ഇപ്പോഴും സോണി ടീച്ചറുടെ മുഖം മറന്നിട്ടില്ല. ബൊഗെയ്ന് വില്ലയുടെ പിങ്ക്, വെള്ള നിറങ്ങൾ നിറഞ്ഞ പൂക്കൾ കുലകുത്തി മറിഞ്ഞു കിടക്കു ന്ന നീല ഗെയ്റ്റ് കടന്ന് അകത്തു ചെല്ലുമ്പോൾ ഇപ്പോഴും അമ്മിഞ്ഞപ്പാൽ മണം നിറഞ്ഞ കുരുന്നുകൾ ഓടിക്കളിക്കുന്ന നഴ്സറി ക്ലാസ് മുറികളും ചുണ്ടിന്റെ അരികെ കറുത്ത മറുകുള്ള സുന്ദരിയായ സോണി ടീച്ചറും കണ്ണിനു മുന്നില് നിറഞ്ഞു വരും.ആ ബോഗേയ്ൻ വില്ല പൂക്കൾ ഇപ്പോഴും അവിടെ ഉണ്ട് എന്നാണു തോന്നുന്നത് . എനിക്കേറ്റവും പ്രിയപ്പെട്ടവരും ശൈശവ കാലത്തെ കൂട്ടുകാരിയുമായിരുന്ന മോളി മേമ എന്ന അമ്മയുടെ അനുജത്തിയുടെ മുഖച്ഛായ തോന്നിയതു കൊണ്ടൊക്കെയായിരിക്കും സോണി ടീച്ചറുടെ മുഖം മനസ്സിൽ പതിഞ്ഞു പോയത്. അയൽ വാസിയായ ഷീല ടീച്ചറും മനസിലുണ്ട്. ആ നഴ്സറി ക്ലാസിൽ ഏറ്റവും നാണം കുണുങ്ങി ഞാനായിരുന്നു. ആക്ഷൻ സോങ്ങിനു ആക്ഷൻ കാണിച്ചു പാട്ട് പാടുന്നതിന് എന്നെ പഠിപ്പിച്ചത് അവരാണ്. നേരത്തെ പറഞ്ഞ നാണം കൊണ്ട് സ്റ്റേജിൽ കയറി നിന്നതല്ലാതെ ആക്ഷൻ കാണിക്കാനോ , എന്തിന് പാട്ട് മൂളാനോ ഞാൻ തയ്യാറായില്ല. പരിപാടി കഴിഞ്ഞപ്പോൾ വിങ്ങിപ്പൊട്ടി സ്റ്റെജിന്റെ പുറകിലേക്ക് മാറുമ്പോൾ സോണി ടീച്ചർ വന്നു ചേർത്ത് നിറുത്തി ''സാരമില്ല'' എന്ന് പറഞ്ഞത് ഇപ്പോഴും നിറവാർന്ന വിഷ്വൽ ആയി മനസിലുണ്ട്. കുട്ടൻ എന്ന് വിളിക്കുന്ന പ്രപഞ്ച് 'ജിശേനെ കാണണം '' എന്ന് കരഞ്ഞു തുടങ്ങിയാൽ എൽ .കെ.ജി ക്ലാസിൽ നിന്നും അവനെ യു.കെ.ജി ക്ലാസിലിരിക്കുന്ന എന്റെ അരികിൽ കൊണ്ടിരുത്തുന്നത് സോണി ടീച്ചറാണ്. അവർ ഇപ്പോൾ എവിടെയെന്നു അറിയില്ല.
നഴ്സറി ക്ലാസിന്റെ ഇടവേളകളിൽ ''കുഞ്ഞി സിസ്റ്റേ ''എന്ന് ഞങ്ങൾ വിളിക്കുന്ന റോസി സിസ്റ്റർ ഓടി നടന്നു കഥ പറയും.''വല്യ സിസ്റ്റേ'' എന്ന് ഞങ്ങൾ വിളിക്കുന്ന ആനി സിസ്റ്ററും ഓടി വരും. മിട്ടായി തരും . മുടി കെട്ടി തരും. നഖം വെട്ടി തരും. ഊഞ്ഞാലാട്ടിതരും. ട്രെയിൻ പോലെ വരി വരിയായി ചൂളം വിളിച്ചു ക്ലാസ് മുറികളിൽ ഓടി നടക്കും.ക്ലാസിൽ ഇരിക്കുന്നവർക്ക് ടാറ്റ കൊടുക്കും. ഷീല ടീച്ചര് സാരി തലപ്പ് കൊണ്ട് കൊടി വീശും. ഹാ അതൊരു കാലം. കണ്ണടച്ചാൽ ഇപ്പോഴും ഞാനൊരു നഴ്സറി കുട്ടിയായാണ്.
ഒന്നാം ക്ലാസിലെ തങ്കമ്മ ടീച്ചറെ മറക്കാൻ കഴിയില്ല. വേദപാഠം പഠിക്കേണ്ട ക്രിസ്ത്യാനി കുട്ടിയായ എന്നെ അപ്പച്ചൻ ആവശ്യപ്പെട്ടപ്പോൾ അറബി പഠിപ്പിക്കാൻ കൊണ്ടിരുത്തുന്നതിൽ ടീച്ചര് വലിയ പങ്കു വച്ചിട്ടുണ്ട്. പിന്നീട് എ.ഇ. ഇൻസ് പെക്ഷന് വരുമ്പോൾ 'അറബി പഠിക്കുന്ന എന്റെ ക്ലാസിലെ ജിഷ ' എന്ന് അഭിമാനത്തോടെ അമ്മയെ പോലെ അവർ എന്നെ എണീപ്പിച്ചു നിറുത്തി കാണിക്കുമായിരുന്നു. അറബി പഠിപ്പിച്ച ജമീല ടീച്ചറുടെ കരുതൽ , അവരുടെ മുല്ലപ്പൂമൊട്ട് ചിരി, ,ക്ലാസിൽ ഏറ്റവും കൂടുതൽ മാര്ക്ക് വാങ്ങിയിട്ടുംചൂരൽ അടി തന്നു കൊണ്ടിരുന്ന അറബി മാഷ് ( പേര് മറന്നു പോയി) എന്നിവർ രണ്ടിലും മൂന്നിലും നാലിലും പഠിക്കുമ്പോൾ മനസ്സിൽ കയറിയവരാണ് . സിസ്റ്റർ അല്ലിയുടെ ക്ലാസിൽ ഇരുത്തിയില്ലേൽ നാലാം ക്ലാസ്സിലെക്കും തുടർന്നുമുള്ള പഠിപ്പ് അവസാനിപ്പിക്കുമെന്ന് അപ്പച്ചനെ ഭീഷണിപ്പെടുത്തി. അവസാനം സരോജിനി ടീച്ചറുടെ ക്ലാസ്സിൽ നിന്ന് മാറ്റാൻ അമ്മച്ചി പോയി അപേക്ഷിച്ചു . ജിഷ ക്ലാസിൽ പോകില്ലെന്ന് പറഞ്ഞത് അറിയിച്ചു. അങ്ങനെ ക്ലാസ് മാറ്റി കിട്ടി. അല്ലി സിസ്റ്ററെ അത്രക്കും ഇഷ്ടമായിരുന്നു, എനിക്കും,എല്ലാവർക്കും .
അഞ്ചാം ക്ലാസിൽ സ്കൂൾ മാറിയപ്പോൾ ആദ്യം കണ്ട റീത്ത ഹെലൻ സിസ്റ്റർ എന്നെ മയക്കി കളഞ്ഞു. അവരുടെ ക്ലാസിലെ പോകൂ എന്നായി പിന്നെയുള്ള വാശി. അങ്ങനെ സംസ്കൃതം ക്ലാസിന്റെ ടീച്ചർ ഇൻ ചാർജ്ജ് ആയ സിസ്റ്റർ റീത്തയുടെ ശിഷ്യ ആയി. സ്കൂളിലെ ഏറ്റവും നല്ല ക്ലാസ്സ്മുറി സിസ്റ്ററുടെ ആണ്. ഏറ്റവും നല്ല കുട്ടികൾ ആ ക്ലാസിലുള്ളവരും .
യു.പി ക്ലാസുകളിൽ എത്തിയ ശേഷമാണ് നാണം കുണുങ്ങി സ്വഭാവം കളയാൻ തുടങ്ങിയത്. അതിനു അവിടെയുള്ള ടീച്ചർമാർ വഹിച്ച പങ്ക് ഏറെയാണ്.,. സിസ്റ്റർ റീത്തയാണ് ആണ്‍-പെണ്‍ വ്യത്യാസം ഇല്ലാതെ ഓരോരുത്തരേയുംഓരോ വ്യക്തി എന്ന നിലയില കണ്ടു പെരുമാറണം എന്ന് പഠിപ്പിച്ചത്.
മോളി ടീച്ചർ , സംസ്കൃതം പഠിപ്പിച്ച ബേബി ടീച്ചർ , കവിതാ പാരായണം പരിശീലിപ്പിച്ച അറബി ടീച്ചർ കൂടിയായ സുഹറ ടീച്ചർ ( അവർ പിന്നീട് അങ്കണം അവാർഡ് അടക്കമുള്ള പുരസ്കാരങ്ങൾ നേടിയ സാഹിത്യകാരിയായി ) ,പി.ടി ടീചർമാരായ ആനി , റോസി, പാട്ടുകാരിയായ സിസ്റ്റർ വില്ലനോവ, സിസ്റ്റർ ദീപ്തി- മറക്കില്ല ആരെയും.
ആദ്യമായി പരീക്ഷക്ക് തോറ്റത് എഴാം ക്ലസിലാണ് . സങ്കടവും നാണക്കേടും കൊണ്ട് ഒരു ടീച്ചറുടെ മുന്നില് എഴുന്നേറ്റു നിൽക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ അത് ആ ടീച്ചറുടെ അടുത്താണ്. സയന്സ് ടീച്ചർ ആനി . അതിന്റെ കാരണക്കാരിയായി ഞാൻ വീട്ടില് അവതരിപ്പിച്ചതും അവരെയാണ്.കാരണം ആ ടീച്ചർക്ക് എന്നെ ഇഷ്ടമല്ല.അതാണ് ഞാൻ പഠിക്കാത്തത് എന്ന് വീട്ടില് പറഞ്ഞു. അപ്പച്ചൻ വന്നു കണ്ടു ടീച്ചറോട് സംസാരിച്ചു. ' മാർക്ക് കിട്ടാനല്ല, അറിവ് കിട്ടാനാണ് പഠിക്കേണ്ടത്. അപ്പോൾ മാർക്ക് കുറഞ്ഞത് കൊണ്ട് വിഷമിക്കേണ്ട. അറിവ് കുറഞ്ഞാൽ ശകാരിക്കുകയോ തല്ലുകയോ ചെയ്യൂ.''എന്നായി ടീച്ചറോട് അപ്പച്ചൻ . പിന്നീട് ടീച്ചർ എന്നെ ടീച്ചേഴ്സ് റൂമിൽ വിളിച്ചു കൊണ്ട് പോയി ചേർത്ത് നിറുത്തി സംസാരിച്ചു . 'കുട്ടികൾ തോൽക്കുമ്പോൾ ടീച്ചര്ക്ക് സങ്കടമാണ് . ഇപ്പോൾ തോറ്റതിൽ വിഷമിക്കണ്ട. വാശി വെക്കണം. ഇനി ഇക്കാര്യത്തിൽ തോൽക്കില്ല എന്ന് തീരുമാനിക്കണം. ബാക്കിയൊക്കെ ശരിയാകും 'എന്ന് .
ഇപ്പോഴും ആ ടീച്ചർ പറഞ്ഞത് പലപ്പോഴും മനസ്സിൽ വരും. ഏതെങ്കിലും കാര്യത്തിൽ ഒരിക്കൽ തോറ്റാൽ പിന്നെ അക്കാര്യത്തിൽ എന്നും വിജയിക്കാൻ കഠിനാധ്വാനം ചെയ്യാറുണ്ട്.
ഹൈ സ്കൂളിൽ പെട്ടെന്ന് ഓർമ വരുന്നത് ഒമ്പതാം ക്ലാസിലെ ജാനകി ടീച്ചറാണ്. പാഠ പുസ്തകത്തിൽ അച്ചടിച്ച് വച്ച വരികൾ അല്ലാതെ വേറൊന്നിനും അവർ മാര്ക്ക് തരില്ല. മഴ അളക്കാനുള്ള ഉപകരണം എന്ത് എന്ന ചോദ്യത്തിന് 'മഴ മാപിനി' എന്ന് എഴുതിയ എനിക്ക് മാര്ക്കില്ല. ചോദിച്ചപ്പോൾ 'വര്ഷമാപിനി ' എന്ന് തന്നെ എഴുതണം , എന്നാലെ മാര്ക്ക് കിട്ടൂ എന്ന് പറഞ്ഞെങ്കിലും , ആ ടീച്ചറെ എനിക്ക് ഏറെ ഇഷ്ടമായിരുന്നു.
ഗാന്ധിജിയുടെ ചെറുപ്പകാല ചിത്രങ്ങളെ ഓര്മിപ്പിക്കുന്ന രൂപമുള്ള ഇന്ഗ്ലീഷ് മാസ്റ്റർ ഡേവിഡ്, പ്രീ ഡിഗ്രീ കാലത്ത് അക്കൌണ്ടൻസി പഠിപ്പിച്ച ഔസേപ് മാഷ്, ഞായറാഴ്ച വേദപാഠം സ്കൂളിന്റെ ഹെഡ് മാസ്റ്റർ ആയിരുന്ന സണ്ണി ലാസർ മാഷ്, അറബി ട്യൂഷൻ തന്ന രംലാത്ത, റസിയാത്ത , അസീസിക്ക, റഷീദ് പറക്കൽ ( ഇപ്പോൾ പ്രശസ്തനായ സാഹിത്യകാരൻ) എന്ന സഹോദരങ്ങൾ എന്നിവര് മായാതെ , മറയാതെ മനസ്സിൽ നില്ക്കുന്നു.
അവർക്കും , പേര് ഓർമയില്ലാത്ത മറ്റു ടീച്ചർമാർക്കും, പിന്നീട് എന്നെ ടീച്ചറാക്കി മാറ്റിയ എന്റെ വിദ്യാർഥികൾക്കും -എന്റെ വക- അധ്യാപകദിനാശംസകൾ !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!