2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

എത്ര തല്ലു തല്ലിയാല്‍ പ്രാണന്‍ ശരീരത്തില്‍ നിന്നും വേര്‍പ്പെടും ?

Aksa -Face book Link
കടപ്പാട് - മനോരമ ഇ-പേപ്പര്‍ 
എത്ര തല്ലു തല്ലിയാല്‍ പ്രാണന്‍ ശരീരത്തില്‍ നിന്നും വേര്‍പ്പെടും ? ആലോചിക്കുമ്പോള്‍ ഹൃദയം പറിഞ്ഞു പോകുന്നു. അക്സ*യുടെ മുഖം കാണുമ്പോള്‍ ഹൃദയം പിളര്‍ന്നു പോകുന്ന പോലെ ! 

വാരിയെല്ലും കൈത്തണ്ടയും തലയോട്ടിയും പൊട്ടിപ്പിളരും വിധം ആ കുഞ്ഞിനെ ഇഞ്ചിഞ്ചായി കൊന്നു. കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു വരികയാണെന്നും ഫോറന്‍സിക്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു.  ശരീരം വളരാത്ത കുഞ്ഞിനെ ലൈംഗികമായി ഉപയോഗിച്ച അവനു ജീവിച്ചിരിക്കാന്‍ യോഗ്യതയില്ല.

പത്തു മാസം വയറ്റില്‍ സൂക്ഷിക്കാനും പിന്നെ ഇവ്വിധം കൊല്ലാനും നീയെന്തിനാണ് സ്ത്രീയെ ആ കുഞ്ഞിനെ പെറ്റിട്ടത്? കുട്ടികളെ വേണ്ടെങ്കില്‍ നീയെന്തിനാണ് ഗര്‍ഭം ധരിച്ചത് ? എളുപ്പം അതായിരുന്നല്ലോ ! കുഞ്ഞിനെ കൊന്നിട്ടും നീ അവനു കൂട്ട് നിന്നത് എന്തിനാണ് ?? നിനക്കും ജീവിച്ചിരിക്കാന്‍ അര്‍ഹതയില്ല. 


ഒരു നാല് വയസ്സുകാരി  കുഞ്ഞിനെ ഇത്രക്കും ക്രൂരമായി കൊല ചെയ്തത് ഇങ്ങു കേരളത്തിലാണ്. അങ്ങ് ദില്ലിയില്‍ അല്ല. കൊന്നത് വിവരവും ബുദ്ധിയും ബോധവും ഇല്ലാത്തവരല്ല. പ്രബുദ്ധ കേരള ജനതുടെ ഒരു അംഗം. ക്രൂരമായി പീഡിപ്പിച്ചത് അന്യസംസ്ഥാനക്കാരല്ല , മലയാളി തന്നെയാണ്.

മടിച്ചു നില്‍ക്കരുത്.  പ്രതികരിക്കണം . ഫേസ് ബുക്കിലും ഗൂഗിളിലും ട്വിറ്ററിലും പ്രതികരിക്കണം. അവിടെ മാത്രം പോരാ തെരുവിലിറങ്ങണം.
ശബ്ദമുയര്‍ത്തണം. ഉടനെ വേണം. മൊത്തം സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന കുടില ചിന്തകളും ചിന്താഗതികളും തിരുത്താന്‍ ഓരോരുത്തരും മുന്നോട്ടു വരണം, സ്വയം തയ്യാറാകണം.

ഇനിയൊരു അക്സ നമ്മുടെ കുടുംബത്തിലോ പരിച്ചയത്തിലോ ഉള്ള കുഞ്ഞായിരിക്കില്ല  എന്ന് എന്താണ് ഉറപ്പ് ?


കുഞ്ഞിനെ കൊന്ന രജിത്, കുഴിച്ചു മൂടാന്‍ സഹായിച്ച ബേസില്‍, അമ്മ റാണി 
കടപ്പാട് - മനോരമ ഇ-പേപ്പര്‍ ഒക്ടോബര്‍ 31, 2013  


2013, ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

ഇക്കാര്യത്തില്‍ ശരിയത്ത്‌ നിയമം പാലിക്കണ്ടേ ??





  മുസ്ലിം സ്ത്രീകളുടെ വിവാഹമോചനം 
 ഷബ്ന സിയാദ്‌
 ( മാധ്യമ പ്രവര്‍ത്തക , തേജസ്‌ ദിനപത്രം )

                   പത്രങ്ങളുടെ ക്ലാസിഫൈഡ് കോളങ്ങളില്‍ ഇടയ്ക്കിടെ  'ഫസ്ഖ് പരസ്യം ' എന്ന തലക്കെട്ടുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇസ്ലാം മുസ്ലിം സ്ത്രീക്ക് അനുവദിച്ചിരിക്കുന്ന ഒരു അവകാശമായി പറയപ്പെടുന്ന വിവാഹമോചന നിയമത്തിന്റെ ബലത്തിലാണ് ഈ പരസ്യങ്ങള്‍. ഭര്‍ത്താവില്‍ നിന്നും ലഭിക്കേണ്ട സംരക്ഷണവും നീതിയും അവകാശവും ലഭിക്കാത്ത പക്ഷം മുസ്ലിം സ്ത്രീക്ക് വിവാഹമോചനമാകാം.  ഇതിനുള്ള രണ്ട് സംവിധാനങ്ങളാണ് ഫസ്ഖ്, ഖുല്‍അ എന്നിവ.യഥാര്‍ത്ഥത്തില്‍ ഇസ്ലാമിക വിധി പ്രകാരം പുരുഷന് വിവാഹമോചനം നടത്താനുള്ള കടമ്പകളേക്കാള്‍ ലളിതമാണ് മുസ്ലിം സ്ത്രീക്കുള്ള വിവാഹമോചനം. എന്നാല്‍ ഈ പത്രങ്ങളിലെ പരസ്യവാചകങ്ങള്‍ക്കപ്പുറത്ത്  മുസ്ലിം സ്ത്രീകള്‍ക്ക് ഇസ്ലാമിക രീതിയിലുള്ള  വിവാഹമോചന സാധ്യതയുടെ അവസ്ഥയെന്താണ് ?   ഇന്ത്യന്‍ നിയമവ്യവസ്ഥ അംഗീകരിക്കാത്ത മുസ്ലിം സ്ത്രീയുടെ വിവാഹമോചനത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ എന്തുകൊണ്ട് ചര്‍ച്ചകള്‍ക്ക് വിധേയമാകുന്നില്ല.

                     വിത്യസ്ത മാര്‍ഗത്തിലുള്ള വിവാഹമോചനത്തെ കുറിച്ച് മുസ്ലിം വ്യക്തി നിയമം പറയുന്നുണ്ട് . ത്വലാഖ്, സിഹര്‍, ഇല, ഖുല്‍അ തുടങ്ങിയവയാണ് ഇത്. എന്നാല്‍ ഭാര്യയ്ക്ക് ഭര്‍ത്താവിനെ, ഭര്‍ത്താവിന്റെ അനുമതിയില്ലാതെ വേണ്ടെന്ന വെയ്ക്കാനുള്ള ഏക മാര്‍ഗമാണ് ഫസ്ഖ്. വ്യക്തമായ കാരണങ്ങളുള്ളപ്പോള്‍ ഭാര്യയ്ക്ക് ഭര്‍ത്താവില്‍ നിന്ന് ഇസ്ലാമിക വിധിപ്രകാരം വിവാഹമോചനം നേടാം. ഖുര്‍ആനിലെ  അല്‍-ബഖ്‌റ, അന്‍-നിസ തുടങ്ങിയ അധ്യായങ്ങളിലാണ് ഫസ്ഖ് സംബന്ധിച്ച വ്യക്തമാക്കുന്നത്. മധ്യസ്ഥരുടെ സാനിധ്യത്തില്‍  സ്ത്രീക്ക് ഭര്‍ത്താവില്‍ നിന്നും മോചനം തേടി പുനര്‍ വിവാഹം ചെയ്യാമെന്നാണ് ഫസ്ഖ് പറയപ്പെടുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇന്ന് നിലവിലുള്ള ഡിസല്യൂഷന്‍ ഓഫ് മുസ്ലിം മ്യാരേജ് ആക്ട് -1939 അനുസരിച്ച് ഫസ്ഖ് ചെയ്യല്‍ മുസ്ലിം സ്ത്രീക്ക് അനുവദിനീയമല്ല. ശരീഅത്ത് നിയമത്തിന്‍മേലുള്ള കടന്നുകയറ്റമായി ഇതിനെ എന്തുകൊണ്ട് സമുദായനേത്യത്വം കാണുന്നില്ല.

       മുസ്ലിം സ്ത്രീകള്‍ വിവാഹമോചനം നേടണമെങ്കില്‍ കോടതിയെ സമീപിക്കുകയും വിവാഹമോചനത്തിനുള്ള കാരണങ്ങള്‍ കോടതിയെ ബോധിപ്പിക്കുകയും വേണം. ശേഷം കോടതി തീരുമാന പ്രകാരം മാത്രമായിരിക്കും വിവാഹമോചനം സാധ്യമാകുക..അടുത്തകാലത്തായി മധ്യപ്രദേശിലെ ഇസ്ലാം ഹിക്ക്ഹ് അക്കാദമി സംഘടിപ്പിച്ച സെമിനാറില്‍ മതപണ്ഡിതര്‍ മുസ്ലിം സ്ത്രീക്കും പുരുഷനെപോലെ വിവാഹമോചനത്തിന് അവകാശമുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് ഏതു രീതിയില്‍ എന്നതിനെ കുറിച്ച് ഒരു ചര്‍ച്ചകളും ഉയര്‍ന്നില്ല.


മുസ്ലിം സമുദായത്തിലെ പുരുഷനെ പോലെ അനുവദിനീയമായ വിവാഹമോചനം നേടാന്‍ സ്ത്രീക്ക് കഴിയാതെ വരുന്നതിലെ നിയമപ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഇന്ന് പലരും അജ്ഞരാണ്. അതുകൊണ്ടാണ് പലപ്പോഴും ഫസ്ഖ് പരസ്യങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് കാരണം. വിവാഹമോചനം നടത്തിയെന്നത് പൊതുസമൂഹത്തെ അറിയിക്കുക എന്നതിനപ്പുറം ഈ പരസ്യങ്ങള്‍ക്ക് മറ്റ് മൂല്യമൊന്നും തന്നെയില്ല. ചിലര്‍ നിയമപ്രകാരം വിവാഹമോചനം നേടിയാലും സംത്യപ്തിക്ക് വേണ്ടി ഇസ്ലാമിക രീതിയില്‍ വിവാഹമോചനം നേടുന്നതിനായാണ് ഫസ്ഖ് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതെന്നാണ് നിയമരംഗത്തുള്ളവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. നിയമത്തിന്റെ മാര്‍ഗത്തിലൂടെ വിവാഹമോചനം നേടുക എന്നതായിരിക്കും സ്ത്രീകളുടെ സുരക്ഷയ്ക്കും ജീവനാംശം സംബന്ധിച്ച മറ്റ് കാര്യങ്ങള്‍ക്കും ഉചിതമെന്ന വാദമുയരുന്നുണ്ട്.എന്നാല്‍ മുസ്ലിം സ്ത്രീക്ക് ശരീഅത്ത് നല്‍കിയിരിക്കുന്ന  അവകാശം അനുവദിക്കാതിരിക്കുകയും ഇവിടെ അവകാശങ്ങള്‍ പുരുഷന് മാത്രമായി ചുരുങ്ങുകയും ചെയ്യുന്നു.

         യഥാര്‍ത്ഥത്തില്‍ ഏറ്റവുമധികം മാനുഷിക പരിഗണനയുള്ള നീതിയുക്തമായ വിവാഹമോചന രീതിയാണ് ഇസ്ലാമില്‍ നിലവിലുള്ളത്. വിവാഹമോചനം തീരുമാനിക്കുന്നതിന് മുമ്പ് മറ്റ് പലശ്രമങ്ങളും നടത്തേണ്ടതുണ്ട്. ദാമ്പത്യ ജീവിതം ഒരുതരത്തിലും സാധ്യമാകില്ലെന്ന് ഭാര്യയും ഭര്‍ത്താവും തീരുമാനിച്ചാല്‍ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ഞാന്‍ നിന്നെ വിവാഹമോചനം ചെയ്തിരിക്കുന്നുവെന്ന ഭര്‍ത്താവിന് പറയാം. അതുമുതല്‍ മൂന്ന് ആര്‍ത്തവ  ചക്രത്തിന്റെ കാലയളവാണ് കാത്തിരിപ്പ്, സ്ത്രീ ഗര്‍ഭിണിയല്ല എന്നുറപ്പാക്കുന്നതിനു കൂടിയാണ്. സ്ത്രീ ഗര്‍ഭിണിയാണെന്ന വ്യക്തമായാല്‍ ഗര്‍ഭകാലം കഴിയുന്നത് വരെ വിവാഹമോചനത്തിന് കാത്തുനില്‍ക്കണം. വിവാഹമോചനത്തിന് മുമ്പുള്ള ഈ കാത്തിരിപ്പിന്റെ കാലയളവില്‍ (ഗര്‍ഭിണിയാണെങ്കിലും അല്ലെങ്കിലും ) അവള്‍ക്കുവേണ്ട ഭക്ഷണം, വസ്ത്രം, താമസം എന്നിവ എപ്രകാരമായിരുന്നോ അതുപോലെ തന്നെ നല്‍കണം.പ്രസവാനന്തരമുള്ള വിവാഹമോചനത്തിന് കുട്ടിക്കും സ്ത്രീക്കും ഭര്‍ത്താവ് ചെലവ് നല്‍കണം.  മുലകുടി പ്രായത്തിന് ശേഷവും കുട്ടിക്ക് സ്വന്തമായി ജീവിക്കാവുന്ന അവസ്ഥവരെ പിതാവാണ് സംരക്ഷണം നല്‍കേണ്ടത്. ഇത്തരത്തില്‍ നിബന്ധനകള്‍ പലതുമുണ്ടെങ്കിലും അതൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ല.വീട്ടിലിരുന്ന് എസ്.എം.എസ് വഴിയോ ഇ-മെയില്‍ വഴിയോ ഭാര്യയെ വിവാഹമോചനം ചെയ്യാന്‍ മുസ്ലിം പുരുഷന് കഴിയുന്നു. എന്നാല്‍ മുസ്ലിം സ്ത്രീയെ സംബന്ധിച്ച എത്ര ക്രൂരനായ ഭര്‍ത്താവാണെങ്കിലും അയാളെ ഉപേക്ഷിക്കണമെങ്കില്‍ കോടതിയെ സമീപിക്കണം.മജിസ്‌ട്രേറ്റിനെ കാര്യങ്ങള്‍ ബോധിപ്പിക്കണം, കോടതി നടപടികള്‍ പൂര്‍ത്തിയാക്കണം.  ഇന്ത്യന്‍ നിയമമോ ശരീഅത്ത് നിയമമോ സ്ത്രീകളുടെ വിവാഹമോചനത്തിന് നിലവിലെ അവസ്ഥയില്‍ ഉത്തമമെന്നത് ചര്‍ച്ചകള്‍ക്ക് വിധേയമാകേണ്ടതാണ്.  ശരീഅത്ത് നിയമത്തിന്റെ പിന്‍ബലത്തില്‍ ' ത്വലാഖ് ' എന്ന സമ്പ്രദായത്തെ ദുരുപയോഗം ചെയ്യപ്പെടുകയാണ്. ഫസ്ഖ്' കോടതി മുറിക്കുള്ളിലാക്കുകയും  'ത്വലാഖും' ഇഷ്ടാനുസരണം നടത്തുകയും ചെയ്യുന്നു.

                ''ദമ്പതികള്‍ തമ്മില്‍ ഭിന്നിച്ചുപോകുമെന്ന നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം അവന്റെ ആളുകളില്‍ നിന്നും ഒരു മധ്യസ്ഥനെയും അവളുടെ ആള്‍ക്കാരില്‍ നിന്ന് ഒരു മധ്യസ്ഥനേയും നിങ്ങള്‍ നിയോഗിക്കുക, ഇരു വിഭാഗവും അനുരഞ്ജനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്'' ( സൂറത്ത് നിസാഅ് -35). ഈ ഖൂര്‍ആന്‍ വചനത്തെയൊക്കെ മറികടന്ന തന്നിഷ്ടപ്രകാരം നടത്തുന്ന ത്വലാഖുകളെ ഇവിടെ നിയന്ത്രിക്കാന്‍ കഴിയാത്തതെ പോകുന്നു. ഈ അടുത്തിടെ  വിവാഹമോചന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഖാദിമാര്‍ക്ക് അധികാരമില്ലെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി വന്നിട്ടുണ്ട്.  തമിഴ്‌നാട് വഖഫ് ബോര്‍ഡ് മുന്‍ അധ്യക്ഷയും മുന്‍ എം.എല്‍.എയുമായ അഡ്വ.ഖദര്‍ സെയ്താ ഹരജി നല്‍കിയത്. മറ്റു മതങ്ങളിലെ സ്ത്രീകള്‍ക്ക് ഏകപക്ഷീയവും അനിയന്ത്രിതവുമായ വിവാഹമോചനങ്ങളില്‍ നിന്ന നിയമപരിരക്ഷ ലഭിക്കുന്നെണ്ടെന്നും മുസ്ലിം സ്ത്രീക്കും അതുവേണമെന്നുമായിരുന്നു അവരുടെ ആവശ്യം.കോടതിയുടെ പരിഗണനയിലാണ് ഈ വിഷയം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരള ഹൈക്കോടതി ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയപ്പോള്‍ തന്നെ അതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍  ഇസ്ലാമിക ശരീഅത്ത് ഉറപ്പു നല്‍കുന്ന അവകാശം ലഭിക്കാത്ത 'ഫസ്ഖ്' നെ ചൊല്ലി ഇന്നുവരെയും ഒരു പ്രതിഷേധവും ഉയര്‍ന്നിട്ടില്ല.

       ഡിസൊല്യൂഷന്‍ ഓഫ് മുസ്ലിം മാര്യേജ് ആക്ട് 1939 പ്രകാരം മുസ്ലിം സ്ത്രീകള്‍ക്ക് വിവാഹമോചനം നേടാനാവുന്നത് ചില പ്രത്യേക വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണ്. നാല് വര്‍ഷത്തില്‍ കൂടുതല്‍ ഭര്‍ത്താവിനെ സംബന്ധിച്ച് വിവരമില്ലാതിരിക്കുക, രണ്ട് വര്‍ഷത്തിലധികമായി ചിലവിന് നല്‍കാതിരിക്കുക, മുസ്ലിം ഫാമില ലോ ഓഡിനന്‍സ് 1961 ലെ വ്യവസ്ഥകള്‍ക്ക് വിഭിന്നമായി ഭര്‍ത്തിവിന് വേറെ ഭാര്യയുണ്ടായിരിക്കുക, ഏഴു വര്‍ഷത്തില്‍ കൂടുതല്‍ തടവ് അനുഭവിക്കുക, കുടുംബപമായ ബാധ്യതകള്‍ നിറവേറ്റാന്‍ ഭര്‍ത്താവിന് കഴിയാതിരിക്കുക, മാരക രോഗങ്ങള്‍ പിടിപെടുക, ഭര്‍ത്താവില്‍ നിന്ന ക്രൂരതയനുഭവിക്കുക തുടങ്ങിയ കാര്യങ്ങള്‍കൊണ്ട് ഭാര്യയ്ക്ക് വിവാഹമോചനം നേടാവുന്നതാണ്.  പ്രായപൂര്‍ത്തിയാകാതെ വിവാഹിതയായ പെണ്‍കുട്ടിയാണെങ്കില്‍ അവള്‍ക്ക് 18 വയസ് തികയുമ്പോള്‍ വിവാഹം വേണ്ടെന്ന വെയ്ക്കാനും നിയമം അവകാശം നല്‍കുന്നുണ്ട്. എന്നാല്‍ ഇത്തരം വ്യവസ്ഥകള്‍ക്ക് വിധേയമായി അവള്‍ കോടതിയെ സമീപിക്കുകയും ജഡ്ജിയെ കാരണം ബോധിപ്പിക്കുകയും വേണമെന്നാണ് മുസ്ലിം വിവാഹമോചന നിയമം പറയുന്നത്.

                 വിവാഹപ്രായം നിജപ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകളില്‍ ഉരുതിരിഞ്ഞു വരുന്നത് ഇത് ശരീഅത്ത് നിയമത്തിന് വിരുദ്ധമാണെന്ന രീതിയിലാണ്. എങ്കില്‍ വിവാഹം ചെയ്തയക്കാന്‍ തിടുക്കപ്പെടുന്നവര്‍ പല സാഹചര്യങ്ങള്‍കൊണ്ടും വിവാഹ കെണിയില്‍ അകപ്പെട്ടുപോയ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് രക്ഷപെടുന്നതിനായി ശരീഅത്ത് അനുവദിച്ച 'ഫസ്ഖ്' പ്രാബല്യത്തില്‍ വരുത്തുകയും ശരീഅത്തിന് വിരുദ്ധമായി വിവാഹമോചനം ചെയ്യുന്ന പുരുഷന്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയുമാണ് വേണ്ടിയിരുന്നത്.  അറബി കല്യാണം, മൈസൂര്‍ കല്യാണം തുടങ്ങിയ വിവിധ പേരുകളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ പല ചതിക്കുഴികളിലും പെട്ട് പോകുന്നുണ്ട്. ഇതില്‍ നിന്ന് ഇസ്ലാം അനുവദിക്കുന്ന രീതിയിലുള്ള മോചനം അവര്‍ക്ക് ലഭ്യമാക്കേണ്ട ബാധ്യത മുസ്ലിം സമുദായ നേത്യത്വത്തിനുണ്ട്. പലപ്പോഴും ഇത്തരക്കാര്‍ക്ക് കോടതിയെ ആശ്രയിക്കാന്‍ കഴിയാതെ വരികയും ചെയ്യും.  ശരീഅത്ത് നിയമം പൂര്‍ണ അര്‍ത്ഥത്തില്‍ നടപ്പാക്കുന്ന രാജ്യത്ത്  സ്ത്രീക്കും പുരുഷനും വിവേചനമില്ലാതെ നീതി നടപ്പാക്കി കിട്ടുന്നു.എന്നാല്‍ ഇന്ത്യയില്‍ മുസ്ലിം സ്ത്രീയുടെ അവകാശങ്ങള്‍ ഹനിക്കപ്പെടാനും ചിലര്‍ക്ക് മുതലെടുപ്പ് നടത്താനും കഴിയുന്നതിന്റെ കാരണം ശരീഅത്തിന് പകരം അപൂര്‍ണമായി നടപ്പാക്കുന്ന വ്യക്തി നിയമങ്ങളാണ്.

    കൊല്ലത്ത് അടുത്തകാലത്തായി ഫസ്ഖ് നടത്തിയതിന്റെ പേരില്‍ ഒരു പെണ്‍കുട്ടിക്കെതിരെ പോലിസ് കേസെടുത്തു. കേസ് കോടതിയിലെത്തിയെങ്കിലും കോടതിയും പെണ്‍കുട്ടിയുടെ ഫസ്ഖിനെ അംഗീകരിച്ചില്ല. പത്രപരസ്യം നല്‍കി മഹല്ലില്‍ അറിയിച്ച് ഇസ്ലാമിക രീതിയിലുള്ള വിവാഹമോചനം നടത്തിയ പെണ്‍കുട്ടി മറ്റൊരാളെ വിവാഹം ചെയ്തു. എന്നാല്‍ ഫസ്ഖ് ഇന്ത്യയില്‍ അനുവദിനീയമല്ലെന്നും ആദ്യ ഭര്‍ത്താവുള്ളപ്പോള്‍ രണ്ടാമതൊരാളെ വിവാഹം ചെയ്തതിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ പരാതിയിലാണ് പെണ്‍കുട്ടിക്കെതിരെ കേസെടുത്തത്. രണ്ടാം വിവാഹത്തിന്റെ മഹല്ല് സര്‍ട്ടിഫിക്കറ്റ് പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് രജിസ്‌ട്രേഷനും വിവാഹസര്‍ട്ടിഫിക്കറ്റും റദ്ദാക്കുകയും ചെയ്തു. ഇതിനെതിരെ പെണ്‍കുട്ടി സമര്‍പിച്ച പരാതി ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോള്‍. ശൈശവ വിവാഹത്തിന്റെ പേരില്‍ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കുന്നത് തടയണമെന്ന ആവശ്യപ്പെടുന്നവര്‍ എന്തുകൊണ്ട് ഫസ്ഖ് ചെയ്‌തെന്ന പേരില്‍ മുസ്ലിം സ്ത്രീകള്‍ക്കെതിരെ കേസെടുക്കരുതെന്ന ആവശ്യപ്പെടുന്നില്ല. ?



2013, ഒക്‌ടോബർ 24, വ്യാഴാഴ്‌ച

കനല്‍ വഴികളില്‍ കുനാല്‍ സാഹ - അന്തിമ വിജയം നീതിക്ക്

ഡോ. കുനാല്‍ സാഹ ( ഇടത്ത്) മാധ്യമപ്രവര്തകനുമായി സംസാരിക്കുന്നു 

ചികില്‍സ പിഴവ് എന്നൊരു വാക്ക് ഉപയോഗിക്കുന്നത് ശരിയല്ല എന്ന്  ഡോക്ടര്‍മാര്‍ അടക്കമുള്ള കുറെ പേര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അത് പിഴവ് പറ്റാത്തത് കൊണ്ടല്ലെന്നു എല്ലാവര്ക്കും അറിയാം.കാരണം, തുറന്നു സമ്മതിച്ചില്ലെങ്കിലും പിഴവ് പറ്റാറുണ്ട് എന്ന് ഡോക്ടര്‍മാര്‍ സ്വകാര്യമായി  സമ്മതിക്കാറുണ്ട്.  പിഴവ് മൂലം ഒരു രോഗി മരണപ്പെടുകയോ കാലാകാലങ്ങള്‍ കിടപ്പിലാകുകയോ അവയവഭംഗം വരികയോ ചെയ്‌താല്‍ അതിന്റെ ഉത്തരവാദിത്തം ഡോക്ടര്‍ക്കില്ല എന്ന് സുപ്രീം കോടതി പണ്ടെപ്പോഴോ ഒരു വിധി ന്യായത്തില്‍ പറഞ്ഞിട്ടുണ്ടെന്നും മറ്റും ന്യായീകരണമായി പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ ഒരു കേസ്‌ ആരെങ്കിലും കൊടുത്താല്‍ തന്നെ ഡോക്ടര്‍മാരുടെ സംഘടന കേസ്‌ നടത്തുമെന്നും വിജയിക്കുമെന്നും ഡോക്ടര്‍മാര്‍ ഉയര്‍ന്ന ആത്മവിശ്വാസം പ്രകടിപ്പിക്കാറുമുണ്ട്.
ഡോ. അനുരാധയും ഡോ.കുനാലും 
എന്നാല്‍, അന്ധമായ എല്ലാ ആത്മവിശ്വാസങ്ങളെയും തച്ചുടച്ച് ഡോ.അനുരാധ സാഹ കേസില്‍ 2013 ഒക്ടോബര്‍ 24 ന് വന്ന വിധി സാധാരണക്കാരന് ആശ്വാസം നല്‍കുന്നുണ്ട്. രാജ്യത്തെ മെഡിക്കോ- ലീഗല്‍ ചരിത്രത്തില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ നഷ്ടപരിഹാര തുകയാണ് വിധിച്ചിരിക്കുന്നത്. ചികില്‍സിച്ച ഡോക്ടര്‍മാരോടും നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നു.

ചികില്‍സ നടത്തിയിരുന്ന മൂന്നു ഡോക്ടര്‍മാരും നഷ്ടപരിഹാരം നല്‍കണം . രണ്ടു പേര്‍ പത്തു ലക്ഷം രൂപ വീതവും ഒരാള്‍ അഞ്ചര ലക്ഷവും. ഇതടക്കം  ചികില്‍സ നല്‍കിയ കൊല്‍ക്കത്തയിലെ എ.എം.ആര്‍.ഐആശുപത്രി 6.08 കോടി രൂപ നഷ്ട പരിഹാരം നല്‍കണമെന്നാണ് വിധി. ഒപ്പം എട്ടാഴ്ചക്കകം പണം നല്‍കാനും ഇല്ലെങ്കില്‍ പലിശ ഈടാക്കാനും ജസ്റ്റിസ്‌ സി.കെ പ്രസാദ്‌ , വി .ഗോപാല ഗൗഡ എന്നിവര്‍ അടങ്ങിയ ബഞ്ചിന്റെ  വിധിയില്‍ പറയുന്നു. മാത്രമല്ല, വിധി നടപ്പക്കിയോ എന്നറിയാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിലും വലിയ അടി തൊട്ടു പിന്നാലെ നിര്‍ദ്ദേശമായി അവര്‍ നല്‍കി. സ്വകാര്യ ആശുപത്രികളുടെയും നഴ്സിംഗ് കോളജുകളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മാണം നടത്തണമെന്നും വിധിയില്‍ പറയുന്നു

സുപ്രീം കോടതി 


കേസിന് ആധാരമായ മരിച്ചയാളും പ്രതികളും ഡോക്ടര്‍മാരാണ് എന്നത് ശ്രദ്ധേയം.

 വാദി – അനുരാധയുടെ ഭര്‍ത്താവും അമേരിക്കയിലെ ഓഹിയോവില്‍ എയിഡ്സ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഗവേഷകനായ  ഡോക്ടര്‍ കുനാല്‍ സാഹ
പ്രതികള്‍ - ഡോക്ടര്‍മാരായ ബല്‍റാം പ്രസാദ്‌, സുകുമാര്‍ മുഖര്‍ജി , വൈദ്യ നാഥ ഹല്‍ദര്‍ ( മറ്റൊരു ഡോക്ടര്‍ ആയ അബനി റോയ്‌ ചൌധരി വിചാരണ കാലയളവില്‍ മരിച്ചു)

അമേരിക്കയില്‍ ശിശുക്കളുടെ മാനസിക ആരോഗ്യ  ഡോക്ടര്‍ ആയിരുന്ന അനുരാധ സാഹയാണ് 1998 –ല്‍ അഡ്വാന്‍സ്ഡ് മെഡികെയര്‍ ആന്‍ഡ്‌ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആശുപത്രിയില്‍ മരിച്ചത്. വേനലവധിക്ക് കൊല്‍ക്കത്തയില്‍ വന്ന അനുരാധ, ത്വക്കില്‍ തടിപ്പുകള്‍ കണ്ടപ്പോള്‍ ആശുപത്രിയിലെത്തി. ആദ്യം മരുന്നുകള്‍ വേണ്ടെന്നു പറഞ്ഞു മടക്കി. പിന്നീട് ഡോ. സുകുമാര്‍ മുഖര്‍ജി ഡെപോമെഡ്രോള്‍ എന്നാ കുത്തിവെപ്പിന് നിര്‍ദ്ദേശിച്ചു. കുത്തിവെപ്പിന്റെ തവണകള്‍ നിശ്ചയിച്ചതാണ് പിഴവിന് കാരണമായതെന്ന് കോടതി കണ്ടെത്തിയിരുന്നു. കുത്തിവെപ്പിനെ തുടര്‍ന്ന് ആരോഗ്യ നില  വഷളായപ്പോള്‍ അനുരാധയെ ഡോ. സുകുമാറിന്റെ മേല്‍നോട്ടത്തില്‍ തന്നെ എ.എം.ആര്‍.ഐ ആശുപത്രിയില്‍ ചികില്‍സക്ക് പ്രവേശിപ്പിച്ചു. എന്നാല്‍ വീണ്ടും വഷളായപ്പോള്‍ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ മരിച്ചപ്പോള്‍ കുനാല്‍ ഡോക്ടര്‍മാര്‍ക്കെതിരെ ക്രിമിനല്‍, സിവില്‍ കേസുകള്‍ നല്‍കി. ചികില്‍സ പിഴവിന്റെ ക്രിമിനല്‍ ബാധ്യതയില്‍ നിന്നും കോടതി പ്രതികളെ ഒഴിവാക്കി. 2011 –ല്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ 1.73 കോടി രൂപ നഷ്ടപരിഹാര തുക നിശ്ചയിച്ചു. ഒപ്പം  മരണത്തിന്റെ ഉത്തരവാദിത്തം കുനാലിനുമുണ്ട് എന്ന് പറഞ്ഞ് കമീഷന്‍ പത്തു ശതമാനം തുക കുറക്കുകയും ചെയ്തു.   ഇത് ചോദ്യം ചെയ്ത് കുനാല്‍ വീണ്ടും ഹരജി നല്‍കി. ഇത് പരിഗണിച്ചാണ് ആറു കോടിയായി സുപ്രീം കോടതി ഉയര്‍ത്തിയത്.  ..
  

ഇതൊരു വിധിയല്ല, മറിച്ച് മുന്നറിയിപ്പാണ്. മറ്റുള്ളവരുടെ ജീവന് വില കല്‍പ്പിക്കാത്ത ചില ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കുമുള്ള മുന്നറിയിപ്പ്. നല്ല രീതിയില്‍ സേവനമനുഷ്ടിക്കുന്ന കുറെ ഡോക്ടര്‍മാര്‍ക്ക് ചീത്തപ്പേരുണ്ടാക്കുന്ന തരം ഡോക്ടര്‍മാര്‍ക്കുള്ള മുന്നറിയിപ്പ്. എന്ത് വന്നാലും കാശിറക്കി വിജയം നെടുമെന്നുള്ള ഡോക്ടര്‍ അസോസിയെഷനുകള്‍ക്കുള്ള മുന്നറിയിപ്പ്.

ഇതൊരു പ്രചോദനമാണ്, ജനത്തിനും ആരോഗ്യ മേഖലയിലെ ദുഷ്‌ പ്രവണതകള്‍ക്കെതിരെ പോരാടുന്നവര്‍ക്കുമുള്ള പ്രചോദനം.

പ്രചോദനം ധൈര്യമാകട്ടെ !

2013, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

സിനിമയുടെ കിളി വാതിൽ തുറന്ന് സംഗീത 'രാജഹംസം '

കൊച്ചി: ജീവിതത്തിന്‍െറ റിയാലിറ്റി ഷോയില്‍ സംഗീത രാജഹംസമായ ചന്ദ്രലേഖക്ക് മലയാള സിനിമ പിന്നണിയില്‍ അരങ്ങേറ്റം. ഫേസ്ബുക്കിലൂടെയും യൂട്യൂബിലൂടെയും ലക്ഷങ്ങളുടെ മനംകവര്‍ന്ന ഗായിക, എം. പ്രശാന്ത് സംവിധാനം ചെയ്യുന്ന ‘ലൗ സ്റ്റോറി’യിലൂടെയാണ് സിനിമയിലേക്കു ചുവടുവെച്ചത്.

‘കണ്‍കളാലൊരു കവിതയെഴുതാന്‍ വന്നുവോ കിളിവാതിലില്‍’ എന്ന ഗാനത്തിന്‍െറ റെക്കോര്‍ഡിങ് വ്യാഴാഴ്ച പാലാരിവട്ടം ജനതാറോഡിലെ ഫ്രെഡി സ്റ്റുഡിയോയില്‍ പൂര്‍ത്തിയായി. സോഷ്യല്‍ നെറ്റ്വര്‍കിങ് സൈറ്റുകളിലൂടെ സിനിമാഗാന രംഗത്തേക്ക് ഉയര്‍ത്തപ്പെട്ട മലയാളത്തിന്‍െറ ആദ്യ ഗായികയാണ് ചന്ദ്രലേഖ. പുതുമുഖ ഗായികക്കായി നിര്‍മാതാവ് മിലന്‍ ജലീലും സംവിധായകന്‍ പ്രശാന്തും അന്വേഷിച്ച് നടക്കുന്നതിനിടെയാണ് ചന്ദ്രലേഖയുടെ പാട്ട് കേട്ടത്. ‘രാജഹംസമേ മഴവില്‍ കൊടിയില്‍’ എന്ന ഗാനം ഫേസ്ബുക്കിലൂടെ കേട്ടപ്പോള്‍ മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ളെന്ന് പ്രശാന്ത് പറയുന്നു.

അങ്ങനെയാണ് പത്തനംതിട്ട കുമ്പളാംപൊയ്കയിലെ പറങ്കിമാമൂട്ടില്‍ വീട്ടിലത്തെിയത്. പാട്ട് ചിട്ടപ്പെടുത്തിയ ഡേവിഡ് ഷോണ്‍, ഗാനരചയിതാവ് സുധി കൃഷ്ണ എന്നിവരുടെയും ആദ്യ സിനിമയാണിത്. സംഗീതം പഠിക്കാത്തതിന്‍െറ ചില ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പറഞ്ഞുകൊടുത്തത് മനസ്സിലാക്കി 10 മിനിറ്റുകൊണ്ട് പാട്ട് പഠിച്ച ചന്ദ്രലേഖ മികച്ച ഭാവത്തോടെ തന്നെ പാട്ട് പൂര്‍ത്തിയാക്കി. സിനിമയില്‍ പാടാനാകുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഫേസ്ബുക്കിലെയും യൂട്യൂബിലെയും കൂട്ടായ്മയാണ് അതിനു വഴിയൊരുക്കിയത്. അതുകൊണ്ടുതന്നെ സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകളിലെ പ്രേക്ഷകര്‍ക്കാണ് തന്‍െറ പാട്ട് സമര്‍പ്പിക്കുന്നതെന്നു ചന്ദ്രലേഖ പറയുന്നു.

ഗാനം പാടിയ ആദ്യദിനം തന്നെ തരംഗമായി. റെക്കോഡിങ് നടന്ന് മണിക്കൂറുകള്‍ക്കകം പാട്ട് സോഷ്യല്‍ മീഡിയകളില്‍ സൂപ്പര്‍ഹിറ്റായത്. ഡേവിഡ് ഷോണ്‍ ചിട്ടപ്പെടുത്തിയ ഗാനത്തിന്‍െറ റെക്കോഡിങ് സിബി മലയില്‍ ഉള്‍പ്പെടെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് വ്യാഴാഴ്ച കൊച്ചിയില്‍ പൂര്‍ത്തിയാക്കിയത്.

. മണിക്കൂറുകള്‍ക്കകം തന്നെ ആയിരക്കണക്കിന് ഷെയറുകളും കമന്‍റുകളും കൊണ്ട് സൈബര്‍ലോകത്ത് ചന്ദ്രലേഖ നിറഞ്ഞു. അടൂര്‍ പറക്കോട് പരേതനായ രാഘവന്‍െറയും തങ്കമ്മയുടെയും മകളായ ചന്ദ്രലേഖ വിവാഹത്തോടെയാണ് പത്തനംതിട്ടയിലത്തെുന്നത്. പത്തനംതിട്ട എല്‍.ഐ.സി ഓഫിസില്‍ താല്‍ക്കാലിക ജീവനക്കാരനായ രഘുനാഥാണ് ഭര്‍ത്താവ്.

ഇനിയെങ്കിലും ശാസ്ത്രീയമായി സംഗീതം പഠിക്കണമെന്ന ആഗ്രഹമാണ് ചന്ദ്രലേഖക്കിപ്പോഴുള്ളത്. സ്വന്തമായി ഇ-മെയില്‍ വിലാസമോ, കമ്പ്യൂട്ടര്‍, ഇന്‍റര്‍നെറ്റ് സൗകര്യമോ ഇല്ലാത്ത ചന്ദ്രലേഖയുടെ പാട്ട് ഭര്‍ത്താവ് രഘുനാഥിന്‍െറ അനുജന്‍ ദര്‍ശനാണ് 2012 സെപ്റ്റംബറില്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. സമീപകാലത്ത് മറ്റാരോ വീണ്ടും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതോടെയാണ് പാട്ട് ഹിറ്റായത്.                                                                                      .
-

2013, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

യെ പപ്പു കാൻ ഡാൻസ് സാലാ

face book debate link 

 യെ പപ്പു കാൻ ഡാൻസ്  സാലാ എന്ന് കൂടി മാത്രമേ ഇനി പടാത്തതുള്ളൂ. അമുൽ ബേബി എന്ന് പരിഹാസപ്പേരുള്ള രാഹുൽ ഗാന്ധിയെ അതിലും ഫീകരമായി കളിയാക്കി കൊണ്ട് നെറ്റിൽ  പപ്പു പീഡിയ ഡോട്ട് കോം അരങ്ങു തകർക്കുകയാണ് .ആരാണ് സൈറ്റിന് പുറകിലെന്ന് ഇത് വരെ മനസിലായില്ലത്രേ! അത്രയ്ക്കുണ്ട് സര്ക്കാര് സംവിധാനങ്ങളുടെ ഗുണമേന്മ. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന് നാട്ടുകാര് പറയുന്നു. സ്വാഭാവികമായും ബി.ജെ.പിക്കെതിരെയാണ് വിരൽ ചൂണ്ടുന്നത്. പാർലിമെന്റ് തെരഞ്ഞെടുപ്പിൽ ഇന്റർനെറ്റ്‌ സോഷ്യൽ സൈറ്റുകൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ആരോ ആണ്  ഇതിന്റെ ബുദ്ധി കേന്ദ്രം എന്ന് ഉറപ്പാണ് . 

വിക്കി പീഡിയയുമായി രൂപ സാദൃശ്യമുള്ള സൈറ്റിൽ രാഹുലിനെ കളിയാക്കുന്ന വിധമാണ് വിവരങ്ങൾ നിറച്ചി ട്ടുള്ളത്. പപ്പുവിന്റെ തലച്ചോർ മാറ്റി വക്കാനുള്ള ധനസമാഹരണത്തിനാണ്  കുംഭകോണങ്ങൾ നടത്തുന്നത് എന്ന് പപ്പുവിന്റെ അമ്മ പറയുന്നതും  കൊടുത്തിരിക്കുന്നു.നിങ്ങള്ക്കും ഉദാരമായി സംഭാവന ചെയ്യാം എന്നും പപ്പുവിന്റെ അമ്മ ആവശ്യപ്പെടുന്ന വാചകവും ഉണ്ട്. ബോഫേഴ്സ് , ഭോപ്പാൽ ദുരന്തം , സിഖ് കലാപം എന്നിവ ഒരു പ്രത്യേക പ്രധാനമന്ത്രി നമ്മുടെ രാഷ്ട്രത്തോടു ചെയ്ത ഏറ്റവും വലിയ അപരാധമാണ്. എന്നാൽ 1970  ജൂണ്‍ പത്തിന് പപ്പുവിന്റെ കഥ തുടങ്ങിയതാണ്‌ അദ്ദേഹം ചെയ്ത ഏറ്റവും വലിയ നിർഭാഗ്യം എന്നും സൈറ്റ് പറയുന്നു   .കുടുംബ ചരിത്രം, രാസ്ത്രീയ ചരിത്രം, പപ്പു ജ്ഞാൻ , പപ്പുവിന്റെ പ്രശംസാ പത്രങ്ങൾ, യൊ  പപ്പു സൊ ഡമ്പ്  , പപ്പു ഇന് ആക്ഷൻ എന്നിവയും ഉണ്ട്. രാഷ്ട്രായ ചരിത്രം എന്ന വിഭാഗത്തിൽ ഒന്നും  എഴുതിയിട്ടില്ല.പപ്പു ജ്ഞാൻ എന്ന വിഭാഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞ പല വാചകങ്ങൾ കൂട്ടി ചേര്ത്തിട്ടുണ്ട്. ടെസ്റ്റിമോണിയൽസ്  ഓഫ് പപ്പു എന്നാ വിഭാഗത്തിൽ പലരും രാഹുലിനെ  പരിഹസിച്ചു പറഞ്ഞ വാചകങ്ങൾ ചേര്ത്തിരിക്കുന്നു. വായനക്കാരനും ഇതിൽ അഭിപ്രായം പറയാം. 

2013, ഒക്‌ടോബർ 13, ഞായറാഴ്‌ച

സര്‍ട്ടിഫിക്കറ്റുകള്‍ കൊടുക്കില്ലെന്ന്




മഹാരാഷ്ട്രയിൽ നഴ്സിങ്ങ് പഠനം പൂര്‍ത്തിയാക്കിയ മലയാളി വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ നഴ്സിംഗ് സ്കൂള്‍ ഡയറക്ടറായ വൈദികന്‍ അന്യായമായി തടഞ്ഞു വെച്ചതായി മാതാപിതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മഹാരാഷ്ട്ര സത്താറ ജില്ലയില്‍ പാഞ്ചാഗനിയില്‍ പ്രവര്‍ത്തിക്കുന്ന ബെല്‍ എയര്‍ കോളജ് ഓഫ് നഴ്സിങ്ങ് എന്ന സ്ഥാപനത്തില്‍ 2009-2013 വര്‍ഷത്തില്‍ പഠനം നടത്തിയ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളാണ് തടഞ്ഞുവെച്ചിരിക്കുന്നത്. ഫാ. ടോമി കരിയിലക്കുളമാണ് സ്ഥാപനത്തിന്‍െറ ഡയറക്ടര്‍. കേരളത്തിലെ ബാങ്കുകളില്‍ നിന്നും വിദ്യാഭ്യാസ വായ്പ വാഗ്ദാനം ലഭിച്ചിരുന്നെങ്കിലും ഇതു ഒഴിവാക്കി ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ നിന്നും നിര്‍ബന്ധപൂര്‍വം വായ്പയെടുപ്പിക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. കോഴ്സ് ഫീസായ നാലു ലക്ഷമാണ് പലിശ രഹിത വായ്പയായി നല്‍കിയത്. കോഴ്സ് പൂര്‍ത്തിയാക്കി 60 മാസങ്ങള്‍ക്കുശേഷം വായ്പ തുക തീര്‍ത്താല്‍ മതിയെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, പഠന ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടപ്പോള്‍ 5.35 ലക്ഷം രൂപ നല്‍കി ലോണ്‍ തിരിച്ചടച്ചതിന്‍െറ രേഖകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ നല്‍കൂവെന്നായിരുന്നു മാനേജ്മെന്‍റിന്‍െറ നിലപാട്. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഹ്യൂമന്‍ റൈറ്റ്സ് ഫൗണ്ടേഷന് പരാതി നല്‍കി. സംഘടന ഇടപെട്ടതോടെ നാലുലക്ഷം രൂപ ബാങ്കില്‍ അടച്ചാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാമെന്ന് ഡയറക്ടര്‍ ഉറപ്പു നല്‍കി. എന്നാല്‍, പണവുമായി ചെന്നപ്പോള്‍ സബ്സിഡിയായി വിദ്യാര്‍ഥികള്‍ക്കുലഭിക്കേണ്ട 1.35 ലക്ഷം രൂപ നല്‍കണമെന്ന് ഡയറക്ടര്‍ ആവശ്യപ്പെട്ടതായും പരാതിപെടുന്നവര്‍ക്കെതിരെ  ഭീഷണി മുഴക്കിയതായും മാതാപിതാക്കള്‍ ആരോപിച്ചു. ബാങ്കുമായുണ്ടാക്കിയ  രഹസ്യ ധാരണയില്‍ വാര്‍ഷിക ഗഡുക്കളായി പിന്‍വലിക്കേണ്ട തുക ഡയറക്ടര്‍ കാലാവധിക്കുമുമ്പേ കൈക്കലാക്കിയതായി രേഖകളില്‍ വ്യക്തമാണ്. പഠന ശേഷം മാനേജ്മെന്‍റ് നിര്‍ദേശ പ്രകാരം ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്സുമാരുടെ ശമ്പളത്തിന്‍െറ ഭൂരിഭാഗവും ഡയറക്ടര്‍ കൈക്കലാക്കുകയാണ്. സുപ്രീംകോടതി വിധിയിലൂടെ നിറുത്തിവെച്ചിരിക്കുന്ന ബോണ്ട് വ്യവസ്ഥയില്‍ നിര്‍ബന്ധ പൂര്‍വം വിദ്യാര്‍ഥികളെകൊണ്ട് ഒപ്പുവെപ്പിച്ചതായും അവര്‍ കുറ്റപ്പെടുത്തി. ഇക്കാര്യം സഭാ നേതൃത്വത്തെ അറിയിച്ചെങ്കിലും അനുകൂലമായ യാതൊരു നടപടിയും സ്വീകരിച്ചില്ളെന്നും അവര്‍ പറഞ്ഞു. മാതാപിതാക്കളായ ടി.പി. കുര്യന്‍, ഒ.എം. ജോണ്‍, തോമസ് ആന്‍റണി, കെ.എം. മാത്യു, ഹ്യൂമന്‍ റൈറ്റ്സ് ഫൗണ്ടേഷന്‍ ഭാരവാഹികളായ തോമസ് പി. ജോര്‍ജ്, മാത്യു അലക്സാണ്ടര്‍ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

2013, ഒക്‌ടോബർ 9, ബുധനാഴ്‌ച

16 ലെ വിവാഹവും തിരിച്ചറിവും




അവസാനം വിവാദ നിലപാടുകളില്‍ നിന്നും പിന്മാറാന്‍ അവര്‍ തയ്യാറാകുന്നു. മുസ്ലിം സമുദായത്തിലെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്നും 16 ആക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന നിലപാടില്‍ നിന്ന് മുസ്ലിം വ്യക്തി സംരക്ഷണ സമിതി പിന്മാറുന്നു. വിഷയത്തില്‍ സുപ്രീം കോടതിയും ഹൈകോടതിയും നടത്തിയ വിധികള്‍ പ്രതികൂലമായാണ് വന്നിട്ടുള്ളത് എന്ന തിരിച്ചറിവില്‍ നിന്നാണ് ഈ തീരുമാനം. ഇനിയും കോടതിയെ സമീപിച്ചാല്‍ ഫലമുണ്ടാകില്ല എന്ന നിയമോപദേശം കിട്ടിയതായി ഇന്നിറങ്ങിയ തേജസ്‌ ദിനപത്രത്തില്‍ ഒന്നാം പേജില്‍ നല്‍കിയ വാര്‍ത്തയില്‍ ലേഖിക ഷബ്ന സിയാദ്‌  വ്യക്തമാക്കുന്നുണ്ട്.   മുസ്‌ലിം വിവാഹപ്രായത്തില്‍ രാജ്യത്തെ നിയമമാണ് അനുവര്‍ത്തിക്കേണ്ടതെന്നു നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിം സമുദായത്തില്‍ നിന്ന് തന്നെ ഉയര്‍ന്ന വലിയ എതിര്‍പ്പുകളെ മറികടന്നു കോടതിയില്‍ പോയാല്‍ തിരിച്ചടിയുണ്ടാകുമെന്ന തിരിച്ചറിവും ഇപ്പോള്‍ സമിതിക്കുണ്ട്.

വാര്‍ത്തയില്‍ പറയുന്നതിങ്ങനെ : 
മുസ്‌ലിം വ്യക്തിനിയമപ്രകാരം 16 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹത്തിന് സാധുതയുണ്ട്. എന്നാല്‍, 2006ലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം മാതാപിതാക്കളും ഭര്‍ത്താവും ശിക്ഷാര്‍ഹരുമാണ്. സുപ്രിംകോടതിയെ സമീപിച്ചാലും ഇതില്‍നിന്നു വിഭിന്നമായൊരു വിധി ലഭിക്കുമെന്നുറപ്പില്ലാത്ത സാഹചര്യത്തില്‍ ഈ ശ്രമം ഉപേക്ഷിക്കാനാണു തീരുമാനം. 2008ല്‍ സുപ്രിംകോടതി ജസ്റ്റിസായിരുന്ന ലക്ഷ്മണ ചെയര്‍മാനായ ലോ കമ്മീഷന്‍ വിവാഹപ്രായം നിര്‍ബന്ധിത സാഹചര്യത്തില്‍ 16 വയസ്സാക്കാമെന്ന് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതിനാല്‍ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ സമ്മര്‍ദ്ദം ചെലുത്തി പാര്‍ലമെന്റ് മുഖേന നിയമം ഭേദഗതി ചെയ്യിക്കുകയോ അതല്ലെങ്കില്‍ പ്രസിഡന്റിന്റെ അനുമതിയോടെ നിയമത്തില്‍ മാറ്റംവരുത്തിക്കുകയോ ചെയ്യാനാണ് ഇപ്പോള്‍ ആലോചന.

2006ന് മുമ്പ് ശൈശവ വിവാഹ നിരോധന നിയമം നിലവിലില്ലാതിരിക്കെ പെണ്‍കുട്ടി പരാതിപ്പെട്ടാല്‍ മാത്രമേ വിവാഹത്തിനെതിരേ കേസെടുക്കുമായിരുന്നുള്ളൂ. എന്നാല്‍, 2006നു ശേഷം ഏതെങ്കിലും വ്യക്തികള്‍ പരാതിപ്പെട്ടാല്‍ ബന്ധുക്കള്‍ക്കെതിരേ കേസെടുക്കാം. ചില നിര്‍ബന്ധിത സാഹചര്യങ്ങളില്‍ വിവാഹം 18 വയസ്സിന് താഴെ നടത്തേണ്ടതായിവന്നാല്‍ മാതാപിതാക്കള്‍ക്കും വരനുമെതിരേ കേസെടുത്താല്‍ പെണ്‍കുട്ടിയുടെ സംരക്ഷണം അടക്കമുള്ള കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാവുമെന്നും ഇത്തരം സാഹചര്യം ഒഴിവാക്കാനുംകൂടിയാണ് വിവാഹപ്രായം നിജപ്പെടുത്തുന്നതിനെതിരേ രംഗത്തുവരാന്‍ പ്രേരിപ്പിച്ചതെന്നുമാണ് മുസ്‌ലിം വ്യക്തിസംരക്ഷണസമിതിയുടെ നിലപാട്.

കോടതിക്ക് നിയമത്തെ മറികടന്ന് വിധി പുറപ്പെടുവിക്കാനാവില്ല. ഷാബാനു കേസ് അടക്കമുള്ള സുപ്രിംകോടതി വിധികളും ഹൈക്കോടതി വിധികളും മുസ്‌ലിം വിവാഹത്തില്‍ രാജ്യത്തെ നിയമമാണ് പരിഗണിക്കേണ്ടതെന്ന് ആവര്‍ത്തിച്ചിട്ടുണ്ട് എന്നീ വിഷയങ്ങളും വാര്‍ത്തയില്‍ വ്യക്തമാക്കുന്നു .




തേജസ്‌ വാര്‍ത്ത വായിക്കാം
വിവാഹപ്രായം: മുസ്‌ലിം സംഘടനകള്‍ പിന്‍വാങ്ങുന്നു

ഫ്ലാഷ് ബാക്ക് : വിവാഹപ്രായം  18 വയസ്സായി നിജപ്പെടുത്തിയതിനെതിരേ സുപ്രിംകോടതിയെ സമീപിക്കാന്‍ കഴിഞ്ഞ മാസമാണ് കോഴിക്കോട്ട് ചേര്‍ന്ന മുസ്‌ലിം സംഘടനാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചത്. ഇതിനായി മുസ്‌ലിം വ്യക്തിനിയമസംരക്ഷണ സമിതിയും രൂപീകരിച്ചു. മുസ്‌ലിം വ്യക്തിനിയമത്തില്‍ വിവാഹപ്രായത്തിന് പരിധി നിശ്ചയിക്കാത്തതിനാല്‍ അതിനു വിരുദ്ധമായ നിയമം മതപരമായ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ചില മുസ്‌ലിം സംഘടനാ പ്രതിനിധികള്‍ രംഗത്തെത്തിയത്. 









2013, ഒക്‌ടോബർ 7, തിങ്കളാഴ്‌ച

മരണ വീടുകളിലേക്ക് തീർഥാടനം നടത്തുക

മരണം വരുമൊരുനാൾ ഓർക്കുക  മർത്യാ  നീ 
കൂടെ പോരും നിൻ ജീവിത ചെയ്തികളും ,സത്കൃത്യങ്ങൾ ചെയ്യുക നീ അലസത കൂടാതെ 

ജനിച്ചാൽ ഒരു ദിവസം  മരിക്കണം. മരിച്ചാൽ എവിടെ അടക്കും എന്നതിൽ  പ്രത്യേകിച്ച്  ആശങ്കപെടാനില്ല. മൃതദേഹം ചിതയിലാണോ ആറടി ആഴം മാത്രമുള്ള കുഴിയിലാണോ പുഴയിൽ  ഒഴുക്കി വിട്ടാണോ, കഴുകന് തിന്നാൻ കൊടുത്താണോ സംസ്കരിച്ചത് എന്നതിലും വലിയ അർത്ഥമില്ല. ശവശരീരം മണ്ണിലാണോ സിമന്റിട്ട കുഴിയിലാണോ മാർബിൾ പതിച്ച്  അലങ്കരിച്ച ശവക്കല്ലറയിലാണോ അടക്കിയത്‌ എന്നും ആലോചിച്ചിട്ട് കാര്യമില്ല. അത് പള്ളി സെമിത്തേരിയിലാണോ വീട്ടു വളപ്പിലാണോ പാമ്പാടി ഐവർ മഠത്തിലാണോ  ഭാരതപ്പുഴ തീരത്താണോ എന്നതിലും കാര്യമില്ല. എവിടെയാണെങ്കിലും  മണിക്കൂറുകൾക്കകം ശരീരം അഴുകി തുടങ്ങും. അതാണ്‌ പ്രകൃതി നിയമം. അതിനെ പ്രകൃതിയെന്നോ ദൈവമെന്നൊ യുക്തിയെന്നോ വിളിക്കാം. ആര് മരിച്ചാലും മരണവും തുടർ പ്രക്രിയകളും തടുക്കാൻ മനുഷ്യനാകില്ല. പക്ഷെ, മരണത്തിനു ശേഷം ഒരു മനുഷ്യനെ ജനം എങ്ങനെ ഓർത്തിരിക്കുന്നു എന്നതിലാണ് കാര്യം.മരിച്ചയാൾ നല്ലവനായിരുന്നോ കെട്ടവനായിരുന്നൊ എന്നത് അടിസ്ഥാനപ്പെടുത്തിയായിരിക്കും അയാൾ പില്ക്കാലത്ത് ഓർമിക്കപ്പെടുക.
Pro.C.C.Jacob
കഴിഞ്ഞ ദിവസം തൊടുപുഴയിൽ സി.എസ് .ഐ സഭയുടെ എള്ളുമ്പുറം ഇടവകയിൽ മരണപ്പെട്ട പ്രൊഫസർ സി.സി ജേക്കബിന്റെ മൃതദേഹം സംസകരിക്കുന്നതിൽ സഭ വിലക്കേർപ്പെടുത്തി. സാക്ഷാൽ ഒടയ തമ്പുരാൻ അല്ല വിലക്ക് നല്‍കിയത്. മൂപ്പരുടെ പേരും പറഞ്ഞ് അധികാരവും ഇടവക സമ്പത്തും അടക്കി വാഴുന്ന ബിഷപ്പും കൂട്ടരുമാണ് ഇതിനു പുറകിൽ . കാരണമായി പറയുന്നത് അധ്യാപകനായിരുന്ന ജേക്കബ് പുസ്തകം എഴുതിയപ്പോൾ അതിൽ സഭയെ വിമര്ശിച്ചു എന്നാണ് . രണ്ടു തവണ എം.ജി സർവകലാശാല  സിണ്ടിക്കേറ്റ് അംഗം,മേലുകാവ്  ഹെൻറി ബേക്കർ കോളേജിൽ ചരിത്ര വിഭാഗം അധ്യാപകൻ എന്നീ നിലകളിൽ ഔദ്യോഗിക ജീവിതം നയിച്ചയാളാണ് ചുവന്ന പ്ലാക്കൽ ചാക്കോയുടെയും ഏലിയാമ്മയുടെയും ഇളയ മകനായ ജേക്കബ് . സി.എസ്.ഐ മധ്യ കേരള മഹായിടവകയുടെയും കിഴക്കാൻ കേരള മഹായിടവകയുടെയും കൗണ്‍സിൽ അംഗമായും സിനഡ് എക്സിക്യൂട്ടീവ് അംഗമായും സിനഡ് അംഗമായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. എന്നിട്ടും അദ്ദേഹം എഴുതിയ ജലസ്നാനം എന്ന പുസ്തകത്തിന്റെ പേരിൽ മാപ്പ് പറയാത്തിടത്തോളം ശവമടക്ക് പള്ളിയിൽ നടത്താൻ അനുവദിക്കില്ല എന്ന വിലക്കുമായി കർത്താവിന്റെ അഭിഷിക്തർ എന്നറിയപ്പെടുന്നവർ രംഗത്ത്‌ വന്നു. ഒരു ചെകിടത്തടിച്ചാൽ മറു കരണം കൂടി കാണിച്ചു  കൊടുക്കുക എന്ന് ആഹ്വാനം നല്കിയ യേശു ക്രിസ്തു എന്ന മഹാനായ വിപ്ലവകാരിയുടെ പുതു തലമുറയ്ക്ക്  ശവശരീരത്തെ  വിലക്കാൻ  ആരാണ് അധികാരം നല്കിയത് ?? കുടുംബ കല്ലറയിൽ പറ്റില്ല, വേണെമെങ്കിൽ സഭയുടെ സൗജന്യമായി സാധാരണ കല്ലറയിൽ ആവശ്യമെങ്കിൽ അടക്കാൻ  അനുമതി നല്കാം എന്നൊക്കെ പറയാൻ തക്ക ഒരധികാരവും സഭാസ്ഥാനാരോഹികൾക്ക്  ഇല്ല. കുടുംബക്കാർ അവസാനം വീട്ടു വളപ്പിൽ ശവമടക്ക് നടത്തി.

നാണംകെട്ട ഭരണ കൂട ത്തിനു മുന്നിൽ  ഒരു ചോദ്യം. സഭ,എന്തിന്റെ അടിസ്ഥാനത്തിലായാലും ഒരു മൃതദേഹത്തെ അപമാനിക്കും വിധം നടപടിക എടുത്തതും സംസ്കാരം വൈകിപ്പിച്ചതും മൃതദേഹത്തെ വച്ച് വിലപേശൽ നടത്തിയതും നോക്കി നില്ക്കാൻ നാണം തോന്നുന്നില്ലേ?? ഇവിടെ എന്തിനാണ് പോലീസ്?? എന്തിനാണ് ഭരണകൂടം ?? 

സഭ അധികാരികളോട്- തിരു വസ്ത്രം അണിഞ്ഞത് കൊണ്ട് മാത്രം നല്ലവൻ ആകില്ല. സ്വർഗത്തിൽ വി.ഐ.പി സീറ്റും കിട്ടില്ല.  മരിക്കും മുൻപ് നന്മ ചെയ്യുക.നാട്ടാർ നല്ലത്  പറയും. തീർഥാടനം നടത്തിയിട്ടും തീർഥാടന കേന്ദ്രം ഒരുക്കിയിട്ടും നന്മ ഉണ്ടാകില്ല. പകരം മരണ വീടുകളിലേക്ക് തീർഥാടനം നടത്തുക. മനുഷ്യര് ഇത്രയേ ഉള്ളൂവെന്നും ഉള്ള കാലം നല്ലത് ചെയ്യണമെന്നും അപ്പോൾ ബോധ്യം വരും .

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...