2013, നവംബർ 21, വ്യാഴാഴ്‌ച

സച്ചിന്‍ വെളിച്ചം ആണെന്ന് മോഹന്‍ലാല്‍

madhyamam online news 


വാംഖഡേ
 സ്റ്റേഡിയത്തിലെ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പ്രജ്വലമായ അവസാന പ്രകടനത്തെ കുറിച്ചുള്ള പോസ്റ്റ്‌ 'ദ കംപ്ലീറ്റ് ആക്ടര്‍ ' എന്ന ബ്ലോഗിലാണ്   പ്രസിദ്ധീകരിച്ചിട്ടുള്ളത്. 
മോഹന്‍ ലാലിന്റെ പോസ്റ്റിന്റെ മുഴുവന്‍ രൂപം :
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിട വാങ്ങല്‍ പ്രസംഗം കാണാനോ കേള്‍ക്കാനോ എനിക്ക് സാധിചില്ല. ഞാന്‍ അപ്പോള്‍ ഷൂട്ടിങ്ങിലായിരുന്നു. പിന്നീട് രാത്രി അതിന്റെ ചില ഭാഗങ്ങള്‍ ടി.വിയില്‍ വാര്‍ത്തകള്‍ക്കിടെ കണ്ടു. പിറ്റേന്ന് പത്രത്തില്‍ പ്രസംഗത്തിന്റെ പൂര്‍ണ രൂപം വായിച്ചു. അപ്പോള്‍ ഒരു കാര്യം എനിക്ക് ബോധ്യമായി. ഏതു കാര്യത്തിനും ആരംഭം പോലെ തന്നെ പ്രധാനമാണ് അവസാനവും. എവിടെ തുടങ്ങുന്നു എന്നത് പോലെ തന്നെ പ്രധാനമാണ് എവിടെ അവസാനിപ്പിക്കുന്നു എന്നതും. പ്രത്യേകിച്ചും കായികക്ഷമതക്ക് വളരെ പ്രാധാന്യമുള്ള സ്പോര്‍ട്സ്‌ മേഖലകളില്‍.  തുടങ്ങിയതിനേക്കാള്‍ മനോഹരമായി സച്ചിന്‍ തന്റെ കരിയര്‍ അവസാനിപ്പിച്ചു. സുഖകരമായ ഒരു മഴ പെയ്തു തോര്ന്നത് പോലെ , മധുരമായ ഒരു പാട്ട് പടി തീര്‍ന്നത് പോലെ.....






സച്ചിനെ പറ്റിയും അദ്ദേഹത്തിന്റെ കളിയെ പറ്റിയും കഴിഞ്ഞ ഇത്രയും വര്‍ഷങ്ങളായി എത്രയോ പേര്‍ എഴുതിക്കഴിഞ്ഞതാണ്. പുതുതായി ഒന്നും അതില്‍ ഇനി പറയാനുണ്ട് എന്ന് തോന്നുന്നില്ല. പ്രത്യേകിച്ച് എന്നെ പോലുള്ള ഒരാള്‍ക്ക്‌ . എന്നാല്‍ അദ്ദേഹത്തിന്റെ വിട വാങ്ങലിനെ കുറിച്ചും ആ അവസരത്തില്‍ അദ്ദേഹം ചെയ്ത പ്രസംഗത്തെക്കുറിച്ചും ചില കാര്യങ്ങള്‍ പറയണമെന്നുണ്ട്.

നമ്മുടെ കാലഘട്ടം മാത്രമല്ല, ചരിത്രത്തിലേയും ഏറ്റവും മഹത്തായ ഒരു പ്രസംഗമായിരുന്നു വാംഖഡേ സ്റ്റേഡിയത്തില്‍ വച്ച് സച്ചിന്‍ ചെയ്തത് എന്ന് ഞാന്‍  വിശ്വസിക്കുന്നു. കാരണം ആ വാക്കുകളില്‍ പല കാര്യങ്ങള്‍ ഒരേ സമയം വന്ന് സംഗമിച്ചിരുന്നു. ഏതു മേഖലയിലെയും പ്രോഫഷനലിനു അതില്‍ നിന്നും ഏറെ പഠിക്കാനുണ്ട്. ..എങ്ങനെ ഒരു കരിയറിനെ കറ വീഴാതെ ഒരു പ്രാര്‍ത്ഥന പോലെ കൊണ്ട് നടക്കാം എന്ന കാര്യം...യുവജനതക്ക് പഠിക്കാനുണ്ട്...സമര്‍പ്പണം എന്നത് എന്താണ് എന്ന്....പ്രതിഭകള്‍ക്ക് പഠിക്കാനുണ്ട്...പ്രതിഭ എന്നത് നിരന്തരം തേച്ചു മിനുക്കി ഏകാഗ്രമായി കാത്തു സൂക്ഷിക്കേണ്ടതാണ് എന്ന് ....അമ്മമാരെ ഉപേക്ഷിക്കുന്ന മക്കള്‍ക്ക്‌ പഠിക്കാനുണ്ട്...അമ്മയുടെ അനുഗ്രഹമില്ലാതെ ഒരു വിജയവുമില്ല എന്ന്.( അദ്ദേഹം തന്റെ ഭാരതരത്ന ..എല്ലാ അമ്മമാര്‍ക്കുമായി സമര്‍പ്പിച്ചു)  എല്ലാവര്ക്കും പഠിക്കാനുണ്ട്. വന്ന വഴികള്‍ മറക്കാന്‍ പാടില്ല എന്നത്. നമ്മള്‍ എന്നത് നാം മാത്രമല്ല ,ഒരുപാട് പേരുടെ പ്രാര്‍ത്ഥന കൂടിയാണ് എന്നത്..അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ പ്രസംഗത്തെ നൂറ്റാണ്ടിന്റെ പ്രഭാഷണങ്ങളിലൊന്നായി കണക്കാക്കുന്നു.

കഴിഞ്ഞ മുപ്പത്തി മൂന്നു വര്‍ഷങ്ങളായി ഒരേ ജോലി തന്നെ ചെയ്യുന്ന ഒരാളാണ് ഞാന്‍. മലയാളം എന്ന ചെറിയ ( സംസാരിക്കുന്നവരുടെ എണ്ണം കൊണ്ട്) ഭാഷയിലെ ഒരു നടന്‍ സച്ചിനെ പോലെ ലോകം മുഴുവനുമൊന്നും ഉറ്റു നോക്കുന്നില്ല. എന്നിട്ട് പോലും എത്ര മാത്രം ഏകാഗ്രത ...ഇങ്ങനെ നില നിന്ന് പോകാന്‍ ആവശ്യമാണ്‌ എന്ന് ഓരോ നിമിഷവും ഞാന്‍ അറിയുന്നു. അത് ഞാന്‍ ആസ്വദിക്കുന്നു. ഓരോ സിനിമയും എനിക്ക് ആദ്യത്തെ സിനിമയാണ്. ആദ്യ ഷോട്ട് അഭിനയിക്കുമ്പോള്‍ ഉണ്ടായ അതെ മാനസികാവസ്ഥ ഇപ്പോഴും ഒരു പുതിയ സിനിമയുടെ ഷോട്ടുകളില്‍ ഞാന്‍ അനുഭവിക്കുന്നു. തന്റെ മേഖലകളില്‍ സച്ചിനും ഇങ്ങനെ അനുഭവിചിരിക്കും എന്ന് എനിക്കുറപ്പുണ്ട്. അതില്ലെങ്കില്‍ ഇഷ്ടപ്പെടുന്ന തൊഴിലിന്റെ ആനന്ദമില്ല. 



സച്ചിന്‍ നേടിയ ധനത്തെ കുറിച്ചും പ്രശസ്തിയെക്കുറിച്ചുമാണ് എല്ലാവരും പറഞ്ഞു കേള്‍ക്കാറുള്ളത്. ഈ ഉയരങ്ങളിലേക്കെത്താന്‍ അദ്ദേഹം ത്യജിച്ച കാര്യങ്ങളുടെ കണക്കെടുത്താല്‍ അതിനായിരിക്കും ജീവിതത്തിന്‍റെ തുലാസില്‍ കാണാം കൂടുക. എന്താലാം സുഖങ്ങള്‍! അത്രയും വിലപ്പെട്ട സ്വകാര്യ ജീവിതം! കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങള്‍ ! സ്വാതന്ത്ര്യങ്ങള്‍ ! അത് അധിക പേര്‍ക്കും മനസിലാകില്ല. പണവും പ്രശസ്തിയും എല്ലാം തന്ന കളിയെ നെഞ്ചോടു ചേര്‍ത്ത് നിറുത്താനുള്ള അധ്വാനത്തിന്റെ കാഠിന്യം, ഭാരം...അത് അനുഭവിച്ചവനെ  അറിയൂ...

സച്ചിന്‍റെ പ്രസംഗം നമ്മുടെ സ്കൂളുകളില്‍ പഠിപ്പിക്കേണ്ടതാണ്, എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിലെ നന്മകള്‍, നമ്മുടെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കണം. ''ലക്ഷ്യത്തിലേക്കെത്താന്‍ കുറുക്കു വഴികള്‍ സ്വീകരിക്കരുത്'' എന്ന് ഉപദേശിച്ച അദ്ദേഹത്തിന്‍റെ അച്ഛന്‍റെ വാക്കുകളും അത് അക്ഷരം പ്രതി അനുസരിച്ച സച്ചിന്‍റെ ജീവിതവും പറഞ്ഞു മനസിലാക്കി കൊടുക്കണം. ആ വാക്കുകളിലെ വെളിച്ചങ്ങള്‍ അവര്‍ക്ക് കാണിച്ചു കൊടുക്കണം. ഓരോ നിമിഷവും നന്മ മാത്രം ചിന്തിച്ചും ,ചെയ്തും പ്രവര്‍ത്തിച്ചും തേച്ചു തിളക്കിയെടുത്ത ഒരു ആത്മാവിന്‍റെ വെളിച്ചമാണത് . വഴിയില്‍ ഇരുള്‍ മൂടുമ്പോള്‍ ആ വെളിച്ചം തീര്‍ച്ചയായും വഴി കാട്ടും. ആ വെളിച്ചത്തിന്‍റെ കൂടി പ്രബയിലും അനുഗ്രഹത്തിലുമായിരിക്കും ഇനി ഞാനും മുന്നോട്ടു യാത്ര ചെയ്യുക...


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...