പ്രമുഖ പത്രപ്രവര്‍ത്തക ലീല മേനോന്‍ വിരല്‍ ചൂണ്ടുന്നത് സമദാനിക്ക് എതിരെയാണ്. ഒപ്പം കുഞ്ഞാലിക്കുട്ടിക്കും മകന്‍ എം.ഡി നാലപ്പടിനെതിരെയും ആരോപണങ്ങള്‍ ഉണ്ട്. എഴുത്തുകാരി അഷിതയെ സാക്ഷി നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. എന്‍.ഡി.എഫുകാരുടെ കാവലിനെ കുറിച്ച് പറയുന്നുണ്ട്.
'കമല എങ്ങനെ സുരയ്യയായി ' എന്ന പ്രമുഖ പത്രപ്രവര്‍ത്തക ലീല മേനോന്റെ ലേഖനം മുഴുവനായി വായിക്കുക
കമല സുരയ്യ |
കമല മതം മാറുന്നു എന്ന് പ്രസ്താവിച്ചതും ഒരു മീറ്റിംഗില്‍ വച്ചായിരുന്നു. കമലാദാസ് മുസ്ലിമായി മതം മാറി അബ്ദുള്‍സമദ് സമദാനിയെ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത കേരളത്തിലേയും ലോകമെമ്പാടുമുള്ള മലയാളികളേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. അന്ന് ഇന്ത്യന്‍ എക്‌സ്പ്രസിലായിരുന്ന ഞാന്‍ എന്റെ സഹപ്രവര്‍ത്തകനായ ഇപ്പോള്‍ ഹിന്ദുവിലുള്ള എം.കെ.സുധിയോടൊപ്പമാണ് വാര്‍ത്ത കവര്‍ ചെയ്യാന്‍ രാത്രി അവരുടെ ഫ്‌ലാറ്റിലെത്തിയത്. കടവന്ത്രയിലെ ഒരു മതപുരോഹിതനാണ് ചടങ്ങിന് നേതൃത്വം നല്‍കിയത്. കമലാ ദാസ് അങ്ങനെ കമലാസുരയ്യയായി. അങ്ങനെ കമലാ സുരയ്യ ഇസ്ലാമിലെ വിശുദ്ധയായി, പര്‍ദ്ദാധാരികളായ സ്ത്രീകളുടെ ആരാധനാപാത്രമായി.കമലയെ ഒന്നുതൊടാന്‍, കയ്യില്‍ ഒന്നു ചുംബിക്കാന്‍ അവര്‍ വെമ്പല്‍ കാട്ടുന്നത് ഞാന്‍ നോക്കി നിന്നിട്ടുണ്ട്.
സമദാനി |
മൂന്ന് ഭാര്യമാരുള്ളയാളുടെ നാലാം ഭാര്യയായി പോകുകയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കമലയുടെ മറുപടി ഇങ്ങനെയായിരുന്നു'ഒരു ഭാര്യ അടുക്കളയില്‍, ഒരു ഭാര്യ പുറംപണിക്ക്, ഒരു ഭാര്യ കാര്യങ്ങള്‍ അന്വേഷിക്കാന്‍, കമല സ്വീകരണമുറിയില്‍ ഭാര്യയായി അതിഥികളെ സ്വീകരിക്കാന്‍'.
കമലയെപ്പോലെ ഇത്ര നിഷ്‌കളങ്കയായ, പരിശുദ്ധഹൃദയയായ, സ്‌നേഹമയിയായ, കുസൃതിയായ, മനോഹരമായ പുഞ്ചിരിയും ആകര്‍ഷകമായ പൊട്ടിച്ചിരിയുമുള്ള സ്ത്രീകളെ ഞാന്‍ പരിചയപ്പെട്ടിട്ടില്ല. വശ്യമായ നയനങ്ങളും മനോഹരമായ പുഞ്ചിരിയും സെന്‍സ് ഓഫ് ഹ്യൂമറും അതേസമയം ഇംഗ്ലീഷിലും മലയാളത്തിലും ഒരേപോലെ എഴുതാന്‍ കഴിവുമുള്ള കമലം എന്റെ ദൃഷ്ടിയില്‍ ഒരു 'ജീനിയസ്' ആയിരുന്നു.
ലീല മേനോന്‍ |
കമല മതം മാറിയ ദിവസം ഞാനും സുകുമാര്‍ അഴീക്കോടും കടമ്മനിട്ട രാമകൃഷ്ണനും എല്ലാം കമലയുടെ ഫ്‌ലാറ്റിലെത്തി. അന്ന് ആ വീട്ടില്‍ മത്സ്യ മാംസാദികള്‍ പാകം ചെയ്തു. ഞാനും കടമ്മനിട്ടയും ഒരുമിച്ചാണ് കമലയുടെ ഊണുമേശക്കരികിലിരുന്നതും സ്വാദിഷ്ട ഭക്ഷണം കഴിച്ചതും എന്ന് ഞാന്‍ ഓര്‍ക്കുന്നു.
അന്ന് മുതല്‍ കമല കറുത്ത പര്‍ദ്ദയിട്ട് സമൃദ്ധമായ തലമുടി ഹിജാബ് കൊണ്ടുമൂടി, കണ്ണില്‍ സുറുമ എഴുതി കയ്യില്‍ മെയിലാഞ്ചി പുരട്ടി നടക്കാന്‍ തുടങ്ങി. മെയിലാഞ്ചി ഇടാന്‍ ഫോര്‍ട്ട് കൊച്ചിയില്‍നിന്ന് ഒരു സ്ത്രീ വരുമായിരുന്നു. കമല സൗന്ദര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തിയിരുന്നു. ബ്യൂട്ടി പാര്‍ലറില്‍ സ്ഥിരമായി പോകുകയും ചെയ്തിരുന്നു. ഒരിക്കല്‍ ഫേഷ്യല്‍ ചെയ്തത് വളരെ ഇഷ്ടമായി എന്നു പറഞ്ഞ് ബ്യൂട്ടീഷന് തന്റെ കയ്യിലെ സ്വര്‍ണവള കമല ഊരി നല്‍കി. ദാനശീലയായ കമല പെട്ടെന്നുള്ള പ്രേരണയില്‍ ഇങ്ങനെ സാധനങ്ങള്‍കൊടുക്കുമായിരുന്നു. ഇന്ദുമേനോന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ കമല തന്റെ കാര്‍ അവര്‍ക്ക് നല്‍കിയത് ചെറിയ കാറിലെ യാത്ര കുഞ്ഞിനെ അപകടപ്പെടുത്തിയാലോ എന്ന് ഭയന്നായിരുന്നു. ഇന്ദുമേനോന്‍ ഗര്‍ഭഛിദ്രം നടത്തി എന്നറിഞ്ഞപ്പോള്‍ കാര്‍ കൊടുത്തതില്‍ കമല പശ്ചാത്തപിയ്ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
കമല സുരയ്യയായപ്പോള്‍ മത പ്രാര്‍ത്ഥനകളും നിസ്‌ക്കാരവും എല്ലാം ചെയ്യുന്നത് പഠിപ്പിക്കാന്‍ കടവന്ത്രയിലെ ഒരു മൗലവി ഫ്‌ലാറ്റില്‍ വരുമായിരുന്നു. ഹിന്ദുമത വിശ്വാസികള്‍ ഉപദ്രവിച്ചാലോ എന്ന് ഭയന്ന് അവിടെ എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഗാര്‍ഡുകളായി നിന്നു. പോലീസും സുരക്ഷിതത്വം നല്‍കിയിരുന്നു.
പക്ഷേ, സമദാനി വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറി. മന്ത്രി കുഞ്ഞാലിക്കുട്ടി, സമദാനി കമലയെ വിവാഹം കഴിക്കാന്‍ പോകുകയാണോ എന്ന് ചോദിച്ചപ്പോള്‍ അവര്‍ എഴുത്തുകാരിയല്ലേ? അത് അവരുടെ ഭാവനയാണ് എന്ന് പറഞ്ഞു പരിഹസിക്കുകയാണ് ചെയ്തത്. കമല സമദാനിയുടെ ആദ്യത്തെ സുരയ്യ ആയിരുന്നില്ല. അഷിത എന്ന എഴുത്തുകാരിയോടും ഇതേ വാചകം ഇദ്ദേഹം പറഞ്ഞെന്നും അവര്‍ അദ്ദേഹത്തെ വാതില്‍ ചൂണ്ടിക്കാണിച്ച് പുറത്തുപോകാന്‍ പറഞ്ഞെന്നും അഷിത എന്നോട് പറഞ്ഞിട്ടുണ്ട്.
സമദാനി വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയപ്പോള്‍ കമല ഹിന്ദുമതത്തിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹിച്ചു. പക്ഷേ കമലയുടെ മൂത്ത മകന്‍ മോനു നാലപ്പാട് അതിനെ ശക്തമായി എതിര്‍ത്തു. കമല ഹിന്ദു മതത്തിലേയ്ക്ക് തിരിച്ചു വന്നാല്‍ മുസ്ലിങ്ങള്‍ കമലയെ മാത്രമല്ല മക്കളേയും ചെറുമക്കളേയും കൊല്ലും എന്നും മോനു അവരോട് പറഞ്ഞു. പേടിച്ചിട്ടാണ് കമല പര്‍ദ്ദയില്‍ തുടര്‍ന്നത്. കമല പൂനെയില്‍ ചെന്ന ശേഷം എന്നെ വിളിച്ച് സന്തോഷത്തോടെ പറഞ്ഞത് 'ലീലേ ഞാന്‍ പര്‍ദ്ദ ഉപേക്ഷിച്ചു മുണ്ടും വേഷ്ടിയും ആണ് ധരിക്കുന്നത്, എന്റെ മുടി അഴിച്ചിട്ടിരിക്കുകയാണ്' എന്നാണ്. പക്ഷേ രണ്ട് ദിവസം കഴിഞ്ഞ് കണ്ണീര്‍തുളുമ്പുന്ന സ്വരത്തില്‍ കമല പറഞ്ഞു, 'മോനുവും മറ്റും എന്നെ തിരിച്ചു പര്‍ദ്ദയില്‍ കയറ്റി. മോനു പൂനെ ബസാറില്‍ പോയി പര്‍ദ്ദ വാങ്ങിക്കൊണ്ടുവന്ന് എന്നെ ധരിപ്പിച്ചു' എന്ന്.
പാവം കമല എന്നും വൃന്ദാവനത്തില്‍ കൃഷ്ണനെ കാത്തുകഴിയുന്ന വിരഹിണിയായ രാധയായിരുന്നു. കമലയുടെ ഇഷ്ടദേവന്‍ കൃഷ്ണനായിരുന്നു. ഞാനും എന്റെ സുഹൃത്ത് ശാരദാ രാജീവനും അവരെ പൂനെയില്‍കാണാന്‍ പോയപ്പോള്‍ അവര്‍ ശാരദയെക്കൊണ്ട് 'കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍..' എന്ന പാട്ട് പാടിച്ചു. ഞങ്ങളോട് ലളിതാസഹസ്രനാമം ചൊല്ലാനും അപേക്ഷിച്ചു. ഉറങ്ങുന്നതിന് മുമ്പ് പരിചാരിക അമ്മുവിനോട് 'നാരായണ നാരായണ' എന്ന് ചൊല്ലാന്‍ പറയുമായിരുന്നു. മരിച്ചതും നാരായണ നാമം കേട്ടായിരുന്നു. കമല ഇസ്ലാം ആയശേഷം പറഞ്ഞതും 'താന്‍ ഗുരുവായൂരിലെ കൃഷ്ണനെ കൂടെ കൊണ്ടുപോന്നു' എന്നായിരുന്നു. അതും പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. മൂന്ന് ദിവസത്തിന് ശേഷം യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ കമലയുടെ ദൃഷ്ടി എന്നെ വിടാതെ പിന്തുടര്‍ന്നു, ഇപ്പോഴും പിന്തുടരുന്നു.
ഒടുവില്‍ കമല മരിച്ചപ്പോള്‍ മൃതദേഹം ഘോഷയാത്രയായി പൂനെയില്‍ നിന്ന് കൊണ്ടുവന്ന് പാളയം പള്ളിയില്‍ സംസ്‌ക്കരിച്ചത് മോനു നാലപ്പാട്ടിന്റെ നിര്‍ബന്ധം മൂലമായിരുന്നു. പൂനെയില്‍ ഹിന്ദുമതാചാര പ്രകാരം കര്‍മ്മങ്ങള്‍നടത്തി സംസ്‌ക്കാരം നടത്തുവാന്‍ ജയസൂര്യ ഏര്‍പ്പാട് ചെയ്തിരുന്നതാണ്.
മനസ്സില്‍ രാധയായി മാത്രം ജീവിച്ച കമലയെ എന്തിന് പാളയം പള്ളിയില്‍ സംസ്‌ക്കരിച്ചു. മരണത്തില്‍ പോലും അവര്‍ക്ക് വിശ്വാസ സ്വാതന്ത്ര്യം നിഷേധിച്ചത് പ്രാണഭയം മൂലമാണെന്നോര്‍ക്കുമ്പോള്‍ ഹാ കഷ്ടം! എന്നു പറയാനാണ് എനിക്ക് തോന്നുന്നത്.
കടപ്പാട് - ജന്മഭൂമി പത്രം
(അവസാനിച്ചു )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!