ലോകത്ത് എവിടെയും ആണുങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ ഇരകളാകാന്‍ വിധിക്കപ്പെടുന്നത് മിക്കപ്പോഴും സ്ത്രീകളാണ്. ചൂത് തോറ്റ യുധിഷ്ടരന്‍ സ്വന്തം ഭാര്യയെ പണയം വച്ചാണ് അവാസന കളി കളിച്ചത്. തോറ്റപ്പോള്‍ കൗരവര്‍ പൊതു സഭയില്‍ പാഞ്ചാലിയുടെ വസ്ത്രം ഉരിഞ്ഞത് പഞ്ച പാണ്ഡവര്‍ക്ക് നോക്കി നില്‍ക്കേണ്ടി വന്നു.
ഗോത്രങ്ങള്‍ തമ്മില്‍ യുദ്ധം നടക്കുമ്പോള്‍ വിജയിക്കുന്നവര്‍ പരാജയപ്പെടുന്നവരുടെ ഭാര്യമാരെയും അമ്മമാരെയും പെണ്‍മക്കളെയും ലൈംഗിക അടിമകള്‍ ആക്കി വെപ്പാട്ടിമാരുടെ എണ്ണം കൂട്ടി. രാജ്യങ്ങള്‍ പിടിച്ചടക്കുമ്പോള്‍ രാജാക്കന്മാരും സൈനാധിപന്മാരും തോറ്റ രാജ്യത്തെ പെണ്ണുങ്ങളെ കൊണ്ട് സ്വന്തം അന്തപുരം നിറച്ചു. ഭര്‍ത്താവിന് എതിരെ പരാതി പറയുന്ന സ്ത്രീയെ കൂട്ട ബലാല്‍സംഗം നടത്തി ശിക്ഷിക്കുന്ന പഞ്ചായത്ത് വ്യവസ്ഥ ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും പ്രബലം. വായ്പ തിരിച്ചടക്കാന്‍ നിവൃത്തിയില്ലാത്ത ആണുങ്ങളുടെ ഭാര്യമാര്‍, പെണ്‍ മക്കള്‍, അമ്മമ്മാര്‍ എന്നിവരെ ആ ആണുങ്ങളുടെ മുന്നിലിട്ടു തന്നെ ബലാല്‍സംഘം ചെയ്തു പ്രതികാരം തീര്‍ക്കുന്നവരും ഒരുപാടു ഉണ്ട്.
ഏതെന്കിലും ആണിനെ തോല്‍പ്പിക്കാന്‍ ഏതെന്കിലും പെണ്ണിന്റെ പേര് ചേര്‍ത്ത് കഥയിറക്കി അപവാദം പ്രചരിപ്പിക്കും. അവിടെയും സ്ത്രീകളാണ് ഇരകള്‍. ഇത് വലിയ പുരോഗമന സമൂഹത്തിലും , എന്തിന്, സമൂഹത്തിനെ മൊത്തം നന്നാക്കാന്‍ നടക്കുന്ന നാലാം തൂണില്‍ വരെ സംഭവിക്കുന്നു.
ഭൂമി തര്‍ക്കത്തില്‍ വിജയിക്കാന്‍ എതിര്‍കക്ഷിയുടെ വിവാഹിതയായ മകളെ കുറിച്ച് അനാശാസ്യ കഥകളിറക്കി മാനസികമായി തോല്‍പ്പിക്കാന്‍ ഒരു യുവാവ് നടത്തിയ കുപ്രചാരണങ്ങളാണ് കൊച്ചി സ്വദേശിയായ വിജിത എന്ന യുവതിയുടെ മരണത്തില്‍ കലാശിച്ചത് . പല കഥകളും തുടര്‍ന്ന് പുറത്തിറങ്ങി. നിയമപാലനം നടത്തേണ്ട പോലീസ് വരെ കള്ളക്കഥകള്‍ മെനഞ്ഞ് പ്രതിയെ രക്ഷിച്ചു. വിജിതയുടെ അച്ഛനും അമ്പലപ്പുഴ നിവാസിയുമായ വിജയനും അയല്‍വാസി കുസുമകുമാരിയും തമ്മില്‍ ഭൂമി തര്‍ക്ക കേസ് നിലവില്‍ ഉണ്ടായിരുന്നു. കുസുമാകുമാരിയുടെ മകളുടെ ഭര്‍ത്താവ് രതീഷ് വിജയനെ മാനസികമായി തകര്‍ക്കാന്‍ വേണ്ടിയാണ് വിജയന്‍റെ മകളുടെ പേരില്‍ അശ്ലീല കഥകള്‍ ഇറക്കിയത് . അത് പ്രചരിപ്പിക്കാന്‍ രതീഷ് ഫേസ് ബുക്കും മൊബൈല്‍ എസ്.എം.എസും വഴി അപവാദ കഥകള്‍ പ്രചരിപ്പിച്ചു. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിപ്പിച്ചാല്‍ കാട്ടു തീ പോലെ പടരുമെന്ന ധാരണ ഉള്ളത് കൊണ്ട് തന്നെയാണ് അത്തരം പ്രചാരണത്തിനു മുതിര്‍ന്നതെന്ന് രതീഷിനും പിന്നീട് ആ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട പോലീസുകാര്‍ക്കും അറിയാം. കേസ് രജിസ്റ്റര്‍ ചെയ്യാത്തതിന് കാരണം ആ പോസ്റ്റുകള്‍ അവിടെ ഇല്ല , അത് ഡിലീറ്റ് ചെയ്യപ്പെട്ടു എന്ന് ന്യായീകരണമാണ് പോലീസ് നിരത്തുന്നത്.
വിജിതയുടെയും ഭര്‍ത്താവ് ബിനുക്കുട്ടന്റെയും സുഹൃദ്‌വലയങ്ങളിലും നാട്ടുകാരുടെയും ബന്ധുക്കളുടെയും ഫെസ്ബുക്കുകളിലും രതീഷ് സന്ദേശം അയച്ചു വിജിതയെ അപകീര്‍ത്തിപ്പെടുത്തി. ഒപ്പം വിജിതയുടെ സഹോദരന് എസ്.എം.എസ്സും അയച്ചു.
വിഷയമറിഞ്ഞപ്പോള്‍ വിജിത ഇപ്പോള്‍ താമസിച്ചു വന്നിരുന്ന കൊച്ചിയിലെ ചേരാനെല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. 2013 ഡിസംബര്‍ 23 നാണ് വിജിത പരാതി നല്‍കിയത്. അതില്‍ നടപടി ഉണ്ടായില്ലെന്ന് കണ്ടപ്പോള്‍ സിറ്റി പോലീസ് കമീഷനര്‍ക്ക് പരാതി നല്‍കി. ( രണ്ടു പരാതിയുടെയും പകര്‍പ്പുകള്‍ ഈ പോസ്റ്റില്‍ വായിക്കാം) എന്നിട്ടും ഫലം ഉണ്ടായില്ല. ഇതിനിടയില്‍ ആലപ്പുഴയില്‍ നിന്നും പ്രമുഖനായ ഒരു രാഷ്ട്രീയക്കാരന്‍ കേസില്‍ രതീഷിന് വേണ്ടി ഇടപ്പെട്ടു എന്നും ആരോപണം നിലനില്‍ക്കുന്നുണ്ട്. ന്യായം നടത്തി കിട്ടില്ലെന്നും ചീത്ത പേര് നിമിത്തം സ്വന്തം നാട്ടില്‍ മുഖമുയര്‍ത്തി നടക്കാന്‍ പറ്റില്ലെന്നും വിജിതക്ക് മനസിലായിരുന്നു. അത് തന്നെയാണ് ആത്മഹത്യയില്‍ കലാശിച്ചത് എന്ന് ഒച്ചപ്പാട് ഉറച്ചു കരുതുന്നു.
ആത്മഹത്യ പ്രേരണയ്ക്കു കേസ് എടുക്കേണ്ട പോലീസ് അവിടെയും വഴിവിട്ടു പ്രവര്‍ത്തിച്ചു. കേസ് ഒതുക്കാനാണ് ശ്രമിച്ചത്.
ഏറ്റവും കുറഞ്ഞത് പോലീസിനു ചെയ്യാന്‍ പറ്റുന്ന കാര്യം കേസ് രജിസ്റ്റര്‍ ചെയ്തു ന്യായം നടത്തി കൊടുക്കുകയായിരുന്നു. പത്ര വാര്‍ത്തകള്‍ വരട്ടെ. വിഷയം നാട്ടുകാര്‍ അപ്പോള്‍ മനസിലാക്കുമായിരുന്നു. പക്ഷെ, ചെയ്തത് ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണ്. അങ്ങനെയെങ്കില്‍ , രതീഷ് അപവാദ കഥകള്‍ അയച്ചു കൊടുത്ത അത്രയും പേര്‍ക്ക് ' വ്യക്തി വിരോധം തീര്‍ക്കാനും ഭൂമി തട്ടിപ്പില്‍ ജയിക്കാനും വേണ്ടി മാത്രമാണ് ഇത്തരം അശ്ലീല കഥകള്‍ ഇറക്കിയതെന്നും അത് നുണ മാത്രമാണെന്നും ' വ്യകതമാക്കുന്ന സന്ദേശങ്ങള്‍ അയച്ചു കൊടുക്കാന്‍ രതീഷില്‍ സമ്മര്‍ദ്ദം ചെലുത്തണമായിരുന്നു. ആ പെണ്ണിനെ കുറിച്ച് പ്രചരിപ്പിച്ച കഥകള്‍ നുണ തന്നെയാണ് എന്ന് രതീഷ് തന്നെ പറയണമായിരുന്നു. അത് ചെയ്യിപ്പിക്കാതെ ആ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യിപ്പിക്കാനാണ് പോലീസ് വഴിയൊരുക്കിയത്
എന്തായാലും ഒരു ഭര്‍ത്താവിന് ഭാര്യയെ നഷ്ടപെട്ടു, രണ്ടു വയസ്സുകാരനായ മകന് അമ്മ പോയി. വൃദ്ധനായ ഒരു അച്ഛന് മകള്‍ നഷ്ടപ്പെട്ടു. പൊതു ജനം പ്രതികരിക്കാതെ ഇരിക്കരുത്. പക്ഷെ, കഷ്ടമെന്നു പറയട്ടെ , സത്യം എന്താണ് എന്ന് ആലോചിക്കുകയോ അന്വേഷിക്കുകയോ ചെയ്യാതെ അപവാദ കഥകള്‍ പരത്താനാണ് നമുക്കൊക്കെ താല്‍പ്പര്യം !