#സവാളയിൽ_നുരയും_പതയും
Share pls
തൃശൂർ വടക്കാഞ്ചേരിയിൽ സവാളയിൽ നിന്നും പത പതഞ്ഞുപൊങ്ങുന്നു....ആശങ്കയോടെ ജനങ്ങൾ...
Share pls
എന്ന് പറഞ്ഞു എന്റെ തന്നെ അനുജൻ ഷെയർ ചെയ്ത വീഡിയോയും അതിന്റെ അടിക്കുറിപ്പും അടങ്ങിയ ഫേസ്ബുക് പോസ്റ്റ് ആണ് ഈ പോസ്റ്റിൽ പടം ആയി നൽകിയിട്ടുള്ളത്. അനുജൻ ആയതു കൊണ്ട് ( മൊബൈലിൽ ഡാറ്റ ബാലൻസ് കുറവ് ആണെങ്കിലും) ഞാൻ ഉടൻ തുറന്നു നോക്കി.
കണ്ടപ്പോൾ പേടിച്ചു. എന്റമ്മോ, നുരയും പതയും വരുന്നുണ്ട്. അവൻ സൂചിപ്പിച്ചത് പോലെ കീടനാശിനിയുടെ അമിത ഉപയോഗം ആയിരിക്കാം എന്ന് ഒറ്റനോട്ടത്തിൽ തോന്നി. വീഡിയോ മുഴുവനും കണ്ടു. രണ്ടും മൂന്നും തവണ കണ്ടു. ക്രീം മിൽക്കി പരുവത്തിലുള്ള ദ്രവം ആണ് വരുന്നത്. അത് ധാരാളമായി വരുന്നുണ്ട്. ഞാൻ ഇങ്ങനെ മുൻപ് കണ്ടിട്ടില്ല. എന്താണ് ഇതെന്ന് അറിവില്ല.
ഞാൻ വീണ്ടും നോക്കി. ഇത് എന്റെ തന്നെ വീട്ടിൽ എടുത്ത വീഡിയോ ആണെന്ന് മനസിലായി. കാണുന്ന പശ്ചാത്തലങ്ങളിൽ നിന്നും അത് മനസിലായി. അപ്പോൾ വീഡിയോ എടുത്തതു അവൻ തന്നെയാണ്.
പക്ഷെ, ഇതെന്താണ് എന്നറിയും മുൻപേ അവൻ പ്രചരിപ്പിച്ച വീഡിയോക്ക് ഇപ്പോഴേ 16 ഷെയർ ഉണ്ട്.
അവനോട് എനിക്ക് കടുത്ത വിയോജിപ്പുണ്ട്.
സോപ്പ് പതപ്പിച്ച പോലെ വരുന്നതു എന്താണ്, എന്ത് കാരണം കൊണ്ടാണ് എന്നൊരു ശാസ്ത്രീയ പരിശോധനയും നടത്തിയില്ല എന്ന് മാത്രമല്ല, അത് സ്ലോ പോയ്‌സൻ പോലെ മെല്ലെ മനുഷ്യരുടെ തലച്ചോറിനെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു കുത്തിവെപ്പ് കൂടി അവൻ നടത്തിയിട്ടുണ്ട് എന്നിടത്താണ് എനിക്ക് അവനോടു വിയോജിപ്പ് ഉള്ളത്.
മാത്രമല്ല, ഇതിലെ 'ജനം' എന്റെ അനുജൻ ഒറ്റയാൾ മാത്രമാണ്. എന്നാലും, ഒരു വഴിക്ക് പോകുന്നതല്ലേ, കിടക്കട്ടെ അങ്ങനെ ഒരു വരി എന്ന് അവനും കരുതിക്കാണും. Jijasal George
മൂന്നു തരം സബോള അഥവാ സവാള അഥവാ വലിയ ഉള്ളി ഉണ്ട്. മഞ്ഞ, വെള്ള, ചുവപ്പ് എന്നിവ ആണ് അവ. ഇതിൽ മൂന്നാം ഇനമായ ചുവപ്പ് സബോള മറ്റുള്ള ഇനങ്ങളെ അപേക്ഷിച്ച് കൂടുതൽ മധുരം ഉള്ളവയാണ്. ഇത്തരത്തിൽ പാൽ പോലെയുള്ള ദ്രവം വരുന്നവയാണ്. ഏറ്റവും ഫ്രഷ് തന്നെയാണ് അവ. ചില കാലാവസ്ഥാ വ്യതിയാനം അവയുടെ ദ്രവത്തിന്റെ അളവ് കൂട്ടിയേക്കാം. ഉദാഹരണമായി, കാലാവസ്ഥ ചൂട് കൂടിയ നിലയിലാണ്. നിങ്ങൾ ഈ സബോള ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്നു എന്ന് കരുതുക. അപ്പോൾ തണുപ്പുള്ള അവസ്ഥയിലേക്കു മാറി. അത് പുറത്തു എടുത്തു വച്ച ശേഷം മുറിച്ചാൽ ഇത്തരത്തിൽ വരാം. അങ്ങനെ വെച്ചില്ലെങ്കിലും ഈ ഇനം സബോളക്കു ഇതിനു സാധ്യത ഉണ്ട്. വീഡിയോയിൽ നിന്നും മനസിലാക്കുന്നത് ഇത് ചുവപ്പു സബോള ആണെന്നാണ്.
അവൻ വേറെ എവിടെയൊക്കെ ഇത് ഷെയർ ചെയ്തു എന്ന് എനിക്ക് അറിയില്ല. Whats app ഷെയർ ചെയ്തിട്ടുണ്ടെങ്കിൽ ഇത് ഉടനെ കാറ്റ് പോലെ പ്രചരിക്കാനും ഉടൻ ഓൺലൈൻ പോർട്ടലുകളിൽ വാർത്ത വരാനും സാധ്യത ഉണ്ട്. കൂടുതലും "കീടനാശിനിയുടെ അമിത ഉപയോഗം ഉള്ള സബോള വിപണിയിൽ' എന്ന് പറഞ്ഞ വാർത്ത തീപോലെ പടരും.
അങ്ങനെ വന്നാൽ ഉടൻ, 'എന്റെ വീട്ടിലും വന്നു' എന്ന് പറഞ്ഞു കുറെ പേർ ആധി പിടിക്കാൻ തുടങ്ങും. എല്ലായിടത്തും കുറെ പേർ കടക്കാരോട് മേക്കിട്ടുകേറും. ഉദ്യോഗസ്ഥരുടെ മുന്നിൽ മുറിച്ച സബോളയുമായി വരും. നടപടി എടുത്തില്ലെന്നു ജനം പറയും. നടപടി എടുക്കും വരെ കുത്തിയിരിക്കും. പ്രാദേശിക പേജുകളിൽ ഇപ്പോഴും പ്ലാസ്റ്റിക് അരി വാർത്തകൾ എഡിറ്റ് ചെയ്യേണ്ടി വരുന്ന അനുഭവം കൂടി ഇതിനോട് ചേർത്ത് വെക്കുന്നു. അത് പ്ലാസ്റ്റിക് അല്ല, കഞ്ഞി പശയാണെന്നു പല പരിശോധനകളിലും തെളിഞ്ഞതാണ്.
ഇതേ പോലെയാണ് പല അറിവില്ലായ്മകളും തെറ്റിദ്ധാരണകളും വസ്തുതകൾ എന്ന നിലയിൽ പുറത്തു വിടുന്നത്. നമ്മുടെ ഒരു പൊതു സ്വഭാവം വെച്ച്, കിട്ടിയ വീഡിയോ കണ്ണും പൂട്ടി ഷെയറും ചെയ്യും.
വടക്കാഞ്ചേരിയിൽ സായം സന്ധ്യ നേരത്തു കിഴക്കൻ ആകാശത്തു നെടു നീളത്തിൽ പ്രകാശ രാജി കണ്ടെന്നും പറഞ്ഞ്, എന്തൊരു പുകിലായിരുന്നെന്നോ.. അത് ആധിയായി നാട്ടുകാർക്ക് എന്നും പറഞ്ഞു വാർത്തയും പടവും മനോരമയിൽ കണ്ടിരുന്നു.
നാളെ, ഈ സബോള വിശേഷം ജാഗ്രത വാർത്ത ആയി വന്നാൽ, എന്റെ ഈ കുറിപ്പ് ഓർക്കണേ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!