''ഞാന്‍ നിന്നെ പഠിപ്പിച്ച മാഷാ ..ഇപ്പോള്‍ ഫാമിലി കോര്‍ട്ടില്‍ സൈക്കൊളജിസ്റ്റ് ആയി വര്‍ക്ക് ചെയ്യുന്നു''എന്ന് ആരെങ്കിലും പെട്ടെന്ന് എറണാകുളത്തു റോഡിലൂടെ നടന്നു പോകുമ്പോള്‍ തടഞ്ഞു നിറുത്തി ചോദിച്ചത് , ഹേ പെണ്ണുങ്ങളെ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ ? ഉണ്ടെങ്കില്‍ ഇവിടെ ഷെയര്‍ ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നു.
ആണ്‍ സുഹൃത്തുക്കളോട്- നിങ്ങളുടെ പരിചയത്തിലുള്ള പെണ്‍സുഹൃത്തുക്കളോട് ഈ വിധം ചോദിച്ചിട്ടുണ്ടോ എന്ന് ആരാഞ്ഞു വക്കൂ.. പ്രത്യേകിച്ച് കോളജ് വിദ്യാര്‍ഥിനികളായ , സമ പ്രായക്കാരായ പെണ്‍കുട്ടികളോട്?
2014
മാര്‍ച്ച് 12
കലൂര്‍ ദേശാഭിമാനി ജംഗ്ഷന്‍
സമയം രാവിലെ പത്താകാന്‍ പത്തോ പതിനഞ്ചോ മിനിട്ടുകള്‍ ബാക്കി
ധൃതി പിടിച്ചു ബസ് കയറാന്‍ ഓടി പോകുന്ന ഞാന്‍. വരി വരിയായി വരുന്ന മേനക ബാസുകള്‍ക്കിടയില്‍ എവിടെയെങ്കിലും പത്മ വഴിയുള്ള ബസ് കിടക്കുന്നുണ്ടോ എന്ന് നോക്കി ധൃതിയോടെ മുന്നോട്ടു ഓടുന്നതിനിടയിലാണ് അയാള്‍ എന്നെ വിളിച്ചു നിറുത്തിയത്. പേരാണോ വിളിച്ചത് , അതോ ഡോ എന്നോ ഹേ എന്നാണോ എന്നാണോ വിളിച്ചത് എന്ന് ഒരു തരത്തിലും എനിക്ക് ഓര്മ വരുന്നില്ല. സെക്കന്‍ഡുകള്‍ മാത്രം നീണ്ടു നിന്ന ആ സംഭാഷണം അവസാനിച്ച ഉടനെ തന്നെ ആലോചിച്ചു നോക്കിയെങ്കിലും എനിക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ടായില്ല.
കണ്ണില്‍ നോക്കി വളരെയധികം പരിചയ ഭാവത്തില്‍ ആയിരുന്നു സംഭാഷണം. ഡോ താന്‍ എന്താ ഇവിടെ എന്ന് ചോദിച്ച ഉടനെ ഞാന്‍ ആകെ കണ്‍ഫ്യൂഷനില്‍ ആയി. അറിയില്ലല്ലോ എന്ന് എന്റെ മുഖത്തൊരു ഭാവം വരുത്തി ഞാന്‍ എന്റെ പരിചയക്കുറവു പ്രകടിപ്പിച്ചപ്പോള്‍ -'' ഡോ , ഓര്‍മയില്ലേ, ഞാന്‍ തന്നെ പഠിപ്പിച്ചിട്ടുണ്ട്. ഇനിയും ഓര്‍മയില്ലേ '' എന്നായി .
എന്റമ്മേ- കൂടെ പഠിച്ച പലരുടെയും മുഖം മറന്നു പോയിട്ടുണ്ടെങ്കിലും മാഷുമാരുടെയും ടീച്ചര്‍മാരുടെയും മുഖം എനിക്ക് നല്ല ഓര്മ ഉണ്ട്. ഇത് പക്ഷെ, ഏതെന്കിലും ഏക ദിന സെമിനാറിനോ ക്ലാസ്സിനോ പോയപ്പോള്‍ കണ്ടതാകുമോ എന്നായി അടുത്ത ആലോചന.
(പല തരം യോഗങ്ങള്‍ , പല സമ്മേളനങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യാന്‍ സ്ഥിരമായി പോകുന്ന എന്നെ അറിയുന്ന ധാരാളം പേരുണ്ട്. അവരില്‍ പലരും പലയിടത്തും വച്ച് കണ്ടാല്‍ ചിരിക്കുകയോ സംസാരിക്കുകയോ ചെയ്യും. ഓര്‍മക്കുറവ് സാരമായി ഉള്ള ഞാന്‍ ഒന്നുകില്‍ മറുപടി ചിരിയില്‍ ഒതുക്കും. പലരും ചിരിച്ചാല്‍ ചിരി പോലും തിരികെ കൊടുക്കാറില്ല. അത് കൊണ്ട് തന്നെ 'ഓ വല്യ പോസുകാരി' എന്ന് പലരും കുറ്റപ്പെടുത്തിയിട്ടുണ്ട്. )
അടുത്ത സെക്കണ്ടില്‍ വന്നു അടുത്ത ചോദ്യം - താന്‍ ഇവിടെ ?
ഞാന്‍ മാധ്യമത്തിലാ എന്ന് ഞാന്‍
ജോലിയൊക്കെ നന്നായി പോകുന്നോ എന്നായി അടുത്ത ചോദ്യം. സുഖമായി പോകുന്നു എന്ന് ഞാന്‍.
എടോ താന്‍ ഇപ്പോഴും ഓര്‍ക്കുന്നില്ല അല്ലെ ? ഞാന്‍ ഇപ്പോള്‍ ഇവിടെ ഫാമിലി കോര്‍ട്ടില്‍ സൈക്കോളജിസ്റ്റ് ആയി ആണ് ജോലി ചെയ്യുന്നത് എന്നായി അയാള്‍.
ശരി എന്ന മട്ടില്‍ ഞാന്‍ ചിരിച്ചു.
അപ്പോള്‍ ഞാന്‍ മനസില്‍ കരുതിയത് - സൈക്കോളജി വിദ്യാര്‍ഥിയായ ഞാന്‍ എപ്പോഴെന്കിലും സൈക്കോളജി ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍ (അപ്പോഴും -മാഷ് അല്ല എന്ന് ഉറപ്പുണ്ട് ) കണ്ട ആരെങ്കിലും ആകുമോ എന്നായി ചിന്ത.
ഇനിയും മനസിലായില്ലേ എന്ന് ചോദിച്ചു അയാള്‍ കളിയാക്കി ചിരിച്ചപ്പോള്‍ ഞാന്‍ 'അയ്യോ പാവം ഞാനേ 'എന്ന പോലെ ചിരിച്ചു കാണിച്ചു.
താന്‍ എവിട്യാ പഠിച്ചേ- അത് പറ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഭവന്‍സ് എന്ന് ഉടനെ പറഞ്ഞു. എന്താ പഠിച്ചേ എന്ന് ചോദിച്ചപ്പോള്‍- ജേണലിസം എന്ന് പറഞ്ഞു. എന്നിട്ടും താന്‍ ഓര്‍ക്കുന്നില്ലേ എന്നായി .
ഉടനെ - ''താന്‍ മാധ്യമത്തില്‍ എന്താ ചെയ്യണേ എന്ന് ചോദ്യം. അപ്പോഴാണ് പെട്ടെന്ന് കള്ളത്തരം മിന്നിയത്. എന്നെ ജേണലിസം ക്ലാസില്‍ പഠിപ്പിച്ചതോ കൂടെ ഏതെന്കിലും സെമിനാറില്‍ ക്ലാസ്സ് അറ്റന്‍ഡ് ചെയ്തതോ ആയ ആളാണ് എങ്കില്‍ ജേണലിസം പഠിച്ച ഞാന്‍ എന്ത് ജോലി മാധ്യമത്തില്‍ ചെയ്യുണ്ട്നാകും എന്ന് അറിയുമല്ലോ. എന്ന് മനസില്‍ ചോദ്യം ഇരച്ചു വന്നു.
സംശയം മൊത്തം പ്രതിഫലിക്കുന്ന ബവതോടെയാണ് ജേണലിസ്റ്റ് എന്ന് പറഞ്ഞത്.
പറഞ്ഞു തീരുന്നതിനിടെ വളരെ കാലം മുന്‍പ് പരിചയമുള്ള ഒരാള്‍ കുറെ കൊല്ലം കഴിഞ്ഞു കാണുമ്പോള്‍ അടിമുടി നോക്കി - താനാകെ മാറിയല്ലോ - എന്ന് പറഞ്ഞപ്പോള്‍ ഹീ എന്ന് ചിരിച്ചു കാണിച്ച് 'എന്നാ ശരി, സമയം വൈകി, കണ്ടതില്‍ സന്തോഷം ''എന്ന് പറഞ്ഞു ഞാന്‍ സ്കൂട്ടായി.
വായിക്കുമ്പോള്‍ വായനക്കാരന്‍ ഹി ഹി ഹി എന്ന് ചിരിച്ചേക്കാം. ചിലപ്പോള്‍ നീയൊക്കെ എവിടത്തെ ജേണലിസ്റ്റ് ആണെടി കോപ്പേ എന്നും ചോദിച്ചേക്കും. പക്ഷെ, ഈ വിഷയം അങ്ങനെ വിടാന്‍ ഞാന്‍ ഉദ്ദേശിച്ചില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഫാമിലി കോര്‍ട്ടില്‍ അങ്ങനെ ഒരു ആള്‍ ഇല്ലെന്നും എന്റെ തന്നെ പരിചയ വലയത്തിലുള്ള നാല് വനിതാ ജേണലിസ്റ്റ്‌കള്‍ അടക്കമുള്ള അഞ്ചു പേരോട് മേനക ബസ് സ്റ്റാന്‍ഡ് പരിസരം, നോര്‍ത്ത് ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ വച്ച് കഴിഞ്ഞ ഒരു കൊല്ലത്തിനിടെ ഇതേ ആള്‍ തന്നെ ഇതേ രീതിയില്‍ സംസാരിച്ചതായി അറിവ് കിട്ടി.
കൊച്ചിയിലെ പെന്കുട്ടികള്‍ക്കിടയില്‍ വളരെ തുച്ചം പേര്‍ മാത്രമാണ് വനിതാ പത്രപ്രവര്‍ത്തകര്‍ ഉളളത്. വനിതാ പത്രക്കാരെ മാത്രം തെരഞ്ഞു പിടിച്ചാണോ അയാള്‍ വരുന്നത് എന്നും പരിഹസിക്കാനും ചില വായനക്കാര്‍ മുതിര്‍ന്നേക്കും. പക്ഷെ, ഞാന്‍ ആലോചിക്കുന്നത് അങ്ങനെയല്ല, ഈ തുച്ചം എണ്ണം പത്രക്കാരികളില്‍ നാല് പേര്‍ അയാളെ കണ്ടിട്ടുണ്ട് എങ്കില്‍ അയാള്‍ എത്രയോ അധികം പെണ്ണുങ്ങളുടെ സമീപത്ത് എത്തിയിട്ടുണ്ടാകും. ഞാന്‍ ജേണലിസ്റ്റ് ആണെന്ന് പറഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു മറ്റുള്ളവരോട് പറഞ്ഞ പോലെ ലൈംഗിക വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വാചകം ചോദിക്കാതിരുന്നത് എന്ന് തോന്നുന്നു. ഞാന്‍ സംസാരിച്ചപ്പോള്‍ ഈ അഞ്ചു പേരും പറയുന്ന ഒരു കാര്യം ഉണ്ട്- അയാള്‍ വളരെ തീക്ഷണമായ രീതിയില്‍ സൈക്കോളജി ഉപയോഗിക്കുന്നുണ്ട്. അയാള്‍ സംസാരിക്കുന്ന ആ ഏതാനും സെക്കന്‍ഡുകള്‍ മൈന്‍ഡ് കണ്ട്രോളിങ്ങ് നടത്തുന്നുണ്ടെന്ന അവരുടെ പക്ഷത്തോട് ഞാനും യോജിക്കുന്നുണ്ട്.
എന്നാല്‍ ചെറിയ സംശയം തോന്നിയ അതെ മാത്രയില്‍ ഈ അഞ്ചു പേരും അയാളോട് സംസാരം അവസാനിപ്പിച്ച് കടന്നു പോയി. എന്നാല്‍ അതിനു കഴിയാത്ത പെണ്‍കുട്ടികളുടെ സ്ഥിതി എന്തായിരിക്കും എന്ന് ഊഹിക്കുംപോള്‍ ആശങ്ക തോന്നുന്നു. ലോ കോളജ്, മഹാരാജാസ്, സെന്റ്, തെരേസാസ് , ആല്‍ബര്‍ട്സ് കോളജ് എന്നിവിടങ്ങളില്‍ ഒക്കെ ഈ അനുഭവം ഉള്ള ആരെങ്കിലും ഉണ്ടോ ?? ഉണ്ടെങ്കില്‍ കൃത്യമായ വിവരം അറിയിക്കൂ. നമുക്ക് അയാളെ പിടികൂടാന്‍ പറ്റുമോ എന്ന് നോക്കാം