2013, ഓഗസ്റ്റ് 14, ബുധനാഴ്‌ച

ബാബു സാവിയോ വെഡ്സ് ഷെരോണ്‍




രണ്ടു സന്തോഷങ്ങളാണ് ഇന്നുണ്ടായത്. ഒന്നൊരു അവാര്‍ഡ്‌ ,സ്വാഭാവികമായും സന്തോഷം. എന്നാല്‍ അതിലും വലിയ  സന്തോഷം നല്‍കിയത് ഒരാളുമായി ഉണ്ടായ  കൂടിക്കാഴ്ചയാണ്. ജീവിതത്തില്‍  ഒരിക്കലും മറന്നു പോകാന്‍ ഇടയില്ലാത്ത ഒരാളെ കണ്ടു. ( ഒന്നോ രണ്ടോ വട്ടം കണ്ടു പരിചയപ്പെട്ടിട്ടും മുഖം മറക്കുകയും ,എന്തിനു കൂടെ  പഠിച്ചവരുടെ പേര് മറക്കുകയും ചെയ്യുന്ന ഡിമ്നീഷ്യ എന്ന് ഞാന്‍ തന്നെ പേരിട്ടു വിളിക്കുന്ന അപൂര്‍വമായ ഒരു അസുഖത്തിന്റെ പിടിയിലാണ് ഞാന്‍) -), അത് കൊണ്ടാണ് ജീവിതത്തില്‍ മറക്കാന്‍ ഇടയില്ല എന്ന് പ്രത്യേകം പറഞ്ഞത് )   കൂടിക്കാഴ്ചയുടെ  കഥ വിശദമായി പറയാം.

ഇക്കഴിഞ്ഞ ദിവസം കോര്‍പറേഷനില്‍ കൗണ്‍സില്‍ യോഗം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോള്‍ എന്നും ലഭിക്കുന്ന അജണ്ടക്കൊപ്പം ഒരു കല്യാണ കത്ത് കൂടി കിട്ടി. ഏതെന്കിലും കൌണ്‍സിലര്‍മാരുടെ, അല്ലെങ്കില്‍ അവരുടെ മക്കളുടെ കല്യാണം എന്നാണു കരുതിയത്‌. .,.എന്നാല്‍ കത്തിനു മുകളില്‍ നഗരസഭ എന്ന് അച്ചടിച്ച്‌ വച്ചത് കണ്ടപ്പോള്‍ കൌതുകമായി. നഗരസഭയാണ് കല്യാണം ക്ഷണിക്കുന്നത്. അതിനു നഗരസഭക്ക് മക്കളുണ്ടോ? കൌതുകം കൊണ്ട് കണ്ണ് മിഴിഞ്ഞു. കത്ത് തുറന്നപ്പോള്‍ കല്യാണം ക്ഷണിക്കുന്നത് മേയറും നഗരസഭ സെക്രട്ടറിയുമാണ്. അതാണ്‌ ആദ്യം കണ്ടത്. പിന്നെയാണ് ചെക്കന്റെയും പെണ്ണിന്റെയും വിവരങ്ങള്‍ വായിച്ചത്.

''ബഹുമാന്യ സുഹൃത്തെ
കൊച്ചി നഗരസഭയുടെ കീഴിലുള്ള സ്നേഹഭവന്‍ അംഗമായ
ഡോ.ബാബു സാവിയോയും M.Com, M.B.A, Ph.D
കുമാരി. ഷെരോണ്‍ ആന്‍ ജോസും M.Com , NET
(D/o ശ്രീ. കെ.ജെ.ജോസഫ്‌ & ശ്രീമതി മേരി , കൈനിക്കുന്നേല്‍ ഹൗസ്, കുടിയാന്മല, കണ്ണൂര്‍ )
തമ്മിലുള്ള വിവാഹം 2013 ആഗസ്റ്റ്‌ 18 ന് ഞായറാഴ്ച 11 മണിക്ക് പള്ളുരുത്തി സെന്റ്‌.തോമസ്‌ മൂര്‍ പള്ളിയില്‍ നടത്തുന്നു.''


ആഹാ കൊള്ളാമല്ലോ ! എന്നാണ് ആദ്യം മനസ്സില്‍ ഉയര്‍ന്നത്. ഉടനെ നമ്പര്‍ തപ്പി. സമയം ഏറെ വൈകിയത് കൊണ്ട് പിറ്റേന്ന് ബാബു മാഷേ കാണാമെന്ന് കരുതി. ( ബാബു മാഷ്‌,അതോ സാവിയോ മാഷ്‌ എന്നാണോ കുട്ടികള്‍ വിളിക്കുന്നത്‌ , ആവോ ??)
പിറ്റേന്നു, അതായത് പതിന്നാലാം തിയതി രാവിലെ പ്രസ്സ്‌ ക്ലബ്‌ ബീറ്റ് അനുസരിച്ച് പ്രസ്സ്‌ മീറ്റും കഴിഞ്ഞാണ് അക്കാര്യം ആലോചിച്ചത്. ഉടനെ മാഷേ വിളിക്കാന്‍ ഫോണെടുത്തു. അപ്പോഴാണ്‌ ക്ലാസില്‍ ആയിരിക്കുമെന്ന് ഓര്‍ത്തത്‌. . ചങ്ങനാശ്ശേരിയില്‍ സി.എം.ഐ സഭയുടെ സ്വകാര്യ കോളജില്‍ അധ്യാപകനാണ് അദ്ദേഹം. അപ്പോള്‍ ഉടനെ ഒരു മെസ്സേജ് കൊടുത്തു. കാണണം, ഇന്ന സ്ഥലത്ത് നിന്നാണ് എന്നുള്ള മെസേജ് അയച്ചു അല്പം കഴിഞ്ഞപ്പോള്‍ മാഷുടെ വിളി വന്നു. നാല്  മണിക്ക് എറണാകുളം  കെ.എസ്.ആര്‍.ടിസി ക്ക് സമീപം ഉള്ള  സ്നേഹഭവന്‍ ആനക്സില്‍ എത്താമോ എന്ന് അദ്ദേഹം ആരാഞ്ഞു.  സംസാരത്തില്‍ വളരെ പാവമെന്നു തോന്നിച്ച ഒരു ശബ്ദം. ജനയുഗത്തിലെ രശ്മി മുസ്കാനെ ഏറെ നിര്‍ബന്ധിച്ചാണ് ഓഫീസില്‍ നിന്നും വിളിച്ചിറക്കിയത്. മനോരമയും മാതൃഭൂമിയും സ്റ്റോറി വീശിയടിച്ചാല്‍ നമ്മുടെ സ്കോര്‍ പോകുമെന്ന് ചെറിയൊരു ഭീഷണി കൂടി ഉണ്ടായിരുന്നു. ( സ്വാഭാവികമായും എല്ലാ പത്ര- ദൃശ്യ മാധ്യമങ്ങളിലെയും ഞങ്ങളുടെ പ്രായത്തിലുള്ളവരുടെ വലിയൊരു ചങ്ങാതിക്കൂട്ടം ഞങ്ങള്‍ക്കുണ്ട്. സ്വാഭാവികമായും ആരോഗ്യകരമായ മത്സരവും ഉണ്ട്) . അത് കൊണ്ട് വെള്ളിയാഴ്ച പോകാമെന്ന് ആദ്യം തീരുമാനിച്ച രശ്മി പിന്നീട് എന്‍റെ സ്വാര്‍ത്ഥതയെ ഒത്തുതീര്‍പ്പിലെത്തിക്കാന്‍ വേണ്ടി തീരുമാനം സന്തോഷത്തോടെ മാറ്റി. കെ.എസ്.ആര്‍.ടിസി സ്റാന്‍ഡ് കടന്നു റെയില്‍ വേ പാളം മുറിച്ചു കടക്കാന്‍ ചെന്നിടത് വഴിമുടക്കി ബാംഗ്ലൂര്‍ ട്രെയിന്‍ കിടന്നിരുന്നു. ചാടിക്കേറി ഇറങ്ങിപോകാം എന്ന എന്റെ നിര്‍ദ്ദേശം , പക്ഷെ, അടുത്ത് നിന്ന രണ്ടു പേര്‍ ( അതിലൊരാള്‍ നാലുകാലില്‍ ആയിരുന്നു) വിലക്കി. ഇനി വഴി ചുറ്റി പോകേണ്ടി വരുമോ എന്ന ആധിക്ക് വിരാമമിട്ട് ട്രെയിന്‍ പെട്ടെന്ന് ചൂളം വിളിച്ചു അനങ്ങി മുന്നോട്ടു നീങ്ങി പാഞ്ഞു പോയി. പണ്ടെപ്പോഴോ ആ അനക്സില്‍ വന്ന ഓര്‍മയുണ്ട്. തെറ്റിയില്ല. അത് തന്നെ. ഫോണില്‍ വിളിച്ചറിയിച്ചു- മാഷേ , ഞങ്ങളെത്തി /  കട്ടിക്കണ്ണട വച്ച് ഗൌരവം ഉള്ള ഒരാള്‍ ഇറങ്ങി വരുന്നതും കാത്തു നിന്ന ഞങ്ങള്‍ക്ക് തെറ്റി. വന്നതൊരു സുമുഖനായ  ചെറുപ്പക്കാരന്‍., കണ്ണടപ്പാട് മൂക്കിലോന്നും കണ്ടതേയില്ല.

ഓഫീസിലെ മുറിയില്‍ സ്വീകരിച്ചിരുത്തി. ചോദിച്ചോളൂ എന്ന് പറഞ്ഞു. അദ്ദേഹം പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍, പണ്ടെപ്പോഴോ സ്ലേറ്റിലെഴുതാന്‍ പലവര്‍ണ പെന്‍സില്‍ ഏറെ ആഗ്രഹിച്ചു അപ്പച്ചന്‍ കൊണ്ട് വന്നു തന്നപ്പോള്‍ ഉണ്ടായ സന്തോഷം അനുഭവപ്പെട്ടു. ദൈവം അനുഗ്രഹിക്കട്ടെ എന്ന് മനസ്സില്‍ മാത്രമാണ് പറഞ്ഞത് എങ്കിലും സന്തോഷം കൊണ്ടുള്ള ഓരോ തല കുലുക്കലിനും എന്റെ ജിമിക്കി കൊട്ടയുടെ കിങ്ങിണികള്‍ കില് കിലു ചിരിച്ചു.

ബാബു സാവിയോ  മിടുക്കനാണ്, ഷെരോണ്‍ മിടുക്കിയും. പ്രതികൂലമായ കാലാവസ്ഥയിലും രണ്ടു പേരും രണ്ടിടങ്ങളില്‍ പഠിച്ചു മിടുക്കരായി. രണ്ടു പേരും അവരവരുടെ ഇടങ്ങളില്‍ അസി.പ്രൊഫസര്‍മാര്‍. .
സ്വര്‍ഗത്തില്‍ പണ്ടെന്നോ നടന്ന കല്യാണം ഭൂമിയില്‍ നടക്കാന്‍ സമയമായപ്പോള്‍ അവര്‍ പരസ്പരം കണ്ടു. രണ്ടു പെണ്മക്കള്‍ മാത്രമുള്ള ഷെരോണിന്‍റെ അപ്പച്ചന്‍ ജോസഫും അമ്മ മേരിയും സ്വന്തം മകനായി സ്വീകരിച്ചു.  അനുജത്തി ഷെറില്‍ കുഞ്ഞിപ്പെങ്ങളായി.

ഇനിയെന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന ഓരോ ചോദ്യം കേള്‍ക്കുമ്പോഴും ഞാനും രശ്മിയും പരസ്പരം നോക്കും. ചോദ്യങ്ങള്‍ വരുന്നില്ല. പക്ഷെ, മനസ്സില്‍ നോവും സന്തോഷവും ഇടകലര്‍ന്ന അനുഭവം ഉണ്ടെന്നു രണ്ടു പേരുടെ കണ്ണിലും നിറഞ്ഞു വെളിപ്പെട്ടിരുന്നു. സംസാരത്തിന് ശേഷം ഇറങ്ങാന്‍ നേരത്തു '' വരണം, കല്യാണത്തിന്'' എന്ന് സ്നേഹപൂര്‍വമായ  ക്ഷണം ഞങ്ങള്‍ മനസ്സാ സ്വീകരിച്ചിരുന്നു. പെങ്ങളായി നില്‍ക്കുമെന്നൊക്കെ വേണമെങ്കില്‍ ഭംഗി വാക്ക് പോലെ  പറയാം. പക്ഷെ ആ കൂടിക്കാഴ്ചയില്‍ ഞങ്ങള്‍ക്കൊരു സഹോദരനെ കിട്ടി, അദ്ദേഹത്തിന് അതറിയില്ലെങ്കിലും. ! കല്യാണത്തിന് പള്ളുരുത്തിയില്‍ പോകണമെന്ന് വഴി നീളെ പറഞ്ഞു. നെഞ്ചില്‍ കുത്തുന്ന എന്തോ ചില കുരുങ്ങലുകളില്‍ വീണ്ടും വീണ്ടും അദ്ദേഹം കടന്നു വന്നു.

കല്യാണം കൂടാന്‍ പറ്റിയില്ലെങ്കില്‍ വിളിച്ചു ആശംസ അറിയിക്കുകയെങ്കിലും ചെയ്യണം., അല്ലെ? -വേണം.

ആശംസകള്‍ !!
ഒരുപാട് കാലം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാന്‍ ഇടവരട്ടെ !! വിവാഹ മംഗളാശംസകള്‍ ഷെരോണ്‍ ! മാതാപിതാക്കളുടെ, കുടുംബത്തിന്റെ സ്നേഹ നിറവില്‍ ജീവിക്കാന്‍ ബാബു സാവിയോ, നിങ്ങള്‍ക്കും ഇട വരട്ടെ !!





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...