സൈക്കിള്‍ എടുത്തു മുറ്റത്തിറക്കിയതെങ്ങാനും കണ്ടാല്‍ ജോബിയേട്ടന്‍ പാടി തുടങ്ങും....
അവളൊരു പാവം പാല്‍ക്കാരി പെണ്ണ് ......
''ഹും..പോക്കോ രാവിലെ തന്നെ ചീത്ത വിളി കേള്‍ക്കാന്‍ നില്‍ക്കണ്ട '' എന്ന് പറഞ്ഞാല്‍ കൂടുതല്‍ ഉച്ചത്തില്‍ ജോബിയേട്ടന്‍ രണ്ടു തവണ കൂടി അതേ വരി പാടും.. അപ്പോള്‍ അപ്പുറത്തെ ലൂവീസേട്ടന്‍ പറയും ''ഡാ ജോബ്യേ ..നീ എന്തിനാടാ എന്‍റെ മാത്തിരീനെ കള്യാക്കണേ ?? നിനക്ക് അടി വേണോടാ ''ന്നു..
ജോബ്യേട്ടന്‍റെ പാട്ടിനു ഒച്ച കൂടുമ്പോള്‍ കയ്യില്‍ കിട്ടിയതെടുത്തു ഞാന്‍ ഏറിയും. മിക്കവാറും ഞങ്ങളുടെ വീടുകളുടെ കോമണ്‍ ബാത്ത്റൂമിന്‍റെ തകരപാട്ട വാതിലില്‍ കല്ല് വന്നു പതിയുന്നതിന്‍റെ ശബ്ദം ചെവി മൂളിച്ചാലും ജോബ്യേട്ടന്‍ പാട്ട് നിറുത്തില്ല. ഡീ ജിഷ മാളോ എന്ന് മാത്രം ചിലപ്പോ ഞെട്ടി വിറച്ചു ഉറക്കെ വിളിക്കും.
(ജോബ്യേട്ടന്‍ എന്‍റെ സഹോദര സ്ഥാനത്തുള്ളയാളാണ്, ലൂവീസേട്ടന്‍ എന്‍റെ 'പപ്പയും. അപ്പുറത്തെ വീട്ടിലെ സീക്കോ, സിജി പിള്ളേരുടെ അപ്പനാണ് ലൂവീസേട്ടന്‍. . എല്ലാരും ലൂവീസേട്ടാ എന്ന് വിളിക്കുമ്പോള്‍ അടുത്ത കൂട്ടുകാരിയായ സിജി ചേച്ചിയുടെ വാല് പിടിച്ചു ഞാനും വിളിക്കും- 'പപ്പേ ..''എന്ന് . അതൊരു കാലം. ഇന്ന് ലൂവീസേട്ടന്‍ ഇല്ല.)
ചെറുപ്പത്തിലെ സന്തത സഹചാരിയായിരുന്നു സൈക്കിള്‍. ബി.എസ്.എ ജൂനിയര്‍ ടൈപ്പ്. അന്ന് പത്തു മുന്നൂറ്റമ്പത് വീടുകള്‍ നിറഞ്ഞ പള്ളി പരിസരത്തെ ഹൗസിംഗ് കോളനിയില്‍ നിരത്തില്‍ സൈക്കിള്‍ ചവിട്ടാന്‍ ധൈര്യം കാണിച്ച ഏക പെണ്‍തരി ഞാനാണ്. അമ്മ വീടിന്‍റെ ഗ്രാമത്തില്‍ പോയാല്‍ ഒരുപാട് പെണ്‍കുട്ടികള്‍ സൈക്കിള്‍ചവിട്ടി പോകുന്നത് കണ്ടിട്ടുണ്ട്. പക്ഷെ അല്പം പരിഷ്കാരം ഉള്ള പട്ടണപ്രദേശത്ത് ഈ പെണ്‍കുട്ടികള്‍ സൈക്കിള്‍ ചവിട്ടാത്തത് എന്താണെന്ന് അന്ന് പല തവണ ആലോചിട്ടുണ്ട്. അടക്കവും ഒതുക്കവുമുള്ള പെണ്‍കുട്ടികള്‍ സൈക്കിള്‍ ചവിട്ടില്ല എന്ന് എന്‍റെ അമ്മൂമ്മ പല തവണ പറയാറുണ്ട്, ചിലപ്പോള്‍ അവരുടെ അമ്മൂമ്മമാര്‍ അങ്ങനെ പറഞ്ഞത് അവര്‍ അനുസരിക്കുന്നുണ്ടായിരിക്കും, അല്ലേ ??
പക്ഷെ, എന്‍റെ കഥയില്‍ സൈക്കിള്‍ എന്‍റെ മാത്രം ആവശ്യമല്ല. ഉരി, നാഴി, നാവുരി, രണ്ടു നാഴി , ഒരു ലിറ്റര്‍ വീതം നിറച്ച പാല്‍ കുപ്പികള്‍ പത്തു നൂറു വീടുകളില്‍ എത്തിക്കണം. അതും, സ്കൂളില്‍ ബെല്ലടിക്കുന്നതിനു മുന്നേ എത്തണമെങ്കില്‍ സൈക്കിള്‍ തന്നെ വേണം. രണ്ടു സഞ്ചിയില്‍ നിറയെ കുപ്പികള്‍, അവ ഹാന്‍ഡിലിന്റെ ഇടതും വലതും കൊളുത്തിയിട്ട് ഞാനത് എത്തിക്കണം.
അങ്ങാടി എന്ന് ഞങ്ങള്‍ തൃ ശൂര്‍ക്കാര്‍ പറയുന്ന ഹൗസിംഗ് കോളനിയില്‍ നേരം വെളുക്കുന്നത് ആറു മണിക്കാണ്. എണീറ്റ് പത്രം വായിക്കുന്നതിനു മുന്നേ ചായ കുടിക്കുന്ന ഗൃഹനാഥന്മാരുള്ള വീടുകളില്‍ കുറഞ്ഞത് ആറരക്കെങ്കിലും പാല്‍കുപ്പി എത്തണം. ഇല്ലെങ്കില്‍ പലയിടത്തു നിന്നും പരിഹാസം പൊതിഞ്ഞ ' ''ന്തൂട്ട്യാട്യെ നിനക്ക് നേരം വെളുത്തില്ലേ ? നിന്ക്ക് ഇത്തിരി നേരത്തെ പാല്‍ എത്തിച്ചാലെന്താ? ദേ, ഞങ്ങള് വേറെ പാലുകാരെ നോക്കും കേട്ടാ ' തുടങ്ങിയ പറച്ചിലുകള്‍ കേള്‍ക്കേണ്ടി വരും. തിരിച്ചു എന്തെങ്കിലും പറഞ്ഞാല്‍ പാല്‍ കച്ചോടം നിറുത്തിയാലോ എന്ന് കരുതി പലപ്പോഴും ഒന്നും തിരികെ പറയില്ല.
തിരിച്ച് പറയും- എപ്പോഴാന്നോ - കാലിക്കുപ്പി എടുക്കാന്‍ ചെല്ലുമ്പോള്‍ കുപ്പി നിറയെ പാല്‍ അതേ പടി ഇരിക്കുന്ന കണ്ടാല്‍. അപ്പോള്‍ ചോദിക്കും '' ഇന്നെന്താ എണീക്കാന്‍ വൈകിയോ ''
ഹ ഹ ഹ ... ഏതു പട്ടിക്കും ണ്ട് ഒരു ദിവസം , അല്ലേ ??
അപ്പോള്‍, പറഞ്ഞു വന്നത് വിട്ടു പോയി, ഞാന്‍ ഇത്രേം വീട്ടില്‍ നേരത്തിനു പാല്‍ എത്തിച്ചില്ലേല്‍ അവരാരും പാല്‍ചായ കുടിക്കില്ല. അപ്പോള്‍ എനിക്ക് സൈക്കിള്‍ വേണ്ടത് അവരുടെ ആവശ്യമാണ്.
പിന്നെ, എടുത്താല്‍ പൊങ്ങാത്ത ഭാരം ഈ കുര്‍ണിയുടെ കയ്യില്‍ കൊടുത്തു വിട്ടാല്‍ വഴിയില്‍ വീണു പോയാലോ എന്ന അപ്പന്‍റെ ആധിയും ..
(അപ്പന്‍ രാവിലെ പോകും നാട് നന്നാക്കാന്‍...... . . ,പിന്നെ എവിടെയാ പാല്‍ കൊണ്ട് കൊടുക്കാന്‍ നേരം. രാവിലെ വീടിന്റെ വാതില്‍തുറക്കുമ്പോള്‍ മുറ്റത്തുണ്ടാകും കുറെ പേര്‍ '' ജോര്ജൂട്ട്യെ ..കുടിവെള്ള പൈപ്പ് പൊട്ടി, പറഞ്ഞിട്ടും ആരും നേരെയാക്കാനില്ല, ജോര്ജ്ജെ കരണ്ട് കിട്ടിയില്ല, ജോര്‍ജേട്ടാ പെന്‍ഷന്‍ തടഞ്ഞു വച്ചു സഹായിക്കണം ' എന്നൊക്കെ പറഞ്ഞ് കുറെ പേര്‍.. . അവര്‍ക്കൊപ്പം അപ്പോള്‍ ഇറങ്ങിയാല്‍ പാതിരാക്കാണ് പിന്നെ കേറി വരുന്നത്.. അയ്യോ, പാവം ഞാനേ....)
അപ്പോള്‍ എന്‍റെ സൈക്കിള്‍, സര്‍ക്കസ് യജ്ഞത്തിലെ സൈക്കിള്‍ പോലെ പ്രധാനമായിരുന്നു. എന്നെ അറിയുന്നത് പോലെ നാട്ടുകാര്‍ എന്‍റെ സൈക്കിളിനെയും അറിഞ്ഞിരുന്നു. നാട്ടില്‍ സൈക്കിള്‍ ഉള്ള കുട്ടികള്‍ കുറവ്. അതില്‍ തന്നെ സൈക്കിള്‍ ഓടിക്കുന്ന പെണ്‍കുട്ടി ഒരാള്‍., അഹങ്കരിക്കാന്‍ എവിടേലും പോകണോ...
പക്ഷെ, കഥയില്‍ ചില നേരത്തു ചില വില്ലന്മാര്‍ കേറി വരും. സിനിമയിലൊക്കെ കാണുന്ന പോലെ, പണക്കാരന്‍റെ വീട്ടിലെ തിളപ്പുള്ള വരുത്തന്‍ വിരുന്നുകാരന്‍ പയ്യന്മാര്‍. . വെക്കേഷന് അമ്മയിയുടെയോ അങ്കിളിന്‍റെയോ വീട്ടില്‍ അവധിക്കാലം ആഘോഷിക്കാന്‍ വരുന്നവരാണ്. അവരാരും പെണ്‍കുട്ടി സൈക്കിള്‍ ചവിട്ടുന്നത് കണ്ടിട്ടില്ലാത്തത് കൊണ്ടായിരിക്കും, ഓ പിന്നേ ..ന്നു നീട്ടി വലിച്ചു മുഖം കോട്ടുന്നത്.
പാല്‍ കുപ്പി കൊണ്ട് വക്കാന്‍ ചെന്നാല്‍ അവന്മാരുടെ കൊത്തിപ്പറച്ചിലുകള്‍ കേള്‍ക്കാം. കുറെ പറഞ്ഞാല്‍ പാല് വാങ്ങുന്ന വീട്ടിലെ വിരുന്നുകാരനാനെണെന്ന് നോക്കില്ല- ''എടാ ചെക്കാ, നിന്‍റെ നാട്ടില് പോയി കളിയെടാ -എന്നു പറയും. ഹും..അവരുണ്ടോ വിടുന്നു. ഒടുക്കം കളിയാക്കല്‍ എന്‍റെ കറുപ്പ് നിറത്തിലും സൗന്ദര്യ കുറവിലും കൊണ്ട് ചെന്ന് കൂട്ടിക്കെട്ടും. എന്നിട്ട് കാളി , കറുമ്പി, കുര്‍ണി , കാക്കാത്തി, കാട്ടുറാണി തുടങ്ങിയ പേരുകള്‍ വിളിച്ചു കളിയാക്കും . ഇത്രയും ചെറിയ പ്രായത്തില്‍ ഇത്രയും അധിക്ഷേപിച്ചു സംസാരിക്കാന്‍ അവര്‍ എവിടെ നിന്ന് പഠിച്ചെന്നു ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. ആ വിളി വരുമ്പോള്‍ ഞാന്‍ ആ വീട്ടിലെ ആഥിതേയരായ കുട്ടികളെ നോക്കും- '' വെക്കേഷന്‍ കഴിഞ്ഞാല്‍ അവര് പോകും. അന്ന് നമ്മളോക്കെയെ കാണൂ.ഇപ്പോള്‍ നീ മിണ്ടാതെ അവനു കൂട്ട് പിടിച്ചോ. അപ്പൊ കാണിച്ചു തരാം'' - എന്ന ഭാവത്തില്‍. അപ്പോള്‍ അവര് പതുക്കെ വീട്ടിലോക്കോടും '' മമ്മ്യേ'' ...ന്നു വിളിച്ചിട്ട്.... ഹും നമ്മോളോടാ കളി
കഥയുടെ ആദ്യത്തില്‍ പറഞ്ഞ ജോബ്യേട്ടന്‍, അനിയന്‍ ജിയോ, സീക്കോ, എന്‍റെ അനിയന്മാരായ ജിന്റോ, ജിജാസല്‍ എന്നിവരേം കൂട്ടി ആ വരുത്തന്‍ വന്ന വീടിന്‍റെ മുന്നിലൂടെ നാലഞ്ചു തവണ നടക്കും. വരുത്തന്‍ കണ്ണിനു മുന്നില്‍ വന്നാല്‍ അവന്‍റെ പണി കഴിഞ്ഞു- കൂട്ടത്തില്‍ മൂത്തവനായ ജോബ്യേട്ടന്‍ കണ്ണ് പൊട്ടണ ചീത്ത വിളിക്കും. മേലാല്‍ അവര് ഈ പണി കാണിക്കില്ല. അവര് മിണ്ടില്ല, കാരണം പേടിയാണ്. പേടിക്കണം, ഞങ്ങളുടെ വീടിനു മുന്നില്‍ കൂടി വേണം അവര്‍ക്ക് പള്ളിയില്‍ പോകാന്‍..., ചീത്ത വിളി ഇനിയും കേള്‍ക്കേണ്ടി വരും. ഹ ഹഹ ഹ....
സ്കൂളില്‍സയന്‍സ് ക്ലബില്‍ മല്‍സരത്തിനു സൈക്കിള്‍ സര്‍കസ് കാട്ടി ഫസ്റ്റ് വാങ്ങണം എന്ന് കരുതും. പക്ഷെ, കൂട്ടുകാരി ജിസ്മി അവളുടെ ക്യൂട്ട് ഹാന്‍ഡ്‌സം പോമാറേനിയന്‍ വെളുമ്പന്‍ പഞ്ഞിക്കെട്ടിനെ കൊണ്ട് വന്നു താലോലിക്കും. അവള്‍ക്കു തന്നെ എല്ലാക്കൊല്ലവും ഫസ്റ്റ്.
സൈക്കിള്‍ ഒരെണ്ണം വാങ്ങി ഓഫിസില്‍ കൊണ്ട് വന്നപ്പോള്‍ ഇങ്ങനെ കുറെ ഓര്‍മ്മകള്‍ ഇന്ന് മനസിലേക്ക് തള്ളിക്കേറി വന്നു. പത്തു പന്ത്രണ്ടു കൊല്ലം കൊണ്ട് നടന്ന ഗൃഹാതുര ഓര്‍മകളെ നിരത്തില്‍ ഇറക്കുമ്പോള്‍ പഴയ വരുത്തന്‍വില്ലന്മാര്‍ ഇപ്പോഴും കാണുമോ എന്ന ശങ്ക ഇല്ലാതില്ല . എത്ര പേരോട് തല്ലു പിടിച്ചു ജയിക്കേണ്ടി വരുമോ ( അതെ ജയം എനിക്ക് തന്നെ , ഹ ഹ ഹ ) ...ആവോ ....
കുര്ണ്യേ.....!!
മറുപടിഇല്ലാതാക്കൂവായിച്ചു. നന്നായിട്ടുണ്ട്. ഇഷ്ടപ്പെട്ടു. സമാന സാഹചര്യങ്ങളിൽ വളർന്നു ഇന്ന് പണവും പത്രാസും പദവിയും ഒക്കെയായ എന്നെ പോലത്തെ പലർക്കും പഴയ കാര്യങ്ങൾ ഓർക്കാൻ ഒരു നിമിത്തമായി. അന്നത്തെ എന്റെ കൊച്ചു സൈക്കിൾ ഇന്നത്തെ എന്റെ കാറിനെക്കാൾ അന്ന് എനിക്ക് പ്രിയപ്പെട്ടതായിരുന്നു.
മറുപടിഇല്ലാതാക്കൂപാൽക്കാരിയുടെ ഗൃഹാതുര ഓർമ്മകൾ .......... :)
മറുപടിഇല്ലാതാക്കൂനന്നായി എഴുതി ട്ടോ
അവളൊരു പാവം പാല്‍ക്കാരി പെണ്ണ് ...... :)