മുഖ്യമന്ത്രിയുടെ പശുവിൻ്റെ വിലപോലുമില്ലേ മത്സ്യത്തൊഴിലാളിയുടെ ജീവന് ?
( Madhyamam ദിനപത്രത്തിൽ 2022 ആഗസ്റ്റ് 30 നു പ്രസിദ്ധീകരിച്ചത് )
part 1 part 2 part 3 part 4 part 5
വിഴിഞ്ഞം പദ്ധതിക്കെതിരെ ഒരു സുപ്രഭാതത്തിൽ കൊടിയുമായി സമരത്തിനിറങ്ങിയവരല്ല തീരവാസികൾ. 2015ൽ വിഴിഞ്ഞത്ത് വാണിജ്യ തുറമുഖം നിർമാണം തുടങ്ങിയശേഷം ഗുരുതരമായ സാമൂഹിക- പാരിസ്ഥിതിക പ്രശ്നനങ്ങളാണ് അവരെ സമരത്തിനിറങ്ങാൻ നിർബന്ധിതരാക്കിയത്. പദ്ധതി പ്രദേശത്തിൻറെ തെക്കുവശത്ത് തെക്കുവശത്ത് ഓരോ വർഷവും കൂടുതൽ വീടുകൾ കടലേറ്റത്തിൽ തകരുന്നു.
പനത്തുറ മുതൽ വേളി വരെ നിരവധി കുടുംബങ്ങളാണ് അഭയാർഥികളായി സ് കൂൾ വരാന്തകളിലും ഗോഡൗണുകളിലും ജീവിക്കുന്നത്. ഏറെ സുരക്ഷിതമെന്ന് കരുതിയിരുന്ന വിഴിഞ്ഞം ഫിഷിങ് ഹാർബറിൽ വള്ളങ്ങൾ തകരുകയും മത്സ്യത്തൊഴിലാളികൾ മരിക്കുകയും ചെയ്യുന്നു. പോർട്ട് നിർമാണവും ഡ്രെഡ്ജിങ്ങും മൂലം സമീപ തീരങ്ങളും നഷ്ടമാകുമെന്ന് ശാസ്ത്രീയ പഠനങ്ങൾ ഉദ്ധരിച്ച് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നു.
വിഴിഞ്ഞം തുറമുഖത്തിനുള്ള ബ്രേക്ക് വാട്ടർ നിർമാണം ഇതിനകം 1810 മീറ്റർ പിന്നിട്ടു. മൂന്നു കിലോമീറ്ററിലധികം നീളത്തിൽ, എൽ ഷെയ്പ്പിലുള്ള ബ്രേക്ക് വാട്ടർ,നിർമാണം പുരോഗമിക്കുന്നതിനിടെ നിരവധി തവണ കടലേറ്റത്തിൽ തകർന്നു തരിപ്പണമായിരുന്നു. കടൽ നികത്തിയാണ് ബെർത്തുകൾ പണിയുന്നത്. ഇതിനായി കടൽ തുരന്ന് മണ്ണും കല്ലുമെല്ലാം എടുത്ത് ഒരു വലിയ കടൽ പ്രദേശം നികത്തി. മണ്ണ് അടിഞ്ഞുകൂടി കടൽ കലങ്ങുകയും മത്സ്യക്കൂട്ടങ്ങൾ തീരം വിടുകയും ചെയ്തു.
ഇവിടെ പാറക്കൂട്ടങ്ങളിൽ അധിവസിച്ചിരുന്ന ചിപ്പിയും കടലാമകളും ലോബ്സ്റ്ററും നശിപ്പിക്കപ്പെട്ടു. ഓരോ മേഖലയിലും പണിയെടുത്തിരുന്ന മത്സ്യത്തൊഴിലാളികൾ തൊഴിലില്ലാതെ വഴിയാധാരമായി. പൈലിങ് നടന്ന സമയത്തു മാത്രം പദ്ധതി പ്രദേശത്തോടു ചേർന്ന് കിടക്കുന്ന കോട്ടപ്പുറം ഗ്രാമത്തിൽ 243 വീടുകളാണ് തകർന്നത്. ഇത്രയും വീടുകൾക്കായി ആകെ 11 ലക്ഷം രൂപ സർക്കാർ വകയിരുത്തിയെന്നാണ് തുറമുഖ മന്ത്രി നിയമസഭയിൽ വെളിപ്പെടുത്തിയത്.
ഉത്തരേന്ത്യൻ മുഖ്യമന്ത്രിമാരുടെ മാതൃക പിൻപറ്റി കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വസതിയിൽ നിർമിക്കുന്ന കാലിത്തൊഴുത്തിന് 41 ലക്ഷം രൂപ വകയിരുത്തിയെന്നു കൂടി ഓർക്കണം. കേരളത്തിന്റെ ചരിത്രത്തിൽ പ്രധാനമായ വലിയതുറ കടൽ പാലം ഏതു നിമിഷവും തകർന്നുവീഴാമെന്ന നിലയിലാണ്. ഏഴു വരികളിലായി അഞ്ഞൂറോളം വീടുകൾ തകർന്നു വീണു. ഒരിക്കലും നശിക്കില്ലെന്നു അവകാശപ്പെട്ടിരുന്ന കോവളം ബീച്ച് നാമാവശേഷമായി. ടൂറിസവുമായി ബന്ധപ്പെട്ടു ജീവിച്ചിരുന്ന ആയിരക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടമായി.
ഏറെ ചരിത്ര പ്രസിദ്ധമായ ശംഖുംമുഖം ബീച്ച് നിലവിൽ ഒരു റോഡ് മാത്രമായി ചുരുങ്ങി. ഓരോ ചുഴലിക്കാറ്റും കരയിലേക്ക് കൊണ്ട് വരുന്ന പ്രത്യാഘാതം വലുതായി അനുഭവപ്പെടുന്നതിൽ ഈ മനുഷ്യ നിര്മിതികൾക്കു വലിയ പങ്കുണ്ട്. തിരയുടെ ശക്തി കുറക്കാൻ മണൽത്തീരം വേണം. എന്നാൽ, ഇപ്പോൾ മണൽത്തീരമില്ല. മൺസൂണിൽ മൂന്നു മാസം കടൽ തെക്കോട്ടു അതിശക്തമായി ഒഴുകും. ബാക്കി ഒമ്പതു മാസം കടൽ വളരെ സാവധാനം വടക്കോട്ടു ഒഴുകും. അതിശകതമായി കടൽ മണലെടുത്തു കൊണ്ട് പോകും, വളരെ സാവധാനം ഇതേ മണൽ തിരികെ കൊണ്ടുവരും.
''തിരുവനന്തപുരം തീരപ്രദേശത്ത് നേരത്തെയും മണ്ണൊലിപ്പ് ഉണ്ടായിട്ടുണ്ട്. മഴക്കാലത്തു കടൽ തെക്കോട്ടു ഒഴുകുകയും മണൽ കൊണ്ട് പോകുകയും ചെയ്യുന്നു. ശേഷിക്കുന്ന ഒമ്പത് മാസങ്ങളിൽ അത് വടക്കോട്ട് ഒഴുകുന്നു. തെക്കോട്ടു കൊണ്ടുപോയ മണൽ വീണ്ടും നിക്ഷേപിക്കുന്നു. ഇതൊരു ചാക്രിക പ്രക്രിയയായിരുന്നു. എന്നാൽ, ഇപ്പോൾ അത് തടസ്സപ്പെട്ടു'' - സമുദ്ര ശാസ്ത്രജ്ഞനായ ഡോ. കെ.വി. തോമസ് പറയുന്നു. വിഴിഞ്ഞത്തു കടലിൽ ആഴത്തിൽ നടത്തുന്ന ഡ്രെഡ്ജിങ്ങാണ് ഇപ്പോൾ ജില്ലയിലെ കടൽ തീരങ്ങൾ നഷ്ടപ്പെടാൻ പ്രധാന കാരണം.
രാജ്യത്തെ തീരദേശ പരിപാലന നിയമം അനുസരിച്ച് മണ്ണൊലിപ്പ് കൂടുതലുള്ള തീരങ്ങളിൽ ഒരിക്കലും തുറമുഖങ്ങൾ നിർമിക്കാൻ അനുവാദമില്ല. ഇത്തരം പ്രദേശങ്ങളിൽ തുറമുഖങ്ങൾ നിർമിച്ചാൽ സമീപ പ്രദേശങ്ങളിലെ തീരങ്ങൾ പതിയെ ഇല്ലാതാകുമെന്നും വിഴിഞ്ഞം വളരെയധികം ലോല പ്രദേശമാണെന്നും ഇവിടെ ഒരുതരത്തിലുമുള്ള നിർമാണ പ്രവർത്തനവും പാടിയല്ലന്നും മുൻപ് കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ടിൽ നിഷ്കര്ഷിച്ചിരുന്നു. ഇങ്ങനെ കരയും കടലും തകർന്നതോടെ ഗതിമുട്ടിയാണ് മത്സ്യ തൊഴിലാളികൾ സമരത്തിന് ഇറങ്ങിയത്.
Vizhinjam Coast Catches Fire - Part II
Jisha Elizabeth
Published in Madhyamam Newspaper on 30th August 2022
Many families are living as refugees in school verandahs and godowns from fishing villages -Panathura to Veli.