2013, മാർച്ച് 7, വ്യാഴാഴ്‌ച

വനിതാദിനം സ്പെഷല്‍ - 2013

face book link


 ‘ആ കുഞ്ഞുവാവയെ രക്ഷിക്കുമ്മാ...’ എന്ന, തന്‍റെ മക്കളുടെ കരച്ചിലാണ് നദീറയെക്കൊണ്ട് ആ സാഹസം ചെയ്യിച്ചത്. ഇന്നിപ്പോള്‍ ആ സാഹസത്തേക്കാള്‍ വലിയ ഒരു ചുമതലയുമായി തനിക്കു ചുറ്റും പ്രകാശം പരത്തുകയും ചെയ്യുന്നു, ആലംബമറ്റവര്‍ ‘അജിയമ്മ’യെന്ന് വിളിക്കുന്ന നദീറ.
ജീവിതവഴിയില്‍ വീണുപോയ കുട്ടികളടക്കം കുറെ പേരെ രക്ഷിച്ച് , സംരക്ഷിച്ച് സഹജീവിസ്നേഹത്തിന് അടയാളമിട്ടിരിക്കുകയാണ് നദീറയിപ്പോള്‍. കൂട്ടുകാര്‍ക്ക് അജിയും കുരുന്നുകള്‍ക്ക് അജിയമ്മയും ആയ നദീറ കുറെ പേര്‍ക്ക് സ്ഥിരം പൊതിച്ചോറെത്തിച്ച് വിശപ്പകറ്റുന്നുമുണ്ട്.പാലാരിവട്ടം പി.ജെ. ആന്‍റണി റോഡില്‍ ജെ.എം. ക്രസന്‍റ് ഫ്ളാറ്റില്‍, 10ാം ക്ളാസുകാരനായ ഫിറോസിന്‍െറയും ആറാം ക്ളാസുകാരി ഫര്‍ഹിന്‍െറയും ഉമ്മയായ ഒരു സാധാരണ സ്ത്രീ ഒരസാധാരണ സംഭവത്തിലൂടെയാണ് ജീവിതനിയോഗം മാറ്റിമറിച്ചത്. മഴ പെയ്യുന്നൊരു രാത്രിയില്‍ മക്കളെ ഓട്ടോയില്‍ ഇരുത്തി, ഐസ്ക്രീമും മറ്റുസാധനങ്ങളും വാങ്ങാന്‍ പോയി. തിരിച്ചെത്തിയപ്പോള്‍ കാണുന്നത് കരയുന്ന കുഞ്ഞുങ്ങളെയാണ്. ഒരു ഭ്രാന്തന്‍ ഒരു കുഞ്ഞുവാവയെ കൊണ്ടുപോവുന്നുണ്ടെന്നു പറഞ്ഞാണ് അവരുടെ നിലവിളി. മറ്റൊന്നും ആലോചിക്കാതെ നദീറ അയാളുടെ പിന്നാലെ ഓടി. ഓടുന്നതിനിടെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചറിയിക്കുകയും ചെയ്തു. ഭ്രാന്തന്‍െറ വേഷവിധാനമെങ്കിലും ഒത്ത കരുത്തുള്ള അയാളുടെ മുന്നിലെത്തിയപ്പോള്‍ നദീറയൊന്ന് പതറി. കുഞ്ഞ് അയാളുടേതല്ലെന്ന് ഉറപ്പ്. പക്ഷേ വിട്ടുതരില്ലെന്ന ഭാവത്തില്‍ അയാള്‍ നില്‍ക്കുന്നു. ‘കുഞ്ഞ് ആരുടേതാ, എവിടെ കൊണ്ടുപോകുന്നു, നിങ്ങളാരാ’ എന്നൊക്കെ ഒറ്റ ശ്വാസത്തില്‍ ചോദിച്ചുതീര്‍ത്തു. അയാളൊരു നോട്ടം നോക്കി. പേടി തോന്നിയെങ്കിലും അയാളുടെ മുന്നില്‍നിന്ന് മാറിയില്ല. അപ്പോഴേക്കും ഒരു യുവാവ് സഹായത്തിനെത്തി. യുവാവുമായുള്ള മല്‍പ്പിടിത്തത്തിനിടക്ക് കുഞ്ഞിനെ തറയിലടിച്ചുകളയാന്‍ ആ മനുഷ്യന്‍ ഒരുങ്ങിയ നിമിഷത്തില്‍ നദീറ കുഞ്ഞിനെ പിടിച്ചെടുത്തു. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് അയാളെ കീഴ്പ്പെടുത്തുകയും ചെയ്തു. പിറ്റേന്ന് കോടതി നിര്‍ദേശപ്രകാരം കുഞ്ഞിനെ സ്വന്തം വീട്ടില്‍ കൊണ്ടുവന്നു. പിന്നീട് നിയമനടപടി പ്രകാരം അവളെ ശിശുഭവന് കൈമാറുകയായിരുന്നു. എങ്കിലും ഇപ്പോഴും മൂവരും ഇടക്കിടെ അവളെ പോയി കണ്ട് മിഠായികളും ഉടുപ്പുകളും സമ്മാനിക്കും.ആ സംഭവത്തിനുശേഷം 14പേരെ കൂടി വിവിധയിടങ്ങളില്‍നിന്ന് രക്ഷിച്ചു. അനാഥാശ്രമം സ്ഥാപിക്കുക എന്ന ലക്ഷ്യം നദീറക്കുണ്ട്. ഭര്‍ത്താവും ദുബൈയില്‍ ബാങ്ക് ഉദ്യോഗസ്ഥനുമായ സലീം ഭാര്യക്ക് പിന്തുണയുമായി ഒപ്പമുണ്ട്. സഹായിക്കാന്‍ വേണ്ടതിലധികം ആളുകളുണ്ടെന്ന് നദീറ പറയുന്നു. ‘എന്നാല്‍, അവരുടെ സഹായം കണ്ടെത്തി പാവങ്ങള്‍ക്ക് എത്തിച്ചുകൊടുക്കാനുള്ള ഏകോപനമാണ് ആവശ്യം’ -കൊച്ചിയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന നദീറ കൂട്ടിച്ചേര്‍ത്തു.

മാധ്യമം വാര്‍ത്ത 

2 അഭിപ്രായങ്ങൾ:

  1. പരിചയപ്പെടുത്തലിന് നന്ദി. കണ്ടില്ലെന്ന് നടിച്ച് പോകാവുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഈ വ്യക്തിത്വം കരുത്താവട്ടെ.

    മറുപടിഇല്ലാതാക്കൂ
  2. മാധ്യമത്തിൽ വായിച്ചു...:)

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...