കറുത്ത സ്ത്രീയുടെ കയ്യിൽ വെളുത്ത കുഞ്ഞ് _തട്ടിയെടുത്താതാണെന്നു സംശയം _ഷെയർ പ്ലീസ്....
കുട്ടിയുടെ
മുഖത്തെ ദൈന്യത കണ്ടാൽ അറിയാം, ഈ കുഞ്ഞിന്റെ അമ്മയല്ല എന്ന്. കുഞ്ഞ് നല്ല
ബ്രാൻഡഡ് വസ്ത്രങ്ങളാണ് ധരിച്ചിട്ടുള്ളത്. ഏതോ നല്ല കുടുംബത്തിലെ
കുട്ടിയാണെന്നു ഉറപ്പാണ്.....
Share please...
ഈ
രീതിയിൽ നിരവധി മെസ്സേജുകൾ വാട്സ് ആപ്പിലും ഫേസ്ബുക്കിലും പറന്നു
വരുന്നുണ്ട്. കുറെ ഓഡിയോ, വീഡിയോ, ഫോട്ടോകൾ തുടങ്ങി എല്ലാ തരത്തിലും
മെസ്സേജുകൾ ഉണ്ട്. ഇതൊക്കെ കേട്ടിട്ട് തന്നെ പേടിയാകുന്നു... എനിക്കും
ഒരു കുഞ്ഞുണ്ട്...
പക്ഷെ,
അവളെ ആരെങ്കിലും തട്ടിക്കൊണ്ടു പോകുമോ എന്നല്ല പേടി. ഞാൻ അവളെയും കൊണ്ട്
പുറത്തു പോകേണ്ടി വരുമ്പോൾ കറുത്ത സ്ത്രീയുടെ കയ്യിൽ കറുപ്പില്ലാത്ത
കുഞ്ഞിനെ കണ്ട് എന്നെ ആരെങ്കിലും തടഞ്ഞു വെച്ച് മർദ്ദിക്കുമോ എന്നാണ്.
ഇതളിന്റെ
തന്നെ തിരിച്ചറിവിൽ അവൾ ബ്രൗൺ നിറമാണ്. അമ്മയുടെ തിരിച്ചറിവിൽ അമ്മ
കറുമ്പിയും. അവൾ നല്ല ബ്രാൻഡഡ് വസ്ത്രങ്ങളാണ് ധരിക്കുന്നത്. അമ്മ അത്ര
ബ്രാൻഡഡ് അല്ല. സൗത്ത് ഇന്ത്യൻ, ദ്രവീഡിയൻ രൂപ പ്രകൃതിയാണ് അമ്മക്ക്. കുറിയ
ശരീരം, കറുത്ത തൊലി, പോരാത്തതിന് ഇപ്പോൾ ദേ പറ്റെ വെട്ടിയ മുടി.
മകൾക്കാണെങ്കിൽ അമ്മയുടെ ഒരു ഛായയും ഇല്ല.
ആർക്കെങ്കിലും
ഈ സ്ത്രീ ഈ കുട്ടിയെ തട്ടിക്കൊണ്ടു പോകുകയാണ് എന്നൊക്കെ തോന്നിയാൽ അടി
പറന്നു വരും. ഒരാൾ അടിച്ചാൽ, നാട്ടുകാർ നോക്കി നിൽക്കില്ല. കൂട്ടം
കൂട്ടമായി വെട്ടുകിളികളെ പോലെ പറന്നു വന്നു തല്ലും.
ഒടുക്കം,
മിന്നാരം സിനിമയിൽ ജഗതിയുടെ കഥാപാത്രം സ്വന്തമായി ആംബുലൻസ് വിളിച്ചു
വരുത്തി സ്ട്രക്ച്ചറിൽ കേറിക്കിടന്ന പോലെ, ഞാൻ തന്നെയാ രോഗി എന്ന് പറഞ്ഞു
എനിക്കും കേറിക്കിടക്കേണ്ടി വരും. ഇതൊക്കെ ആലോചിച്ചുകിടക്കുന്ന ഞാൻ
പലപ്പോഴും ദുസ്വപനങ്ങൾ കണ്ടു ഞെട്ടി ഉണരുന്നത്, ഒരു രോഗമാണോ ഡോക്ടർ?
തമാശയൊക്കെ
തോന്നാം. എന്നാൽ, അത്ര തമാശയോ നിഷ്കളങ്കമോ അല്ല ഈ ഫോർവേഡ് പരിപാടി.
നമ്മുടെ പൊതുബോധത്തിലേക്കു പതുക്കെ വിഷം ഇന്ജെക്റ്റ് ചെയ്തു കയറ്റുന്നതാണ്
ഈ പരിപാടി. ഒരിക്കൽ അത്തരം ഓഡിയോ കേട്ട ഓരോരുത്തരുടെയും തലച്ചോറിൽ ഇത് ഒരു
കോറിവര ഇടുന്നുണ്ട്. ചില അനുകൂല സന്ദർഭങ്ങൾ വരുമ്പോൾ, ഈ കോറിവര കത്തും.
സംശയം ഉണരും. കറുത്ത അമ്മമാരെ തടഞ്ഞു നിറുത്തും. അവർ മലയാളി അല്ലാത്തവരോ,
ബ്രാൻഡഡ് ഉടുപ്പിടാത്തവരോ, മുഷിഞ്ഞ വസ്ത്രം ഉള്ളവരോ ആണെങ്കിൽ സംശയം
രൂക്ഷമാകും. ചിലപ്പോൾ 'സാമൂഹിക പ്രതിബദ്ധത ' മനസിൽ ഒതുക്കാൻ പറ്റാതെ
പൊട്ടിത്തെറിക്കും. അത് ഒരു അടിയായി ആ അമ്മയുടെ മേൽ പതിക്കും. നാട്ടുകാർ
നോക്കി നിൽക്കില്ല, അവർ ഓടി വരും, കൂട്ടം കൂട്ടമായി , വെട്ടുകിളികളെ പോലെ
ആക്രമിക്കും. അത് മൊബ് വയലൻസ് എന്ന് ഓമനപ്പേരിൽ അറിയപ്പെടുന്ന ജനക്കൂട്ട
ആക്രമണങ്ങളിൽ കലാശിക്കും. ഇതെല്ലാം കൃത്യമായി വീഡിയോ, ഓഡിയോ, ഫോട്ടോസ് ആയോ
അപ്പപ്പോൾ മെസ്സേജുകൾ പറക്കും. പത്തു കൊല്ലം കഴിയുമ്പോഴും ഇത് ചൂടോടെ
പറന്നു നടക്കും. അടി, ഐഡി, കുത്ത്, ചവിട്ട് ഒക്കെ കഴിഞ്ഞ് ഇഞ്ചപരുവം
ആകുമ്പോഴായിരിക്കും പോലീസ് എത്തുക. പിന്നീട് ആധാർ തപ്പലായി. തുപ്പലായി.
തലോടലായി. ഒടുക്കം, ഈ തള്ള ഈ കുഞ്ഞിന്റേത് തന്നെ എന്ന് വിധി വരും.
ആൾക്കൂട്ടം ഒരു മനസാക്ഷി കുത്തുമില്ലാതെ പിരിഞ്ഞു പോകും.
മെസ്സേജുകൾ
വീണ്ടും പറക്കും. നമ്മൾ വീണ്ടും കണ്ണും പൂട്ടി ഷെയർ ചെയ്യും. ആരെങ്കിലും
എപ്പോഴെങ്കിലും 'സത്യമാണോ' എന്ന് ചോദിച്ചാൽ വളരെ നിസാരമായി 'ഫോർവേഡ് ചെയ്തു
കിട്ടിയതാ' എന്ന് മറുപടി തരും.
ശരിക്കും
നമ്മൾ ചെയ്യേണ്ടത് ഇങ്ങനെയാണ്: സംശയം തോന്നിയാൽ ഉടനെ, (പടമെടുത്തോളൂ,
പ്രചരിപ്പിക്കരുത്) പോലീസിനെ വിളിക്കുക. അതാണ് ശരിയായ മാർഗം. പോലീസ് നല്ല
പുള്ളികളാണോ എന്ന് മറുചോദ്യം വരാം. എന്നാലും, അതാണ് ശരിയായ മാർഗം.
ഇതിനിയും തുടരും. മാനസികാരോഗ്യം ഇല്ലാത്ത സമൂഹത്തിൽ പ്രകോപനം ഉണ്ടാക്കുന്ന ഈ നിഷകളങ്ക മെസ്സേജുകൾ ഇനിയും അയക്കും.
ആ നിർദ്ദോഷികൾക്കു, നല്ല നമസ്കാരം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!