2015, നവംബർ 7, ശനിയാഴ്‌ച

ഞാന്‍ വലിയ കോളജുകളില്‍ പഠിച്ചില്ല, എന്‍റെ പുണ്യം

പ്രീ ഡിഗ്രിയും ഡിഗ്രിയും അടങ്ങുന്ന കോളജ്‌ പഠനം   രണ്ടു പാരലല്‍ കോളജുകളിലായാണ് ഞാന്‍ പൂര്‍ത്തിയാക്കിയത്.   വലിയ പാരമ്പര്യമുള്ള കോളജുകളില്‍ പഠിക്കാനായില്ലലോ എന്നോര്‍ത്ത് അന്നും ഇപ്പോഴുമെല്ലാം പല സന്ദര്‍ഭങ്ങളിലും ഏറെ വിഷമം തോന്നിയിട്ടുമുണ്ട്.  

വിഷമം തോന്നിയിട്ടു കാര്യമില്ല, അക്കാലത്തു ഗോമാതാക്കള്‍ പത്തെണ്ണമാണ് വീട്ടിലെ തൊഴുത്തിലുണ്ടായിരുന്നത്. പുല്ലാനിക്കാട്‌ എന്ന ഞങ്ങളുടെ സെമി- വി.ഐ.പി റെസിഡന്‍ഷ്യല്‍  കോളനിയില്‍ ഉണ്ടായിരുന്ന ഒരേയൊരു 'യാദവ' കുടുംബം എന്റേത് ആയിരുന്നു. നാഴിയും നാവുരിയും തുടങ്ങി ചെറിയ അളവുകളില്‍ രണ്ടു റെസിഡന്‍ഷ്യല്‍  കോളനികളിലെ മുഴുവന്‍ വീടുകളിലും രാവിലെയും ഉച്ചക്കും പശുമ്പാല്‍  എത്തിക്കേണ്ട ചുമതല എനിക്കായിരുന്നു. 

അത് കൊണ്ട് തന്നെ, ആവശ്യത്തിന് മാര്‍ക്കുണ്ടായിട്ടും,  റെഗുലര്‍ കോളജുകളിലെ പഠനം സാധ്യമായില്ല. മാത്രമല്ല, ഈ ഗോമാതാക്കള്‍ക്കുള്ള കഞ്ഞിവെള്ളം മറ്റു വീടുകളില്‍ നിന്നും കൊണ്ട് വരണം, പാടത്ത് കൊണ്ട് പോയി കെട്ടണം തുടങ്ങിയ പണികള്‍ക്ക്  തീര്‍ത്തും  അശുവായ അമ്മയെ ഞങ്ങള്‍ മൂന്നു മക്കളും സഹായിക്കേണ്ടതുണ്ടായിരുന്നു. ഉപജീവനത്തിനുള്ള ഒരേയൊരു വഴി പശുമ്പാല്‍ വില്‍ക്കുക എന്നതായത് കൊണ്ട് അവയെ വിട്ടിട്ട് പോകാന്‍ യാതൊരു വഴിയും ഉണ്ടായിരുന്നില്ല. 

കേരള വര്‍മ കോളജിനെ കുറിച്ച് ജേര്‍ണലിസം ക്ലാസില്‍ വികാസ്‌ ​ സര്‍ കഥകള്‍ അഭിമാനത്തോടെ പറയുമ്പോള്‍ എന്‍റെ നഷ്ടബോധം കൂടുമായിരുന്നു. നിങ്ങള്‍ഏതു കോളജിലാ പഠിച്ചേ എന്ന് പലരും ചോദിക്കുമ്പോള്‍ നാണക്കേട് കൊണ്ടെന്റെ തല കുനിയുമായിരുന്നു. 

 പക്ഷെ, ഇപ്പോഴതില്‍ വിഷമം തോന്നുന്നില്ല. കേരള വര്‍മ്മ കോളജില്‍ നിന്നും ഫാറൂക്ക് കോളജില്‍ നിന്നും അത് പോലെയുള്ള പാരമ്പര്യം കൂടിയ മറ്റു കോളജുകളില്‍ നിന്നും പ്രീഡിഗ്രിയോ ഡിഗ്രിയോ ചെയ്യാന്‍ ഇടയായിരുന്നെങ്കില്‍ ഈ പുതിയ കാലത്ത് അപമാന ഭാരം കൊണ്ടെന്റെ തല ഇതില്‍ കൂടുതല്‍ കുനിയുമായിരുന്നു. 

സഹിഷ്ണുതയും മതേതരത്വവും ജനാധിപത്യവും പഠിപ്പിക്കേണ്ട കോളജുകളില്‍ നിന്നും ബീഫ്‌ രാഷ്ട്രീയവും മദ്രസ രാഷ്ട്രീയവും ഉയരുന്നു. എല്ലാത്തരം ജാതി- മത വിഭാഗത്തിനും തുല്യ പരിഗണന നല്‍കാമെന്ന് സമ്മതിച്ച് സര്‍ക്കാര്‍ ഫണ്ട് വാങ്ങി വിദ്യാലയം നടത്തുന്നവര്‍, പിന്നീട് മതപഠനത്തിന് കോപ്പ് കൂട്ടുന്നു. സ്ഥാപനം നടത്തുന്ന മാനേജ്മെന്റിന്റെ മത ചിന്തകള്‍ നിര്‍ബന്ധമായി സ്വീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ ഇവിടെ പഠിക്കേണ്ടെന്നു അധികൃതര്‍ പറയുന്നു. 

ഈ വെള്ളരിക്കാ പട്ടണങ്ങളിലെ മദ്രസ / അമ്പലം കോളജുകളില്‍ പഠിക്കാന്‍ ഇട വരാതിരുന്നതിന് ഇപ്പോഴെനിക്ക് ആശ്വാസം തോന്നുന്നുണ്ട്.

2015, ഓഗസ്റ്റ് 9, ഞായറാഴ്‌ച

കത്തോലിക്കാ സഭയോടുള്ള പ്രണയം നിമിത്തം

പ്രണയം എന്ന വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ സീറോ മലബാര്‍ സഭ തീരുമാനിച്ചെന്ന വാര്‍ത്ത വായിച്ചു. ആ സഭയിലെ ഒരംഗം എന്ന നിലയില്‍ ചെറിയ സന്തോഷം തോന്നുന്നുണ്ട്. ചെറിയ സന്തോഷമേ ഉള്ളൂ. അതിനൊപ്പം വലിയ ആശങ്കയും തോന്നുന്നുണ്ട്.
സഭ ഇതെന്തിനുള്ള പുറപ്പാടാകുമെന്നാണ് ആലോചന. പ്രണയിക്കുന്ന ആളെ സഭയിലേക്ക് ചേര്‍ക്കണമെന്നാണ് ഭൂരിപക്ഷ അഭിപ്രായമെന്നെങ്ങാനും കൊച്ചിയില്‍ നടക്കുന്ന ചര്‍ച്ചക്ക് ശേഷം പ്രഖ്യാപിക്കുമോ എന്നാണ് ആശങ്ക. സഭയിലെ അംഗമായ വധുവോ വരനോ ആവശ്യപ്പെട്ടാല്‍, പ്രണയ പങ്കാളി മറ്റൊരു മതത്തില്‍ പെട്ടയാളാണെങ്കില്‍ കൂടി പള്ളിയില്‍ കല്യാണം നടത്തിക്കൊടുക്കാമെന്ന കാനോന്‍ നിയമം പാലിക്കാമെന്ന് സഭ തീരുമാനിക്കുമോ? എങ്കില്‍ നന്ന്.
ഇതിനൊപ്പം ഇതുമായി ബന്ധമുള്ള മറ്റൊരു കാര്യം സഭാധികാരികളോട് പറയട്ടെ. വിവാഹത്തിനൊരുക്കമായി സഭ നടത്തുന്ന മുന്നൊരുക്ക ക്ളാസുകള്‍ വളരെ മികച്ചതാണ്. അതത് വിഷയങ്ങളില്‍ ശാസ്ത്രീയ അവബോധം പകരാന്‍ വിദഗ്ദരെ കൊണ്ടുവരുന്നതിലും സന്തോഷമുണ്ട്. എന്നാല്‍, ചില പുരോഹിതര്‍ ക്ളാസെടുക്കുന്നു എന്ന പേരില്‍ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങളും ലൈംഗിക ചേഷ്ടകളും അവസാനിപ്പിക്കാന്‍ പറയുന്നത് നന്നായിരിക്കും. (പ്രത്യേകിച്ചും തൃശൂരില്‍ നടക്കുന്ന ക്ളാസുകള്‍? അവിടെ ക്ളാസ് കൂടിയ വ്യക്തിയെന്ന നിലയിലുള്ള എന്‍െറ തന്നെ അനുഭവം)
മൊബൈല്‍ ഫോണിന് ക്ളാസില്‍ വിലക്കുണ്ട്്. പക്ഷേ, ക്ളാരിറ്റിയുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പേന കാമറയും ഉടുപ്പിലെ ബട്ടണ്‍ പോലുള്ള കാമറകളും ധാരാളമാണ്. അവ കണ്ടത്തൊന്‍ എളുപ്പമല്ല. എന്നാല്‍, ഇത്തരം ദൃശ്യങ്ങള്‍ പുറത്തു വന്നാല്‍ സഭ തലയില്‍ മുണ്ടിട്ടു നടക്കേണ്ടി വരുമെന്നു ഓര്‍ക്കുമല്ളോ! ഈ വിഷയം കൂടി എറണാകുളം അങ്കമാലി അതിരൂപത കുടുംബ പ്രേഷിത കേന്ദ്രത്തിന്‍്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 21, 24 തിയതികളില്‍ നടക്കുന്ന സംവാദത്തില്‍ ചര്‍ച്ച ചെയ്യുമല്ളോ?
എന്ന്,
സഭയിലെ അംഗം






2015, മേയ് 20, ബുധനാഴ്‌ച

മനുഷ്യത്വമുള്ള ഫിലിപ്പൈനികൾ

റോഹിങ്ക്യകൾ മുസ്ലിമുകൾ ആണെന്നതു കൊണ്ട് ബുദ്ധിസ്റ്റുകൾ കൊന്നു കൊലവിളിക്കുന്നു എന്ന് വായിച്ച് കേട്ട വാർത്തകൾ! അവർ മുസ്ലീങ്ങളായത് കൊണ്ട് ബുദ്ധിസ്റ്റുകളെ ആരും അപലപിക്കുന്നില്ലല്ലോ എന്ന് ഇരവാദ വിലാപങ്ങൾ! നടുക്കടലിൽ കേഴുന്ന അവരുടെ പടങ്ങൾ എടുത്ത് അതിലും വലിയ സാമുദായിക ഇരവാദം. എങ്കിൽ  ഇസ്ലാം  ഭരണകൂടങ്ങൾ ആയ മലേഷ്യയും തായ് ലന്റും സ്വീകരിക്കുമെന്ന അവരുടെ  മോഹങ്ങൾ പൊലിഞ്ഞപ്പോൾ സ്വപ്നവും  പ്രതീക്ഷയും അഭയവും നൽകാൻ  മനസു കാണിച്ചത് ഫിലിപൈൻ .

എവിടെയാണ്  മതം?  എന്തുണ്ട്  അതിന്  പ്രസക്തി?.  ജീവിത  ക്ലേശങ്ങൾ  വരുമ്പോൾ സഹജീവിയെ സഹായിക്കാൻ മനസു  കാണിക്കാത്ത  മതം എന്തിനാണ് ? മനുഷ്യത്വം പ്രയോഗിക്കാൻ തയ്യാറല്ലാത്ത മതം കൊണ്ട് ഈ ലോകത്തിന്  എന്തു മെച്ചമുണ്ട്?

പത്തു രൂപ കൊടുത്താൽ പത്തു  ദിവസം കൂടെക്കിടക്കുന്ന  പെണ്ണുങ്ങൾ,  അച്ഛനാരെന്നറിയാത്ത  മക്കളുടെ  അമ്മമാർ  എന്നിവരുടെ  നാട്  എന്നും  ധാർമികത ഇല്ലാത്തവരുടെ  രാജ്യമെന്നു മൊക്കെ  ഏറെ  ചീത്ത പ്പേരുണ്ട്  ഫിലിപ്പൈ നി ന്.   എന്നാൽ ധാർമിക  പ്രസ്ഥാനങ്ങൾ കയ്യൊഴിഞ്ഞപ്പോൾ  ഇവരേ ഉണ്ടായുള്ളൂ.

"അവർ ഇസ്ലാം, ഇവർ കൃസ്ത്യൻ എന്നിട്ടും നടു കടലിൽ നിന്നും കരയിലേക്കൊരു ജീവിതപ്പാലം ഇട്ടു കൊടുക്കാൻ അവരേ ഉണ്ടായുളളൂ, ഛായ് മുസ്ലിം രാജ്യങ്ങൾ അവരെ കാറിത്തുപ്പി കളഞ്ഞല്ലോ!" എന്ന്   'മതം' പറഞ്ഞ് മനുഷ്യത്വം എന്ന വലിയ വാക്കിന്റെ വില കളയരുത്. അല്ലെങ്കിലും മതമല്ല ,മനുഷ്യത്വം തന്നെയാണ് ഈ ലോകത്തിലെ ഏറ്റവും മഹത്വമുള്ള സംസ്ക്കാരം.

2015, മേയ് 17, ഞായറാഴ്‌ച

ലുക്ക് ഔട്ട് നോട്ടീസും പളളിയിലച്ചനും.


ലൈംഗിക വികാരമടക്കാൻ കഴിയില്ലെങ്കിൽ ബ്രഹ്മചാരികൾക്ക് സഭ നൽകിയ വൈദിക വസ്ത്രം അഴിച്ചു വച്ച് ഇറങ്ങിപ്പോകണം. അല്ലെങ്കിൽ ലൈംഗിക ബന്ധം പുലർത്താൻ ഏതൊരാണിനും ഉണ്ടായേക്കാവുന്ന പ്രകൃതി വാസന പരിഗണിച്ച് ബ്രഹ്മചര്യം ആവശ്യമില്ലെന്ന്  കത്തോലിക്ക  സഭയങ്ങ് തീരുമാനിക്കണം. ഇതിലേതെങ്കിലും നടന്നാലും  ഇല്ലെങ്കിലും ലൈംഗിക  പീഢനം  ക്രിമിനൽ  കുറ്റമാണെന്ന് എല്ലാ വ്യക്തികൾക്കുമൊപ്പം പാതിരിമാർക്കും പഠിപ്പിച്ചു കൊടുക്കണം. അതുമല്ലെങ്കി ൽ പലനാൾ കട്ടാൽ ഒരു നാൾ പിടിയിൽ ആകുമെന്ന് ഓർമയെങ്കിലും വേണം. ഒപ്പം,  ചാണകം ചുമന്നവനെ ചാരിയാൽ ചാരുന്നവനും കൂടി നാറുമെന്ന് തെറ്റുകാരനെ ന്യായീകരിക്കുന്ന സഭാ മേലധികാരികളും ഓർക്കണം. ഇല്ലെങ്കിൽ, ഇതിനൊപ്പം കൊടുത്ത പത്രക്കട്ടിംഗിൽ ചിരിച്ചിരിക്കുന്ന അച്ചനെ പോലെ പേരുദോഷമുണ്ടാക്കുന്ന കുഞ്ഞാടിൻ ഇടയൻമാർ ഇനിയും ഉണ്ടാകും.

2015, മാർച്ച് 25, ബുധനാഴ്‌ച

കോടതിയാണ് ഇപ്പോഴാ ദൈവം

പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും എന്നൊരു പഴംചൊല്ലുണ്ട്. ഇപ്പോള്‍ സുപ്രീം കോടതി ആണ് ജനതയുടെ ആ ദൈവം. അഭിപ്രായം സ്വാതന്ത്ര്യത്തിനു കൂച്ചു വിലങ്ങിടാം എന്ന് വ്യാമോഹിച്ച സര്‍ക്കാരിനു മുഖമടച്ച് ഒരിടി കൊടുത്ത പോലെയാണ് സുപ്രീം കോടതി വിധിയുടെ വാര്‍ത്ത  വായിച്ചപ്പോള്‍ അനുഭവപ്പെട്ടത്.

രാജ്യത്തിന് ഭരണഘടന അനുവദിച്ചു നല്കിനയ മൗലികാവകാശമാണ് അഭിപ്രായ സ്വാതന്ത്ര്യം. എന്നാല്‍ ആ ഭരണഘടനയെ പോലും കവച്ചു വച്ച് ജനങ്ങളെ നിശബ്ദരാക്കാന്‍ ഈ കരിനിയമങ്ങളെ സര്‍ക്കാര്‍  കൂട്ടുപിടിച്ചു. ഇന്റര്‍നെറ്റില്‍  അഭിപ്രായം പറയുന്നവരെയും പ്രതികരിക്കുന്നവരെയും ഇതിന്റെ പേരില്‍ അറസ്റ്റ് ചെയ്തത് ഇന്ത്യയെന്ന മതേതര , ജനാധിപത്യരാജ്യത്തിന്റെ അഭിമാനത്തെ കളങ്കപ്പെടുത്തുന്ന ഒന്നായിരുന്നു.

ഒരാളെ അറസ്റ്റ്‌ ചെയ്‌താല്‍/ ചെയ്യിപ്പിച്ചാല്‍ കുറെ പേര്‍ നിശബ്ദരാകും എന്നതായിരുന്നു അവരുടെ കുടില തന്ത്രം. പുതിയ സര്ക്കാാരും അവരുടെ പിണിയാളുകളായി അധികാരത്തെ ചുഴറ്റി വീശിയ ചില സംഘടനകളും ഇന്ത്യയെ ഉഴുതു മറിക്കാന്‍ തുടങ്ങിയിരുന്നു. സോഷ്യല്‍ മീഡിയ ഒരു തിരുത്തല്‍ ശക്തിയായി വളര്ന്നുയ വരുന്നത് തടയിടാന്‍ അവര്‍ ഇതൊരു കൊടുവാളായി ഉപയോഗിച്ചു. ഒരു അടിയന്തിരാവസ്ഥക്കാലം ഉടന്‍ വന്നേക്കും എന്ന തോന്നല്‍ ശക്തമായിരുന്നു.

ഒരു മാധ്യമ പ്രവര്‍ത്തക , ബ്ലോഗ്ഗര്‍, നവമാധ്യമത്തെ അഭിപ്രായ പ്രകടനത്തിനായി ഉപയോഗിക്കുന്ന സാധാരണക്കാരി എന്ന മൂന്നു നിലകളില്‍ ഈ വിധിയെ അങ്ങേയറ്റം സന്തോഷത്തോടെയാണ് കാണുന്നത്.

ഐ ടി ആക്ടിലെ ഈ കരിംവകുപ്പ്ഉപയോഗിച്ച് എന്നെ നിശബ്ദയാക്കാം എന്ന് കരുതിയ ചില സംഘി സംഘടനകളോടുള്ള പോരാട്ടം കഴിഞ്ഞ വര്ഷം അവസാനം ഞാന്‍ ആരംഭിച്ചിരുന്നു. അധികാരം ഏകാധിപത്യഭരണത്തിനായി ഉപയോഗിച്ച് തുടങ്ങിയ അവര്‍ക്കൊപ്പം  പരിചയക്കാരായ ഏതാനും ചില പത്രപ്രവര്‍ത്തകരും  ഉണ്ടായിരുന്നു എന്നാണു ഖേദകരം.

കോഴിക്കോട് ഡൌണ്‍ ടൌണ്‍ തല്ലിതകര്ത്ത യുവ മോര്‍ച്ച ക്കെതിരെ ഏറ്റവും തുടക്കത്തില്‍ തന്നെ പ്രതികരിച്ച ഒരാളായിരുന്നു ഞാന്‍. എന്‍റെ പോസ്റ്റ് ഹിന്ദു മതത്തിനു എതിരാണെന്നുള്ള പ്രചരണം തുടര്‍ന്നുള്ള  ദിവസങ്ങളില്‍ സംഘി സംഘടനകളും അനുഭാവികളും ശക്തമാക്കി. വധഭീഷണി ഒരുപാടു ഉണ്ടായിരുന്നു. ഇതിനൊക്കെ പുറമേ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പരാതികള്‍ ഒഴുകി. എന്നാല്‍ ഇതൊന്നും ഞാന്‍ കാര്യമാക്കുന്നില്ലെന്നു കണ്ട് അവര്‍ ഐടി ആക്ടിലെ ഈ വകുപ്പ് ഉപയോഗിച്ച് എനിക്കെതിരെ പോലീസിലും സൈബര്‍ സെല്ലിലും പരാതികള്‍ നല്‍കി.

. കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ പരാതി അവര്‍ നല്‍കിയിരുന്നു.. അത് കാണിച്ചായി അടുത്ത ഭീഷണി. എന്നാല്‍ വരുന്നത് വരുന്നിടത്ത് വച്ച് തീര്‍ക്കാം എന്നും അങ്ങനെയൊന്ന് വന്നാല്‍ കോടതിയില്‍ ബോധിപ്പിക്കാം എന്നുമായിരുന്നു നിലപാട്. കോടതിയില്‍ വിശ്വാസം ഉളളത് കൊണ്ടാണ് അങ്ങനെയൊരു നിലപാട് എടുക്കാന്‍ സാധിച്ചത്.

പല കേസുകളും തള്ളിപ്പോയി. ചുംബന സമരം കൊച്ചിയില്‍ നടന്നപ്പോള്‍ തല്ലാന്‍ തിരുവനന്തപുരത്ത് നിന്നും വന്ന ചിലര്‍ നേരെ ഹൈകോടതിയില്‍ പോയി പരാതി നല്കി . ഐടി ആക്റ്റ്‌ പ്രകാരം കേസെടുക്കാന്‍ പോലീസിനോട് ആവശ്യപ്പെടണം എന്നായിരുന്നു അവരുടെ ആവശ്യം. ഇക്കാര്യത്തില്‍ മട്ടാഞ്ചേരി പോലീസിനോട് റിപ്പോര്ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസ് കോടതിയിലെത്തിയാല്‍ പരാജയപ്പെടുമെന്ന ആശങ്ക കൊണ്ടാണെന്ന് തോന്നുന്നു, പരാതി നല്‍കിയവര്‍  മാസങ്ങള്‍ കഴിഞ്ഞിട്ടും പോലീസിനു മൊഴി നല്‍കാന്‍  തയ്യാറായില്ല. മറ്റൊരാള്‍ എഴുതിയ ഒരു പോസ്റ്റ് ഞാന്‍ ഷെയര്‍ ചെയ്തിരുന്നത് ആണ്‍ അവരെ പ്രധാനമായും ചൊടിപ്പിച്ചത്. ഷെയര്‍ ചെയ്താലും ലൈക്‌ ചെയ്താലും ഈ വകുപ്പ് പ്രകാരം ജയിലിലടക്കാം.























































കേരളത്തില്‍ സല്‍മാന്‍ വിഷയം ഉണ്ടായപ്പോഴും മുംബൈയില്‍ ശിവസേന നേതാവ് ബാല്തക്കെരെയുടെ മരണത്തിന് ശേഷം പ്രഖ്യാപിച്ച ഹര്‍ത്താല്‍  വിഷയത്തില്‍ പ്രതികരിച്ച ഷഹീന്‍ , രേണു എന്നിവരുടെ കാര്യത്തിലും അല്ലാതെയുള്ള മറ്റനവധി കാര്യങ്ങളിലും അറസ്റ്റ് രേഖപ്പെടുത്തിയ സര്‍ക്കാരുകള്‍ക്ക് ഈ വിധി കനത്ത പ്രഹരം തന്നെയാണ്.

മാധ്യമ പ്രവര്‍ത്തക  എന്ന നിലയിലുള്ള ജോലിക്കിടെ പത്രത്താളില്‍ അത്തരം അറസ്റ്റുകളുടെ വാര്‍ത്തകള്‍  നിരത്തിവെക്കേണ്ടി വരുമ്പോള്‍ മനസ്സില്‍ അനുഭവപ്പെട്ട അതേ അമര്‍ഷം   സുപ്രീം കോടതിക്കും അനുഭവപ്പെട്ടിട്ടുണ്ടാകണം, അതായിരിക്കും ഈ വിധി പുറപ്പെടുവിക്കാന്‍ കോടതിക്ക് തോന്നിപ്പിച്ചത്. ഇപ്പോള്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ ഉള്ള എന്‍റെ  വിശ്വാസത്തിനു ആഴം വീണ്ടും കൂടി.

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...