2014, ജൂൺ 21, ശനിയാഴ്‌ച

നിങ്ങള്‍ ഒരു രാക്ഷസന്‍/ രാക്ഷസി ആണോ ??

''നേരത്തെ കിടന്നുറങ്ങി നേരത്തെ എണീറ്റ്‌ ശീലിച്ചാല്‍ എന്താ ? നിനക്ക് നല്ല തല്ല് കിട്ടാത്ത കുറവുണ്ട് ! നാല് തല്ല് കിട്ടിയാല്‍ നീ നല്ല ശീലം പഠിച്ചോളും ! ''  എന്ന് സ്ഥിരമായി ചീത്ത കേള്‍ക്കുന്ന എത്ര പേരുണ്ട്?

ഞാന്‍ അങ്ങനെ ഒരുപാട് കേട്ടിട്ടുണ്ട്.



അത്തരക്കാര്‍ ഒരുപാടുണ്ട്. നമ്മളെന്തോ ദുശീലം പഠിച്ചു വച്ചിരിക്കുന്നു എന്ന് പലരും പറയുന്നു. ( ആ പറയുന്നവര്‍ നേരത്തെ ഉറങ്ങി നേരത്തെ എഴുന്നെല്‍ക്കുന്നവര്‍ ആണ്, സ്വാഭാവികം)
കേള്‍ക്കുന്നവര്‍ സ്വാഭാവികമായും താനെന്തോ ചീത്ത സ്വഭാവത്തിനു അടിമ ആണെന്ന് കരുതുകയും മാനസികമായി വിഷമിക്കുകയും ചെയ്യുന്നു.

അങ്ങനെ കേള്‍ക്കുന്നവരോടും അങ്ങനെ ചീത്ത പറയുന്നവരോടും എനിക്ക് പറയാന്‍ കുറെ കാര്യങ്ങള്‍ ഉണ്ട്.

പണ്ട് എന്‍റെ അമ്മ പറയാറുണ്ട്‌ - 'നീ രാക്ഷസന്മാരെ പോലെയാണ് 'എന്ന് . എന്‍റെ ഉറക്കം , പകലുകളില്‍ ചെയ്യേണ്ട ജോലികള്‍ രാത്രികളില്‍ ചെയ്യുന്നത്, പുലരും വരെ ഉറങ്ങാതെ ഇരുന്നു ടി വി കാണുകയോ പുസ്തകം വായിക്കുകയോ പാട്ട് കേള്‍ക്കുകയോ എഴുതുകയോ ചെയ്യുന്നത് , പുലരികളില്‍ എഴുന്നേറ്റു പാഠപുസ്തകങ്ങള്‍ വായിക്കുന്നതിനു പകരം രാത്രികളില്‍ ഇരുന്നു പഠിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തിയാണ് അമ്മ എന്നെ രാക്ഷസ വര്‍ഗത്തില്‍ ഉള്‍പ്പെടുത്തിയത്.  ( ജാതക പ്രകാരവും ഞാന്‍ രാക്ഷസ ഗണമാണ് . ഹി ഹി .  ഇക്കാര്യം നമ്മള്‍ പിന്നെ ചര്‍ച്ച ചെയ്യും :D)

പിന്നെയും അമ്മ അതിനു തെളിവ് പറയാറുണ്ട് - ''ജനിച്ച കാലത്ത് - എല്ലാവരും എഴുന്നേറ്റു ഇരിക്കുന്ന സമയത്ത് നീ ഉറങ്ങും . എല്ലാവരും ഉറങ്ങുന്ന സമയത്ത് നീ എഴുന്നേറ്റിരിക്കും . രാത്രിഞ്ചരന്മാര്‍ ( അതായതു രാത്രിയില്‍ ചരിക്കുന്നവര്‍ ) ഇങ്ങനെയാണ്'' എന്ന്.

കഴിഞ്ഞ ദിവസം ഒരമ്മ അവരുടെ മകളെ കുറിച്ച് പറഞ്ഞപ്പോഴാണ് ഞാന്‍ ഇക്കാര്യം കൂടുതല്‍ പഠിക്കാന്‍ തീരുമാനിച്ചത്.


ഈ ഭൂമിയില്‍ പകലുണ്ട് , രാത്രിയുണ്ട്.
ചിത്രം 1
ഇരുട്ടുണ്ട് , വെളിച്ചമുണ്ട്.
തണുപ്പുണ്ട് , ചൂടുണ്ട്
രാത്രി പകലിനോട് - നീ ശരിയല്ല നല്ല തല്ലു കിട്ടാത്ത സൂക്കേട് ആണെന്ന് പറയുമോ ?
ഇരുട്ട് വെളിച്ചത്തോട് ഇതേ പ്രസ്താവന നടത്തുമോ ?
തണുപ്പ് ചൂടിനോട് ഇങ്ങനെ പറയുമോ ?
ഒന്നും വേണ്ട - എ നെഗറ്റിവ് രക്തം ഉള്ളവന്‍ ബാക്കി തരം രക്തം ഉള്ളവനോട് -'' നീ ശരിയല്ല , നല്ല തല്ലു കിട്ടിയാല്‍ നേരെ ആയിക്കോളും , എന്നെ പോലെ ' എന്ന് പറയുമോ ?

പറഞ്ഞാല്‍ ആരാണ് തെറ്റുകാരന്‍ ? പറയുന്നവനോ കേള്‍ക്കുന്നവനോ ?

അതെ പോലെ ഒന്നാണ് ഈ പോസ്റ്റിന്റെ ആദ്യ ഖണ്ഡിക . രാത്രിയില്‍ നേരം വൈകി ഉറങ്ങുകയും നേരം വൈകി പകല്‍ എഴുന്നേല്‍ക്കുകയും ചെയ്യുന്ന നിരവധി പേരുണ്ട്. ഇങ്ങനെ ഉപദേശം സ്ഥിരം കേള്‍ക്കുന്നവര്‍ ഒന്ന് ആലോചിക്കുക !
നിങ്ങള്‍ രാത്രിയില്‍ പകല്‍ സമയത്തേക്കാള്‍ ഊര്‍ജ്ജസ്വലരാണോ ? 

നേരെ തിരിച്ചും ചോദിക്കാം.


Early Bird / Night Owl 


ചിത്രം 2
ഏര്‍ളി ബേഡ് എന്ന് പറഞ്ഞാല്‍ നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേല്‍ക്കുന്ന തരം ആളുകള്‍ ആണ് . ലാര്‍ക്ക്  എന്നും ഇംഗ്ലിഷില്‍ ഇത്തരക്കാരെ വിളിക്കും. ലാര്‍ക്ക് എന്നത് ഒരു തരം പക്ഷി ആണ്. ഇത്തരക്കാരെ മോണിംഗ്  പേഴ്സണ്‍ എന്നും വിളിക്കും. സ്കാന്‍ഡനേവിയന്‍ രാജ്യങ്ങളില്‍ ഇവര്‍ 'എ- പീപിള്‍ ' എന്നാണു അറിയപ്പെടുന്നത് . ഗവേഷകരാവട്ടെ, മോണിംഗ്നെസ്‌ എന്ന പടം കൊണ്ടാണ് വിവക്ഷിക്കുന്നത്. ഇത്തരക്കാര്‍ രാത്രി പത്തിന് ഉറങ്ങി രാവിലെ ആറിന് എഴുന്നെല്‍ക്കുന്നവ്ര്‍ ആണ്. ( ഇതിനടുത്ത സമയവും ആകാം)

നൈറ്റ്‌ ഒവ്ള്‍ എന്ന് പറയുന്നത് നേരം രാത്രി വൈകി ഉറങ്ങുകയും പകല്‍ നേരം വൈകി എഴുന്നേല്‍ക്കുകയും ചെയ്യുന്ന തരം ആളുകളെ ആണ്. ഗവേഷകരുടെ ഭാഷയില്‍ ഇക്കൂട്ടര്‍ ' ഈവ്‌നിംഗ്നെസ്സ് ' ആണ്. ബി- പീപ്പിള്‍ എന്നും അറിയപ്പെടും.

ഇതല്ലാതെ, സമയക്രമം മാറുന്നതിനു അനുസരിച്ച് വേറെയും പലതരം ആളുകള്‍ ഉണ്ട്.  ശ്രദ്ധിക്കുക ( ചിത്രം 2) 



ദിവാജീവികള്‍ / നിശാജീവികള്‍ 

പകല്‍ സജീവമാകുകയും രാത്രി ഉറങ്ങുകയോ വിശ്രമിക്കുകയോ ചെയ്യുന്ന സസ്യങ്ങളുടെയും ജന്തുക്കളുടെയും പ്രകൃതത്തെ ഡൈഏണലിറ്റി ( Diurnality) എന്ന് പറയും. അത്തരം ജീവികളാണ്  ഡൈഏണല്‍ അഥവാ ദിവാജീവികള്‍ .

രാത്രി സജീവമാകുകയും പകല്‍ വിശ്രമിക്കുകയും ചെയ്യുന്ന തരം ജീവികളാണ് നിശാജീവികള്‍  അഥവാ നോക്റ്റെണല്‍ .  ഇവയുടെ ഈ സവിശേഷതയെ നോക്റ്റര്‍നാലിറ്റി ( Nocturnality) എന്ന് പറയും .


മനുഷ്യന്‍, ഒട്ടകപക്ഷി എന്നിവ  ദിവാ ജീവി വര്‍ഗത്തില്‍ പെടുന്നവ ആണെങ്കില്‍ ഇരു കൂട്ടവും രാത്രികളിലും സജീവമാകാറുണ്ട്. മൂങ്ങകള്‍ നിശാജീവി വര്‍ഗത്തില്‍ പെടുന്ന ആണ്. അവക്ക് രാത്രിയില്‍ കണ്ണ് കാണുന്ന വിധമാണ് പ്രകൃതി ഒരുക്കിയിട്ടുള്ളത് .

ഇത് കൂടാതെ സന്ധ്യാജീവികള്‍ എന്ന ഇനവുമുണ്ട്. സൂര്യോദയത്തിലോ അസ്തമനത്തിലോ സജീവമാകുന്ന ഇവക്ക് ക്രിപ്സ്ക്യൂലര്‍ എന്നാണു ഇംഗ്ലിഷ് നാമം.

ഹോര്‍മോണ്‍ നില, ശാരീരിക ഊഷ്മാവ്, ഭക്ഷണം, ഉറക്കം, അറിവുകള്‍ പ്രപ്തമാക്കാനുള്ള കഴിവ് എന്നിവ അടിസ്ഥാനമാക്കി ദിവസത്തിന്റെ ഏതു സമയത്താണ് ശരീരം ഭൌതിക കാര്യങ്ങളില്‍ സജീവമാകുന്നത് എന്ന സവിശേഷത ( cronotype) ഓരോ മനുഷ്യനും വ്യത്യസ്തമാണ്.  ഈ സവിശേഷത അടിസ്ഥാനമാക്കിയാണ് ഇവയെ ദിവാജീവി, നിശാ ജീവി, സന്ധ്യാ ജീവി എന്നിങ്ങനെ തരം തിരിക്കുന്നത്. 

 നിശാമനുഷ്യര്‍ 

ഒരു മനുഷ്യന്‍ എങ്ങനെയാണ് നിശാജീവി ആകുന്നത് ?
ജൈവികമോ ജനിതകമോ ആയ കാരണങ്ങള്‍ കൊണ്ടും ഒരാള്‍ നിശാമനുഷ്യര്‍ ആകാം.  ജീവിത ശൈലി, ഒരു കാര്യം ചിന്തകളിലൂടെയും ചോദനകളിലൂടെയും പ്രവൃത്തികളിലൂടെയും മനസിലാക്കാനുള്ള ഒരാളുടെ കഴിവ്, ഹോര്‍മോണ്‍ വ്യതിയാനം, മാനസികാവസ്ഥ, ഉറക്കത്തിന്റെ ക്രമം തെറ്റല്‍ , വിഷാദ രോഗം എന്നീ കാരണങ്ങള്‍ കൊണ്ടും രാത്രി ഉറങ്ങാത്തവര്‍ ഉണ്ട്. ജോലിക്ക് വേണ്ടി ഉറക്കം കളയുന്നവരും ഉണ്ട്. 



മേല്‍പ്പറഞ്ഞവരില്‍ രണ്ടു കൂട്ടര്‍ ഉണ്ട്. ഉറക്കം വൈകി മാത്രം വരുന്ന പ്രകൃതക്കാരും  മറ്റു പല കാരണങ്ങള്‍ കൊണ്ട് ഉറങ്ങാന്‍ പറ്റാത്തവരും. രണ്ടാമത്തെ കൂട്ടരില്‍ ജോലിക്ക് വേണ്ടി ഉറക്കം കളയുന്നവര്‍ ഒഴികെയുള്ളവര്‍ ഡോക്ടറേ കാണേണ്ടി വരും. ആദ്യ കൂട്ടര്‍ക്കു വൈകി ഉറങ്ങല്‍  ഒരു സ്വാഭാവിക കാര്യം മാത്രം. അക്കൂട്ടര്‍ക്ക് പകല്‍ വിശ്രമിക്കാനാകും ഇഷ്ടം. 


ആന്തരിക ഘടികാരം 
ഇക്കാര്യങ്ങളെല്ലാം മനുഷ്യന്റെ അന്തര്‍ജാത -നിജാവര്‍ത്തനം ( സിര്‍കാഡിയന്‍ റിഥം )  അടിസ്ഥാനമാക്കിയുള്ളതാണ്. ഓരോ മനുഷ്യനും ശരീരത്തില്‍ ഓരോ ജൈവിക ക്ലോക്ക് ഉണ്ട്. പകല്‍ വെളിച്ചമാണ് ഈ ക്ലോക്കിനെ നയിക്കുന്നത്. നിശ്ചിത തോതിലും ദൈര്‍ഘ്യത്തിലും ഉള്ള ശീതോഷ്ണം, ഇരുട്ട്  എന്നിവയും ഇവയെ നിശ്ചയിക്കും. ചിത്രം 3 ശ്രദ്ധിക്കുക 


ചിത്രം 3


ഒരാള്‍ നിശാജീവി ആണോ ദിവാജീവി ആണോ എന്നറിയാന്‍ Morningness- Eveningness questionnaire  എന്ന ചോദ്യാവലി പ്രചാരത്തിലുണ്ട്. കുറെ ചോദ്യങ്ങളും ശാരീരിക ഊഷ്മാവും സിര്‍കാഡിയന്‍ റിതവും ഒരുമിച്ചാണ് ഇതിന്‍റെ ഉത്തരം കണ്ടെത്തുന്നത്. 

ആരാണ് മെച്ചം ?


നമ്മുടെ നാട്ടില്‍ വിദ്യാര്‍ത്ഥികളായ മക്കള്‍ ഉണ്ടെങ്കില്‍ നാം പറയാറുണ്ട് - രാത്രി ഉറങ്ങി പുലര്‍ച്ചെ എഴുന്നേറ്റു പഠിക്കണം എന്ന്. എങ്കിലേ ഓര്മ ശക്തിയും ബുദ്ധിശക്തിയും ഉണ്ടാകൂ എന്നും പറയാറുണ്ട്‌.
എന്നാല്‍ വിദേശ രാജ്യങ്ങളില്‍ സ്ഥാപനങ്ങള്‍ ജോലിക്കെടുക്കും മുന്‍പ്‌ മുകളില്‍ പറഞ്ഞ Morningness- Eveningness questionnaire  പൂരിപ്പിച്ചു വാങ്ങും അതിനു അനുസരിച്ചാണ് ജോലി സമയം ക്രമീകരിക്കുന്നത്. ദിവാജീവി ഇനത്തില്‍ പെട്ടവര്‍ പകല്‍ സമയത്തും നിശാ ജീവി ഇനത്തില്‍ പെട്ടവര്‍ രാത്രി സമയത്തും ആണ് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുക എന്ന ശാസ്ത്രീയ കണ്ടെത്തലിനെ അടിസ്ഥാനമാക്കിയാണ് ഈ ക്രമീകരണം. അത് സ്ഥാപനത്തിന് കൂടുതല്‍ മെച്ചം ഉണ്ടാക്കി കൊടുക്കുമെന്നും അവര്‍ വിശ്വസിക്കുന്നു.

അടുത്തിടെ നടന്ന ഒരു പഠനത്തില്‍ Early Bird കളെക്കാള്‍ Night Owl വിഭാഗത്തില്‍ പെട്ടവരാണ് കൂടുതല്‍ കാര്യക്ഷമത ഉള്ളവര്‍ എന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ബുദ്ധിശക്തി ഉള്ളവരും ചിന്താശേഷി കൂടിയവരും ക്രിയാത്മകത കൂടിയവരും നൈറ്റ്‌ ഒവ്ള്‍ വിഭാഗമാണ് എന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു .




ഇനി പറയൂ .. രാത്രി നേരം വൈകി ഉറങ്ങുന്നവരേ, നിങ്ങള്ക്ക് നിങ്ങള്‍ ദുശീലത്തിനു അടിമയാണെന്ന കുറ്റബോധം ബാക്കിയുണ്ടോ ?

ഞാന്‍ തീര്‍ച്ചയായും ഒരു രാക്ഷസി ആണ് .  :D

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...