുടുംബാംഗങ്ങള്‍ക്ക് വാര്‍ധക്യകാലത്തേക്ക് സമ്പാദ്യം ഉണ്ടാക്കാനാകുന്നില്ളെന്ന കാര്യം പരിഗണിച്ച് സാമ്പത്തിക സുരക്ഷാ പദ്ധതികള്‍ നടപ്പാക്കും.

ആധുനിക സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായി വൈദ്യ സഹായം ലഭ്യമാക്കും. ചെറുകിട കച്ചവടങ്ങള്‍ക്കായി ന്യായനിരക്കിലുള്ള പലിശ മാത്രം ഈടാക്കി വായ്പ നല്‍കും. താലൂക്കാശുപത്രി തലം വരെ പ്രത്യേക വയോജന വാര്‍ഡുകള്‍ നിര്‍മിക്കും. വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് സൗജന്യമായി മരുന്ന് നല്‍കും. ഇതിനായി ജില്ലാ- ജനറല്‍ ആശുപത്രികളില്‍ വയോജനാരോഗ്യ യൂനിറ്റുകള്‍ സ്ഥാപിക്കും. കേരള സാമൂഹിക സുരക്ഷാ മിഷന്‍ മുഖേന നടപ്പാക്കുന്ന വയോമിത്രം പദ്ധതി എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. ഡയാലിസിസ്, അങ്കണവാടികള്‍ മുഖേന പ്രത്യേക ഭക്ഷണ ദാന പരിപാടി, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പ്രത്യേക പരിശോധന, വിരമിച്ചവര്‍ക്ക് പുനര്‍നിയമനം ലഭ്യമാക്കാന്‍ എംപ്ളോയ്മെന്‍റ് ഡയറക്ടറേറ്റ് എന്നിവയുടെ ഗുണവും നയം വഴി മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭ്യമാക്കും.

മുതിര്‍ന്നവര്‍ക്കെതിരെയുള്ള അവകാശ ലംഘന കേസുകള്‍ കൈകാര്യം ചെയ്യാന്‍ സിവില്‍ കോടതിയുടെ അധികാരമുള്ള കമീഷനെയാണ് നിയമിക്കുക. 2013-14 വര്‍ഷത്തിന്‍െറ അവസാനത്തോടെ വൃദ്ധസദനങ്ങള്‍ പരിഷ്കരിക്കുകയും ജീവനക്കാരെ ശാസ്ത്രീയമായി വിന്യസിക്കുകയും ചെയ്യും. 60 വയസ്സിന് മുകളിലുള്ളവരുടെ സര്‍വേ നടത്തി ഡാറ്റാ ബാങ്ക് രൂപവത്കരിക്കും.

ഇവയെല്ലാം വ്യക്തമാക്കുന്ന കരട് കഴിഞ്ഞദിവസം നടന്ന വയോജന ദിനാഘോഷത്തില്‍ കൊച്ചിയില്‍ മന്ത്രി മുനീര്‍ പൊതുജനങ്ങള്‍ക്കായി പ്രകാശിപ്പിച്ചു. നവംബര്‍ ഒന്നിന് പരിഷ്കരിച്ച പതിപ്പ് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പൊതുജനങ്ങള്‍ക്ക് ആവശ്യമായ അഭിപ്രായവും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം. 

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...