2013, ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

പോരാടി നേടീ ഡോക്ടര്‍ ഈ വിജയം


വൈദ്യസമൂഹത്തിനകത്ത് വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കി ചികിത്സാ പിഴവിനെതിരെ പോരാടിയ ഡോക്ടര്‍ക്ക് വിജയം.

അമിത വണ്ണംകുറയ്ക്കാന്‍ ശസ്ത്രക്രിയക്ക് വിധേയനാവുകയും പണവും ആരോഗ്യവും നഷ്ടപ്പെടുകയും ചെയ്ത എറണാകുളം കോതമംഗലം നെല്ലിമറ്റം മനയത്തുമാരിയില്‍ കുടുംബാംഗമായ ഡോ. രാജേഷാണ് ഒറ്റയാള്‍ പോരാട്ടത്തില്‍ വിജയം നേടിയത്. ചികിത്സാ പിഴവിലൂടെയുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ ജീവിതാന്ത്യം വരെ അനുഭവിക്കാനിടയാകുമെന്ന് മനസ്സിലാക്കിയ ജസ്റ്റിസ് പി.കെ. ബര്‍ക്കത്തലി അധ്യക്ഷനായ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ 95 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.

 ഈ ഉത്തരവുപ്രകാരം എതിര്‍കക്ഷികളായ തിരുവനന്തപുരം മെഡിട്രീന ആശുപത്രിയും ശസ്ത്രക്രിയ നടത്തിയ ഡോ. കോശി ജോര്‍ജും ചേര്‍ന്ന് നഷ്ടപരിഹാര തുകക്കൊപ്പം 12 ശതമാനം പലിശയും കോടതി ചെലവായി 5000 രൂപയും ഒടുക്കണം.

റേഡിയോളജി എം.ഡി ബിരുദധാരിയാണ് 37-കാരനായ ഡോ. രാജേഷ്. അമിത വണ്ണവും ഹെര്‍ണിയയും മൂലം ബുദ്ധിമുട്ടിലായ രാജേഷ് വൈദ്യസമൂഹത്തിലെ പലരും ഡോ. കോശിയെ പുകഴ്ത്തി പറഞ്ഞതിനെ തുടര്‍ന്നാണ്  ചികിത്സക്കായി സമീപിച്ചത്. അമിതവണ്ണം കുറയ്ക്കാന്‍ ശസ്ത്രക്രിയ നടത്താമെന്നും കുറഞ്ഞാല്‍ സ്വാഭാവികമായും ഹെര്‍ണിയ നിയന്ത്രണ വിധേയമാക്കാമെന്നും ഡോ. കോശി ഉറപ്പ് നല്‍കിയിരുന്നുവത്രേ. ചികിത്സാ ചെലവായി 2.5 ലക്ഷമാണ് ആവശ്യപ്പെട്ടത്. 2011 ഡിസംബറില്‍ ശസ്ത്രക്രിയക്ക് വിധേയനാകുന്ന കാലത്ത് ഡോ. രാജേഷിന് 120 കിലോ തൂക്കമുണ്ടായിരുന്നു. ആമാശയത്തിന്‍െറ ആദ്യ ഭാഗമായ ഫന്‍ണ്ടസ് പൂര്‍ണമായലും നീക്കം ചെയ്യുകയാണ് ശസ്ത്രക്രിയയില്‍ പ്രധാനം. എന്നാല്‍, അശ്രദ്ധമൂലം ഫന്‍ണ്ടസ് നീക്കം ചെയ്തില്ളെന്ന് മാത്രമല്ല സ്റ്റേപ്പിള്‍സ് എന്ന ക്ളിപ്പ് നിരതെറ്റി മുറുക്കുകയും ചെയ്തു. അതിനാല്‍ ഈ ഭാഗം ബാഗ് കണക്കെ വികസിച്ചു. ഇതുമൂലം ആമാശയത്തിന്‍െറ ആദ്യ ഭാഗം ചുരുങ്ങിപ്പോവുകയും ചെയ്തു. ഉമിനീരു പോലും ഇറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഡോ. രാജേഷ് എത്തിപ്പെട്ടത്.

ആരോഗ്യപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് ബോധ്യപ്പെട്ടപ്പോള്‍ ഡോ. രാജേഷ് തന്നെയാണ് സി.ടി സ്കാന്‍ നടത്താന്‍ ഡോ. കോശിയെ നിര്‍ബന്ധിച്ചത്. പരിശോധനാ ഫലത്തില്‍ ശസ്ത്രക്രിയ ഭാഗത്ത് കുഴപ്പങ്ങളുണ്ടെന്ന് മനസ്സിലാക്കുകയും വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 2012 ജനുവരിയിലാണ് രണ്ടാമത്തെ ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍, ഇതുകൊണ്ടും മാറ്റമുണ്ടായില്ല. ഇനിയും പ്രശ്നങ്ങളുണ്ടെന്ന് ഡോക്ടറെ അറിയിച്ചെങ്കിലും ചികിത്സ നടത്താനോ രോഗിയെ കാണാനോ ഡോക്ടര്‍ സമ്മതിച്ചില്ല. ഭയംമൂലമാണ് പലതും തോന്നുന്നതെന്ന് ഡോക്ടര്‍ കോശി പറയുകയും ചെയ്തുവത്രേ. ചോര ഛര്‍ദിച്ചുകൊണ്ടിരുന്ന ഡോ. രാജേഷിന് ദിവസവും ഗ്ളൂക്കോസ് കയറ്റേണ്ട സ്ഥിതിയിലേക്ക് കാരങ്ങള്‍ എത്തിയപ്പോള്‍ മെഡിട്രിനയിലെ ചികിത്സ ഉപേക്ഷിക്കുകയായിരുന്നു.

പിന്നീട് കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ നടത്തിയ മൂന്നാമത്തെ ശസ്ത്രക്രിയയിലൂടെയാണ് ഡോ. രാജേഷിന് ജീവന്‍ തിരിച്ചുകിട്ടിയത്. പൂര്‍ണ ആരോഗ്യമില്ലാത്തതിനാല്‍ മുഴുവന്‍ സമയ ഡോക്ടറായി സേവനമനുഷ്ഠിക്കാന്‍ ഡോ. രാജേഷിന് കെല്‍പില്ലാതായി. നിലവില്‍ ഭരണ ചുമതല മാത്രമുള്ള പദവിയില്‍ ഗള്‍ഫിലെ ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം. ചികിത്സാ പിഴവുണ്ടായെന്നും അശ്രദ്ധ സംഭവിച്ചെന്നും തുടക്കത്തില്‍ സമ്മതിച്ചെങ്കിലും പണം തട്ടാനുള്ള ശ്രമമാണെന്ന് ഡോ. കോശി പിന്നീട് ആരോപണം ഉന്നയിച്ചതാണ് നിയമപോരാട്ടത്തിനിറങ്ങാന്‍ ഡോ. രാജേഷിനെ പ്രേരിപ്പിച്ചത്. രാജ്യത്ത് അറിയപ്പെടുന്ന ഡോ. കോശിയെ താറടിച്ച് കാണിക്കാനും പണം പിടുങ്ങാനും നടത്തുന്ന അടവാണിതെന്ന് മറ്റു ചില ഡോക്ടര്‍മാരും ആക്ഷേപമുയര്‍ത്തി. ചികിത്സാ പിഴവുണ്ടെന്ന് മറ്റ് ചില ഡോക്ടര്‍മാര്‍ രഹസ്യമായി സൂചിപ്പിച്ചെങ്കിലും പുറത്തുപറയാനും പിന്തുണക്കാനും തയാറായില്ല. ഡോ. രാജേഷിനെ തളര്‍ത്താന്‍ പല ശ്രമങ്ങളും ഉണ്ടായെങ്കിലും പോരാട്ടം വിഫലമായില്ല.

ചികിത്സാ പിഴവുകള്‍ നേരിടേണ്ടി വന്നിട്ടും നിശബ്ദരാക്കപ്പെടുന്ന രോഗികള്‍ക്കായി ഈ വിധി സമര്‍പ്പിക്കുന്നുവെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. ഭാര്യയും പുഷ്പഗിരി മെഡിക്കല്‍ കോളജിലെ പാത്തോളജി എം.ഡി ബിരുദ വിദ്യാര്‍ഥിനിയുമായ ഡോ. രഞ്ജിമ എബ്രഹാം പൂര്‍ണപിന്തുണയുമായി രാജേഷിനൊപ്പമുണ്ട്. മക്കള്‍: ഇസബല്‍, മിറബല്‍.

ഓപറേഷന്‍ തിയേറ്റര്‍ വാടകക്കെടുത്തും അടിസ്ഥാന സൗകര്യങ്ങളില്ലാതെയുമാണ് മെഡിട്രീന ആശുപത്രി ഇത്തരം ശസ്ത്രക്രിയകള്‍ നടത്തുന്നതെന്ന് ഡോ. രാജേഷ് കുറ്റപ്പെടുത്തി.  ഡോക്ടര്‍മാര്‍ വഴി പ്രചാരണം നടത്തിയാണ് രോഗികളെ ഇവിടേക്ക് ആകര്‍ഷിച്ചിരുന്നത്. പല പരാതികളെ തുടര്‍ന്ന് ഈ ശസ്ത്രക്രിയ ഇപ്പോള്‍ അവര്‍ നടത്തുന്നില്ല. ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങള്‍ നിരവധിയുണ്ടെന്നും പൊതുജനം ജാഗരൂകരാകണമെന്നും അദ്ദേഹം പറഞ്ഞു. വാദിക്കുവേണ്ടി അഡ്വ. കെ.എല്‍. ജോസഫ് ഹാജരായി.

അതേസമയം, വിധിയെക്കുറിച്ച് അറിയില്ളെന്നും ഒൗദ്യോഗികമായി അറിയിപ്പ് ലഭിക്കുംവരെ പ്രതികരിക്കുന്നില്ളെന്നും ഡോ. കോശി പറഞ്ഞു.മെഡിട്രീനയില്‍ എത്തുംമുമ്പ് തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ അസോസിയേറ്റ് പ്രഫസറായിരുന്നു  അദ്ദേഹം പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...